HOME
DETAILS

ഖലീലുല്ലാഹിയുടെ സ്മരണകളുയർത്തുന്ന ഈദ്

  
backup
July 09 2022 | 18:07 PM

854624512-2

സയ്യിദ് മുഹമ്മദ് ജിഫ്‌രി
മുത്തുക്കോയ തങ്ങൾ

ഖലീലുല്ലാഹി ഇബ്‌റാഹീം നബി(അ), അതൊരു നായകന്റെ നാമമാണ്. ഒരു സമൂഹത്തിന്റെ പുനരുദ്ധാരകനാവുകയും നാഗരികതയുടെ ഊർജമാകുകയും ചെയ്ത നായകൻ. അദ്ദേഹത്തെ ഖുർആൻ പരിചയപ്പെടുത്തിയത് തന്നെ ഒരു സമുദായമായിരുന്നു എന്നാണ്. 'നിശ്ചയമായും ഇബ്‌റാഹീം നബി ഒരു സമുദായമായിരുന്നു. അല്ലാഹുവിനു പരിപൂർണമായി കീഴ്‌പ്പെട്ട, നേർമാർഗത്തിൽ ഉറച്ചുനിൽക്കുന്ന ആളുമായിരുന്നു.താൻ ബഹുദൈവവിശ്വാസികളിൽ പെട്ടയാളായിരുന്നില്ല. അല്ലാഹുവിന്റെ അനുഗ്രഹങ്ങൾക്കു കൃതജ്ഞനായിരുന്നു അദ്ദേഹം. തന്നെ അല്ലാഹു (ഉൽകൃഷ്ടനായി) തെരഞ്ഞെടുക്കുകയും നേർവഴിയിലാക്കുകയും ചെയ്തു. നാം അദ്ദേഹത്തിനു ഇഹലോകത്ത് നല്ലസ്ഥിതി കൈവരുത്തിക്കൊടുത്തു. പരലോകത്തും താൻ നല്ലവരിൽപ്പെട്ട ഒരാൾതന്നെയാണ്. പിന്നീട്, ഋജുമാനസനും ബഹുദൈവവിശ്വാസികളുടെ സമൂഹത്തിൽ ചേർന്നിട്ടില്ലാത്തയാളുമായ ഇബ്‌റാഹീംനബി(അ)യുടെ മാർഗം പിൻപറ്റുക എന്നു താങ്കൾക്കു നാം സന്ദേശം അറിയിച്ചു(അന്നഹ് ൽ 120-122).
ഒരു വ്യക്തി എങ്ങനെയാണ് സമുദായം ആകുക? സമുദായം എന്നത് കുറേ വ്യക്തികളുടെ കൂട്ടമാണ്. എന്നാൽ ഇവിടെ ഇബ്റാഹീം നബി(അ)യെ അല്ലാഹു ഒരു സമുദായം എന്നാണ് വിശേഷിപ്പിച്ചത്. വ്യക്തി ഒരു സമുദായമെന്നപോൽ സ്വീകാര്യനാകാനുള്ള വഴി അവന്റെ സ്രഷ്ടാവിന് പ്രിയപ്പെട്ടവനാകുക എന്നതാണ്.


നബി(സ) പറയുന്നു: അല്ലാഹു ഒരാളെ ഇഷ്ടപ്പെട്ടുകഴിഞ്ഞാൽ മാലാഖ ജിബ്‌രീലി(അ)നെ വിളിച്ചു പറയും: നിശ്ചയം അല്ലാഹു ഇയാളെ ഇഷ്ടപ്പെടുന്നു, താങ്കളും ഇയാളെ ഇഷ്ടപ്പെടുക. ജിബ്‌രീലും(അ) അയാളെ ഇഷ്ടപ്പെടും. ശേഷം ആകാശ ലോകത്തുള്ളവരോടായി ജിബ്‌രീൽ (അ) വിളിച്ചുപറയും: ഇയാളെ അല്ലാഹു ഇഷ്ടപ്പെടുന്നു, നിങ്ങളും ഇഷ്ടപ്പെടുക. അങ്ങനെ അവരും അയാളെ ഇഷ്ടപ്പെടുകയും അയാൾക്ക് ഭൂമിയിലുള്ളവർക്കിടയിൽവച്ച് സ്വീകാര്യത നൽകപ്പെടുകയും ചെയ്യും (ബുഖാരി, മുസ് ലിം).


