പാര്‍ട്ടിയും തള്ളി ഔട്ട്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷസ്ഥാനത്തുനിന്ന് എം.സി ജോസഫൈന്‍ രാജിവച്ചു. പരാതിക്കാരിയോടു മോശമായി പ്രതികരിച്ചതു വിവാദമായ സാഹചര്യത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിര്‍ദേശപ്രകാരമാണ് രാജി. അധ്യക്ഷസ്ഥാനത്തിരിക്കാന്‍ 11 മാസം കൂടി അവശേഷിക്കെയാണ് വിവാദ പരാമര്‍ശത്തിന്റെ പേരില്‍ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം കുടിയായ ജോസഫൈന്റെ പടിയിറക്കം. രാജിക്കത്ത് ചീഫ് സെക്രട്ടറിക്കു കൈമാറി.
ഇന്നലെ ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റാണ് ജോസഫൈനോട് അധ്യക്ഷസ്ഥാനത്തുനിന്ന് രാജിവയ്ക്കാന്‍ നിര്‍ദേശിച്ചത്. സ്ത്രീവിരുദ്ധതയ്‌ക്കെതിരേ ശക്തമായ നിലപാടുമായി മുന്നോട്ടുപോകുന്ന പാര്‍ട്ടിക്കു ചേര്‍ന്നതല്ല മഹിളാ നേതാവു കൂടിയായ ജോസഫൈന്റെ പരാമര്‍ശമെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി. നേരത്തെയും ജോസഫൈന്റെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള വിവാദ പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടുണ്ട്.
സംസ്ഥാനത്ത് സ്ത്രീധനത്തിന്റെ പേരിലടക്കം സ്ത്രീവിരുദ്ധ സമീപനങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്നുകൊണ്ടുള്ള ഇത്തരം പരാമര്‍ശങ്ങള്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും അവമതിപ്പുണ്ടാക്കി. മാധ്യമങ്ങളില്‍ ദിവസവും സ്ത്രീപീഡനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വരുന്നു.
പാര്‍ട്ടി തന്നെ സ്ത്രീപക്ഷ കേരളമെന്ന മുദ്രാവാക്യവുമായി ബോധവല്‍കരണ പരിപാടി സംഘടിപ്പിക്കുകയാണ്. ഇങ്ങനെയൊരു സാഹചര്യത്തില്‍ ജോസഫൈനെ സംരക്ഷിക്കുന്നതു പാര്‍ട്ടിക്കു കളങ്കമുണ്ടാക്കുമെന്നും അധ്യക്ഷസ്ഥാനത്തുനിന്ന് രാജിവയ്ക്കുന്നതാണ് അഭികാമ്യമെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി.
വിഷയത്തില്‍ വ്യാഴാഴ്ച രാത്രി തന്നെ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനും തമ്മില്‍ ആശയവിനിമയം നടത്തിയിരുന്നു. സ്ത്രീവിരുദ്ധ പരാമര്‍ശം പാര്‍ട്ടിയുടെ വനിതാ നേതാവിന്റെ ഭാഗത്തുനിന്നു തന്നെ ഉണ്ടായത് പൊതുസമൂഹത്തില്‍ വ്യാപകമായ പ്രതിഷേധത്തിനു കാരണമായ സാഹചര്യത്തില്‍ ജോസഫൈനെ ന്യായീകരിച്ചു സംരക്ഷിക്കേണ്ടതില്ലെന്ന നിലപാടിലാണ് മൂന്നു നേതാക്കളുമെത്തിയത്. അപ്പോള്‍ തന്നെ വിജയരാഘവന്‍ ജോസഫൈനോടു രാജിവയ്ക്കാന്‍ അനൗദ്യോഗികമായി നിര്‍ദേശിച്ചിരുന്നു. പിന്നീട് സെക്രട്ടേറിയറ്റും ഇതേ തീരുമാനത്തിലെത്തുകയായിരുന്നു. ജോസഫൈന്‍ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായതിനാല്‍ വിഷയം കോടിയേരി ബാലകൃഷ്ണന്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ശ്രദ്ധയില്‍പ്പെടുത്തി. രാജിയാണു നല്ലതെന്ന മറുപടിയാണ് യെച്ചൂരിയും നല്‍കിയത്.
പരാമര്‍ശത്തെക്കുറിച്ച് ജോസഫൈന്‍ സെക്രട്ടേറിയറ്റ് യോഗത്തില്‍ വിശദീകരിച്ചു. ബോധപൂര്‍വമുണ്ടായ പരാമര്‍ശമായിരുന്നില്ല. സാധാരണ വര്‍ത്തമാനമായിരുന്നു. എന്നാല്‍ പിന്നീടു മാധ്യമങ്ങളിലൂടെ പ്രതികരണം പുറത്തുവന്നപ്പോഴാണ് അങ്ങനെയുള്ള പ്രതികരണം പാടില്ലായിരുന്നു എന്ന് ബോധ്യമായത്. താന്‍ മൂലം പാര്‍ട്ടിക്കുണ്ടായ വിഷമത്തില്‍ ഖേദം രേഖപ്പെടുത്തുകയാണെന്നും പാര്‍ട്ടി നിര്‍ദേശപ്രകാരം അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവയ്ക്കുകയാണെന്നും ജോസഫൈന്‍ വ്യക്തമാക്കി. വിവാദം പാര്‍ട്ടിക്കു നാണക്കേടായി മാറിയെന്ന് നേതാക്കള്‍ പറഞ്ഞു. പദവിയുടെ ഉത്തരവാദിത്വം ജോസഫൈന്‍ മനസ്സിലാക്കിയില്ലെന്നും വിമര്‍ശനമുയര്‍ന്നു.
ജോസഫൈന്റെ നിലപാടുകള്‍ക്കെതിരേ പാര്‍ട്ടി നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നു. മുമ്പ് നടത്തിയ പരാമര്‍ശങ്ങളും നടപടികളും വിവാദമായ സാഹചര്യത്തിലായിരുന്നു മുന്നറിയിപ്പ്. എന്നാല്‍ തുടര്‍ച്ചയായി വിവാദ പരാമര്‍ശങ്ങളാണ് ജോസഫൈന്റെ ഭാഗത്തുനിന്നുണ്ടായത്.
''മാറണം മനോഭാവം സ്ത്രീകളോട്' എന്ന പേരില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ കാംപയിന്‍ സംഘടിപ്പിക്കുന്ന വേളയിലുണ്ടായ പരാമര്‍ശം പാര്‍ട്ടിക്കു തിരിച്ചടിയായെന്നു വിലയിരുത്തലുണ്ടായി. യോഗത്തില്‍ ഒരാള്‍പോലും ജോസഫൈനെ അനുകൂലിച്ചില്ല. പ്രതിപക്ഷം ജോസഫൈനെതിരേ ശക്തമായ സമരവുമായി മുന്നോട്ടുവന്ന സാഹചര്യത്തില്‍ സംരക്ഷിച്ചാല്‍ പാര്‍ട്ടിയും സര്‍ക്കാരും പ്രതിരോധത്തിലാകുമെന്നു കണ്ടാണ് രാജിവയ്ക്കാന്‍ ജോസഫൈനോട് ആവശ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."