HOME
DETAILS

അത് കുട്ടനാടൻ വാമൊഴിവഴക്കം

  
backup
July 09 2022 | 18:07 PM

4865345632-5

കലികാലക്കാഴ്ച
വി. അബ്ദുൽ മജീദ്‌
9846159481

ഭരണഘടനയെക്കുറിച്ച് അങ്ങനെ പറഞ്ഞതിന് കമ്യൂണിസ്റ്റായ സജി ചെറിയാനെ കുറ്റപ്പെടുത്തേണ്ട കാര്യമൊന്നുമില്ല. അടിമുടി കമ്യൂണിസ്റ്റ് വിപ്ലവകാരിയായ അദ്ദേഹം പറഞ്ഞത് അതിപുരാതന കാലം മുതൽ കമ്യൂണിസ്റ്റുകാർ സ്വീകരിച്ചുവരുന്ന നിലപാട് തന്നെയാണ്. വിപ്ലവകാരികൾ പറയുന്നത് നാട്ടുകാർക്ക് അത്ര പെട്ടെന്നങ്ങ് മനസ്സിലാകണമെന്നില്ല. അതുകൊണ്ടാണല്ലോ നാട്ടിൽ വിപ്ലവം നടക്കാത്തത്. അദ്ദേഹം പറഞ്ഞത് വ്യക്തമായി മനസ്സിലാക്കാത്ത നാട്ടുകാരെയാണ് കുറ്റം പറയേണ്ടത്.
ഇന്ത്യൻ ഭരണഘടന രൂപംകൊള്ളുന്ന കാലത്ത് ചെറിയാന്റെ പാർട്ടി പോലെ ബ്രാക്കറ്റുള്ള കമ്യൂണിസ്റ്റ് പാർട്ടികളൊന്നും ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നത് അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയായിരുന്നു. ആ പാർട്ടി അന്ന് ഭരണഘടനയെ അംഗീകരിച്ചിരുന്നില്ല. ബൂർഷ്വാ -ഭൂപ്രഭു ഭരണവർഗത്തിനു വേണ്ടി തയാറാക്കിയ ഭരണഘടനയെന്നാണ് പാർട്ടി പറഞ്ഞിരുന്നത്. ഭരണഘടനയെയെന്നല്ല ഇന്ത്യ നേടിയ സ്വാതന്ത്ര്യത്തെയും പാർട്ടി അംഗീകരിച്ചിരുന്നില്ല. വിദേശ ബൂർഷ്വാസിയിൽനിന്ന് നാടൻ ബൂർഷ്വാസിയിലേക്കുള്ള അധികാരക്കൈമാറ്റമായാണ് പാർട്ടി അതിനെ കണ്ടത്. കൂട്ടത്തിൽ രാഷ്ട്രപിതാവിനെയും അവർ അംഗീകരിച്ചിരുന്നില്ല.


