ഒരു പെരുന്നാള് കനവ്
കഥ
നാസർ കക്കട്ടിൽ
പുതപ്പകറ്റി മെല്ലെ കണ്ണുതുറന്നു നോക്കാൻ ശ്രമിച്ചതാണ് വൃദ്ധയായ ഉമ്മ. കഴിഞ്ഞില്ല. ഏറെ പ്രയാസപ്പെട്ടാണ് കണ്ണുകൾ തുറന്നത്. ദേഹം മുഴുവനും ഒരുതരം വേദന. ശരീരം വിസമ്മതിച്ചെങ്കിലും ഏഴുന്നേൽക്കുകയായിരുന്നു. തപ്പിത്തടഞ്ഞ്, ചുമരിനടുത്തേക്ക് നടന്ന്, മേശമേലുള്ള ടേബിൾലാമ്പിൽ സ്വിച്ചമർത്തി. കരണ്ടില്ലായിരുന്നു. ഇരുട്ടിലൂടെ പതുക്കെ നടന്ന് കിളിവാതിൽ ബലഹീനമായ കൈകൊണ്ട് തള്ളിത്തുറന്നു.
വെളിച്ചം പരന്നുതുടങ്ങിയിട്ടില്ല. തണുത്ത കാറ്റിനോടൊപ്പം പള്ളിമിനാരങ്ങളിൽനിന്ന് ഒഴുകിയെത്തിയ തക്ബീർധ്വനികൾ അവരുടെ മനസിൽ നേരിയൊരാശ്വാസത്തിന്റെ കുളിരേകി. അടുത്തുള്ള കട്ടിലിൽ മൈമൂന വാപിളർന്ന് നല്ല ഉറക്കത്തിലാണ്. എടുത്തുകൊണ്ടുപോയാലും അറിയില്ല. വൈകിക്കാണും അവളുറങ്ങാൻ. നീരുവന്ന് വീർത്ത കാല് ഉറക്കം വരുംവരെ അവൾ തടവിക്കൊടുക്കുകയായിരുന്നു. അവളെ വിളിച്ച് ബുദ്ധിമുട്ടിക്കേണ്ടെന്നു കരുതി. അന്നേരമാണ് ആശ്വാസമെന്നോണം ടേബിൾലാമ്പ് പ്രകാശിച്ചത്.
ചുമരിനടുത്തേക്ക് നടന്ന് സ്വിച്ചിൽ വിരലമർത്തി. കിണറിനോട് ചേർന്ന കുളിമുറിയിൽ വെളിച്ചം പരന്നു. വാതിൽ മെല്ലെ തുറന്ന്, അടുക്കളയോട് ചേർന്ന കുളിമുറിയിലേക്ക് വേച്ചുവേച്ച് നടന്നു. നിലത്ത് വഴുവഴുപ്പുണ്ട്. മക്കൾ മുന്നറിയിപ്പു നൽകിയതാണ്; പ്രായമായി, പറമ്പിലും കുളിമുറിയിലുമൊക്കെ പോകുമ്പോൾ ശ്രദ്ധിക്കണം. വീണാൽ നോക്കാൻ ആരുമുണ്ടാവില്ലെന്ന്. നിലത്തുനിന്നും കുനിഞ്ഞ് തൊട്ടിയെടുക്കുമ്പോൾ അതിനടുത്തിരുന്ന ഒരു മുത്തശ്ശിത്തവള കണ്ണുരുട്ടി നോക്കി. ഇരുട്ടു കുമിഞ്ഞ കിണറ്റിലേക്ക് തൊട്ടിയിട്ടു. തൊട്ടിയുടെ ഭാരത്താൽ കൈയിൽനിന്ന് കയർ തെറിച്ചുപോകുമായിരുന്നു. പണിപ്പെട്ട് കയർ ശരീരത്തോടു ചേർത്തുപിടിച്ചു. വളരെ ആയാസപ്പെട്ട് വെള്ളംനിറഞ്ഞ തൊട്ടി വലിച്ചുകയറ്റി. ചെരിച്ചുപിടിച്ച തൊട്ടിയിൽനിന്ന് കൈക്കുമ്പിളിൽ വെള്ളമൊഴിച്ച് കുടിച്ചു.
