മുസ്‌ലിം ലീഗിനെ ശക്തിപ്പെടുത്താന്‍ കര്‍മപദ്ധതിയുമായി യൂത്ത് ലീഗ്
കോഴിക്കോട്: യൂനിറ്റ്തലം വരെയുള്ള മുസ്‌ലിം ലീഗ് ഘടകങ്ങളെ ശക്തിപ്പെടുത്താന്‍ കര്‍മപദ്ധതിയുമായി യൂത്ത് ലീഗ്. നടപ്പിലാക്കേണ്ട പരിഷ്‌കാരങ്ങളെ സംബന്ധിച്ച നിര്‍ദേശങ്ങള്‍ മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതിയില്‍ അവതരിപ്പിക്കാന്‍ യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി യോഗം തീരുമാനിച്ചതായി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
യൂത്ത് ലീഗില്‍ നടപ്പിലാക്കേണ്ട പരിഷ്‌കാരങ്ങള്‍ സമയബന്ധിതമായി സംസ്ഥാനതലം മുതല്‍ യൂനിറ്റ്തലം വരെയുള്ള ഘടകങ്ങളില്‍ നടപ്പിലാക്കും. പാര്‍ട്ടി പത്രത്തിന്റെ ശാക്തീകരണത്തിനുള്ള നിര്‍ദേശം പാര്‍ട്ടി നേതൃത്വത്തിനു സമര്‍പ്പിക്കും. സമൂഹമാധ്യമ ഇടപെടലിന്റെ ഉത്തരവാദിത്വം പൂര്‍ണമായും യൂത്ത് ലീഗ് ഏറ്റെടുക്കും. പാര്‍ട്ടി വിരുദ്ധമായതും വിശ്വാസ്യത തകര്‍ക്കുന്നതുമായ സമൂഹമാധ്യമ ഗ്രൂപ്പുകളില്‍നിന്ന് പാര്‍ട്ടി പ്രവര്‍ത്തകരെ മാറ്റിനിര്‍ത്തി പാര്‍ട്ടി നിയന്ത്രണത്തിലുള്ള സംവിധാനത്തിലേക്ക് അവരെ കൊണ്ടുവരും. പാര്‍ട്ടി അണികള്‍ക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കാനുള്ള കര്‍മപദ്ധതികള്‍ നടപ്പിലാക്കും. മുസ്‌ലിം യുവജന സംഘടനകളുമായുള്ള സൗഹൃദം ദൃഢമാക്കുന്നതിന് യൂത്ത് ലീഗ് നേതൃത്വം നല്‍കും.പാര്‍ട്ടിയുടെ ആശയസംഹിത പ്രചരിപ്പിക്കാന്‍ ബൃഹത്തായ പദ്ധതി ആവിഷ്‌കരിക്കും. സാഹിത്യ, സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പാര്‍ട്ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് പ്രത്യേക ഇടമൊരുക്കും.
80:20 മുസ്‌ലിം സ്‌കോളര്‍ഷിപ്പ് വിഷയവുമായി ബന്ധപ്പെട്ട കോടതി വിധിക്കെതിരായി സര്‍ക്കാര്‍ അപ്പീല്‍ പോകാതിരിക്കുന്നത് വഞ്ചനയാണെന്ന് സംസ്ഥാന പ്രവര്‍ത്തകസമിതി പ്രമേയത്തില്‍ അഭിപ്രായപ്പെട്ടു.ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാത്തത് ദുരൂഹമാണ്. എല്ലായിടത്തും 15 പേര്‍ എന്നതു മാറ്റി ആരാധനാലയങ്ങളുടെ വലുപ്പത്തിനുസരിച്ചു മാത്രം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസല്‍ ബാഫഖി തങ്ങളും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."