വിപ്ലവത്തിലൂടെ അധികാരം പിടിച്ചെടുത്ത് ഈ ഭരണഘടന മാറ്റി പത്തരമാറ്റ് വിശുദ്ധിയുള്ള പുതിയ തൊഴിലാളിവർഗ ഭരണഘടനയുണ്ടാക്കുക എന്നതാണ് കമ്യൂണിസ്റ്റുകാരുടെ ആത്യന്തിക ലക്ഷ്യം. അതിന് നാട്ടുകാരുടെ പിന്തുണ കിട്ടാത്തതുകൊണ്ടാണ് ഇതുവരെ നടക്കാതെപോയത്. നമ്മുടെ നാട്ടുകാർ അങ്ങനെയാണല്ലോ. നല്ല കാര്യങ്ങളൊന്നും അവർക്ക് അത്ര പെട്ടെന്ന് മനസ്സിലാകില്ല.
ഇപ്പോൾ പറയാത്ത കാര്യങ്ങളാണെങ്കിലും പാർട്ടിയുടെ അടിസ്ഥാന നയങ്ങൾ യഥാർഥ കമ്യൂണിസ്റ്റുകാർ ഇടക്കിടെ ഓർത്തുപോകും. അറിയാതെ പറഞ്ഞുംപോകും. പിന്നെ ഭരണഘടന വിമർശനാതീതമൊന്നുമല്ല. ഭരണഘടന തയാറാക്കാൻ നിയോഗിക്കപ്പെട്ട കോൺസ്റ്റിറ്റ്യൂവന്റ് അസംബ്ലിയിൽ അംഗങ്ങളായിരുന്ന ചിലർ പോലും അതിനോടുള്ള വിയോജിപ്പുകൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഭരണഘടനയുടെ മുഖ്യശിൽപിയായ ഡോ. അംബേദ്കർ പോലും ഭരണഘടനയിൽ പൂർണ സംതൃപ്തനായിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും ഭരണഘടനയും ചേർത്തുവായിച്ചാൽ മനസിലാകും. ഖിയാമംനാൾ വരെ അതേപടി നിലനിർത്താൻ വേണ്ടി ഉണ്ടാക്കിയ രേഖയുമല്ല ഭരണഘടന. അത് പലതവണ ഭേദഗതി ചെയ്യപ്പെട്ടിട്ടുണ്ട്. ഓരോ കാലഘട്ടത്തിലും അതിലെ ചില വകുപ്പുകളോട് സമൂഹത്തിൽ വിയോജിപ്പുകൾ ഉയർന്നതിനെത്തുടർന്നാണ് ഭേദഗതികൾ വന്നത്. ഇനിയും അതു വരും. ഒരിക്കലും വിമർശിക്കപ്പെടാതെ, ഭേദഗതികൾ വരാതെ ഇരുമ്പുലക്കപോലെ നിലനിൽക്കുന്നൊരു ഭരണഘടന ഒരു ജനാധിപത്യ രാഷ്ട്രത്തിന് യോജിച്ചതുമല്ല. ഭരണഘടനയെ വിമർശിക്കുന്നത് കുറ്റമല്ല. നിന്ദിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്നത് മാത്രമാണ് കുറ്റം. വിമർശനവും നിന്ദയും രണ്ടാണ്.
ഭരണഘടനാ പദവിയായ മന്ത്രിസ്ഥാനത്ത് ഭരണഘടനയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റയാളായതുകൊണ്ടാണ് സജി ചെറിയാൻ പറഞ്ഞതിനെതിരേ വിമർശനമുയർന്നതും അദ്ദേഹത്തിന് മന്ത്രിപ്പണി പോയതും. അതങ്ങനെയാണ്. ഭരണഘടനാ പദവിയിലിരുന്ന് അതിന്റെ എല്ലാ ആനുകൂല്യങ്ങളും പറ്റുന്നൊരാൾ അതിനെ പരസ്യമായി കുറ്റപ്പെടുത്തുന്നത് ആ പദവിയിലെ അയോഗ്യതയ്ക്കു കാരണമാകും. മന്ത്രിപദവിയിലെന്നല്ല സ്വകാര്യ തൊഴിൽമേഖലയിലും അങ്ങനെയൊക്കെത്തന്നെയാണ്. നിയമാനുസൃതം രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്നൊരു ബിസിനസ് സ്ഥാപനത്തിലെ തൊഴിലാളി ആ സ്ഥാപനത്തിന്റെ വിശ്വാസ്യതയ്ക്ക് കളങ്കമേൽക്കുന്ന തരത്തിൽ പരസ്യമായി സംസാരിച്ചാലും പണി പോകും.
നേരെ മറിച്ച് ഭരണഘടനയിൽ വിശ്വസിക്കാത്ത, അതിന്റെ ആനുകൂല്യങ്ങൾ പറ്റാത്ത മാവോയിസ്റ്റുകളെപ്പോലുള്ള രാഷ്ട്രീയക്കാർ ഭരണഘടനയെ കുറ്റപ്പെടുത്തിയാൽ ആരും അത് കാര്യമാക്കില്ല. എന്തിന്, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനോ ഭരണഘടനയെ വിമർശിച്ചാലും ഇത്ര പുകിലുണ്ടാവില്ല. കാരണം അവരിപ്പോൾ ഭരണഘടനാപരമായ സൗകര്യങ്ങളൊന്നും അനുഭവിക്കുന്നില്ല.


