നിരപരാധികളെ കൊല്ലുന്ന കണ്ണൂർ ബോംബുകൾ
ആക്രി സാധനങ്ങൾ ശേഖരിക്കുന്ന പിതാവും മകനും കണ്ണൂർ ജില്ലയിലെ മട്ടന്നൂരിൽ ബോംബ് സ്‌ഫോടനത്തിൽ മരിച്ച വാർത്ത ഒരേ സമയം നടുക്കവും ദുഃഖവും ഉളവാക്കുന്നതായിരുന്നു. അസമിൽ നിന്ന് കേരളത്തിൽ വന്ന് പാഴ് വസ്തുക്കൾ ശേഖരിച്ചു നിത്യവൃത്തി നടത്തുന്ന പിതാവും മകനും ആര് നിർമിച്ച ബോംബിനാലാണ് ജീവൻ വെടിഞ്ഞതെന്ന് ആർക്കറിയാം. വേദനിപ്പിക്കുന്നതാണ് ഈ വർത്ത. അതേസമയം കണ്ണൂരിലെ വഴിയോരങ്ങളിലും ഒഴിഞ്ഞ പറമ്പുകളിലും പാഴ്‌വസ്തുക്കൾ പോലെ ബോംബുകൾ ഉപേക്ഷിച്ചുകൊണ്ടിരിക്കുന്നു എന്നത് ഞെട്ടലുളവാക്കുന്നതുമാണ്.
രാഷ്ട്രീയ പകയുടെ തീ ആളിക്കത്തുന്ന ജില്ലയാണ് കണ്ണൂർ. ഇപ്പോൾ താൽക്കാലിക ശമനം വന്നിട്ടുണ്ടെങ്കിലും. ബോംബ് നിർമാണം കുടിൽ വ്യവസായം പോലെയായിരുന്നു ഇവിടെ തഴച്ചു വളർന്നിരുന്നത്. ഒരു വശത്ത് ബി.ജെ.പിയും മറുവശത്ത് സി.പി.എമ്മുമായിരുന്നു കൊല്ലുന്നതിലും കൊല്ലിക്കുന്നതിലും നേർക്കുനേർ വന്നിരുന്നത്. ഇരുവിഭാഗങ്ങളുടേയും ഏറ്റുമുട്ടലുകളിൽ പല നിരപരാധികൾക്കും ബോംബ് സ്‌ഫോടനങ്ങളിൽ ജീവൻ വെടിയേണ്ടി വന്നിട്ടുണ്ട്. വർഷങ്ങൾക്കു മുമ്പ്് അസ്‌ന എന്ന കൊച്ചുബാലിക വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഒരു ബോംബ് ആ മുറ്റത്ത് വീണു പൊട്ടിയത്. സ്‌ഫോടനത്തിൽ അസ്‌നയുടെ ഒരു കാൽ ചിന്നിച്ചിതറി. ഒറ്റക്കാലിലാണ് പിന്നീട് ആ ബാലിക ജീവിതത്തിന്റെ പെരുവഴി താണ്ടിയത്. പാഴ്‌വസ്തുക്കൾ ശേഖരിച്ചു നടന്ന അമാവാസിയെന്ന നാടോടി ബാലനും സ്‌ഫോടനത്തിൽ ഗുരുതരമായി പരുക്കേറ്റു. അസ്‌നയുടെയും അമാവാസിയുടെയും അതേ നിരയിലേക്കാണിപ്പോൾ അസമിൽ നിന്ന് അന്നം തേടി കണ്ണൂരിൽ വന്ന് നിനച്ചിരിക്കാത്ത നേരത്ത് ബോംബ് സ്‌ഫോടനത്താൽ മരിക്കേണ്ടി വന്ന നിർഭാഗ്യവാന്മാരായ ഒരച്ഛനും മകനും എത്തിയിരിക്കുന്നത്. അസ്‌നക്കും അമാവാസിക്കും ഭാഗ്യം കൊണ്ടാണ് ജീവൻ നഷ്ടപ്പെടാതെ പോയത്. ഇങ്ങനെ എത്രയോ നിരപരാധികൾക്ക് രണ്ട് രാഷ്ട്രീയ പാർട്ടികളുടെ സായുധ പോരാട്ടങ്ങൾക്കിടയിൽ ജീവൻ ബലിയർപ്പിക്കേണ്ടി വന്നിട്ടുണ്ട്.
