കരിപ്പൂരില്‍ സ്വര്‍ണം പിടിച്ച കേസ്: അര്‍ജ്ജുന്‍ ആയങ്കിക്ക് കസ്റ്റംസിന്റെ നോട്ടിസ്
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടിയ സംഭവത്തില്‍ സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ സംഘത്തലവന്‍ കണ്ണൂരിലെ അര്‍ജുന്‍ ആയങ്കിക്ക് കസ്റ്റംസിന്റെ നോട്ടിസ്. ഈ മാസം 28 ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നോട്ടിസ് നല്‍കിയിരിക്കുന്നത്.
അര്‍ജുന് കേസിലെ മുഖ്യപ്രതി ഷഫീഖമായി ബന്ധമുണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്. ഷഫീഖ് അര്‍ജുനെ പലതവണ വിളിച്ചതിന്റെ രേഖകളും കസ്റ്റംസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.
രാമനാട്ടുകരയില്‍ അപകടം നടന്ന ദിവസം അര്‍ജുന്‍ ആയങ്കി എത്തിയിരുന്നുവെന്നതിന്റെ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. ഇതിന്റെ തെളിവായ ചുവന്ന സ്വിഫ്റ്റ് കാര്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നെങ്കഗിലും കസ്റ്റംസ് സംഘം എത്തുന്നതിന് മുമ്പ് ആയങ്കിയുടെ സംഘാംഗങ്ങള്‍ അത് മാറ്റുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
മുഹമ്മദ് ഷഫീഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം അപേക്ഷ നല്‍കും. 10 ദിവസത്തേക്കാണ് ഷഫീഖിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടുക. ഇതിനായി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യ കോടതിയെ സമീപിക്കും.
നാല് വര്‍ഷമായി സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന അര്‍ജുന്‍ ഇതിനോടകം കോടികളുടെ സ്വര്‍ണം പിടിച്ചുപറിച്ചെന്നാണ് വിവരം.
അതിനിടെ ഡി.വൈ.എഫ്.ഐയുടെ മെമ്പര്‍ഷിപ്പില്‍ നിന്നും പുറത്തുവന്ന ആളാണ് താനെന്നും തനിക്കെതിരായ ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ട ബാധ്യത പാര്‍ട്ടിക്കില്ലെന്നും അര്‍ജുന്‍ ഇന്നലെ തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് വഴി പറഞ്ഞിരുന്നു. ഇഷ്ടപ്പെടുന്ന പ്രസ്ഥാനത്തിന്റെ ആശയ പ്രചാരണം വ്യക്തിപരമായി നടത്തുന്നതാണെന്നും അര്‍ജുന്റെ ഫേസ്ബുക്ക് പോസ്റ്റിലുണ്ട്. രാമനാട്ടുകര അപകടത്തിന് പിന്നാലെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിലായിരുന്നു അര്‍ജ്ജുന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."