ജോസഫൈനെതിരായ പ്രതിഷേധപോസ്റ്റില്‍ നിറഞ്ഞ് സമൂഹമാധ്യമങ്ങളും
കോഴിക്കോട്: പരാതി പറയാന്‍ വിളിച്ച യുവതിയോട് ക്ഷുഭിതയായ വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈനെതിരേ ഇടതു സഹയാത്രികരില്‍ നിന്നടക്കം സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം.
കെ.കെ രമ എം.എല്‍.എ, ഇടതു സഹയാത്രികരായ സംവിധായകന്‍ ആഷിഖ് അബു, എഴുത്തുകാരായ ശാരദക്കുട്ടി, ദീപാ നിഷാന്ത്, സി.പി.എം അനുകൂല ഫേസ്ബുക്ക് പേജായ പോരാളി ഷാജി, പിജെ ആര്‍മി, ഹരീഷ് വാസുദേവന്‍ തുടങ്ങി നിരവധി പേര്‍ ജോസഫൈനെതിരേ പ്രതികരണവുമായെത്തി. നിസഹായയായി പരാതിപറയുന്ന സ്ത്രീയോട് മോശമായ ഭാഷയില്‍ പ്രതികരിച്ച ആള്‍ക്ക് ആ പദവിയില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും സര്‍ക്കാര്‍ തെറ്റ് ഉടന്‍ തിരുത്തണമെന്നുമായിരുന്നു എല്ലാവരുടെയും ആവശ്യം.
ജോസഫൈന്റെ പ്രതികരണം അംഗീകരിക്കാനാകില്ലെന്നും എത്രയുംപെട്ടെന്ന് അവരെ വനിതാ കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും കെ.കെ രമ ആവശ്യപ്പെട്ടു.'ഇരകളാക്കപ്പെടുന്ന മനുഷ്യര്‍ക്ക് ഒട്ടും ആശ്വാസമോ പിന്തുണയോ തോന്നാത്തത്ര ധാര്‍ഷ്ട്യവും നിര്‍ദയവുമായ ശബ്ദത്തിലാണ് തുടക്കം മുതല്‍ ജോസഫൈന്‍ സംസാരിക്കുന്നത്. ജോസഫൈന്‍ ഇനി ഒരു നിമിഷംപോലും ആസ്ഥാനത്തിരിക്കാന്‍ യോഗ്യയല്ലെന്നും എം.എല്‍.എ ഫേസ് ബുക്കില്‍ കുറിച്ചു.
പരാതി പറയാനായി വിളിക്കുന്ന നിസഹായയായ പെണ്‍കുട്ടിയോട് സ്വന്തം പ്രിവിലേജിന്റെ ധാര്‍ഷ്ട്യത്തില്‍ മറുപടി പറയുന്ന നിങ്ങളെ എന്തിന് കേരളത്തിലെ സ്ത്രീകള്‍ സഹിക്കണം എന്നായിരുന്നു ദീപാ നിശാന്തിന്റെ ചോദ്യം. മനുഷ്യപ്പറ്റുള്ള ഏതെങ്കിലും സ്ത്രീയെ തല്‍സ്ഥാനത്തിരുത്താന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നും ദീപാ നിശാന്ത് അഭ്യര്‍ഥിച്ചു.ജോസഫൈന്റെ വിഡിയോ പങ്കുവച്ചു' ഭര്‍തൃഗൃഹമോ വനിതാ കമ്മിഷനോ ഭേദം' എന്നായിരുന്നു ശാരദക്കുട്ടി ഫേസ്ബുക്കിലൂടെ ചോദിച്ചത്. സര്‍ക്കാരിനോട് ഒരഭ്യര്‍ഥന, പെണ്‍പിള്ളേരെ പേടിപ്പിക്കുന്ന ഒരുത്തരേം വെറുതെ വിടരുതെന്നും ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതി.
ഇത്രയും ക്ഷമയില്ലാത്ത, ബ്രൂട്ടലായി സംസാരിക്കുന്ന ഒരു സ്ത്രീയെ വനിതാ കമ്മിഷനായി നിയമിച്ച സര്‍ക്കാര്‍ അടിയന്തരമായി ആ തെറ്റ് തിരുത്തണമെന്നായിരുന്നു പോരാളി ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇത്രയും സെന്‍സും സൈന്‍സിറ്റീവിറ്റിയും വെളിവും കഴിവും ഇല്ലാത്ത വനിതാ കമ്മിഷന്‍ അധ്യക്ഷയെ ഇനിയും സഹിക്കേണ്ട ഒരു കാര്യവും മലയാളിക്കില്ലെന്ന് ഹരീഷ് വാസുദേവനും ഫേസ്ബുക്കില്‍ കുറിച്ചു. ജോസഫൈനെതിരേ സൈബര്‍ സഖാക്കളുള്‍ക്കൊള്ളുന്ന പിജെ ആര്‍മി ഫേസ്ബുക്ക് കൂട്ടായ്മയും രംഗത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."