പുണ്യതീർഥം കുടിച്ച നിർവൃതിയോടെ അൽഹംദുലില്ലാഹ് എന്നുപറഞ്ഞ് കൈകൾ മേലോട്ടുയർത്തി പ്രാർഥിച്ചു. കുഞ്ഞുനാളിലെ മക്കളുടെ മുഖങ്ങൾ മനസിലേക്ക് കടന്നുവന്നു. പെരുന്നാൾദിനങ്ങളിൽ നാലു മക്കളെയും സുബഹിക്കു മുമ്പേ വിളിച്ചുണർത്തി, കിണറ്റിൻകരയിൽ നിർത്തി, തൊട്ടിയിൽ വെള്ളം കോരി കുളിപ്പിക്കുമായിരുന്നു. തണുത്ത വെള്ളം ദേഹത്തു വീഴുമ്പോൾ അവർക്ക് എന്തെന്നില്ലാത്ത സന്തോഷമായിരുന്നു. പുതുവസ്ത്രങ്ങളണിഞ്ഞ്, നല്ല മണമുള്ള അത്തറുംപൂശി, വഴിനീളെ ദിക്റും ചൊല്ലി ബാപ്പയോടൊപ്പം പള്ളിയിൽ പോകാമല്ലോ എന്നോർത്ത്.
ബലിമൃഗത്തിന്റെ മാംസം അടുപ്പത്ത് തിളക്കുമ്പോൾ അതിന്റെ മണംപിടിച്ച് ആർത്തിയോടെ കുട്ടികൾ വന്നുനിൽക്കും. അന്നേരം അവർക്ക് ഇബ്റാഹിം നബിയുടെയും പ്രിയപുത്രൻ ഇസ്മാഇൗൽ നബിയുടെയും ചരിത്രം പറഞ്ഞുകൊടുക്കുമായിരുന്നു. ആറ്റുനോറ്റു കിട്ടിയ മകനെ ദൈവത്തിന്റെ അരുൾപ്പാട് ശിരസാവഹിച്ച ഇബ്റാഹിം നബിയുടെ ത്യാഗം ഈണത്തിൽ പാടിയായിരുന്നു കേൾപ്പിക്കാറുണ്ടായിരുന്നത്. ചരിത്രകഥകളുടെ പാട്ട് ഉമ്മ ഈണത്തിൽ പാടുന്നതു കേൾക്കാൻ കുട്ടികൾക്ക് പെരുത്തിഷ്ടമായിരുന്നു. അതിനാൽതന്നെ വീണ്ടും വീണ്ടും ആ കഥകൾ അവർക്കു കേൾക്കണമായിരുന്നു.
നമുക്കേറ്റവും പ്രിയപ്പെട്ടത് നമ്മുടെ സ്രഷ്ടാവിനു നൽകണമെന്ന് അവർ മക്കളെ പഠിപ്പിച്ചു. മക്കൾ വളർന്നു, സ്നേഹവും ഗുരുത്വവുമുള്ളവരായി. ഓരോരുത്തരായി ജീവിതഭാരവുംപേറി ഗൾഫുനാടുകളിലെത്തി. തരക്കേടില്ലാത്ത വിവാഹബന്ധങ്ങളും വന്നുചേർന്നു. സ്ത്രീകളും കുട്ടികളും നിറഞ്ഞ വീട്. ഒച്ചയും ബഹളവുമായി. സന്തോഷത്തിന്റെ നാളുകളായിരുന്നു അത്. ക്രമേണ ഭാര്യമാരും കുട്ടികളും ഗൾഫിലേക്കു കയറി. എല്ലാവരും പോയപ്പോൾ വീട് ആളും അനക്കവുമില്ലാതായി. ജീവിതത്തിന്റെ നല്ലനാളുകൾ അനുഭവിക്കാൻ യോഗമില്ലാതെ, പുതിയ വീട്ടിൽ താമസിക്കാൻ കഴിയാതെ കുട്ടികളുടെ ബാപ്പ പള്ളിക്കാട്ടിൽ ആറടിമണ്ണിന്റെ അവകാശിയായി.
