ശരറാന്തല്‍ തിരിതാണു
കാനേഷ് പൂനൂര്
'തളിരിട്ട മരംചാരി കതിരിട്ട മിഴിയുമായ്
വളയിട്ട കില്ക്ക്ണ വെളുത്തപെണ്ണേ
മലരിട്ട മയിലാഞ്ചിച്ചെടി പോലെ ദുനിയാവില്‍
മനമാകെ കവര്‍ന്ന മിസ്‌രിപ്പൊന്നേ
കളിവാക്കില്‍ കടവത്ത് കുടില്‍ക്കെട്ടി ഇരുന്നൊന്ന്
കിലുകിലെ ചിരിക്കുവാന്‍ മറന്നതെന്തേ
കുളിര്‍ക്കാറ്റില്‍ കരംവന്ന് മുടി പിന്നിവലിക്കുമ്പോള്‍
അതുപോലുമറിയാതെ മയക്കമെന്തേ?
മഴവില്ലിന്‍ വിരി നീര്‍ത്തി മദനപ്പൂ മണം ചാര്‍ത്തി
മണിയറ നിനക്കുഞാന്‍ ഒരുക്കിയല്ലോ
കിനാവിന്റെ കിളിവാതില്‍ തുറന്നുഞാന്‍ പലനാളായ്
വിളിക്കുന്നെന്‍ ബീവിയായിട്ടൊരുത്തിയെ ഞാന്‍'
തളരിതഹൃദയവുമായി തെക്കുനിന്ന് മലബാറിലേക്കെത്തിയ വ്യതിരിക്തമായ വ്യക്തിത്വമാണ് പൂവച്ചല്‍ ഖാദര്‍. മധ്യകേരളത്തിലുള്ളവരില്‍ ഭൂരിപക്ഷവും തിരുവിതാംകൂറുകാരെ കണ്ടിരുന്നതും വിലയിരുത്തിയിരുന്നതും കൂടുതല്‍ സമര്‍ഥവും കച്ചവടക്കണ്ണുള്ളവരുമായിട്ടാണ്. എന്നാല്‍ നമ്മെ ആശ്ചര്യപ്പെടുത്തുംവിധം നിഷ്‌കളങ്കനായിരുന്നു കഥാനായകന്‍. 1970 ജനുവരിയിലായിരുന്നു പി.ഡബ്ല്യു.ഡിയിലെ എന്‍ജിനിയറായി കോഴിക്കോട്ടേക്കുള്ള രംഗപ്രവേശം. എന്‍ജിനിയര്‍മാരുടെ വിഷയം എന്നും അക്കങ്ങളുമായി ബന്ധപ്പെട്ടതാണല്ലോ. എന്നാല്‍ ഖാദര്‍ പ്രണയിച്ചിരുന്നത് അക്ഷരങ്ങളെയാണ്.