നിർമാണത്തിനിടയിൽ ബോംബ് പൊട്ടി എത്രയോ പേർക്ക് അംഗഭംഗം വന്നിട്ടുണ്ട്. ബോംബുണ്ടാക്കിക്കൊണ്ടിരിക്കുമ്പോൾ പല വീടുകളും സ്‌ഫോടനത്താൽ തകർന്നിട്ടുണ്ട്. ബോംബ് നിർമിച്ചു കൊണ്ടിരുന്നവരും അത്തരം സ്‌ഫോടനങ്ങളിൽ എരിഞ്ഞടങ്ങിയിട്ടുണ്ട്. വളരെ നിസാരമായ വഴക്കുകളിൽപോലും ബോംബുകൾ എറിയുക എന്നതും കണ്ണൂരിൽ കണ്ടുതുടങ്ങിയിരിക്കുന്നു. ഫെബ്രുവരിയിൽ കണ്ണൂരിലെ തോട്ടടയിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയുണ്ടായി. ബോംബ് എറിഞ്ഞ സംഘാംഗമായിരുന്നു തലയിൽ ബോംബ് വീണ് കൊല്ലപ്പെട്ടത്.
വിവാഹ വീട്ടിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് സംബന്ധിച്ചുണ്ടായ തർക്കമാണ് ബോംബ് സ്‌ഫോടനത്തിൽ കലാശിച്ചത്. വിവാഹ വീട്ടിലേക്ക് ബോംബ് എറിയാൻ വന്നതായിരുന്നു സംഘം. സംഘത്തിലെ ഒരുവന്റെ തലയിൽ തന്നെ അതു പതിച്ചതിനാൽ കല്യാണ വീട്ടിലെ കൂട്ട മരണം ഒഴിവായി. എന്തിനും ഏതിനും ബോംബുകൾ കൊണ്ട് മറുപടി പറയുക എന്നത് എത്ര ഭീകരമാണ്. ബോംബ് നിർമാണ കേന്ദ്രങ്ങൾ കണ്ടെത്താൻ ദിവസേനയെന്നോണം സ്‌ക്വാഡുകൾ കണ്ണൂർ ജില്ലയിൽ പരിശോധന നടത്തുന്നുണ്ട്.
സ്‌ഫോടക വസ്തുക്കളും പടക്കങ്ങളും പിടിച്ചെടുക്കാറുണ്ട് എന്നതൊഴിച്ചാൽ സ്‌ക്വാഡിന്, ബോംബ് നിർമാണ കേന്ദ്രങ്ങളെ പൂർണമായുംകണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കക്ഷി രാഷ്ട്രീയ ബന്ധമില്ലാത്തവരും കണ്ണൂരിൽ ഇവ നിർമിക്കുന്നുണ്ട്. എതിർ സംഘത്തെ ഭയപ്പെടുത്താനും അക്രമിക്കാനും രാഷ്ട്രീയമില്ലാത്ത സംഘങ്ങൾ വരെ സ്‌ഫോടനങ്ങൾ നടത്തുന്നു. തോട്ടടയിലെ വിവാഹ വീട്ടിലുണ്ടായ സ്‌ഫോടനം അത്തരത്തിൽ പെട്ടതായിരുന്നു.
