തിരിച്ചുവരേണ്ട സംഘടിത ആരാധനകള്‍
ഖാജാ മുഈനുദ്ദീന്‍ ഹുദവി അമ്മിനിക്കാട്
മനുഷ്യനന്മകള്‍ ആകാശഭൂമിയിലെ അനുഗ്രഹങ്ങളുടെ വാതായനങ്ങള്‍ തുറക്കുന്നതുപോലെ അവന്റെ തിന്മകളുടെ ആധിക്യം നിഗ്രഹങ്ങളുടെ വാതിലുകളും തുറക്കുന്നതാണ് (സൂറ: 7:96, 42:30). ഒരേ പരീക്ഷണംതന്നെ വ്യക്തികള്‍ക്കനുസരിച്ച് രക്ഷയും ശിക്ഷയുമായി മാറാവുന്നതാണ് (സൂറ: 2:155). രണ്ടായാലും ശരി അല്ലാഹുവിന്റെ പ്രവൃത്തികളില്‍ തന്ത്രങ്ങളിലേക്ക് അകക്കണ്ണ് തുറന്നാല്‍ ചില ശിക്ഷകളും അവന്റെ സ്‌നേഹത്തിന്റെ ഭാഗമാണെന്ന് മനസിലാക്കാനാകും. പ്രതിസന്ധിയില്‍നിന്ന് രക്ഷനേടാനെങ്കിലും അവന്‍ തിരിച്ചുവരട്ടെ എന്ന് അല്ലാഹു പ്രത്യാശിക്കുന്നു (അറിവ്) (സൂറ:32:21, 30:41). എന്നാല്‍ രക്ഷയോ ശിക്ഷയോ ആയ പരീക്ഷണങ്ങള്‍ക്കിടയില്‍ എളുപ്പത്തില്‍ അല്ലാഹുവിലേക്ക് മടങ്ങാനുള്ള സുഗമവഴികളില്‍ അടക്കപ്പെടുന്നത് വിശ്വാസി ഗുരുതരമായി തന്നെ കാണേണ്ടതുണ്ട്. കൂടെ അവ പരിഹരിക്കപ്പെടാനുള്ള ഇത്തരം മാര്‍ഗങ്ങള്‍ അവന്‍ സ്വീകരിക്കേണ്ടതുമാണ്. പറഞ്ഞുവരുന്നത് കൂട്ടമായുള്ള ആരാധനാകര്‍മങ്ങള്‍ നിര്‍വഹിക്കപ്പെടാനാകാത്തത് ചെറുതായി കാണേണ്ടതല്ലെന്നാണ്. സംഘടിത ആരാധനാകര്‍മങ്ങള്‍ അല്ലാഹുവിന്റെ അറ്റമില്ലാത്ത അനുഗ്രഹത്തിന്റെ ഭാഗമാണ്. അണുമണിത്തൂക്കം നന്മയാണെങ്കിലും അതുകാരണം അടിമ പടിപടിയായി അല്ലാഹുവിലേക്ക് അടുക്കുന്നുണ്ട്. എന്നാല്‍ തെറ്റുകള്‍ക്ക് ഉടന്‍ തൗബ ചെയ്യാത്തത് വഴി ദൂരങ്ങളിലേക്ക് അകലുകയും ചെയ്യുന്നുണ്ട്. ഇങ്ങനെ ഉടന്‍ പശ്ചാത്തപിക്കാത്ത ഒരു തെറ്റിന് ഭൂമിയില്‍നിന്നു തന്നെ അല്ലാഹു നല്‍കുന്ന ശിക്ഷ അതിനെ വീണ്ടും ചെയ്യലാണ്. അങ്ങനെ പാപങ്ങളുടെ കൂമ്പാരങ്ങളാല്‍ അവന്‍ ചുറ്റപ്പെട്ടുന്നു ( സൂറ 2:81). ഓരോ തെറ്റ് ചെയ്യുമ്പോഴും ഹൃദയത്തില്‍ ഒരു കറുത്ത പുള്ളി വീഴുന്നു. പശ്ചാത്തപിക്കാതെയാകുമ്പോള്‍ പുള്ളികള്‍ അധികരിച്ച് കറുത്ത ഹൃദയം കടുത്തുപോകുന്നു, മരിക്കുന്നു. പിന്നെ അതില്‍ ഉപദേശം ഫലം ചെയ്യുകയില്ല (മുസ്തദ്‌റക്ക്, തിര്‍മുദി).