'കമ്പികളണിചേരും കാഴ്ച കാണുമ്പോളുള്ളില്‍
ഇമ്പമാണുയരുന്നതല്ലാതെ കണക്കല്ല'
എന്ന് പ്രശസ്ത കവി ശ്രീകുമാരന്‍ തമ്പി എഴുതിയതു തന്നെയായിരുന്നു ഇദ്ദേഹത്തിന്റെ കാര്യത്തിലും സത്യം. ഭാസുരമായ ഭാവന കൊണ്ടാണ് അദ്ദേഹം മനുഷ്യജീവിതത്തെ ചിത്രപ്പെടുത്തിയത്. ഈ ലേഖനത്തിന്റെ തുടക്കത്തില്‍ കൊടുത്ത വരികള്‍ ഖാദര്‍ ആദ്യമായെഴുതിയ മാപ്പിളപ്പാട്ടാണ്. നിര്‍മാതാവ്, നിരൂപകന്‍ എന്നീ നിലകളില്‍ അറിയപ്പെട്ടിരുന്ന സലാം കാരശ്ശേരിയുടെ പ്രേരണയാലായിരുന്നു ഈ സൃഷ്ടി. അതിന്നു മുന്‍പ് മാപ്പിളപ്പാട്ടുകള്‍ അദ്ദേഹം അധികം എഴുതിയിരുന്നില്ല. പിറവികൊണ്ട് മാപ്പിളയായിരുന്നെങ്കിലും ക്രിസ്തീയ, ഹൈന്ദവസങ്കല്‍പങ്ങളൊക്കെ തന്റെ രചനയില്‍ കൊണ്ടുവന്നുകൊണ്ടാണദ്ദേഹം ഗാനാവിഷ്‌കാരം നടത്തിയത്. ആദ്യമെഴുതിയ ഇശലിമ്പം തുളുമ്പുന്ന ഖാദറില്‍ വരികള്‍ വായിച്ചപ്പോള്‍ സലാം കാരശ്ശേരിക്ക് ആഹ്ലാദം തോന്നി. അതിന് ഈണമിടാന്‍ അദ്ദേഹം ഏല്‍പിച്ചത് ആകാശവാണിയിലും ദൂരദര്‍ശനിലുമൊക്കെ 'എ ടോപ്' ആര്‍ട്ടിസ്റ്റായിരുന്ന അരീക്കോട്ടുകാരന്‍ കെ.വി അബൂട്ടിയെ. അങ്ങനെ പൂവച്ചലിന്റെ ആദ്യ മാപ്പിളപ്പാട്ട് ഗ്രാമഫോണ്‍ റെക്കോര്‍ഡായി പുറത്തുവന്നു.
ഖാദറിനെ കാണുന്നത്
ഈ ലേഖകന്‍ ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ ചുമതലയിലുള്ളപ്പോഴായിരുന്നു ഖാദര്‍ ജോലിയില്‍ പ്രവേശിച്ചത്. പിന്നീട് അണ്ടര്‍ സെക്രട്ടറിയായി സെക്രട്ടേറിയറ്റില്‍ നിന്ന് വിരമിച്ച കെ.എസ് കൃഷ്ണന്‍ നായരും ഒപ്പമുണ്ടായിരുന്നു. അവര്‍ താമസിച്ചിരുന്നത് ചന്ദ്രികയുടെ സമീപം തന്നെ. തന്റെ സൃഷ്ടികള്‍ പ്രസിദ്ധീകരിക്കുന്നതു മുതലാണ് ഞങ്ങളുടെ സൗഹൃദം സുദൃഢമാകുന്നത്. സംവിധായകന്‍ ഐ.വി ശശിക്കൊപ്പം ഖാദര്‍ കൂടി സൗഹൃദത്തിന്റെ ഭാഗമായപ്പോള്‍, നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ അലഞ്ഞുനടക്കുന്നത് നിത്യസംഭവമായി. ഇടയ്ക്ക് കോഴിക്കോട് കടല്‍ത്തീരത്ത് പോയിരിക്കുന്ന പതിവുമുണ്ട്.