പിന്നെ ഒന്നോർത്താൽ സജി ചെറിയാൻ പറഞ്ഞതിനെ കുറ്റപ്പെടുത്തേണ്ട കാര്യവുമില്ല. നേതാക്കൾക്ക് ഇങ്ങനെ വരുന്ന നാക്കുപിഴവുകൾക്ക് 'വാമൊഴിവഴക്കം' എന്നൊരു ന്യായീകരണമുണ്ട്. കോഴിക്കോട്ടെ പ്രമുഖ കമ്യൂണിസ്റ്റ് ബുദ്ധിജീവിയും മലയാള ഭാഷാപണ്ഡിതനുമായ കെ.ഇ.എൻ കുഞ്ഞഹമ്മദാണ് ആ വാക്ക് കണ്ടെത്തിയത്. ബൂർഷ്വാസി, തിരുത്തൽവാദി, റെനിഗേഡ് തുടങ്ങിയ വാക്കുകൾ പോലെ വാമൊഴിവഴക്കവും കമ്യൂണിസ്റ്റ് പദാവലിയിൽ ഇടംനേടിയത് പലർക്കുമറിയില്ല. പണ്ടൊരിക്കൽ ജി. സുധാകരൻ മന്ത്രിയായിരിക്കെ എന്തോ പറഞ്ഞത് വിവാദമായപ്പോഴാണ് കെ.ഇ.എൻ ആ വാക്ക് ഗവേഷണം നടത്തി കണ്ടെത്തിയത്. പിന്നീടൊരിൽ ടി.കെ ഹംസ വി.എസ് അച്യുതാനന്ദനെ രൂക്ഷമായി കളിയാക്കിയപ്പോൾ അത് ഏറനാടൻ വാമൊഴിവഴക്കമാണെന്ന് പാർട്ടിയുടെ വ്യാഖ്യാനമുണ്ടായി. അതുപോലെ ഇത് കുട്ടനാടൻ ശൈലിയിൽ പറഞ്ഞതാണെന്ന് സജി ചെറിയാൻ പറഞ്ഞിട്ടുണ്ട്. മാത്രമല്ല അദ്ദേഹം പറഞ്ഞതിൽ തെറ്റില്ലെന്ന് ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജൻ പറഞ്ഞിട്ടുമുണ്ട്. കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിൽ അവസാനവാക്കാണല്ലോ ഇ.പി. അങ്ങനെയൊക്കെ നോക്കുമ്പോൾ വേണമെങ്കിൽ സജി ചെറിയാൻ പറഞ്ഞത് കുട്ടനാടൻ വാമൊഴിവഴക്കമാണെന്നു പറഞ്ഞ് അവഗണിക്കാവുന്നതാണ്. എന്നാൽ ബൂർഷ്വാ പ്രതിപക്ഷവും ബൂർഷ്വാ മാധ്യമങ്ങളും അങ്ങനെയൊന്നും ചെയ്യില്ലല്ലോ.


