ആള്‍പാര്‍പ്പില്ലാത്ത ദ്വീപുകളിലെ നിര്‍മാണങ്ങള്‍ പൊളിച്ചുമാറ്റുന്നു
ജലീല്‍ അരൂക്കുറ്റി
കവരത്തി: ഭൂമി തിരിച്ചുപിടിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ആള്‍ പാര്‍പ്പില്ലാത്ത ദ്വീപുകളിലെ നിര്‍മാണങ്ങള്‍ പൊളിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍. ഭൂമിയുടെ ഉപയോഗത്തില്‍ മാറ്റംവരുത്തി കെട്ടിടങ്ങള്‍ നിര്‍മിച്ചത് നിയമ ലംഘനമാണെന്ന് കാണിച്ചു ചെറിയം ദ്വീപിലെ സ്ഥല ഉടമകള്‍ക്ക് കല്‍പേനി ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫിസര്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി. പ്രഫുല്‍ പട്ടേല്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ നിര്‍ദേശത്തില്‍, അടിയന്തരമായി നടപ്പാക്കേണ്ട പട്ടികയില്‍ ആള്‍താമസമില്ലാത്ത ദ്വീപുകളിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കലും ഉള്‍പ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ക്ക് റവന്യു വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ജൂലൈ ഒന്നിന് മുന്‍പ് ഇക്കാര്യത്തില്‍ മറുപടി നല്‍കണമെന്നും അല്ലെങ്കില്‍ അഡ്മിനിസ്‌ട്രേഷന്‍ നിര്‍മാണങ്ങള്‍ പൊളിച്ചുമാറ്റി അതിന്റെ ചെലവ് ഈടാക്കുമെന്നും അറിയിച്ചാണ് ഉടമകള്‍ക്ക് നോട്ടിസ് നല്‍കിയിരിക്കുന്നത്. ചെറിയം ദ്വീപിലെ ഭൂമിക്ക് ഉടമകള്‍ നികുതിയടച്ച് പോരുന്നതാണെന്നും ഇപ്പോഴുള്ള നടപടി ദുരുദ്ദേശ്യത്തോടെയുള്ളതാണെന്ന് സംശയിക്കുന്നതായും കല്‍പേനി ദ്വീപ് പഞ്ചായത്ത് പ്രസിഡന്റ് പി.പി അബ്ദുല്‍ ലത്തിഫ് സുപ്രഭാതത്തോട് പറഞ്ഞു. അവിടെ നിലവിലുള്ളത് തേങ്ങ സംഭരിക്കുന്നതിനും മത്സ്യം ഉണക്കുന്നതിനും നിര്‍മിച്ചിട്ടുള്ള ഷെഡ്ഡുകളാണ്. ഇവയില്‍ കൂടുതലും 1965ന് മുന്‍പുള്ളതാണ്. ചിലത് നവീകരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. പുതിയ നടപടിയെ എങ്ങനെ നേരിടണമെന്നത് ഭൂഉടമകളുമായി ആലോചിച്ച് സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തില്‍ തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കാര്‍ഷിക ആവശ്യങ്ങള്‍ക്കായി നല്‍കിയ പണ്ടാരം ഭൂമിയുടെ ഉടമസ്ഥാവകാശം ഭൂഉടമകള്‍ക്ക് പൂര്‍ണമായി നല്‍കി ക്കൊണ്ടുള്ള നിയമനിര്‍മാണങ്ങള്‍ അന്തിമഘട്ടത്തില്‍ എത്തിയിരിക്കെ അതിനെ അട്ടിമറിക്കാനുള്ള നീക്കമായാണ് ഇതിനെ കാണുന്നതെന്ന് ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."