ആഴ്ചപ്പതിപ്പിലേക്ക് വല്ലതും എഴുതിക്കിട്ടാന്‍ വേണ്ടി ബേപ്പൂരില്‍ വൈക്കം ബഷീറിന്റെ വീട്ടില്‍ പോകുമായിരുന്നു. അദ്ദേഹം 'ഓര്‍മയുടെ അറകള്‍' രചിക്കാനുള്ള പ്രധാന പ്രേരണ എന്റെ നിരന്തരമായ ശല്യപ്പെടുത്തല്‍ തന്നെ. പോകുമ്പോള്‍ ഉണ്ടെങ്കില്‍ പൂവച്ചലിനെയും ശശിയെയും ഞാന്‍ കൂടെക്കൂട്ടും. വീട്ടിലെത്തിയാല്‍ 'ആഹാരം കഴിച്ചതാണോ' എന്നാണ് ബഷീര്‍ ആദ്യം ചോദിക്കുക. സുലൈമാനി എന്തായാലും സംസാരിച്ചിരിക്കെ മുന്‍പിലെത്തും. ഇടയ്ക്കിടെ പോകുന്നതുകൊണ്ട് ഒരുദിവസം ബഷീര്‍ പറഞ്ഞു. 'അടുത്തദിവസം ആഹാരം ഇവിടെ നിന്നാക്കാം. കോയ സ്ഥലത്തുണ്ടെങ്കില്‍ അദ്ദേഹത്തെയും വിളിക്കണം'. ചീഫ് എഡിറ്റര്‍ സി.എച്ച് മുഹമ്മദ് കോയയെയാണ് കഥാകാരന്‍ ഉദ്ദേശിച്ചത്. ഒഴിവുദിവസമായതുകൊണ്ട് സി.എച്ചും റെഡി. മാനുസാഹിബും ബി.എം ഗഫൂറും എല്ലാം കൂടെയുണ്ടായിരുന്നു. വൈലാവിലെത്തിയ ഞങ്ങളോട് ആതിഥേയന്‍ ഇരിക്കാന്‍ പറഞ്ഞു. ഉടനെ അകത്തേയ്ക്ക് നോക്കി വിളിച്ചു:
'എടിയേ'
മൂന്നു നാലു തവണ വിളിച്ചാവര്‍ത്തിച്ചിട്ടും പ്രതികരണമൊന്നുമുണ്ടായില്ല. ഞങ്ങളെ നോക്കി ബഷീര്‍ പറഞ്ഞു:
'നിങ്ങള്‍ വിചാരിക്കണ്ട, എന്റെ ഫാബി ഭര്‍ത്താവിനെ അനുസരിക്കാത്തെ ഭാര്യയാണെന്ന്. അവള്‍ എത്താത്തത് മറ്റൊന്നുകൊണ്ടുമല്ല. പല്ലും മുടിയുമൊക്കെ എടുത്തു ഫിറ്റ് ചെയ്യാനുള്ള താമസമാ'.
ഗാനരചനയിലെ കാല്‍വയ്പ്
ഗാനരചനയ്ക്ക് ഖാദറിന് അവസരംകൊടുക്കുന്ന കാര്യം ഇടയ്ക്കിടെ ഐ.വി ശശിയോട് സൂചിപ്പിക്കുന്നുണ്ടായിരുന്നു. റേഡിയോ സിലോണ്‍, ഇലങ്ക വാനൊലിനിലയം ആയിത്തീര്‍ന്ന സമയം. ക്രിസ്ത്യന്‍ ആര്‍ട്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍സ് സെന്റര്‍ (ക്രിസ്സാര്‍ട്‌സ്), തെലുങ്ക്, കന്നഡ, തമിഴ്, മലയാളം ഭാഷകളില്‍ ക്രിസ്ത്യന്‍ ഭക്തി ഗാനങ്ങള്‍ അവതരിപ്പിച്ചിരുന്നു. റവ. ഫാദര്‍ സുവിശേഷമുത്തു ആയിരുന്നു ക്രിസ്സാര്‍ട്‌സിന്റെ ഡയറക്ടര്‍. അവര്‍ക്ക് മദ്രാസില്‍ റെക്കോര്‍ഡിങ് തീയേറ്ററും ഓര്‍ക്കസ്ട്ര വിഭാഗവും മറ്റുമുണ്ട്. സംഗീതസംവിധായകര്‍ പീറ്റര്‍ പരമശിവവും രൂപനാഥനുമായിരുന്നു. അവതാരകന്‍ ഗായകന്‍ കൂടിയായ ജെ.