എല്ലാ തെറ്റുകളും ഒരുപോലെയല്ല. തെറ്റുകളുടെ ഗൗരവത്തിനനുസരിച്ച് അകല്‍ച്ച വര്‍ധിക്കുകയും അല്ലാഹുവിലേക്ക് അടുക്കല്‍ ദുസ്സഹമാവുകയും ചെയ്യുന്നു. തെറ്റുകളുടെ ആവര്‍ത്തനം വീണ്ടും ചെയ്യല്‍ നിസാരമാക്കുന്നു. അങ്ങനെ നന്മയോടുള്ള താല്‍പര്യവും മനസും പാടേ അസ്തമിക്കുന്നു. ഇങ്ങനെ തിന്മയുടെ ഇരുട്ട് മൂടിയ അഗാധ ഗര്‍ത്തങ്ങളിലേക്ക് വീണ മനുഷ്യര്‍ക്ക് തിരിച്ചുകയറാനുള്ള പിടിവള്ളിയാണ് കൂട്ടമായ ആരാധനാകര്‍മങ്ങള്‍. ബുഖാരി, മുസ്‌ലിം തുടങ്ങിയ ഹദീസ് ഗ്രന്ഥങ്ങളിലെ ദീര്‍ഘമായ ഒരു ഹദീസ് ഇങ്ങനെ സംഗ്രഹിക്കാം. 'ദിക്‌റ് സദസുകള്‍ തേടി സഞ്ചരിക്കുന്ന ഒരുകൂട്ടം മലക്കുകള്‍ അല്ലാഹുവിനുണ്ട്. കൂട്ടത്തില്‍ ആരെങ്കിലും അത്തരം സദസില്‍ എത്തിയാല്‍ മറ്റുള്ളവരെയും അതിലേക്ക് അവര്‍ വിളിച്ചുവരുത്തും. അവര്‍ ഒന്നാം ആകാശംവരെ ചിറകുകള്‍കൊണ്ട് ഇവരെ പൊതിയും. തിരിച്ച് അല്ലാഹുവിന്റെ സന്നിധിയില്‍ എത്തുമ്പോള്‍ എല്ലാം അറിയുന്ന അല്ലാഹു അടിമയുടെ പ്രവൃത്തിയിലെ സന്തോഷം കാരണം അവരോട് കണ്ടതിനെ കുറിച്ച് ചോദിക്കും. മലക്കുകള്‍ പറയും; അവര്‍ നിനക്ക് ഹംദും ദിക്‌റും മറ്റും ചൊല്ലുന്നു. അവര്‍ എന്നെ കണ്ടിട്ടുണ്ടോ; ഇല്ല. കണ്ടാല്‍ എപ്രകാരമായിരിക്കും; ഇതിലേറെ അവ അധികരിപ്പിക്കുന്നവരായിരിക്കും. അവര്‍ എന്താണ് ചോദിക്കുന്നത്; സ്വര്‍ഗമാണ്. എന്തില്‍നിന്നാണ് കാവല്‍ തേടുന്നത്; നരകത്തില്‍ നിന്ന്. എങ്കില്‍ അവരുടെ പാപങ്ങള്‍ ഞാന്‍ പൊറുത്തുവെന്നു ഞാന്‍ നിങ്ങളെ സാക്ഷിയാക്കുന്നു. അപ്പോള്‍ ഒരു മലക്ക് ചോദിക്കും. ആ സദസ് ഉദ്ദേശിക്കാതെ അവിടെ വന്നു പോയ, അവര്‍ക്ക് നല്‍കപ്പെടുന്ന അനുഗ്രഹങ്ങള്‍ക്ക് അര്‍ഹതയില്ലാത്ത, പാപിയായ ഒരാള്‍ അക്കൂട്ടത്തിലുണ്ട്. അയാള്‍ക്കും പൊറുക്കുമോ; അപ്പോള്‍ അല്ലാഹുവിന്റെ മറുപടി; ആ മഹത്തുക്കളോട് കൂടെയിരുന്നവരും അര്‍ഹതയില്ലെങ്കിലും പരാജയപ്പെടുകയില്ല'. ദിക്‌റ് ദുആ മജ്‌ലിസുകളും മരണപ്പെട്ടവരും ജീവിച്ചിരിക്കുന്നവരുമായ സ്വാലിഹീങ്ങളുടെ സന്നിധികളും നമുക്കിന്ന് അന്യമാകുമ്പോള്‍ നഷ്ടപ്പെടുന്നത് ഇത്തരം അനുഗ്രഹങ്ങളാണ്. ഭയക്കേണ്ടതാവട്ടെ തിരിച്ചു കയറാനാവാത്ത നമ്മുടെ ദുരവസ്ഥയും.
ജുമുഅ ജമാഅത്തുകളുടെ അവസ്ഥയും തിരിച്ചല്ല. ഒരു സ്വഹാബി തിരുനബിയുടെ സന്നിധിയില്‍ വന്നു പറഞ്ഞു: ഞാന്‍ അന്യസ്ത്രീയെ ചുംബിച്ചു പോയി. വ്യഭിചാരത്തിന്റെ ആദ്യപടികള്‍ സംഭവിച്ചു. അപ്പോഴേക്കും നിസ്‌കാരത്തിനു സമയമായി തിരുനബിയും അനുചരും അതില്‍ പ്രവേശിച്ചു. നിസ്‌കാരം കഴിഞ്ഞ് ആ മനുഷ്യന്‍ വീണ്ടും തിരുനബിയുടെ സമീപത്തെത്തി വിഷമം ആവര്‍ത്തിച്ചു. അവിടന്ന് ചോദിച്ചു: താങ്കള്‍ ഞങ്ങളുടെ കൂടെ നിസ്‌കാരത്തില്‍ പങ്കുചേര്‍ന്നില്ലേ. അതേ എന്ന് മറുപടി. എങ്കില്‍ അല്ലാഹു താങ്കളുടെ പാപം പൊറുത്തിറക്കുന്നു (ബുഖാരി, മുസ്‌ലിം).