രാഷ്ട്രീയകക്ഷികളുടെ പിന്തുണയിലാണ് കണ്ണൂർ ജില്ലയിൽ ബോംബ് നിർമാണം നടക്കുന്നത്. കണ്ണൂർ ജില്ലയിൽ തന്നെയുള്ള ആലക്കാടിൽ ബോംബ് നിർമാണത്തിനിടെ സ്‌ഫോടനത്തിൽ ആർ.എസ്.എസ് പ്രവർത്തകന് അടുത്തിടെ ഗുരുതര പരുക്കേറ്റിരുന്നു. ഏച്ചൂർ, കടങ്കവർ പരിസരങ്ങളിൽ അടിക്കടി ബോംബ് സ്‌ഫോടനങ്ങളുടെ ശബ്ദം കേൾക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാരുടെ പരാതികളെത്തുടർന്ന് പലതവണ പരിശോധന നടത്തിയെങ്കിലും അവശിഷ്ടങ്ങൾ കണ്ടെത്തിയെന്നല്ലാതെ ആരെയും പിടികൂടാൻ പൊലിസിന് കഴിഞ്ഞിട്ടില്ല. ചെറിയ കുറ്റിക്കാടുകളിലും വീടുകളുടെ പരിസരങ്ങളിലും വീടുകളിലും ബോംബ് നിർമാണം നടക്കുന്നു. മംഗളൂരു, ബംഗളൂരു, മൈസൂരു, ശിവകാശി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെല്ലാം ജില്ലയിലേക്ക് സ്‌ഫോടക വസ്തുക്കൾ എത്തുന്നുണ്ട്. ഇതിനാലാണ് വിവാഹാഘോഷങ്ങളിൽപോലും ബോംബ് സ്‌ഫോടനങ്ങൾ നടക്കുന്നത്. ഈ മാസം രണ്ടാം തീയതിയാണ് കണ്ണൂർ ജില്ലാ കോടതി വളപ്പിൽ ഉഗ്രസ്‌ഫോടനം ഉണ്ടായത്. പരിസരം വൃത്തിയാക്കി ചപ്പുചവറുകൾക്ക് തീ കൊടുത്തപ്പോഴായിരുന്നു പൊട്ടിത്തെറി. ചുരുക്കത്തിൽ കണ്ണൂർ ജില്ലയിൽ എവിടെയൊക്കെയാണ് ബോംബുകൾ ഉപേക്ഷിക്കപ്പെട്ടതെന്നോ എവിടെയാണ് ഇപ്പോഴും സൂക്ഷിച്ചു വക്കുന്നതെന്നോ ബോംബ് സ്‌ക്വാഡുകൾക്കോ പൊലിസിനോ കണ്ടെത്താൻ കഴിയുന്നില്ല. കുറ്റിക്കാടുകളിലും ഒഴിഞ്ഞ പറമ്പുകളിലും വരെ ബോംബുകൾ ഉപേക്ഷിച്ചുകൊണ്ടിരിക്കുന്നു, എന്നാണ് കേട്ടുകൊണ്ടിരിക്കുന്നത്.
കണ്ണൂരിൽ ഇപ്പോൾ സി.പി.എം-ബി.ജെ. പി സംഘട്ടനത്തിന് അയവ് വന്നിട്ടുണ്ട്. ഇരു വിഭാഗങ്ങളിലേയും നേതാക്കൾ തമ്മിൽ നടത്തിയ ചർച്ചയെ തുടർന്നായിരിക്കാം പുറമേക്ക് കാണുന്ന ഈ ശാന്തത. ഇതേത്തുടർന്ന് ഇരു വിഭാഗവുംനേരത്തെ ഉണ്ടാക്കിയ ബോംബുകൾ ഉപയോഗ ശൂന്യമെന്ന് കരുതിപറമ്പുകളിലും ഒഴിഞ്ഞ സ്ഥലങ്ങളിലും പാഴ് വസ്തുക്കൾക്കൊപ്പം ഉപേക്ഷിക്കുന്നുണ്ടാവാം. അക്രി പെറുക്കി ഉപജീവനം നടത്തിക്കൊണ്ടിരുന്ന പിതാവും മകനും ആക്രിയാണെന്ന് കരുതി ബോംബ് തുറന്ന് നോക്കവെ പൊട്ടിത്തെറിച്ച് മരണപ്പെട്ടത് ഇത്തരമൊരു സംശയത്തിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. പൊലിസും ബോംബ് സ്‌ക്വാഡും കണ്ണൂർ ജില്ലയിലെ വെളിമ്പ്രദേശങ്ങളും ഒഴിഞ്ഞ പറമ്പുകളും പാഴ്‌വസ്തുക്കൾ ശേഖരിച്ച് വച്ചിരിക്കുന്ന സ്ഥലങ്ങളും അടിയന്തരമായും പരിശോധിക്കേണ്ടിയിരിക്കുന്നു. അല്ലാത്തപക്ഷം കണ്ണൂരിൽ നിരപരാധികൾ ബോംബ് സ്‌ഫോടനങ്ങളിൽ ഇനിയും കൊല്ലപ്പെടാനുള്ള സാധ്യതകൾ വർധിച്ചേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."