സിബി മാത്യൂസും ആര്‍.ബി ശ്രീകുമാറും പ്രതികള്‍ സി.ബി.ഐ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസ് ഗൂഢാലോചനയില്‍ മുന്‍ ഡി.ജി.പിമാരായ സിബി മാത്യൂസ്, ആര്‍.ബി ശ്രീകുമാര്‍, ഐ.പി.എസുകാരായ കെ.കെ ജോഷ്വ, വി.ആര്‍ രാജീവന്‍ എന്നിവരുള്‍പ്പെടെ കേരള പൊലിസിലെയും ഐ.ബിയിലെയും ഉന്നതോദ്യോഗസ്ഥരടക്കം 18 പേരെ പ്രതിപ്പട്ടികയിലുള്‍പ്പെടുത്തി തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സി.ബി.ഐ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു.
പേട്ട സി.ഐ ആയിരുന്ന എസ്. വിജയന്‍ (സ്മാര്‍ട്ട് വിജയന്‍) ആണ് കേസിലെ ഒന്നാം പ്രതി. പേട്ട എസ്.ഐ ആയിരുന്ന തമ്പി എസ്. ദുര്‍ഗാദത്ത് രണ്ടാം പ്രതിയും തിരുവനനന്തപുരം സിറ്റി പൊലിസ് കമ്മിഷണറായിരുന്ന വി.ആര്‍ രാജീവന്‍ മൂന്നാം പ്രതിയും സിബി മാത്യൂസ് നാലാം പ്രതിയും ഐ.ബി ഡെപ്യൂട്ടി ഡയരക്ടറായിരുന്ന ആര്‍.ബി ശ്രീകുമാര്‍ ഏഴാം പ്രതിയുമാണ്. പ്രതികള്‍ക്കെതിരേ ഗൂഢാലോചനയ്ക്കും മര്‍ദനത്തിനും വകുപ്പുകള്‍ ചേര്‍ത്തു.
പ്രതികള്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അപകടപ്പെടുത്താന്‍ തെറ്റായ രേഖകള്‍ ചമച്ചെന്നും എഫ്.ഐ.ആറില്‍ പറയുന്നു.
ചാരക്കേസില്‍ നമ്പിനാരായണനെ അടക്കം പ്രതിയാക്കിയതിന്റെ ഗൂഢാലോചന സംബന്ധിച്ച് സി.ബി.ഐ അന്വേഷണത്തിന് സുപ്രിംകോടതിയാണ് നിര്‍ദേശം നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ മെയ് മാസമാണ് സി.ബി.ഐ കേസ് ഏറ്റെടുത്തത്.
ചാരക്കേസില്‍ ഇരയാക്കപ്പെട്ട ശാസ്ത്രജ്ഞന്‍ നമ്പിനാരായണന്റെ പരാതികള്‍ ശരിവയ്ക്കുന്ന തരത്തിലാണ് സി.ബി.ഐയുടെ പ്രഥമവിവര റിപ്പോര്‍ട്ട്. നേരത്തെ കേസന്വേഷിച്ച സി.ബി.ഐ നമ്പിനാരായണനടക്കമുള്ളവര്‍ക്കെതിരായ ചാരക്കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് നമ്പിനാരായണനെ കുറ്റവിമുക്തനാക്കിയിരുന്നു.
കൂടാതെ ഇതു സംബന്ധിച്ചു നടന്ന ഗൂഢാലോചനയില്‍ അന്വേഷണം വേണമെന്നും സി.ബി.ഐ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സുപ്രിംകോടതി ജഡ്ജിയായിരുന്ന ഡി.കെ ജയിന്റെ നേതൃത്വത്തില്‍ സുപ്രിംകോടതി സമിതി രൂപികരിച്ചിരുന്നു.
സമിതി വിശദമായ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സമിതിയുടെ ശുപാര്‍ശപ്രകാരമാണ് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."