വരുന്നു, ടയറുകൾക്കും സ്റ്റാർ റേറ്റിങ്
ഫ്രിഡ്ജും എ.സിയും വാങ്ങുമ്പോൾ ഫൈവ് സ്റ്റാർ റേറ്റിങും കടന്ന് അടുത്തതെന്തെങ്കിലുമുണ്ടോ എന്ന് പരതുന്നവരാണ് നമ്മൾ. എന്നാലല്ലേ കറന്റ് ലാഭിക്കാനാകൂ. പക്ഷേ വാഹനത്തിനായി ടയർ വാങ്ങുമ്പോഴോ. സെക്കൻഡ് ഹാൻഡ് മാർക്കറ്റിലെ സാധ്യതകൾ ആയിരുക്കും പലരും ആദ്യം നോക്കുക. സുരക്ഷയെ ബാധിക്കുന്ന പ്രധാന ഘടകമായിട്ടുകൂടി കൊവിഡ് കാലത്ത് കേട്ടുമറന്ന ജീവന്റെ വിലയുള്ള ജാഗ്രതയൊന്നും ഇക്കാര്യത്തിൽ മിക്കവർക്കും ബാധകമേയല്ല. കാരണം എതെങ്കിലുമൊരു ടയറിട്ടാൽ വണ്ടി ഓടും. പിന്നെയെന്തിന് ഇതൊക്കെ ആലോചിച്ച് തലപുണ്ണാക്കണം എന്നായിരിക്കും ചിന്ത. എല്ലാവരും ഇങ്ങനെയാണെന്നോ, റോഡിലെ സ്വന്തം സുരക്ഷയെപ്പറ്റി ഗൗനിക്കാത്തവരാണെന്നല്ല പറഞ്ഞുവരുന്നത്. വാഹനത്തിന്റെ സുരക്ഷയിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ടയർ വാങ്ങുമ്പോഴും ജീവന്റെ വിലയുള്ള ആ ജാഗ്രത കാണിക്കുന്നവർക്കായി ഒരു സന്തോഷ വാർത്ത. ഇലക്ട്രോണിക് ഉപകരണൾക്കും മറ്റും ഉള്ളത് പോലെ ടയറുകൾക്കും സ്റ്റാർ റേറ്റിങ് കൊണ്ടുവരാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (എ.ആർ.എ.െഎ) ഇതിനായി ടയർ നിർമാതാക്കളുമായി ചർച്ച നടത്തിക്കഴിഞ്ഞു. ഒരു വർഷത്തിനകം തന്നെ ഇത് നടപ്പിൽ വരുത്തുന്നതിനെക്കുറിച്ചാണ് സർക്കാർ ആലോചിക്കുന്നത്. ഫ്യുവൽ ഇക്കോണമി, സുരക്ഷ, നനഞ്ഞ പ്രതലത്തിലടക്കം തെന്നുന്നതിനുള്ള സാധ്യത(വെറ്റ് ഗ്രിപ്പ്) തുടങ്ങിയവയെ അടിസ്ഥാനപ്പെടുത്തി ടയറുകൾക്ക് സ്റ്റാർ റേറ്റിങ് നൽകാനാണ് ആലോചന. കൂടുതൽ ക്വാളിറ്റിയും ഒപ്പം മൈലേജും നൽകുന്ന ടയറുകൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതോടൊപ്പം ഗുണനിലവാരമില്ലാത്ത ടയറുകളുടെ ഇറക്കുമതി തടയുന്നതിനും ഇതിലൂടെ സാധിക്കുമെന്നാണ് സർക്കാറിന്റെ കണക്കുകൂട്ടൽ.
അതിരിക്കട്ടെ, ടയറുകൾ കാറിന്റെ മൈലേജിനെയും ബാധിക്കുന്ന ഘടകമാണെന്ന ധാരണ നമ്മളിൽ എത്ര പേർക്കുണ്ട്. റോഡിൽ കുറഞ്ഞ റോളിങ്ങ് റസിസ്റ്റൻസ് ഉള്ള ടയറുകൾ കൂടുതൽ മൈലേജ് തരും. ഇവയുടെ ടയർ ലൈഫും കൂടുതലായിരിക്കും. എന്നാൽ മൈലേജ് കിട്ടാനായി മാത്രം റോളിങ്ങ് റസിസ്റ്റൻസ് വളരെ കുറച്ച് ടയർ നിർമിച്ചാൽ അത് ബ്രേക്കിങ്ങിനെ ബാധിക്കും. അതായത് മൈലേജ് മാത്രം പരിഗണിച്ച് ടയർ വാങ്ങിയാൽ വണ്ടി ബ്രേക്കിടുന്നിടത്ത് നിൽക്കില്ല എന്ന് സാരം. ഇതെല്ലാം കണക്കിലെടുത്തായിരിക്കും ടയറുകൾക്ക് റേറ്റിങ് തീരുമാനിക്കുക.