എം രാജുവും. (രാജുവാണ് ചെമ്മീനില്‍ സത്യന്റെ മകള്‍ പഞ്ചമിയായി അഭിനയിച്ച ശാന്ത പി. നായരുടെ മകള്‍ പാട്ടുകാരി ലതയെ കല്യാണം കഴിച്ചത്. അവരുടെ മധുവിധു രാത്രിയില്‍ ശശിയും കൂട്ടുകാരും വധുവരന്മാരെ റാഗ് ചെയ്ത കഥ കേട്ട് ഞാനും ഖാദറും ഒരുപാട് ചിരിച്ചിട്ടുണ്ട്). ശശി ഷെരീഫിന്റെ തിരക്കഥ ഫാദര്‍ സുവിക്ക് വായിച്ചുകൊടുക്കുന്നതപ്പോഴാണ്. ഗുണപാഠമുള്ള ക്രിസ്ത്യന്‍ കഥയായത് കൊണ്ട് ക്രിസ്സാര്‍ട്‌സ് അത് സിനിമയാക്കാന്‍ തീരുമാനിച്ചു. അങ്ങനെയാണ്, നിറങ്ങള്‍ കാറ്റ് വിതച്ചവനാവുന്നത്. ഉമ്മര്‍ നായകനും വിജയനിര്‍മല നായികയും (ഭാര്‍ഗവിനിലയം ഫെയിം). തെലുങ്കിലെ പ്രേംനസീറായ കൃഷ്ണനായിരുന്നു വിജയനിര്‍മലയുടെ ഭര്‍ത്താവ്. അദ്ദേഹത്തിന്റെ പ്രൊഡക്ഷന്‍ കമ്പനി തെലുങ്കില്‍ പടം ചെയ്തിട്ടുണ്ട്. അക്കാലത്താണ് ശശിയുടെ കഴിവുകളെപ്പറ്റി വിജയനിര്‍മല കൂടുതല്‍ മനസിലാക്കുന്നത്. ആര്‍ട്ട് ഡയറക്ടറും അസോസിയേറ്റുമായി ശശിയെ വച്ച് ഷെരീഫിന്റെ തിരക്കഥയില്‍ കവിത എന്ന ചിത്രം വിജയനിര്‍മല സംവിധാനം ചെയ്യാന്‍ തീരുമാനിച്ചു. അതിലെ ഗാനരചനയ്ക്ക് പി. ഭാസ്‌കരനെ ക്ഷണിച്ചുകഴിഞ്ഞിരുന്നു. അപ്പോഴാണ് പൂവച്ചലിന് ചാന്‍സ് കൊടുക്കേണ്ട കാര്യം ശശി ഓര്‍ക്കുന്നത്. വിജയനിര്‍മല അവതരിപ്പിക്കുന്ന കഥാപാത്രം കവയത്രി ആയതുകൊണ്ട് അവരുടെ മനസില്‍വിരിയുന്ന കവിതയായി കുറച്ചു വരികളെഴുതാന്‍ ശശി ഖാദറിനോട് ആവശ്യപ്പെട്ടു. ഏഴുതിക്കഴിഞ്ഞ് പുള്ളിയെ മദ്രാസിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഞാനും കൃഷ്ണന്‍നായരും കൂടിയാണ് ഖാദറിനെ യാത്രയാക്കുന്നത്. സ്വീകരിക്കാന്‍ ശശി മദ്രാസ് റെയില്‍വേ സ്റ്റേഷനില്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അങ്ങനെയാണ് പൂവച്ചലിന്റെ ഗാനരചനാ രംഗത്തെ ദീര്‍ഘയാത്രക്ക് ഹരിശ്രീ കുറിക്കുന്നത്. ആരുടെ ഉയര്‍ച്ചയും ആഹ്ലാദത്തോടെ മാത്രം കാണുന്ന ഭാസ്‌കരന്‍ മാസ്റ്റര്‍ അന്ന് തമാശയായി ചോദിച്ചുവത്രെ: 'എന്താ ശശീ എനിക്ക് കവിത എഴുതാനറിയില്ലേ?'.
