പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു; പൂജകള്‍ക്ക് ശേഷം ചെങ്കോല്‍ സ്ഥാപിച്ചു
പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു; പൂജകള്‍ക്ക് ശേഷം ചെങ്കോല്‍ സ്ഥാപിച്ചു
ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു. രാവിലെ ഏഴരയോടെയാണ് ചടങ്ങളുകള്‍ക്ക് തുടക്കമായത്. ഹോമത്തിനും പൂജകള്‍ക്കും ശേഷം പാര്‍ലമെന്റ് മന്ദിരത്തില്‍ ലോക്‌സഭാ സ്പീക്കറുടെ ഇരിപ്പിടത്തിന് സമീപം പ്രധാനമന്ത്രി ചെങ്കോല്‍ സ്ഥാപിച്ചു. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
തുടര്‍ന്ന് പ്രധാനമന്ത്രി നിലവിളക്ക് തെളിയിക്കുകയും ഉദ്ഘാടന ഫലകം അനാച്ഛാദനം ചെയ്യുകയും ചെയ്തു. പാര്‍ലമെന്റ് കെട്ടിടത്തിന്റെ നിര്‍മാണത്തില്‍ പങ്കെടുത്ത തൊഴിലാളികളെ പ്രധാനമന്ത്രി ആദരിച്ചു. ശേഷം സര്‍വമത പ്രാര്‍ഥനയും നടന്നു.
#WATCH | PM Modi receives blessings of seers of different Adheenams from Tamil Nadu after the installation of the 'Sengol' in the new Parliament building in Delhi pic.twitter.com/Hex1LaWA8X
— ANI (@ANI) May 28, 2023
12 മണിക്ക് ദേശീയഗാനത്തോടെ രണ്ടാംഘട്ട ചടങ്ങുകള്‍ക്ക് തുടക്കമാകും. രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും സന്ദേശം രാജ്യസഭാ ഉപാധ്യക്ഷന്‍ ചടങ്ങില്‍ വായിക്കും. തുടര്‍ന്ന് രണ്ട് വിഡിയോകള്‍ പ്രദര്‍ശിപ്പിക്കും. 12.30ന് രാജ്യസഭാ പ്രതിപക്ഷനേതാവിന്റെ പ്രസംഗമാണ് നിശ്ചയിച്ചിരുന്നത്. പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുക്കില്ലെന്ന് അറിയിച്ചതിനാല്‍ ഈ ചടങ്ങ് ഉണ്ടാകില്ല. ഒരുമണിക്ക് പുതിയ പാര്‍ലമെന്റ് മന്ദിരം ആലേഖനം ചെയ്ത പ്രത്യേക സ്റ്റാമ്പും 75 രൂപയുടെ നാണയവും പ്രധാനമന്ത്രി പുറത്തിറക്കും. ഇതിനുശേഷം പ്രധാനമന്ത്രി ഉദ്ഘാടനപ്രസംഗം നടത്തും.
ചടങ്ങിന് മുന്നോടിയായി ഇന്നലെ രാത്രി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 21 മഠാധിപന്മാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ തഴഞ്ഞതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസുള്‍പ്പെടെ 21 പ്രതിപക്ഷകക്ഷികള്‍ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. എന്‍.ഡി.എയിലെ ഘടകകക്ഷികളായ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ കക്ഷികളുള്‍പ്പെടെ 23 പാര്‍ട്ടികള്‍ ചടങ്ങില്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."