വീട്ടമ്മയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്ന്; രണ്ട് പ്രാദേശിക സി.പി.എം നേതാക്കള്‍ക്കെതിരേ കേസ്
വടകര: പാര്‍ട്ടി അനുഭാവിയായ വീട്ടമ്മയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ സി.പി.എം പ്രാദേശിക നേതാക്കള്‍ക്കെതിരേ കേസ്. സി.പി.എം മുളിയേരി ബ്രാഞ്ച് സെക്രട്ടറി പുല്ലുള്ള പറമ്പത്ത് ബാബുരാജ്, ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി അംഗം തെക്കെ പറമ്പത്ത് ലിജീഷ് എന്നിവര്‍ക്കെതിരേയാണ് കേസ്. വടകര ബാങ്ക് റോഡ് സ്വദേശിയായ വീട്ടമ്മയുടെ പരാതിയിലാണ് ബലാത്സംഗം, അതിക്രമിച്ചുകടക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരം വടകര പൊലിസ് കേസെടുത്തത്.
മൂന്നു മാസങ്ങള്‍ക്ക് മുന്‍പ് രാത്രി പതിനൊന്നോടെ ഭര്‍ത്താവില്ലാത്ത സമയത്ത് വീടിന്റെ കതക് തള്ളിത്തുറന്ന് അകത്തുകയറിയ ബാബുരാജ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന് വീട്ടമ്മയുടെ പരാതിയില്‍ പറയുന്നു. ഇതിന് ശേഷവും മൂന്നു തവണ ഇത്തരത്തില്‍ പീഡിപ്പിച്ചു.
തുടര്‍ന്ന് ഡി.വൈ.എഫ്.ഐ നേതാവ് ലിജീഷിനോട് ഇക്കാര്യം പറഞ്ഞു. ഇയാളും വീട്ടിലെത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. ഇവരുടെ ഭീഷണി തുടര്‍ന്നതോടെ വീട്ടമ്മ ഭര്‍ത്താവിനെ അറിയിക്കുകയും വടകര പൊലിസില്‍ പരാതി നല്‍കുകയുമായിരുന്നു. വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
എന്നാല്‍ ഇവര്‍ ഒളിവിലാണെന്നാണ് പൊലിസ് പറയുന്നത്. ഇരുവരെയും പാര്‍ട്ടിയുടെ പ്രഥാമികാംഗത്വത്തില് നിന്നും സ്ഥാനങ്ങളില്‍ നിന്നും പുറത്താക്കിയതായി സി.പി.എം വടകര ഏരിയാ സെക്രട്ടറി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."