‘ഞമ്മള് പോയാലും നെന്നെ അവര് പൊന്നുപോലെ നോക്കും ഖദീജാ...’ ദീനക്കിടക്കയിൽനിന്ന് തളർന്ന മുഖത്തോടെ കുട്ടികളുടെ ബാപ്പ ആശ്വസിപ്പിക്കുമായിരുന്നു. ഏകാന്തമായ വിരസത തിന്നുള്ള ജീവിതത്തിലേക്ക് ഷുഗറും പ്രഷറും എളുപ്പത്തിൽ കയറിവന്നു, തിരിച്ചറിയുമ്പോഴേക്കും...
‘നല്ലോര് ദിവസായിട്ടും ഇങ്ങനെ ദുഃഖിച്ചിരിക്ക്യാ... ഞാനറിയാതെ എപ്പഴാ ഉമ്മ ഉണർന്നേ...’
മൈമൂനയായിരുന്നു. പെരുന്നാളായിട്ടും അവൾ സ്വന്തം വീട്ടിലേക്ക് പോകാതെ ഉമ്മക്ക് കൂട്ടിനു കിടക്കുകയായിരുന്നു. ഉമ്മയെ പരിചരിക്കാൻ മക്കൾ നാലുപേരും ചേർന്ന് ഏർപ്പാടാക്കിയതാണ് അവളെ. ആഴ്ചയിലൊരിക്കൽ മൂത്തമകന്റെ ഭാര്യാസഹോദരനോടൊപ്പം ഡയാലിസിസ് ചെയ്യാൻ പോകുന്നത് അവളുടെ ഒറ്റ നിർബന്ധം കൊണ്ടാണ്.
നിസ്കരിക്കാനായി അംഗശുദ്ധി വരുത്താൻ കൈയിൽ വെള്ളം ഒഴിച്ചുകൊടുക്കവെ അവൾ പറഞ്ഞു:
‘പെരുന്നാളല്ലേ, ഇന്നേതായാലും അവർ വിളിക്കാതിരിക്കില്ല ഉമ്മാ...’
കുടുംബ ഡോക്ടർ പറഞ്ഞതാണ് ഒരേ ഗ്രൂപ്പ് രക്തമായിരിക്കണമെന്ന്. വൃക്ക സ്വീകരിക്കുന്നവരെപ്പോലെ അതു നൽകുന്നവർക്കും ശ്രദ്ധയും പരിചരണവും ഒരുപോലെ വേണമെന്ന്. മക്കളാരെങ്കിലും തയാറായാൽ അതാണ് സൗകര്യമെന്നും. രോഗത്തിന്റെ ഗൗരവം ഡോക്ടർ നേരിട്ട് അവരെ ഫോണിൽ വിളിച്ച് ധരിപ്പിച്ചതാണ്.
ഒ നെഗറ്റീവ് വൃക്കയ്ക്കായി പത്രത്തിൽ പരസ്യം ചെയ്തിട്ടും ഒരു പ്രതികരണവും ഇല്ലായിരുന്നു. പണം എത്രവേണമെങ്കിലും നൽകാൻ മക്കൾ തയാറായിരുന്നു. ഇനിയും വൈകിയാൽ... ളുഹ്ര് നിസ്കാരം വരെ ഉമ്മ കാത്തിരുന്നതാണ്, മക്കളുടെ വിളിക്കായ്. അഞ്ചാറു ദിവസമായി അവരുടെ ശബ്ദമൊന്ന് കേട്ടിട്ട്.