പരസ്യത്തിന് പിന്നാലെ പോകേണ്ട
തങ്ങളുടെ ടയർ ഏറ്റവും മുന്തിയതാണെന്നാണ് എല്ലാ നിർമാതാക്കളുടേയും അവകാശവാദം. നിലവിൽ ഇത് വിശ്വസിക്കുകയല്ലാതെ ഉപഭോക്താക്കൾക്ക് മറ്റുവഴികളില്ല. എന്നാൽ റേറ്റിങ് നിലവിൽ വരുന്നതോടെ ഇന്ധനക്ഷമതയും വെറ്റ് ഗ്രിപ്പും നോയിസ് റേറ്റിങ്ങുമെല്ലാം ശാസ്ത്രീയമായി പരിശോധിച്ചായിരിക്കും ടയറുകൾ മാർക്കറ്റിലെത്തുക. ഉയർന്ന റേറ്റിങ്ങോടെ എത്തുന്ന ടയറുകൾക്ക് ഇതെല്ലാം മികച്ചതായിരിക്കും. സി 1, സി 2, സി 3 എന്നിങ്ങനെ തരം തിരിച്ചായിരിക്കും ഇന്ത്യയിൽ വാഹന ടയറുകൾക്ക് റേറ്റിങ് നൽകുക. സി 1 വ്യക്തിഗത ആവശ്യത്തിനുള്ള വാഹനങ്ങളും സി 2 ലൈറ്റ് കൊമേഴ്സ്യൽ വാഹനങ്ങളും സി 3 ഹെവി വെഹിക്കിൾസുമായിരിക്കും. നിലവിൽ ഗുണനിലവാരം ഉറപ്പുവരുത്തുന്ന ബി. െഎ.എസ് സർട്ടിഫിക്കറ്റോടെയാണ് ഇന്ത്യയിൽ ടയറുകൾ വിൽപന നടത്തുന്നത്. എന്നാൽ എല്ലാ ടയറുകൾക്കും സർട്ടിഫിക്കറ്റ് ഉള്ളതിനാൽ ഉപഭോക്താവിന് ഇതിൽ നിന്ന് കൃത്യമായ തിരഞ്ഞെടുപ്പ് സാധ്യമല്ല. റേറ്റിങ് സംവിധാനം വരുന്നതോടെ ഇതിനും പരിഹാരമാകും.
ശ്..ശ്... ഒച്ചയുണ്ടാക്കരുത്...
വാഹനങ്ങൾ റോഡിലൂടെ ഓടുമ്പോൾ ഉണ്ടാകുന്ന ടയർ നോയിസ് അടക്കം കണക്കിലെടുത്താണ് യൂറോപ്യൻ രാജ്യങ്ങളിൽ റേറ്റിങ് തീരുമാനിക്കുന്നത്. യൂറോപ്യൻ യൂനിയനിൽ വിൽക്കുന്ന ടയറുകൾക്കെല്ലാം ഇ.യു ടയർ ലേബൽ എന്ന സ്റ്റിക്കർ നിർബന്ധമാണ്. ടയറിന്റെ ഫ്യുവൽ എഫിഷൻസി, നോയിസ് റേറ്റിങ്, വെറ്റ് ഗ്രിപ്പ് (നനഞ്ഞ പ്രതലത്തിൽ തെന്നുന്നതിനുള്ള സാധ്യത) എന്നിവയാണ് ഇതിൽ രേഖപ്പെടുത്തുക.
ഇ.യു ഫ്യുവൽ
എഫിഷൻസി റേറ്റിങ്
ടയറിനൊപ്പമുള്ള ലേബലിൽ A മുതൽ G വരെ വിവിധ നിറത്തിലുള്ള ചാർട്ടാണിത്.
• A- green - ഇന്ധന ക്ഷമത കൂടിയത്
• G- red- ഇന്ധന ക്ഷമത കുറഞ്ഞത്
ഇ.യു നോയിസ് റേറ്റിങ്
വാഹനങ്ങൾ ഓടുമ്പോൾ ഉള്ള ടയറിന്റെ ശബ്ദം ഡെസിബലിൽ ആണ് കണക്കാക്കുന്നത്. ലൗഡ് സ്പീക്കർ ചിഹ്നത്തിനൊപ്പമുള്ള വരകളിലൂടെയാണ് നോയിസ് റേറ്റിങ് വ്യക്തമാക്കുന്നത്. അൺ ബാലൻസ്ഡ് ട്രെഡ് ഡെപ്ത്ത് ആണെങ്കിൽ ടയറുകൾ ഓട്ടത്തിനിടെ അസാധാരണമായ ശബ്ദം പുറപ്പെടുവിക്കും. പലപ്പോഴും ഉയർന്ന വേഗതയിൽ എൻജിൻ ശബ്ദത്തെ വരെ കവച്ചുവയ്ക്കുന്ന ശബ്ദം ടയറുകളിൽ നിന്ന് വരുന്നത് അരോചകവുമാണ്. സ്പീക്കർ ചിഹ്നത്തിനൊപ്പം മൂന്ന് വരകൾ ഉണ്ടെങ്കിൽ അത് യൂറോപ്യൻ യൂനിയൻ മാനദണ്ഡത്തിന്റെ പരിധിക്ക് പുറത്താണെന്നർഥം.
ഇ.യു വെറ്റ് ഗ്രിപ്പ് റേറ്റിങ്
ഉയർന്ന വെറ്റ് ഗ്രിപ്പ് റേറ്റിങ് ഉള്ള ടയറുകൾ അടിയന്തര ഘട്ടങ്ങളിലെ ബ്രേക്കിങ്ങിൽ വാഹനത്തെ പെട്ടെന്ന് നിർത്താൻ സഹായിക്കുന്നവയാണ്. A മുതൽ G വരെയാണ് ഇതും രേഖപ്പെടുത്തിയിരിക്കുന്നത്.
• A- വെറ്റ് ഗ്രിപ്പ് കൂടിയത് (വാഹനം പെട്ടെന്ന് നിർത്താൻ സഹായിക്കുന്നു)
• G- വെറ്റ് ഗ്രിപ്പ് കുറഞ്ഞത് ( ബ്രേക്കിങ് എഫിഷൻസി കുറഞ്ഞത്)
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."