പെരുന്നാപ്പോത്ത്
പെരുന്നാളോർമ
ഡോ. ഉമർ തറമേൽ
പെരുന്നാളിന് ഒരുമാസം മുമ്പേ പോത്തിനെ കൊണ്ടുവരും. കോട്ടക്കൽ ചന്തയിൽനിന്നോ അല്ലെങ്കിൽ മാണിയംകുളം ചന്തയിൽനിന്നോ ആയിരിക്കും, െകാണ്ടുവരിക. നിത്യപരിചയമില്ലാത്തയാളുകളായിരിക്കും പോത്തുമായെത്തുക. വരുമ്പോൾ, അപരിചിതത്വംകൊണ്ട് അത് നമ്മെ ഭയപ്പെടുത്തും. ആരുടെയും മുഖത്ത് നോക്കില്ല. വെള്ളം കുടിക്കില്ല. മുക്രയിടും. പിന്നെ അനുസരണയില്ലാതെ കിടക്കും.
തൊഴുത്തിന്റെ അട്ടത്തുനിന്ന് വൈക്കോൽ എടുക്കാൻ സഹായത്തിനായി ബാപ്പ എന്നെയാണ് വിളിക്കുക. ജ്യേഷ്ഠന്മാർ മിക്കവരും പുറത്തായിരിക്കും. അട്ടത്തേക്ക് ഏന്തിവലിഞ്ഞു ബാപ്പ വൈക്കോൽകന്നുകളെടുക്കും. ബാപ്പക്ക് മുമ്പേ ഒരു വൈക്കോൽക്കന്നെടുത്ത് ഞാൻ ഓടും. അതിന്റെ കിടന്നകിടപ്പിൽ മോന്തകൊണ്ട് എന്റെ നേർക്ക് ഒരാട്ട്. പേടിച്ചുപോകും.
അപ്പോഴേക്കും ബാപ്പ വൈക്കോൽകന്ന് കെട്ടഴിച്ചുചിതറി, പോത്തിന്റെ മുമ്പിൽ ഇട്ടുകൊടുക്കും. അതൊന്ന് തലയുയർത്തിനോക്കും. അതാണ്, ആദ്യത്തെ വിശ്വാസം.
ഞാനന്ന് മൂന്നിലോ നാലിലോ പഠിക്കുന്നു. മദ്റസ കഴിഞ്ഞാൽ സ്കൂളിൽ പോണം. സ്കൂളിൽ പോകാൻ പെരുംമടിയാണ്. പോത്ത് കൂടിവന്നതോടെ കാര്യംപറയേണ്ട. മിക്ക ബലിപെരുന്നാളിനും പതിവുള്ളതാണ്. ബാപ്പ ഒറ്റക്കല്ല, മൂന്നോ നാലോ ചിലപ്പോൾ ഏഴോ പേര് കൂടിയാണ് പോത്തിനെ വാങ്ങുക. ഏഴു പേർക്ക് വരെ ഒരു ബലിയിൽ പങ്കാളിയാവാം എന്നാണ് വെപ്പ്. ഒരു പോത്തിനെ വാങ്ങി അറുക്കാൻ കഴിയുന്നവർ അന്ന് നാട്ടിൽ അധികമില്ല. ഇന്നത്തെപ്പോലെ ബലിയറവ് ഒരു മത്സരവുമല്ല. മാത്രമല്ല, ഇന്ത്യാ രാജ്യത്ത് ഇന്ന് നാം കാണുകയും കേൾക്കുകയും ചെയ്യുമ്പോലെ ഇതൊന്നും ഒരു ചർച്ചാവിഷയവുമല്ല. ഇങ്ങനെ പെരുന്നാൾ അറവിനോ അല്ലെങ്കിൽ നേർച്ച-ഉത്സവങ്ങൾക്കോ ആണ്, പാവം മനുഷ്യർക്ക് മാംസഭക്ഷണം തരമാകുക. ഇന്നത്തെപ്പോലെയല്ല, അന്ന് അതിന് ആവശ്യക്കാരുണ്ടായിരുന്നു, എന്നർഥം. ഏതായാലും പെരുന്നാൾ ദിനംവരെ ബാപ്പതന്നെയായിരിക്കും ആ മൃഗത്തിന്റെ മുഖ്യകസ്റ്റോഡിയൻ.