‘ന്റെ കുട്ട്യേക്ക് എന്താ പറ്റ്യേ... ബല്ല ദീനോം പിടിപെട്ടോ റബ്ബേ...’ അവർ വേവലാതിപ്പെട്ടു. ബന്ധുക്കളും അല്ലാത്തവരുമായി ഒരുപാടുപേർ കാണാൻ വന്നു. നെയ്ച്ചോറും ഇറച്ചിക്കറിയും തൊട്ടുനോക്കുകപോലും ചെയ്തില്ല. മൈമൂന നിർബന്ധിച്ചപ്പോൾ, എനിക്കു തീരെ വയ്യ മോളേ എന്നുംപറഞ്ഞ് കണ്ണിൽ വെള്ളവും നിറച്ച് കിടക്കുകയായിരുന്നു.
അസർ നിസ്കാരവും കഴിഞ്ഞു, മഗ്രിബും പിന്നിട്ടു. പെരുന്നാൾ ആഘോഷിച്ചവരൊക്കെ വീടണഞ്ഞു. മക്കളാരും വിളിച്ചില്ല. മൈമൂന ഫോൺവിളിക്ക് കാതോർത്ത് നിൽക്കുകയാണ്. പെട്ടെന്നാണ് ഫോൺ മുഴങ്ങിയത്. പ്രതീക്ഷയോടെ അവൾ ഓടിച്ചെന്ന് എടുത്തതാണ്. അവളുടെ പ്രാർഥന വിഫലമായി.
ഡോക്ടറായിരുന്നു. അവളുടെ ഡോക്ടറുമായുള്ള സംസാരം കേട്ടാവാം ഉമ്മ മെല്ല കണ്ണുതുറന്നു. ക്ഷീണിച്ച് നീരുവന്ന് വീർത്ത മുഖത്തോടെ മൈമൂനയെ നോക്കി തളർന്ന ശബ്ദത്തോടെ പറഞ്ഞു:
‘എന്താ ഇപ്പ ചെയ്യാ...’
‘എന്താ ഉമ്മാ...’ അവൾ തിരക്കി.
‘മക്കള് എന്നെ കൊയപ്പത്തിലാക്കീലോ മോളേ...’ അവർ ഏറെ സങ്കടത്തോടെ പറഞ്ഞു. കാര്യം മനസിലാവാതെ മൈമൂന ചോദിച്ചു. ‘എന്ത് കൊയപ്പം?’
‘നെനക്കെന്താ ഒന്നും തിരിയാത്ത പോലെ. അവര് ഇപ്പം ഫോണ് ബിളിച്ച് പറഞ്ഞത് നീയ്യും കേട്ടതല്ലേ. അവര് നാലുപേരും വൃക്ക തരാന്ന് പറഞ്ഞാ ഞാനെന്താ ചെയ്യാ...’
മൈമൂനയുടെ കണ്ണുകളിൽ വെള്ളം നിറഞ്ഞു. ഉമ്മകാണാതെ അവൾ തട്ടത്തിന്റെ തുമ്പുകൊണ്ട് കണ്ണുകൾ തുടച്ചു. അവൾ നോക്കിനിൽക്കെ, എന്താ ചെയ്യാ, എന്താപ്പ ചെയ്യാ എന്നു പിറുപിറുത്തുകൊണ്ട് അവർ മയക്കത്തിലേക്ക് സാവധാനം കണ്ണടച്ചു. പള്ളിയിൽനിന്നും ക്ഷീണിച്ച ശബ്ദത്തോടെയുള്ള ബാങ്കൊലി ഉയർന്നു. അതവസാനിക്കവെ, വയലിനക്കരെനിന്ന് ഒരു കാലൻകോഴി നീട്ടിക്കരയുന്നുണ്ടായിരുന്നു.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."