ഹാദിയ സി.എസ്.ഇയുടെ രാജ്യാന്തര കേന്ദ്രം ദുബൈയില്‍ തുറന്നു
സാമൂഹിക ശാക്തീകരണത്തിന് അതിരുകളില്ലാതെ പ്രവര്‍ത്തിക്കണം: സ്വാദിഖലി ശിഹാബ് തങ്ങള്‍
ദുബൈ: ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയുടെ പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹാദിയക്കു കീഴില്‍ പാണക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ സോഷ്യല്‍ എക്‌സലന്‍സി (സി.എസ്.ഇ)ന്റ പ്രഥമ രാജ്യാന്തര കേന്ദ്രം ദുബൈയിലെ അല്‍ഖുസൈസില്‍, വാഴ്‌സിറ്റി ചാന്‍സലര്‍ കൂടിയായ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ദുബൈ മതകാര്യവകുപ്പിന്റെ അംഗീകാരമുള്ള സി.എസ്.ഇ അല്‍ഹിദായ സെന്റര്‍ കെ.എം.സി.സി ദുബൈ ഘടകത്തിന്റെ സഹകരണത്തോടെയാണ് പ്രവര്‍ത്തിക്കുക.
സാമൂഹിക ശാക്തീകരണവും വിദ്യാഭ്യാസ നവോത്ഥാനവും സാധ്യമാക്കുന്നതിനു അതിരുകളില്ലാതെ പ്രവര്‍ത്തിക്കണമെന്ന് തങ്ങള്‍ പറഞ്ഞു. സി.എസ്.ഇ അല്‍ഹിദായ സെന്റര്‍ ഉദ്ഘാടന കര്‍മം നിര്‍ഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരുനൂറിലേറെ രാഷ്ട്രങ്ങളില്‍ നിന്നുള്ള പൗരര്‍ താമസിക്കുന്ന ദുബൈയില്‍ വിദ്യാഭ്യാസ സാംസ്‌കാരിക സാമൂഹിക രംഗത്ത് ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ അവസരങ്ങളുണ്ട്. സന്നദ്ധ സേവന രംഗത്തെ നിറസാന്നിധ്യമായ കെ.എം.സി.സി.യും വിദ്യാഭ്യാസ സാമൂഹിക രംഗത്തെ സജീവ പ്രവര്‍ത്തകരായ ഹാദിയയും കൈകോര്‍ത്ത് പ്രവര്‍ത്തിക്കുമ്പോള്‍ വിപ്ലവാത്മക മുന്നേറ്റം സാധ്യമാക്കാനാകുമെന്നും തങ്ങള്‍ പറഞ്ഞു.
ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ശംസുദ്ദീന്‍ ബിന്‍ മുഹ്‌യിദ്ദീന്‍ അധ്യക്ഷനായി. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങള്‍, ദാറുല്‍ഹുദാ സെക്രട്ടറി യു.ശാഫി ഹാജി ചെമ്മാട്, സയ്യിദ് പൂക്കോയ തങ്ങള്‍ ബാഅലവി, മൊയ്ദീന്‍ ഹാജി അല്‍ഐന്‍, സിംസാറുല്‍ ഹഖ് ഹുദവി, അബ്ദുല്‍ ജലീല്‍ ദാരിമി, അന്‍വര്‍ നഹ, റാഷിദ് അസ്ലം, സയ്യിദ് ഷുഹൈബ് തങ്ങള്‍, ഇസ്മാഈല്‍ പൊട്ടങ്കണ്ടി, ഇബ്രാഹീം മുറിച്ചാണ്ടി, മുസ്ഥഫ തിരൂര്‍, അബ്ദുല്‍ ബാരി ഹുദവി, സയ്യിദ് നൗഷാദ് ഹുദവി, സയ്യിദ് ജുനൈദ് ഹുദവി തുടങ്ങിയവര്‍ സംബന്ധിച്ചു.
റീഡ് ഖുര്‍ആന്‍ ആന്‍ഡ് ഇസ്ലാമിക് സ്റ്റഡീസ് പഠന കേന്ദ്രവും സെന്ററില്‍ പ്രവര്‍ത്തിക്കും. പ്രവാസികള്‍ക്കും കുടുംബിനികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി നടത്തുന്ന വിവിധ കോഴ്‌സുകളും ഇനി സെന്ററില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."