ബലി(വലിയ)പെരുന്നാളിന് ഈദുൽ അള്ഹാ എന്നാണ് അറബിയിൽ പറയുക. അള്ഹാ എന്നാൽ ബലി എന്നാണർഥം. ചെറുപെരുന്നാളിന് ഈദുൽ ഫിത്വർ എന്നും. നോമ്പെടുത്ത് സഹനങ്ങൾക്ക് ശേഷം വരുന്ന പെരുന്നാളായത് കൊണ്ടാവണം ചെറുപെരുന്നാളിന്റെ ഹരം വലിയപെരുന്നാളിന് കാണാറില്ല. ഞങ്ങൾ കുട്ടികൾക്ക് രണ്ടും ഒരുപോലെത്തന്നെ!
മൃഗത്തെ ബലിയറുക്കുന്ന ആചാരമാണ്, വലിയപെരുന്നാളിന്റെ സവിശേഷത. ഹജ്ജ് ദിനത്തെ ഓർമിപ്പിക്കുന്ന പെരുന്നാളായതിനാൽ ഹജ്ജ് പെരുന്നാൾ എന്നും പറയും.
ഇബ്റാഹിം നബിയും (അബ്രഹാം പ്രവാചകൻ) ഹാജറയും മകൻ ഇസ്മാഈലും അടങ്ങുന്ന കുടുംബത്തെ ചുറ്റിപ്പറ്റിയുള്ള ചരിത്രമാണ് ഈ പെരുന്നാളിന്റെ ആശയബീജം. ഒരുപക്ഷേ ലോകമനുഷ്യ സംസ്കാരത്തിന്റെ നിറകുംഭമായിരിക്കും ഇബ്റാഹിം പ്രവാചകന്റെ പാരമ്പര്യം. ജൂത-ക്രിസ്തീയ-ഇസ് ലാം സെമിറ്റിക് മതങ്ങളുടെ പ്രഭാവത്തിനുകാരണമായ പ്രവാചകൻ.
സ്വദേശത്തുനിന്ന് പലായനം (മിസ്ര് /ഈജിപ്ത് ) ചെയ്യാൻ നിർബന്ധിതരായ ഈ കുടുംബത്തിന്റെ കഥ വളരെ ചെറുപ്പത്തിൽത്തന്നെ മദ്റസയിൽനിന്ന് പലവുരു കേട്ടതാണ്. പിന്നേപ്പിന്നെയാണ്, ഇതിന്റെയൊക്കെ പൊരുൾ ഹൃദയത്തിൽ വിരിഞ്ഞത്. ഏറെയനുഭവിച്ച ഒരടിമസ്ത്രീക്ക് ഭാര്യയായതിനുശേഷം, ഇബ്റാഹീമിൽ വാർധക്യകാലത്തുണ്ടാവുന്ന പുത്രനെ ബലിനൽകാൻ ദൈവകൽപനയുണ്ടാവുന്നു. ആഫ്രിക്കൻ വംശജയായ ഹാജറയുടെ, മകൻ ഇസ്മാഈലിന്റെ വംശ പരമ്പരയിലൂടെ പ്രവാചകൻ മുഹമ്മദ് നബിക്കും ഒരു വിദൂര ആഫ്രിക്കൻ കണക്ഷൻ ഉണ്ട് എന്നതും ആലോചനാമൃതമാണ്.
