അറഫ: മാനവികതയുടെ മഹാസംഗമം
പി.പി ഉമർ മുസ്‌ലിയാർ കൊയ്യോട്
ഇന്ന് അറഫാത്തിൽ ഹാജിമാർ സംഗമിക്കുകയാണ്. ലോക മാനവികതയുടെ മഹാസംഗമം. അറഫയുടെ പ്രാധാന്യം ചരിത്രപരമായി അന്വേഷിക്കുമ്പോൾ ചരിത്രത്തെ പുളകം കൊള്ളിച്ച നിരവധി സംഭവങ്ങൾ കാണാൻ കഴിയുന്നു. അതിൽ പ്രഥമവും പ്രധാനവുമായി കാണുന്നത് പ്രഥമമനുഷ്യൻ ആദം നബിയുടെ പത്‌നിയും മാനവകുലത്തിന്റെ മാതാവുമായ ഹവ്വാ ബീവിയുടെയും കണ്ടുമുട്ടലിനു വേദിയായത് അറഫയായിരുന്നുവെന്നതാണ്. അന്ത്യപ്രവാചകൻ മുഹമ്മദ് (സ)യുടെ ചരിത്ര പ്രസിദ്ധമായ വിടവാങ്ങൽ പ്രസംഗത്തിനും വേദിയാകാൻ അറഫക്കായിരുന്നു നിയോഗം.
അറഫയെന്ന പേരിനു പിന്നിലെ ചരിത്രം ഇങ്ങനെയാണ്. മനുഷ്യകുലത്തിന്റെ മാതാപിതാക്കളായ ആദം-ഹവ്വാ ദമ്പതികൾ സ്വർഗവാസത്തിനുശേഷം ഭൂമിയുടെ വിവിധ കോണുകളിലേക്കാണ് ഇറക്കപ്പെട്ടത്. കാലങ്ങളോളം കാണാതെ അലഞ്ഞ ദമ്പതികൾ പരസ്പരം കാണുകയും തിരിച്ചറിയുകയും ചെയ്തത് അറഫയിൽ വച്ചായിരുന്നുവെന്നാണ് ചരിത്രം. അറഫ എന്ന പദത്തിന് അറബിയിൽ തിരിച്ചറിഞ്ഞു എന്നാണ് ഭാഷാർഥം. ആ പദത്തിന്റെ അടിസ്ഥാനം മഅ്‌രിഫത്ത് എന്നാണ്. അലിമ ഇൽമിൽനിന്ന് രൂപാന്തരപ്പെട്ടതുപോലെ മഅ്‌രിഫത്തിൽനിന്ന് 'അറഫ' രൂപംപ്രാപിച്ചു. ദിവ്യജ്ഞാനത്തിന് മഅ്‌രിഫത്ത് എന്നാണല്ലോ പറയുക. ദൈവികരഹസ്യങ്ങൾ കേവലം ഭൗതികജ്ഞാനംകൊണ്ട് നേടാനാവില്ലെന്നും അത് നേടാൻ അല്ലാഹു സംവിധാനിച്ചതും പ്രവാചക മഹത്തുക്കളും അല്ലാഹുവിന്റെ ഔലിയാക്കളും മഹത്തുക്കളും വ്യാഖ്യാനിച്ചതുമായ വിവിധ മാർഗങ്ങളുണ്ട്. സാങ്കേതികമായി ഈ മാർഗത്തെ ത്വരീഖത്ത് എന്നൊക്കെയാണ് വിളിക്കപ്പെടുന്നത്. നിത്യജീവിതത്തിന്റെ നടപടിക്രമമായ ശരീഅത്തിലൂടെ ദൈവികമാർഗത്തിലേക്കുള്ള ദിവ്യപാതയായ ത്വരീഖത്തിലെത്തിയ ഒരാൾ ഹഖീഖത്തിലൂടെ ദൈവിക സായൂജ്യമടയുന്നു. ഹഖീഖത്തിന്റെ പദവിയിലെത്തുമ്പോഴാണ് ഒരാൾ മഅ്‌രിഫത്തിന്റെ ജ്ഞാനം അറിയുന്നതും അനുഭവിക്കുന്നതും. അവിടെ അടിമ തന്റെ നാഥനെ തിരിച്ചറിയുന്ന സാഹചര്യമാണല്ലോ. തിരിച്ചറിയുക എന്ന പദത്തിന്റെ ഭാഷാർഥം ഇങ്ങനെയെല്ലാം വ്യാഖ്യാനിക്കാം. പറഞ്ഞുവരുന്നത്, ആദം നബിയും ഹവ്വാ ബീവിയും ഭൂമിയിൽ പരസ്പരം തിരിച്ചറിഞ്ഞ സ്ഥാനമായതുകൊണ്ടാണ് ആ സ്ഥലത്തിനു പ്രസ്തുത പേരു ലഭിച്ചത് എന്നാണ് പ്രബലമായ ഒരഭിപ്രായം.