അതിനുശേഷം പൂവച്ചല്‍ ഖാദറിന് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ഒരുകണക്കിന് പറഞ്ഞാല്‍ മറ്റു പല പ്രഗല്‍ഭരേക്കാളും എണ്ണംകൊണ്ട് കൂടുതല്‍ ഗാനരചന നടത്തിയ വ്യക്തി കൂടിയാണ് അദ്ദേഹം. 'അനുരാഗിണീ ഇതാ എന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍' എന്ന ഒരൊറ്റ പാട്ട് മതി ആ പ്രതിഭയെ തിരിച്ചറിയാന്‍ എന്ന് പ്രശസ്ത എഴുത്തുകാരനായ സക്കറിയ പറഞ്ഞിട്ടുണ്ട്. അതുപോലെ, 'മഴവില്ലിന്‍ അജ്ഞാതവാസം കഴിഞ്ഞു, മണിമുകില്‍ തേരിലിറങ്ങി', ഉത്സവത്തിലെ 'ആദ്യസമാഗമ ലജ്ജയിലാതിര താരകം കണ്ണടയ്ക്കുമ്പോള്‍, കായലഴിച്ചിട്ട വാര്‍മുടിപ്പീലിയില്‍ സാഗരം ഉമ്മവയ്ക്കുമ്പോള്‍...' എന്ന ഗാനവും 'സ്വയംവരത്തിന് പന്തലൊരുക്കി, നമുക്ക് നീലാകാശം, നിന്‍ വരവേല്‍പ്പിന് താലങ്ങളേന്തി താമരപ്പൊയ്കകള്‍ നീളെ' എന്ന ഗാനവും കേട്ടപ്പോള്‍ ഇദ്ദേഹം വെറുമൊരു പാട്ടെഴുത്തുകാരനല്ല, സര്‍ഗപ്രതിഭയില്‍ ഒരു കവി കൂടിയാണ് എന്ന് താന്‍ മനസിലാക്കിയതായി ശ്രീകുമാരന്‍ തമ്പി പറഞ്ഞതായി ഓര്‍ക്കുകയാണ്. ചാമരത്തിലെ 'നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍, കാതോര്‍ത്തു ഞാനിരുന്നു, ശരറാന്തല്‍ തിരിതാണു മുകിലിന്‍ കുടിലില്‍ മൂവന്തിപ്പെണ്ണുറങ്ങാന്‍ കിടന്നു' എന്ന ഗാനവും ഓമനിക്കാത്ത അധരങ്ങളുണ്ടാവില്ല.
ഭാവനയൊഴുക്കിയ വരികള്‍
പൂവച്ചല്‍ ഖാദര്‍ വിവാഹംകഴിച്ചത് പ്രേംനസീറിന്റെ കുടുംബത്തില്‍ നിന്നുള്ള അമീനയെയാണ്. ചിറയിന്‍കീഴുകാരാണല്ലോ അവര്‍. കെ.വി മഹാദേവന്‍ ചിട്ടപ്പെടുത്തിയ 'ചിത്തിരത്തോണിയില്‍ അക്കരെപ്പോകാന്‍ എത്തിടാമോ പെണ്ണേ, ചിറയിന്‍കീഴിലെ പെണ്ണേ, ചിരിയില്‍ ചിലങ്ക കെട്ടിയ പെണ്ണേ' എന്ന വരികളിലൊക്കെ ഭാവനപ്പീലി വിടര്‍ത്തിയാടുന്നതു നമുക്കുകാണാം. സലാം കാരശ്ശേരി നിര്‍മിച്ച പതിനാലാം രാവ് എന്ന ചിത്രത്തില്‍ അഹദോന്റെ തിരുമാനം എന്നു തുടങ്ങുന്ന രാഘവന്‍ മാഷ് ഈണമിട്ട് നിലമ്പൂര്‍ ഷാജി പാടിയ ഗാനവും മൂസ എരഞ്ഞോളിയും വിളയില്‍ ഫസീലയും ആലപിച്ച 'മണവാട്ടി കരം കൊണ്ട് മുഖം മറച്ചു, മൈലാഞ്ചി കവിളത്ത്...' എന്ന ഗാനവുമൊക്കെ മാപ്പിളപ്പാട്ടില്‍ ഏറെ ശ്രദ്ധ നേടിയവയാണ്.
