ലുഖ്മാനും തന്റെ യജമാനനും
പണ്ട് ധനികര്‍ക്ക് അടിമകളുണ്ടായിരുന്നു. ദയാലുവായ ഒരു ധനികന്റെ അടിമയായിരുന്നു ലുഖ്മാന്‍. യജമാനന്‍ ലുഖ്മാനെയും ലുഖ്മാന്‍ യജമാനനെയും അളവറ്റ് സ്‌നേഹിച്ചു. യജമാനന് ഒരുവേള തന്റെ മക്കളോടുള്ളതിനേക്കാള്‍ സ്‌നോഹമായിരുന്നു ലുഖ്മാനിനോട്.
ലുഖ്മാന്‍ വെറും ഒരടിമയാണെങ്കിലും ഒട്ടേറെ ഉല്‍കൃഷ്ട ആത്മീയ ഗുണങ്ങള്‍ അവനിലുണ്ടായിരുന്നു. യജമാനനു ലുഖ്മാനോട് അങ്ങേയറ്റത്തെ സ്‌നേഹമായിരുന്നു. എത്രത്തോളമെന്നാല്‍ ലുഖ്മാനു കൊടുക്കാതെ ഒരു ഭക്ഷണവും യജമാനന്‍ കഴിക്കുമായിരുന്നില്ല. ലുഖ്മാന്‍ കഴിക്കാതെ ഭക്ഷണം യജമാനനും കഴിക്കുമായിരുന്നില്ല.
ഉഷ്ണകാലത്ത് ഒരു ദിവസം യജമാനന്റെ ഒരു സുഹൃത്ത് തന്റെ തോട്ടത്തില്‍ നിന്നു പറിച്ചെടുത്ത നല്ല കുറച്ചു തണ്ണിമത്തനുകള്‍ സമ്മാനമായി കൊണ്ടുവന്നു. ലുഖ്മാന്‍ അവ തണുക്കുന്നതിനു വേണ്ടി ആഴം കുറഞ്ഞ കുളത്തില്‍ മുക്കിവച്ചു.
യജമാനന്‍ മധ്യാഹ്ന മയക്കം കഴിഞ്ഞ് ഉണര്‍ന്നപ്പോള്‍ ലുഖ്മാന്‍ യജമാനനു കഴിക്കുന്നതിനു വേണ്ടി തണ്ണിമത്തന്‍ എടുത്തുകൊണ്ടുവന്നു. യജമാനന്‍ കത്തികൊണ്ട് തണ്ണിമത്തന്റെ ഒരു കഷ്ണം മുറിച്ചടുത്ത് പതിവുപോലെ ലുഖ്മാനു നല്‍കി. ലുഖ്മാന്‍ അത് നന്ദിപൂര്‍വം സ്വീകരിച്ചു. ആസ്വദിച്ചു കഴിച്ചു. അവന്‍ ആസ്വദിച്ചു തിന്നുന്നതു കണ്ട യജമാനന്‍ ഒരു കഷ്ണം കൂടി മുറിച്ചെടുത്ത് അവനു നല്‍കി. അതും അവന്‍ ആസ്വദിച്ചുതിന്നപ്പോള്‍ യജമാനന്‍ അടുത്ത കഷ്ണവുംകൂടി അവനു നല്‍കി.
അവസാനം ഒരു കഷ്ണം മാത്രം ബാക്കിയായപ്പോള്‍ യജമാനന്‍ അതു സ്വയംതിന്നാം എന്നു വിചാരിച്ചു. അദ്ദേഹം സന്തോഷപൂര്‍വ്വം തണ്ണിമത്തന്‍ വായയിലേക്കു കൊണ്ടുപോവുകയും ഒരു കടി കടിക്കുകയും ചെയ്തു. അതു ചവയ്ക്കുന്നതിനു മുന്‍പു തന്നെ അതിന്റെ അസഹ്യമായ ചവര്‍പ്പ് വായിലാകെ പരന്നു. യജമാന്റെ മുഖം ചുളിഞ്ഞു വല്ലാതായി. നാവു കയ്ച്ചു. ശ്വാസം കഴിക്കാന്‍ പോലും ബുദ്ധിമുട്ടനുഭവപ്പെട്ടു.
ഒരു മണിക്കൂര്‍ കഴിഞ്ഞാണ് അദ്ദേഹത്തിന്റെ ശ്വാസഗതി നേരെയായതും എന്തെങ്കിലും മിണ്ടാന്‍ കഴിഞ്ഞതും. യജമാനന്‍ തന്റെ അടിമയോട് വാത്സല്യപൂര്‍വം ചോദിച്ചു: 'നിനക്ക് എങ്ങനെ സാധിച്ചു, വിഷംപോലെ കയ്പുള്ള ഈ തണ്ണിമത്തന്‍ മുഴുവന്‍ എന്റെ മുഖത്തു നോക്കി പുഞ്ചിരിച്ചുകൊണ്ടു തിന്നുതീര്‍ക്കാന്‍? വേദന കടിച്ചിറക്കുമ്പോഴും കണ്ണുകളില്‍ ആഹ്ലാദം നിറച്ചുവയ്ക്കാന്‍ നിനക്കെങ്ങനെ കഴിഞ്ഞു?'
ലുഖ്മാന്‍ മറുപടി നല്‍കി: 'എന്റെ ആദരണീയനായ യജമാനരെ! ഇക്കാലമത്രയും അങ്ങ് എന്നെ വിശിഷ്ട ഭോജ്യങ്ങള്‍ തന്നു സത്കരിച്ചു. ആദ്യമായാണ് രുചികരമല്ലാത്ത ആഹാരം അങ്ങയില്‍ നിന്ന് എനിക്കു ലഭിക്കുന്നത്. അതിന്റെ പേരില്‍ പരാതിപ്പെടാന്‍ ഞാന്‍ ലജ്ജിച്ചു. അങ്ങയുടെ ദയയും ഔദാര്യവുമാണ് എന്റെ നിലനില്‍പ്പിന് ആധാരം. അങ്ങനെയുളള ഞാന്‍ എങ്ങനെ കയ്പുളള ഒരനുഭവത്തിന്റെ പേരില്‍ അനിഷ്ടം കാണിക്കും?'
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."