പരീക്ഷണങ്ങളുടെ കൊടുമുടികളിൽ ഏറ്റവും ഉച്ചിയിലുള്ള, ഒന്നായിരുന്നു ഇബ്റാഹിമിനും ഹാജറയ്ക്കും ദൈവത്തിന്റെ പുതിയ കൽപന. ദൈവസമർപ്പണം മാത്രം കാതലാക്കിയ പ്രവാചകനും സഹധർമിണിയും ദൈവകൽപനയിൽ ഉറച്ചുനിന്ന്, ആറ്റുനോറ്റുണ്ടായ ഏക സന്താനത്തിനെ /സ്വാർഥത്തെ ബലി കഴിക്കുന്നവരാണ്, ദൈവത്തിന്റെ ഉത്തമസൃഷ്ടി. ഈയനുസരണം കൊണ്ട്, ഇബ്റാഹിം പ്രവാചകന് ദൈവം ചാർത്തിക്കൊടുത്ത അപരനാമമാണ് ഖലീല്ലുല്ലാഹ് (ദൈവത്തിന്റെ ചങ്ങാതി) എന്ന്. മുസ്ലിം ഉമ്മത്ത് എന്ന ആശയത്തിന്റെ കാതൽ ഇതാണ്. വലിയപെരുന്നാൾ ബലിയുടെ സാരാംശം ഇതത്രെ.
ഇതുമായി ബന്ധപ്പെട്ട് ലോകത്താകമാനം നിരവധി കഥകളും കവിതകളും മറ്റു വ്യവഹാരങ്ങളുമുണ്ട്. ഇബ്റാഹിം നബി പുന്നാരമകനെ അറുക്കൻ സമീപിക്കുന്നതും ദൈവഹിതം പറഞ്ഞുമനസിലാക്കുന്നതും പുത്രൻ ഇഷ്ടത്തോടെ സമ്മതിക്കുന്നതും കത്തിയണച്ചു തന്റെ കാൽക്കീഴിൽ ഓമനയെ കിടത്തുന്നതും നാടകീയമായി അവതരിപ്പിക്കുന്ന മാപ്പിളപ്പാട്ട് ഞാനെന്റെ മദ്റസ നാളുകളിൽത്തന്നെ കേട്ടുതുടങ്ങിയതാണ്. (ഉടനെ കഴുത്തെന്റെയറുക്കൂ ബാപ്പാ...എന്ന ഗാനം ). വടകര കൃഷ്ണദാസ് ഈ പാട്ട് പാടുമ്പോൾ എനിക്ക്, മനസ്സിന്റെ തിരശീലയിൽ കഠിനവേദന കടിച്ചമർത്തി, ഒരമ്മ മറഞ്ഞുനിൽക്കാറുള്ള അനുഭവം ഉണ്ടാവാറുണ്ട്. പ്രാർഥിച്ചും അങ്ങേയറ്റം സഹിച്ചുമുള്ള ജീവിതത്തിനിടയിൽ ദൈവം കനിഞ്ഞേകിയ ഓമനക്കുഞ്ഞിയെ, ജീവിതത്തിനും മുഴുവൻ താങ്ങുംതണലുമാവേണ്ടവനെ ബലി നൽകാനുള്ള കൽപ്പന, ഒരുപക്ഷേ ആ പാട്ടിൽ പ്രത്യക്ഷപ്പെടാത്ത ഉമ്മ എപ്രകാരമായിരിക്കും താങ്ങിയത്?
ഹാജർ എന്ന പദം തന്നെ നിത്യമായ അവരുടെ പലായനങ്ങളെയും സഹനങ്ങളെയും ധ്വനിപ്പിക്കുന്നതാണ്. ഹജ്ജ് അനുഷ്ഠാനങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടതാണ്, സഫ-മർവക്ക് ഇടയിലുള്ള ഓട്ടം. ആ ഉമ്മയുടെ അനുഭവമാണ് അതിലൂടെ പ്രതീകവൽക്കരിക്കുന്നത്. ഇന്ന് മനസ്സിൽ വിശാലതയും ദൈവിക തേജസ്സും ഉള്ള ഒരു ഹാജിക്കേ, പഴയ ആ മലകൾക്കിടയിലുള്ള ഒരമ്മയുടെ ഇടനെഞ്ച് പൊട്ടുമാറുള്ള ആ പാച്ചിൽ അനുഭവിക്കാനാവൂ. ഇബ്റാഹീമിന്റെ അഭാവത്തിൽ സഫ-മർവ കുന്നുകൾക്കിടയിൽ വരൾച്ചയുടെ ഉച്ചിയിൽ ഒരു തുള്ളി ദാഹജലത്തിനുവേണ്ടി ഓടുകയും അവസാനം, ദൈവസുകൃതത്താൽ സംസം എന്നയുറവ ഭൂമിപിളർന്നുമലരുകയും ചെയ്ത കഥ. പ്രിയപ്പെട്ടതെല്ലാം ഇട്ടെറിഞ്ഞു ദൈവ സന്നിധിയിലേക്ക് പോകുന്ന മനുഷ്യന്റെ ദൈവസമർപ്പണത്തിന്റെ കഥയായി ഹജ്ജ് മാറാൻ കാരണഭൂതമാകുന്നു.