മറ്റൊരഭിപ്രായം ഇങ്ങനെയാണ്. ഹസ്‌റത്ത് ഇബ്റാഹിം നബി(അ)ക്ക് ജിബ്‌രീൽ (അ) ഹജ്ജിന്റെ കർമങ്ങൾ പഠിപ്പിച്ചത് അറഫയിൽ വച്ചായിരുന്നുവെന്നാണ്. അറിയുക, മനസിലാക്കുക എന്നീ അർഥങ്ങൾ കൂടി അറഫക്കുണ്ട്. അല്ലാഹുവിനു മുന്നിൽ തെറ്റുകുറ്റങ്ങൾ സമ്മതിക്കുക എന്ന അർഥത്തിൽ 'ഇഅ്തറഫ'യിൽ നിന്നാണ് അറഫയുണ്ടായതെന്നും അഭിപ്രായമുണ്ട്. സ്വന്തത്തെ കുറിച്ചുള്ള അടിസ്ഥാന തിരിച്ചറിവാണ് അറഫയിൽ തീർഥാടകർ നേടിയെടുക്കുന്നത്. അവയിൽ എത്തിച്ചേരാൻ സഹനവും ത്യാഗവും വേണമെന്നതിനാൽ ക്ഷമ എന്നർഥമുള്ള 'ഇർഫി'ൽ നിന്നാണ് അറഫ ഉണ്ടായതെന്നും അഭിപ്രായമുണ്ട്.
അല്ലാഹു മനുഷ്യരെ ചൂണ്ടി അഭിമാനംകൊള്ളുന്ന ദിനമാണത്. അറഫാ ദിനത്തിൽ അല്ലാഹു ഏറ്റവും താഴ്ന്ന ആകാശത്തിലേക്ക് ഇറങ്ങിവരും. ജനങ്ങളെ ചൂണ്ടി മലക്കുകളോട് പറയും: 'വിവിധ വഴികളിൽനിന്ന് എന്റെ അനുഗ്രഹവും കാരുണ്യവും പ്രതീക്ഷിച്ചുവന്ന എന്റെ അടിമകളാണിവർ. മണൽതരികളുടെ എണ്ണത്തോളം ദോഷങ്ങളുണ്ടെങ്കിൽപോലും എന്റെ അടിമകൾക്ക് ഞാൻ പൊറുത്തു കൊടുക്കും'. പിശാച് ഏറ്റവും കൂടുതൽ അസ്വസ്ഥനാകുന്ന ദിനം കൂടിയാണ് അറഫാദിനം. നബിതിരുമേനി പറഞ്ഞു: അറഫ ദിവസത്തെക്കാൾ പിശാച് നീചനും നിസാരനും നിന്ദ്യനുമാകുന്ന മറ്റൊരു ദിനമില്ല. അറഫയിൽ സംഗമിക്കുന്നവർക്കുള്ള പ്രപഞ്ചനാഥന്റെ അനുഗ്രഹ വർഷവും പാപമോക്ഷം നൽകിയുള്ള അവന്റെ കടാക്ഷവും കാണുമ്പോൾ സഹിക്കവയ്യാത്തതുകൊണ്ടാണത്.