എം.ജി രാധാകൃഷ്ണന്‍ ഈണമിട്ട 'ഏതോ ജന്മകല്‍പനയില്‍', 'നീലവാനച്ചോലയില്‍', 'പൂമാനമേ ഒരു രാഗമേഘം താ', ദശരഥം എന്ന ചിത്രത്തിലെ 'മന്ദാരച്ചെപ്പുണ്ടോ, മാണിക്യക്കല്ലുണ്ടോ കയ്യില്‍ വാര്‍മതിയേ...' ഇങ്ങനെയുള്ള വരികളൊക്കെ ഒരുപാട് സംഗീതപ്രേമികളെ ആകര്‍ഷിച്ചവയാണ്.
യാന്ത്രികയുടെ ഈ പുതിയകാലത്തെ ഒരു കുട്ടി ഈ ഗാനം പാടിയ രീതി പൂവച്ചല്‍ ഖാദര്‍ ഒരിക്കല്‍ പങ്കുവച്ചു. 'മാണിക്യച്ചെപ്പുണ്ടോ, മന്ദാരക്കല്ലുണ്ടോ' എന്നാണ് പാടിപ്പോയത്. ടൊമാട്ടോ കെച്ചപ്പൊക്കെ കഴിച്ചിട്ടുണ്ട്, ഇതേതാണ് ഈ മാണിക്യച്ചെപ്പെന്നാണ് കുട്ടി ചോദിച്ചത്.
മലയാളികള്‍ വര്‍ഷങ്ങളായി നെഞ്ചിലും അധരത്തിലും വച്ചോമനിക്കുന്ന ഗാനങ്ങളെപ്പറ്റി പറയാന്‍ ശ്രമിച്ചാല്‍ അതിനറ്റം ഉണ്ടാകില്ല. 'ജയദേവ കവിയുടെ ഗീതികള്‍ കേട്ടെന്റെ രാധേ ഉറക്കമായോ' എന്ന വരികള്‍ ഒരിക്കലെങ്കിലും മൂളിനോക്കാത്തവരുണ്ടാവില്ല. ബാബുരാജ്, എം.ബി ശ്രീനിവാസന്‍, കെ. രാഘവന്‍, ജി. ദേവരാജന്‍, രഘുകുമാര്‍, ശങ്കര്‍ഗണേഷ്, ശ്യാം, ജോണ്‍സണ്‍, കണ്ണൂര്‍ രാജന്‍, രവീന്ദ്രന്‍, കെ.വി മഹാദേവന്‍, എ.ടി ഉമ്മര്‍, ഗുണസിങ്, സുബൈര്‍, എം. ജയചന്ദ്രന്‍, എസ്.പി വെങ്കിടേഷ്, ഔസേപ്പച്ചന്‍, ശ്യാംജി ആറാട്ടുപുഴ, എം.കെ അര്‍ജുനന്‍, കെ.ജെ ജോയ്, എം.ജി രാധാകൃഷ്ണന്‍, പി.സി സുശി, റാം ലക്ഷ്മണ്‍, തേജ് മര്‍വിന്‍, രാജമണി, ജീവന്‍ പ്രകാശ്, രാജസേനന്‍, ബെന്‍ സുരേന്ദ്രന്‍, ഹെന്‍ഡ്രി പാട്രിക്, ജെറി അമല്‍ദേവ്, ഗംഗൈ അമരന്‍, കെ.സി വര്‍ഗീസ്, കോട്ടയം ജോയി, ജയ വിജയ എന്നിവരെല്ലാം പൂവച്ചലിന്റെ കവിതയ്ക്ക് രാഗസൗരഭം പകര്‍ന്നിട്ടുണ്ട്. ആ വരികള്‍ക്ക് തങ്ങളുടെ സ്വരസൗഭഗത്തിന്റെ സ്വര്‍ണം പൊതിഞ്ഞവരാകട്ടേ, യേശുദാസ്, പി. ജയചന്ദ്രന്‍, വാണി ജയറാം, പി. സുശീല, എസ്. ജാനകി, ശാന്തമ്മ, കല്യാണി മേനോന്‍, കൃഷ്ണചന്ദ്രന്‍, പി. മാധുരി, ഉണ്ണി മേനോന്‍, സുജാത, ബാലഗോപാലന്‍ തമ്പി, ചിത്ര, ജോളി അബ്രഹാം, ലതിക, ഇബ്രാഹിം, ശരത്, സുനന്ദ, പി. വസന്ത, ഔസേപ്പച്ചന്‍, കെസ്റ്റര്‍, രാധിക തിലക്, എന്‍.