370-ാം വകുപ്പ് പുന:സ്ഥാപിക്കുംവരെ മത്സരിക്കില്ലെന്ന് മെഹ്ബൂബ മുഫ്തിയും ഉമർ അബ്ദുല്ലയും
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചര്‍ച്ചയില്‍ 370-ാം വകുപ്പ് പുന:സ്ഥാപിക്കുന്നത് സംബന്ധിച്ച് നേതാക്കള്‍ ആവശ്യമുന്നയിച്ചില്ലെന്ന വിമര്‍ശനത്തിനിടെ വിശദീകരണവുമായി മെഹ്ബൂബ മുഫ്തിയും ഉമര്‍ അബ്ദുല്ലയും. കശ്മിരിന് പ്രത്യക പദവി നല്‍കുന്ന 370, കശ്മിരില്‍ കശ്മിരികള്‍ക്ക് പ്രത്യേക അവകാശങ്ങള്‍ ഉറപ്പാക്കുന്ന 35എ എന്നീ വകുപ്പുകള്‍ പുന:സ്ഥാപിക്കുംവരെ താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പി.ഡി.പി നേതാവും മുന്‍മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി പറഞ്ഞു.
ഈ ലക്ഷ്യം നേടുംവരെ ഗുപ്കര്‍ സഖ്യം ഇതുപോലെ ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മെഹ്ബൂബ മുഫ്തി പറഞ്ഞു. ഈ രണ്ടുവകുപ്പുകളും കേന്ദ്രം തളികയില്‍വച്ചു തരുമെന്ന് താന്‍ കരുതുന്നില്ല. എന്നാല്‍ അതിനായി തങ്ങള്‍ ശക്തമായി പോരാടുമെന്നും മെഹ്ബൂബ പറഞ്ഞു.
നിലവിലെ കേന്ദ്രസര്‍ക്കാര്‍ 370-ാം വകുപ്പ് പുന:സ്ഥാപിക്കുമെന്ന് കരുതുന്നത് വിഡ്ഢിത്തമാണെന്ന് മുന്‍മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഉമര്‍ അബ്ദുല്ലയും പറഞ്ഞു. 370-ാം വകുപ്പ് പിന്‍വലിക്കണമെന്ന രാഷ്ട്രീയ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ 70 വര്‍ഷം കാത്തിരുന്നവരാണ് ബി.ജെ.പി. പ്രധാനമന്ത്രി യോഗം വിളിച്ചത് 370-ാം വകുപ്പ് പുന:സ്ഥാപിക്കാന്‍ ചര്‍ച്ച ചെയ്യാനാണെന്ന് ജനങ്ങളോട് പറയുന്നത് അവരെ വിഡ്ഢികളാക്കുന്നതിന് തുല്യമാവുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."