മുആദുബ്‌നു ജബൽ (റ) നിവേദനം ചെയ്യുന്നു: അഞ്ചു രാവുകളെ ജീവിപ്പിച്ചവർക്ക് (സുകൃതങ്ങൾ കൊണ്ട്) സ്വർഗം നിർബന്ധമായി. ലൈലതു തർവിയത്ത് (ദുൽഹിജ്ജ 8), ലൈലതു അറഫ (ദുൽഹിജ്ജ 9), ലൈലതു നഹ്‌റ് (ബലി പെരുന്നാൾ ), ലൈലതുൽ ഫിത്വറ് (ചെറിയ പെരുന്നാൾ), ശഅ്ബാൻ 15ന്റെ രാവ് എന്നിവയാണിത്. അറഫാദിനം അല്ലാഹു ആദരിച്ച ദിനമാണ്. അന്ന് പ്രാർഥനയ്ക്ക് ഉത്തരം കിട്ടും. ദോഷങ്ങൾ എത്രതന്നെയുണ്ടായാലും എത്ര ഭീകരമായിരുന്നാലും അല്ലാഹുവിന്റെ കാരുണ്യത്താൽ അന്ന് പൊറുക്കപ്പെടുന്നു.
തിർമുദിയുടെ നിവേദനത്തിൽ നബി(സ) പറയുന്നു: 'പ്രാർഥനകളിൽ ഏറ്റവും നല്ലത് അറഫാദിനത്തിലെ പ്രാർഥനയാണ്. ഞാനും മുൻകാല പ്രവാചകരും പറഞ്ഞതിൽ ഏറ്റവും നല്ലത് അല്ലാഹു ഏകനാണ്, അവനു പങ്കുകാരനില്ല, അവനാണ് സ്തുതി, അവൻ സർവശക്തനാണ്' എന്നതാണ്'. അറഫാദിനത്തിലും ജനങ്ങൾക്കുമുന്നിൽ കൈനീട്ടി നടക്കുന്ന ഒരു യാചകനെ കണ്ടപ്പോൾ അബ്ദുല്ലാഹിബ്‌നു ഉമറുബ്‌നു ഖത്താബ് പറഞ്ഞത്രെ: 'ഏ മനുഷ്യാ… ഇന്ന് നീ അല്ലാഹുവിനോടല്ലാതെ ജനങ്ങളോടാണോ യാചിക്കുന്നത്?! കഷ്ടം.
അറഫാ മണലാരിണ്യത്തിലെ ഹാജിമാരോട് െഎക്യപ്പെട്ട് വിശ്വാസികൾ അവരവരുടെ ദുൽഹിജ്ജ ഒൻപതിന് അറഫാദിനമായി പരിഗണിച്ച് വ്രതമനുഷ്ഠിക്കുന്നു. പാപമോചനത്തിന്റെ മഹാവ്രതമാണ് അറഫാ നോമ്പ്. പ്രവാചകൻ പറഞ്ഞു: കഴിഞ്ഞുപോയതും വരാനിരിക്കുന്നതുമായ പാപങ്ങളെ മായ്ച്ചുകളയുന്ന പ്രായശ്ചിത്തമാണ് അറഫയുടെ ദിവസത്തിലെ നോമ്പ് (മുസ്‌ലിം). അറഫാ ദിനത്തിലെ നോമ്പ് അനുഷ്ഠിക്കുന്നത് വിവരിച്ചുകൊണ്ട് ഇമാമുകൾ രേഖപ്പെടുത്തിയത് ദുൽഹിജ്ജ ഒൻപതിന് എന്നാണ് (മുഗ്‌നി 1. 446).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."