ഒരാളെ പൊതുജനം നിസ്വാർഥമായി ഇഷ്ടപ്പെടുന്നുവെങ്കിൽ അയാളെ അല്ലാഹു ഇഷ്ടപ്പെടുന്നുവെന്നർഥം. ഖലീലുല്ലാഹി സ്വയം നൽകിയ നാമം അല്ല. കുറച്ചാളുകൾ സംഘടിച്ച് നൽകിയ പ്രത്യേക നാമവുമല്ല. അല്ലാഹുവിന്റെ തിരഞ്ഞെടുപ്പാണത്. അല്ലാഹുവിലേക്കൊരാൾ അടുക്കുന്നതും കൂട്ടുകാരനായി അടുപ്പം സ്ഥാപിക്കുന്നതും ജനതക്ക് നേതൃത്വം നൽകിയും പൊതുസേവനം ചെയ്തുമാണ്.
ഇബ്‌റാഹീം നബി(അ) ആഗോള താൽപര്യത്തിന്റെ കൂടെനിന്ന മനീഷിയാണ്. ലോകത്തിന്റെ രക്ഷിതാവിനെ പരിചയപ്പെടുത്തി പ്രബോധനം ചെയ്തു. ലോകരക്ഷിതാവായ ഏക ഇലാഹ് ലോകരുടെ മുഴുവൻ താൽപര്യം സംരക്ഷിക്കുന്നവനാണ്. അവന് മുമ്പിൽ ഗോത്രതാൽപര്യങ്ങളോ ഏതെങ്കിലും പ്രാദേശികവാദമോ ഏശുകയില്ല. മാനവികതയുടെ മഹദ് ദർശനമാണ് ഇബ്‌റാഹീം നബി(അ) പ്രഘോഷണം ചെയ്തത്. വിശുദ്ധ ഖുർആനും റബ്ബുൽ ആലമീനായാണ് അല്ലാഹുവിനെ പരിചയപ്പെടുത്തുന്നത്. 'തീർച്ചയായും നിങ്ങളുടെ ഈ സമുദായം ഒരൊറ്റ സമുദായം (ഉമ്മത്ത്) ആണ്; ഞാൻ നിങ്ങളുടെ റബ്ബും. ആകയാൽ എനിക്ക് വിധേയപ്പെടുവീൻ' (21:92) എന്ന ഖുർആനിക രൂപമാണ് ഇവിടെ നാം കാണുന്നത്.
ഇബ്‌റാഹീമീ പാരമ്പര്യം പരീക്ഷണങ്ങളുടെ തീക്ഷ്ണത എത്രയായാലും അതേറ്റെടുക്കണമെന്നതാണ്. 'ഓർക്കുക, ഇബ്‌റാഹീമിനെ(അ) അദ്ദേഹത്തിന്റെ നാഥൻ ചില കൽപനകളിലൂടെ പരീക്ഷിച്ചു. അദ്ദേഹം അതൊക്കെയും വിജയകരമായി പൂർത്തീകരിച്ചു. അപ്പോൾ അല്ലാഹു അരുളി: ഞാൻ നിന്നെ ലോകരുടെ നേതാവാക്കിയിരിക്കുന്നു. ഇബ്‌റാഹീം(അ) ചോദിച്ചു: എന്റെ മക്കൾക്കും ഇതേ വാഗ്ദാനമുണ്ടോ?' അല്ലാഹു അറിയിച്ചു: എന്റെ വാഗ്ദാനം അക്രമികൾക്ക് ബാധകമല്ല' (അൽബഖറ 124).


ലോക രക്ഷിതാവിന്റെ അടിമകളായ ആഗോള ജനവിഭാഗം അതേറ്റെടുത്തു. ലോകർ മുഴുവനും ഹജ്ജിന്റെ കർമങ്ങളുമായി മക്കയിലും പരിസരത്തും ചരിത്രം തീർത്തുകൊണ്ടേയിരിക്കുന്നു. ലോകത്തെ മുഴുവൻ ജനതയേയും ഹജ്ജ് കാലത്തും അല്ലാത്തപ്പോഴും നിസ്‌കാരത്തിൽ ലോകത്തിന്റെ ഒരു കേന്ദ്രത്തിലേക്ക് തിരിച്ചു നിർത്തുന്നു. ഖിബ്്‌ലയായി ഇബ്റാഹീം (അ)ന്റെ ചരിത്രവുമായി ബന്ധിപ്പിക്കുന്ന ഗേഹത്തെ തന്നെ തിരഞ്ഞെടുപ്പ് നടത്തിയതും അല്ലാഹുവാണ്. ഹറമിലും മിനയിലും അറഫയിലും മുസ്ദലിഫയിലും ഹാജിമാർ ലോകത്തെ സകല ജനത്തിന്റെയും വേദനകളും കഷ്ടതകളും നേരിട്ടനുഭവിക്കുന്ന തലമാണുള്ളത്. ഇതിൽ ഹറം ശരീഫിലെ കർമങ്ങളല്ലാത്തതെല്ലാം നടക്കുന്നത് മൂന്ന് മൈതാനങ്ങളിലാണ്. മിനയിലും അറഫയിലും മുസ്ദലിഫയിലും. ഹാജി ഇബ്‌റാഹീമീ പാരമ്പര്യത്തിന്റെ തീക്ഷ്ണത അനുഭവിക്കുക തന്നെയാണ് ഇതിലൂടെ.