ഞാനും പെരുന്നാപ്പോത്തും തമ്മിലുള്ള ബന്ധം രണ്ടുജീവികൾക്കിടയിലെ മമതാബന്ധം എന്നതിലുപരി ആഗോള മനുഷ്യ സംസ്കാരത്തിന്റെ സഹനചരിത്രത്തിന്റെ ഭാഗമായത്, ഒരുപക്ഷേ ബാല്യ, കൗമാരങ്ങളിൽപ്പോലും എന്റെയറിവിന് പുറത്തായിരുന്നു. മൃഗത്തിന്റെ ചോരയും മാംസവുമല്ല, മനുഷ്യന്റെ ദൈവപ്രീതി (തഖ് വ /ഇഷ്ഖ്)യുടെയും ഒരു ഇടക്കണ്ണിയായിരുന്നു ആ പാവം മൃഗം എന്നൊന്നും അന്ന് എന്റെ ആലോചനാവിഷയം പോലുമായില്ല. ഒരു ജീവിബന്ധം മാത്രമായിരുന്നു. ജീവിവർഗത്തിന്റെ പരസ്പരസ്പർശം നാമാലോചിക്കാത്ത പലതും വഹിക്കുന്നുണ്ടാവം. എല്ലാ ബന്ധങ്ങളിലുമുണ്ട്, ഒരുപക്ഷേ, ഈ അദൃശ്യമായ ലോകബോധം.
സ്കൂളില്ലാത്ത ദിനങ്ങൾ എനിക്ക് ഉത്സവംപോലെ. പുല്ലുകൾ പലതരമുണ്ട് എന്നയറിവ് സമ്മാനിച്ചത് എന്റെ ആടുകളായിരുന്നു. മൂന്നാല് ആടുകൾ എന്നും വീട്ടിലുണ്ടായിരുന്നു. അവയെ തീറ്റാൻ എനിക്കിഷ്ടമായിരുന്നു. കടുപ്പമുള്ളവ, ഉരസ്സുള്ളവ, എളപ്പമായവ, കുറുകിയവ, നീളമുള്ളവ... അങ്ങനെയങ്ങനെ. പുല്ലുകളോടും ചെടികളോടും മരങ്ങളോടുമൊക്കെ സംസാരിക്കുന്ന പ്രായമായിരുന്നു, എന്റേത്. പറിക്കുമ്പോൾ പുല്ലുകളുടെ വെവ്വേറെ മണം ഞാൻ അനുഭവിച്ചു. പിൽക്കാലത്ത്, ഒ.വി വിജയന്റെ കഥകളിലും മറ്റും ‘പുല്ലിന്റെ ഉപനിഷത് ’ എന്നൊക്കെ വായിച്ചപ്പോൾ എനിക്ക് ഉള്ളിൽ തികട്ടിയത്, ഈ മണങ്ങളാണ്. പുല്ല് അരിയാൻ (വെട്ടാൻ) എനിക്കറിയില്ലായിരുന്നു. ഞാൻ പുല്ല് പറിക്കും.