അത് വാമൊഴിവഴക്കമല്ല


മലയാളഭാഷ ഒരുപാട് വികസിച്ചിട്ടുണ്ടെന്ന് അഭിമാനിക്കുന്നവരാണ് നമ്മൾ. മികച്ച കുറെ സാഹിത്യകൃതികൾ ഉണ്ടായിട്ടുണ്ടെങ്കിലും ഭാഷ അധികം പുരോഗമിച്ചിട്ടില്ലെന്നതാണ് സത്യം. വൃത്തിയുള്ള പഴഞ്ചൊല്ലുകളോ തെറികളോ തമാശകളോ ഒന്നും നമ്മുടെ ഭാഷയിൽ വേണ്ടത്ര ഉണ്ടായിട്ടില്ല. ഉള്ളത് സ്ത്രീവിരുദ്ധതയും വംശീയ വിദ്വേഷവുമൊക്കെ കലർന്നവയാണ്.
നമ്മുടെ തെറികളിലധികവും സ്ത്രീകളുടെ അവയവങ്ങളുമായി ബന്ധപ്പെട്ടവയാണ്. ചുരുക്കം ചിലത് പുരുഷാവയവങ്ങളുമായി ബന്ധപ്പെട്ടവയും. തമാശകളിലും ചൊല്ലുകളിലും അധികവുമുള്ളത് സ്ത്രീവിരുദ്ധതയും വംശീയ ജാതീയ പരിഹാസങ്ങളുമാണ്. ചെറുമന് അധികാരിപ്പണി കിട്ടിയതുപോലെ, മാപ്പിള തൈക്കുഴിയിൽ വീണതുപോലെ, ആശാരിയെ ഉണ്ണാൻ വിളിച്ചതുപോലെ, പണിക്കർ പശുവിനെ തല്ലാൻ നോക്കിയതുപോലെ തുടങ്ങിയ നികൃഷ്ടമായ വംശീയ, ജാതീയ തമാശച്ചൊല്ലുകൾ ആസ്വദിച്ചു ശീലിച്ചവരാണ് മലയാളികൾ. ആ ശീലം കാരണം പുതിയ തമാശകൾ ഉണ്ടാക്കുമ്പോഴും അവയിൽ ഇത്തരം നികൃഷ്ടതകൾ കടന്നുവരും.


അത്തരമൊരു തമാശയാണ് കഴിഞ്ഞദിവസം മുരളി പെരുനെല്ലി നിയമസഭയിൽ പറഞ്ഞത്. ഒരു പ്രതിഷേധത്തിന്റെ ഭാഗമായി പ്രതിപക്ഷം 'ജയ് ഭീം' മുദ്രാവാക്യം വിളിച്ചപ്പോൾ അത് പാലാരിവട്ടത്തെ ബീമാണോ എന്ന ചോദ്യം. ഡോ. ഭീം റാവു അംബേദ്കർ ആരാണെന്നും ജയ് ഭീം മുദ്രാവാക്യം അദ്ദേഹം, അല്ലെങ്കിൽ അദ്ദേഹത്തിന്റെ ആശയങ്ങൾ വിജയിക്കട്ടെ എന്ന അർഥത്തിലുള്ളതാണെന്നും പത്താം ക്ലാസ് വരെയെങ്കിലും പഠിച്ച ആർക്കുമറിയാം. അതുകൊണ്ടുതന്നെ അതൊരു നാക്കുപിഴയോ വാമൊഴിവഴക്കമോ ആയി കാണാനാവില്ല. മാധ്യമശ്രദ്ധ ആകർഷിക്കാൻ കരുതിക്കൂട്ടി പറഞ്ഞതുതന്നെയാണത്. ഒരു ജനപ്രതിനിധിയിൽനിന്ന് ഉണ്ടാവാൻ പാടില്ലാത്ത നിരുത്തരവാദപരമായ പരാമർശം.