വി ഹരിദാസ്, എം.എസ് വിശ്വനാഥന്‍, ശ്രീവിദ്യ, കെ.ജി മാര്‍ക്കോസ്, എസ്. ലത, എസ്.പി ബാലസുബ്രഹ്മണ്യം, ജ്യോത്സ്‌ന, എം.ജി ശ്രീകുമാര്‍, എം. അബൂബക്കര്‍, രാജകുമാര്‍ ഭാരതി, കെ.പി ബ്രഹ്മാനനന്ദന്‍, മാലൂര്‍ ബാലകൃഷ്ണന്‍, സി.ഒ ആന്റോ, കൗസല്യ, എസ്.പി ശൈലജ, പി.ആര്‍ നിര്‍മല, ദിനേശ്, മുരളി, നെടുവിടു വേണു, അരുന്ധതി, ജന്‍സി, ആര്‍. കനകാംബരന്‍, ജെ.എം രാജു, ലത രാജു, കാര്‍ത്തികേയന്‍, സല്‍മ ജോര്‍ജ്ജ്, മഞ്ജുള, മേരി ശൈല, നിലമ്പൂര്‍ ഷാജി, വിളയില്‍ ഫസീല, മൂസ എരഞ്ഞോളി, സതീഷ് ബാബു, മോഹന്‍ എന്നീ പ്രഗല്‍ഭരും യൗവനദീപ്തമായ ശബ്ദത്തിനുടമയായ വ്യക്തികളും.
ഖാദറിന്റെ സഹധര്‍മിണി അമീന, മക്കള്‍ തുഷാര, പ്രസൂന, മരുമക്കള്‍ സലീം, ഷെറിന്‍ എന്നിവരെല്ലാവരുമായി മുറിച്ചെറിയാന്‍ കഴിയാത്ത ബന്ധ മുണ്ടായിരുന്നു. എന്റെ കുടുംബാംഗങ്ങളെ അവരും ഹൃദയത്തോട് ചേര്‍ത്താണ് നിര്‍ത്തിയിരുന്നത്. കണ്ണീരിന്റെ യോര്‍ദാന്‍ കരയെ പരിചയപ്പെടുത്തിയ, യാഗങ്ങളിലെ സതിയേയും ത്യാഗങ്ങളിലെ ഹൈമവതിയെയും കാണിച്ചുതന്ന പ്രാണനില്‍ പരിമളം പ്രസരിപ്പിച്ചുകൊണ്ടിരിക്കുന്ന പാട്ടുകളെ സംഗീതപ്രേമികള്‍ രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. കരളിലെ നന്തുണിക്കൊട്ടും കവിളിലെ കുങ്കുമക്കൂട്ടും അഴകിന്റെ മെതിയടി അടയാളം പതിഞ്ഞ വഴിവക്കില്‍ വിടര്‍ന്ന അറബിപ്പൂവും എന്നും മലയാള ഗാനാസ്വാദകനെ ത്രസിപ്പിച്ചു കൊണ്ടേയിരിക്കുന്നു. എന്നാല്‍ ഒരിക്കലും പുരസ്‌കാരങ്ങള്‍ അന്വേഷിച്ചു ചെല്ലാത്ത ഈ പ്രതിഭാധനന് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം പോലും ലഭിച്ചില്ലല്ലോ എന്നത് നെഞ്ചിലെ നീറ്റലായി എന്നും ഇവിടെ അവശേഷിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."