പെരുന്നാൾ പോത്തിന് വൈക്കോൽ മതി. ആടുകൾക്ക് പുല്ല് കൊടുക്കുമ്പോൾ ഈ സാധുവിനും കൊതികാണില്ലേ, അല്ലെങ്കിൽ കുശുമ്പ്? വെളുത്ത് വൈകുന്നേരമാകുവോളം അതിന് മറ്റു പണിയൊന്നുമില്ലെങ്കിലും! ഉരമുള്ള, മൂത്ത പുല്ലുകെട്ട് പോത്തിന് മാറ്റിവയ്ക്കും.
വൈകുന്നേരം, കാടിവെള്ളം കാട്ടി വൈക്കോലിനൊപ്പം ഈ പുല്ലുകൂടി ഞാൻ ഇട്ടുകൊടുക്കും. അതുവരെയും ശാപ്പിട്ടിട്ടും മതിപ്പുവരാത്തപോലെ ആദ്യം തന്നെ ആ പുൽക്കെട്ട് അത് കാലിയാക്കും.
അങ്ങനെ ഒരു മാസമാകുമ്പോഴേക്ക് ആടുകളെക്കാൾ മുന്തിയ ചങ്ങാതിയായി അത് മാറും. എന്നെകാണുമ്പോൾ അത് പ്രദർശിപ്പിക്കുന്ന ചില മര്യാദയുണ്ട്. എന്നെ ആലിംഗനം ചെയ്തേക്കുമോ എന്നുപോലും ഞാൻ ‘ഭയപ്പെട്ടിട്ടുണ്ട് ’.
പെരുന്നാൾ വരുന്നത് എനിക്ക് എന്തെന്നില്ലാത്ത ആനന്ദമാണ്. കൊല്ലത്തിൽ ഒരു പുതിയ ഉടുപ്പ് എടുക്കുന്നത് പെരുന്നാളിനാണ്. പെരുന്നാത്തലേന്ന് തന്നെ തക്ബീർ ചൊല്ലിത്തുടങ്ങും. സംഗീതാത്മകമാണ് അതിന്റെ ഈണം. തക്ബീർചൊല്ലാൻ തലേന്ന് രാത്രിതന്നെ തൊട്ടടുത്ത അഹമ്മദാക്കാന്റെ വീട്ടിലേക്ക് ജ്യേഷ്ഠൻമാരുമൊത്തുള്ള പോക്ക് രസകരമാണ്. ചൂട്ട് കത്തിച്ചു, തൊട്ടടുത്തുള്ള ചോല മുറിച്ചുകടന്നുള്ള പോക്ക്. സ്വർഗത്തിലേക്ക് പോകുന്നപോലെയായിരുന്നു ആ യാത്ര. ഉറ്റ ചങ്ങാതിനിമാരായ ഉമ്മു കുൽസുവും ആയിഷുമ്മുവും അവിടെയുണ്ടാവും. കദിയത്താത്തയുടെ വകയായുള്ള ചക്കരക്കാപ്പിയും കപ്പ പുഴുങ്ങിയതും.
പുലർച്ചെ പുത്തനുടുപ്പിട്ട് ബാപ്പയോടൊപ്പം പള്ളിയിൽ പോകാനുള്ള അദൃപ്പം. അതിനേക്കാൾ രസമായിരുന്നു, മത്താപ്പും പൂത്തിരിയും മേശപ്പൂവുമൊക്കെ വാങ്ങാൻ ബാപ്പുവിന്റെ പീടികയിലേക്കുള്ള പോക്ക്. അന്ന് നാട്ടിൽ, പടക്കവും പൂത്തിരിയും വിറ്റിരുന്ന ഏകകച്ചവടക്കാരനായിരുന്നു, ബാപ്പു.
പള്ളിയിലേക്കുള്ള പോക്കിൽ, അങ്ങാടി മധ്യത്തുനിന്ന് തുടങ്ങുന്ന തക്ബീർ ജാഥ. പള്ളിയിൽ കടന്നാലും തക്ബീർ ധ്വനികൾ. എന്റെ ഉസ്താദായ സൈദാലിമുല്ലയുടെ വക അത്തർപുരട്ടൽ.