ഒരുകാലത്ത് ചിന്തനീയമായ നർമങ്ങളുടെ സർഗാത്മകത നിറഞ്ഞതായിരുന്നു കേരള നിയമസഭ. ഇ.കെ നായനാർ, പി. സീതിഹാജി, എം.വി രാഘവൻ, ലോനപ്പൻ നമ്പാടൻ തുടങ്ങിയവർ നിയമസഭയ്ക്ക് അലങ്കാരമായി മാറിയത് അങ്ങനെയാണ്. അതിനു ശേഷമുള്ള തലമുറയിലുമുണ്ടായിരുന്നു സഭയെയാകെ ചിരിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത തമാശകൾ പറഞ്ഞ സാജു പോൾ, കെ.എൻ.എ ഖാദർ തുടങ്ങിയവർ. ഇവർ എതിരാളികളെ വാക്കുകൾകൊണ്ട് ആക്രമിക്കുമ്പോൾ ആ എതിരാളികൾ പോലും അത് ആസ്വദിക്കുമായിരുന്നു.
അത്തരം രണ്ടോ മൂന്നോ സാമാജികർ ഇന്നും നിയമസഭയിൽ കാണുമായിരിക്കും. എന്നാൽ കുറച്ചുകാലമായി അറുവഷളൻ തമാശകൾ നിറയുന്ന ഇടംകൂടിയാണ് നിയമസഭയെന്ന് കുറേക്കാലം സഭാനടപടികൾ റിപ്പോർട്ട് ചെയ്ത ഈ ലേഖകന് നന്നായറിയാം. ചിലർ എതിരാളികൾക്കു നേരെ പ്രയോഗിക്കുന്ന വിമർശനപദങ്ങളും ഏറെ നിലവാരമിടിഞ്ഞവയാണ്. ബൂർഷ്വാ നിയമനിർമാണസഭകൾ പന്നിക്കൂടുകളാണെന്ന ലെനിന്റെ വചനം അന്വർഥമാക്കാൻ മത്സരിക്കുകയാണ് നമ്മുടെ സാമാജികർ, പ്രത്യേകിച്ച് ലെനിന്റെ കാഴ്ചപ്പാടുകൾ പിന്തുടരുന്നതായി അവകാശപ്പെടുന്നവർ എന്നു തോന്നുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ധനകാര്യ കമ്മിഷനെത്തി; കേന്ദ്രസഹായം ചർച്ചയാവും;  പ്രതീക്ഷയോടെ സംസ്ഥാനം

Kerala
  •  6 days ago
No Image

2034 FIFA World Cup: സഊദിയുടെ ആതിഥേയത്വത്തിന് കരിം ബെന്‍സേമയുടെ പിന്തുണ

Football
  •  6 days ago
No Image

സിറിയയില്‍ ഇസ്‌റാഈല്‍ വ്യോമാക്രമണം; സുരക്ഷാ സമുച്ചയവും ആയുധ ഗവേഷണ കേന്ദ്രവും തകര്‍ത്തു

International
  •  6 days ago
No Image

250 സംരക്ഷിത സ്ഥാപനങ്ങള്‍ വഖഫായി രജിസ്റ്റര്‍ ചെയ്‌തെന്ന വാദവുമായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ; സ്ഥാപനങ്ങളുടെ നിയന്ത്രണം വേണമെന്ന് ആവശ്യം

National
  •  6 days ago
No Image

അധ്യാപക തസ്തികകൾ നികത്താതെ കേന്ദ്ര സർവകലാശാല; നിരാശയിൽ വിദ്യാർഥികളും ഉദ്യോഗാർഥികളും

Kerala
  •  6 days ago
No Image

ഭിന്നശേഷി അധ്യാപക സംവരണം: നാലായിരത്തോളം ഒഴിവുകള്‍; പക്ഷേ, ജോലി എവിടെ?

Kerala
  •  6 days ago
No Image

200 മില്യണ്‍ യാത്രക്കാര്‍; എണ്ണത്തില്‍ റെക്കോഡിട്ട് ദോഹ മെട്രോ 

qatar
  •  6 days ago
No Image

വർഷങ്ങൾ നീണ്ട ആവശ്യത്തിന് ഒടുവിൽ പരിഹാരം; പമ്പയിൽ സ്ത്രീകൾക്ക് മാത്രമായി വിശ്രമ കേന്ദ്രം ഒരുങ്ങി

Kerala
  •  6 days ago
No Image

മലപ്പുറത്ത് ആഡംബര കാറിൽ ലഹരി കടത്ത് നടത്തുന്ന സംഘത്തെ പിന്തുടർന്ന് പിടികൂടി പൊലിസ്

Kerala
  •  6 days ago
No Image

അമ്മയെ ഉപദ്രവിച്ചു; വീട്ടില്‍ കയറി സ്‌കൂട്ടര്‍ കത്തിച്ച് യുവതിയുടെ പ്രതികാരം

Kerala
  •  6 days ago