അനുഭവം ഓരോരുത്തർക്കും വ്യത്യസ്തമായിരിക്കും. ഈമാനിന്റെ ആന്തരികാനുഭവത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഈ അനുഭൂതികൾ. ഹജ്ജ് മാത്രമല്ല നിസ്‌കാരവും സ്വദഖയും എല്ലാ കർമങ്ങളും അങ്ങനെ തന്നെയാണ്. ഓരോരുത്തരുടേയും മനസ്സൊരുക്കത്തിനനുസരിച്ചാണ് ആരാധനകൾക്ക് കൂലി ലഭിക്കുന്നത്. ഹജ്ജിലെ ഓരോ കർമത്തിന്റെയും ആത്മാവിനെ തൊട്ടറിഞ്ഞ് ഹൃദയപൂർവം അനുഷ്ഠിച്ചാലേ നബി(സ) പറഞ്ഞത് പോലെ നവജാത ശിശുവിന്റെ വിശുദ്ധി കൈവരിച്ച് മടങ്ങാൻ സാധിക്കുകയുള്ളൂ.


ബലിപെരുന്നാളിന്റെ മറ്റൊരു പ്രധാനകർമമാണ് ഉള്ഹിയ്യത്ത്. ഇത് കേവല ബലികർമമല്ല. ഇബ്‌റാഹീം(അ) അല്ലാഹുവിന്റെ കൽപന പ്രകാരം പ്രിയപുത്രൻ ഇസ്മാഈൽ (അ)നെ ബലികൊടുക്കാൻ സന്നദ്ധനായ മാതൃകയെ പിൻപറ്റിക്കൊണ്ടുള്ള ഉജ്ജ്വല കർമമാണത്. ഇബ്‌റാഹീം(അ) തനിക്കേറ്റവും പ്രിയപ്പെട്ടത് സമർപ്പിച്ചു. സ്രഷ്ടാവിനു വേണ്ടി സർവതും സമർപ്പിക്കാൻ തയാറാണോയെന്ന പരീക്ഷണമായിരുന്നു അന്ന് നടത്തിയിരുന്നത്. അതിൽ ഇബ്റാഹീം(അ) വിജിയിച്ചു. ശരിയായ വിശ്വാസിക്കുണ്ടാവേണ്ടത് ദൈവിക കൽപനകളെ പരിപൂർണമായും അംഗീകരിക്കാനുള്ള സന്നദ്ധതയാണ്. 'ബലിമൃഗത്തിന്റെ മാംസമോ രക്തമോ അല്ലാഹുവിങ്കലേക്കെത്തില്ല; മറിച്ച് നിങ്ങളുടെ തഖ്‌വയാണ് അല്ലാഹുവിലേക്കെത്തുക'(22:37). മറ്റൊരു സ്ഥലത്ത് പ്രിയപ്പെട്ടതിനെ ത്യജിക്കലിനെ ഓർമപ്പെടുത്തി ഖുർആൻ ഇങ്ങനെ പറഞ്ഞത് കാണാം. 'നിങ്ങൾക്കേറ്റവും പ്രിയങ്കരമായത് വ്യയം ചെയ്യാതെ (ത്യജിക്കാതെ ) നിങ്ങൾ പുണ്യം പ്രാപിക്കുകയേ ഇല്ല'(3:92).


ഇബ്റാഹീമീ സ്മരണയിലാണ് ബലിപെരുന്നാൾ എന്നതിനാൽ തന്നെ ആഘോഷങ്ങൾ വളരെ അർഥവത്താകണം. അബുള്ളൈഫാൻ എന്നാണ് ഇബ്റാഹീം നബി(അ) അറിയപ്പെട്ടത്. സൽക്കാരപ്രിയനായിരുന്നു. അതിഥികളെ സൽക്കരിക്കാനദ്ദേഹം വല്ലാതെ താൽപര്യം കാണിച്ചു. പിന്നീട് വന്ന പ്രവാചക പരമ്പര മുഴുവനും ആ മഹാമനീഷിയുടെ വംശത്തിലാണ്. കുടുംബ ബന്ധവും അതിൻ്റെ പവിത്രതയും ഇവിടെ വീണ്ടും നാം ഓർക്കാൻ നിർബന്ധിതരാകുന്നു. ഇന്ന് നമ്മുടെ കുടുംബക്കാരെ പ്രത്യേകം പരിഗണിക്കണം. സന്ദർശിക്കണം. അവരിലെ പാവങ്ങളെ സഹായിക്കണം. ദുരിതമനുഭവിക്കുന്നവരെ ചേർത്തുപിടിക്കാനും ഇബ്റാഹീം നബി (അ) ഉയർത്തിപ്പിടിച്ച തൗഹീദിൻ്റെ മഹത്വം ജീവിതത്തിൽ പകർത്താനും തയാറാകണം. തുടക്കത്തിൽ സൂചിപ്പിച്ച സൂക്തത്തിൽ പരാമർശിച്ച പോലെ 'അല്ലാഹുവിന്റെ അനുഗ്രഹങ്ങൾക്കു കൃതജ്ഞനായിരുന്നു അദ്ദേഹം'. അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കാൻ തയാറാകണം. അത്തരം ആളുകൾക്ക് അല്ലാഹു അനുഗ്രഹം വർധിപ്പിച്ച് നൽകും.
അല്ലാഹു അക്ബർ വലില്ലാഹിൽ ഹംദ്...



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  21 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  21 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  21 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  21 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  21 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  21 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  21 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  21 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  21 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  21 days ago