രണ്ടു ജമാഅത്തുകളുടെ ഇടയിലും സംഭവിക്കുന്ന ചെറുപാപങ്ങള്‍ ആ ജമാഅത്തുകള്‍ കാരണം അല്ലാഹു പൊറുക്കും. അപ്രകാരം തന്നെയാണ് ജുമുഅയും. രണ്ടു ജുമുഅക്കിടയിലെ പാപങ്ങള്‍ ആ ജുമുഅ കാരണം അല്ലാഹു പൊറുക്കും (സ്വഹീഹ് മുസ്‌ലിം). ജുമുഅ 40 ആളുകളെ കൊണ്ടേ സ്വീകാര്യമാകൂ എന്ന് ശാഫിഈ പണ്ഡിതര്‍ ചര്‍ച്ച ചെയ്യുന്നിടത്ത് 40 ആളുകളെ നിര്‍ബന്ധമായി നിര്‍ണയിക്കുന്നതിന്റെ പുണ്യങ്ങള്‍ പണ്ഡിതന്മാര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനം. 40 സ്വാലിഹീങ്ങള്‍ ഒരുമിച്ചു കൂടുന്നിടത്ത് പാപങ്ങള്‍ പൊറുക്കപ്പെടുന്ന വലിയ്യ് ഉണ്ടാകുമെന്ന മുന്‍ഗാമികളുടെ സാക്ഷ്യം കൂടിയാണത് (ഹാശിയത്തു ജമല്‍, ഖല്‍യൂബി). ഈ വലിയ്യിന്റെ സാന്നിധ്യം കാരണം മറ്റുള്ളവര്‍ക്കും ഉത്തരവും മറ്റും അല്ലാഹു നല്‍കും. മാത്രമല്ല, മേല്‍ ഉദ്ധരിച്ച ഹദീസ് പോലെ അനുഗ്രഹം ചൊരിയുന്ന മലക്കുകളുടെ സാന്നിധ്യം ഇവനെ അല്ലാഹുവിന്റെ കാരുണ്യത്തിന് കാരണമാകും.
ഒന്നാം ലോക്ക്ഡൗണിന് ശേഷം പഴയരീതിയില്‍ പള്ളികള്‍ തുറന്നപ്പോള്‍ അനുഭവപ്പെട്ട ജനക്കുറവ് കുറച്ചുകാലത്തേക്ക് ഇവ നഷ്ടപ്പെട്ടതിന്റെ ഗുരുതരാവസ്ഥ നമുക്ക് നേരിട്ട് ബോധ്യപ്പെടുത്തുന്നതാണ്. ആരാധനാകര്‍മങ്ങള്‍ കൂട്ടമായി ചെയ്യാന്‍ മതം നിഷ്‌കര്‍ഷിച്ചതിന്റെ കാരണം സാമൂഹികമായ ഇത്തരം അവസ്ഥകളെയും മാനസികമായ വികാസങ്ങളെയും അടിസ്ഥാനപ്പെടുത്തിയാണ്. അതിനാല്‍ സംഘം ചേര്‍ന്ന് നിര്‍വഹിക്കല്‍ അനിവാര്യമായ ആരാധനകള്‍ക്കുള്ള അവസരങ്ങളുടെ പഴുതുകള്‍ ലഭിച്ചാല്‍ അത് ഉപയോഗപ്പെടുത്തുക തന്നെ വേണം. അവ നിര്‍വഹിക്കുന്നതിനുള്ള തടസം നീങ്ങിയാല്‍ വിശ്വാസികള്‍ക്ക് ആലസ്യം പാടില്ല. അതിനനുസരിച്ച് സമൂഹത്തെ ബോധ്യപ്പെടുത്തല്‍ പ്രബോധകരുടെ ദൗത്യമാണ്. ഇല്ലെങ്കില്‍ നന്മയില്‍നിന്നും ഇസ്‌ലാമിക സംസ്‌കാരത്തില്‍ നിന്നും അകലുന്ന ഒരു തലമുറക്ക് നാം സാക്ഷിയാകേണ്ടി വരും. പഴയ അവസ്ഥ തുറന്ന് കിട്ടാന്‍ പ്രാര്‍ഥനാ നിരതരാവേണ്ടതുണ്ട്. അതുവരേക്കും അകല്‍ച്ചയുടെ പാപങ്ങള്‍ സംഭവിക്കാതെ ഏകാന്തതയില്‍ ആവുന്നത്ര നന്മകള്‍ അധികരിപ്പിച്ച് കൂടുതല്‍ സൂക്ഷ്മത പുലര്‍ത്തണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."