മുസ്‌ലിങ്ങള്‍ക്കും ഇസ്‌ലാമിനുമെതിരെ വിദ്വേഷ ട്വീറ്റ്: അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ട്വിറ്ററില്‍ ട്രെന്‍ഡിങ്; ഒടുവില്‍ ഹരിയാന ഐ.ടി സെല്‍ മേധാവിയെ പുറത്താക്കി ബി.ജെ.പി
ഗുരുഗ്രാം: ഹരിയാന ഹരിയാന ഐ.ടി സെല്‍ മേധാവിയെ പുറത്താക്കി ബി.ജെ.പി. ഇസ്‌ലാമിനെ അവഹേളിക്കുന്ന പഴയ ട്വീറ്റ് വിവാദമായ പശ്ചാത്തലത്തിലാണ് ഐ.ടി സെല്‍ മേധാവി അരുണ്‍ യാദവിനെ പാര്‍ട്ടി പുറത്താക്കിയത്. യാദവിനെ തല്‍സ്ഥാനത്തു നിന്ന് അടിയന്തിരമായി മാറ്റുകയാണെന്ന് ബി.ജെ.പി അധ്യക്ഷന്‍ ഒ.പി ധങ്കര്‍ പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍, എന്താണ് കാരണമെന്ന് അതില്‍ വ്യക്തമാക്കിയിട്ടില്ല.
ഇസ്‌ലാം വിദ്വേഷവും അവഹേളനവും അടങ്ങിയ അരുണ്‍ യാദവിന്റെ 2017 മുതലുള്ള നിരവധി ട്വീറ്റുകള്‍ ചൂണ്ടിക്കാട്ടി ArrestArunYadav എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായതിനു പിന്നാലെയാണ് പാര്‍ട്ടി നടപടി. നാല് വര്‍ഷം പഴക്കമുള്ള ട്വീറ്റിന്റെ പേരില്‍ ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിലാണ് അരുണിന്റെ അറസ്റ്റിന് മുറവിളി ഉയരുന്നത്. സുബൈറിനെ അറസ്റ്റ് ചെയ്യാമെങ്കില്‍ എന്തുകൊണ്ട് അരുണ്‍ യാദവിനെ അറസ്റ്റ് ചെയ്തുകൂടാ എന്നാണ് മിക്ക ട്വീറ്റുകളിലും ചോദിക്കുന്നത്.
2017 മുതല്‍ ഈ വര്‍ഷം മെയ് വരെയുള്ള അരുണിന്റെ വിദ്വേഷ ട്വീറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതമാണ് ആളുകള്‍ അറസ്റ്റിന് ആവശ്യപ്പെടുന്നത്. ഇതിനകം 1.40 ലക്ഷം പേര്‍ ഇത് ഷെയര്‍ ചെയ്തതോടെ, #ArrestArunYadav എന്ന ടാഗ് വ്യാഴാഴ്ച ട്വിറ്ററിലെ പ്രധാന ട്രെന്‍ഡുകളിലൊന്നായി.
അതേസമയം, ഇയാള്‍ക്കെതിരെ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലിസ് പറഞ്ഞു.
ബി.ജെ.പി വക്താവ് നൂപുര്‍ ശര്‍മ്മയുടെയും നവീന്‍ ജിന്‍ഡാലിന്റെയും പ്രവാചക നിന്ദ പരാമര്‍ശങ്ങള്‍ വിവാദമായതിന് പിന്നാലെയാണ് ഐ.ടി സെല്‍ തലവന്റെ ട്വീറ്റുകളും പുറത്തുവരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."