എങ്കിലും വലിയപെരുന്നാളടുത്ത് വരുമ്പോഴേക്കും ഒരു വേദന ഹൃദയത്തിൽ മുറുകിവരും. പോത്തിന്റെ ദിനങ്ങൾ എണ്ണപ്പെടുകയാണ്. ഞാൻ ചിതറിക്കൊടുക്കുന്ന വൈക്കോലിലേയ്ക്ക് ആനന്ദത്തോടെ നോക്കുന്ന, എന്റെ കൈയിൽനിന്ന് ആടുകളെപ്പോലെ പുല്ല് വാങ്ങിത്തിന്നുന്ന, കാരുണ്യത്തോടും സ്നേഹത്തോടുമെന്നെ കടാക്ഷിക്കുന്ന, സ്കൂളുകളിൽ നിന്നെത്തുമ്പോൾ, എന്റെ സന്നിദ്ധ്യമറിഞ്ഞു എനിക്ക് മനസ്സിലാവും വിധത്തിൽ സൗമ്യമായി മുക്രയിടുന്ന ആ ജീവി ഇനി എത്ര ദിവസം?
ആത്മബന്ധം മുറുകിവരുമ്പോൾ പിരിഞ്ഞുപോകുന്ന സ്നേഹത്തേപോലെ നിരാശാജനകമായ മറ്റെന്താണുള്ളത്? നിത്യേന ആ ജീവിയോട് സംസാരിച്ചുശീലിച്ച എനിക്ക് പെരുന്നാൾ ദിനമടുക്കുന്തോറും ബന്ധങ്ങളുടെ നിരർത്ഥകത ബോധ്യമാവും. തലേന്ന്, ഏറെനേരം സംസാരിച്ചു അതിനോട് യാത്ര പറയും.
പെരുന്നാൾ ഉച്ചകഴിഞ്ഞോ, രണ്ടാം പെരുന്നാളിന് രാവിലെയോ ആണ്, അന്നത്തെ ബലിയറുപ്പ്. വലിയ ബടവും കത്തിയുമായി കുഞ്ഞയമോക്കയും കൂട്ടരുമെത്തും. ആലിക്കുട്ടി മൊല്ലാക്കയോ ഉസ്മാൻ മൊല്ലാക്കയോ ആയിരിക്കും മിക്കവാറും അറവുകാർ. ഇരുവരും മദ്റസയിലെ ഉസ്താദുമാരാണ്. കുഞ്ഞയമോക്ക എന്റെ അയൽവാസിയാണ്. അദ്ദേഹമാണ് കാര്യങ്ങൾ എടുത്തുപിടിക്കുന്നയാൾ. എടുപ്പിൽ കൂവുന്ന പൂവൻകോഴിയുടെ രൂപമുള്ള അദ്ദേഹത്തോട് എനിക്ക് എന്നും പ്രിയമാണ്.
എന്നാലും പെരുന്നാൾദിനം ഉച്ചകഴിഞ്ഞുള്ള അയാളുടെ വരവുകാണാൻ ഞാനുണ്ടാവാറില്ല.
വീടിനുള്ളിലേയ്ക്ക്, ബലിയറവുസമയത്തുള്ള തക്ബീർ മാത്രം കേൾക്കും. നടുമുറിയിൽ ഞാൻ ഒറ്റക്കിരിക്കും. പോത്തിന്റെ രോദനം കേൾക്കാതിരിക്കാൻ ഞാൻ ചെവി പൊത്തും. എല്ലാം കഴിയുമ്പോൾ, ഭൂമി പുനർജനി നേടിയപോലെ തോന്നും. ചലനവും ശബ്ദവും തിരിച്ചുവരും. ഇറച്ചിക്ക് വരിനിന്നവർ പൊതിയുമായി തിരിച്ചുപോകുമ്പോൾ, കഠിനമായ ഏകാന്തത മാത്രം ബാക്കിയാവും. അപ്പോഴേക്ക് പെരുന്നാൾ ഉച്ചതിരിയും. പിന്നെ പടക്കം പൊട്ടിക്കാനുള്ള സമയമാണ്.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."