ഡോ: തൈക്ക ശുഐബ് ആലിം മലബാറിലെ മഅ്ബര്‍
ന്ത്യന്‍ മഹാസമുദ്രത്തിന്റെ തീരത്ത് ശ്രീലങ്കക്കഭിമുഖമായി കിടക്കുന്ന പ്രദേശമാണ് മഅ്ബര്‍. മലബാറും മഅ്ബറും ദക്ഷിണേന്ത്യയിലെ രണ്ട് പ്രമുഖ മുസ്‌ലിം നാഗരികതകളാണ്. ഹിജ്‌റയുടെ ആദ്യ ദശകങ്ങളില്‍ തന്നെ ഇസ്‌ലാമിക സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായ ഈ പ്രദേശങ്ങള്‍ തമ്മിലുള്ള ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ലോക ഇസ്‌ലാമിക ചരിത്രത്തില്‍ മലബാറിനെ അടയാളപ്പെടുത്തിയ പൊന്നാനിയിലെ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം കബീറാണ് (1467-1522) മലബാറിനെയും മഅ്ബറിനെയും ആത്മീയമായും വൈജ്ഞാനികമായും വിളക്കിച്ചേര്‍ത്ത ആദ്യ കണ്ണി. മഖ്ദൂം കബീറിന്റെ പിതാവ് ശൈഖ് അലി, മഅ്ബറില്‍ നിന്നാണ് കൊച്ചിയിലെത്തിയത്. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്റെ (1532-1619) ശിഷ്യരില്‍ കായല്‍പട്ടണം സ്വദേശികളായ ഖാദി ഉസ്മാന്‍ ലബ്ബ, ഖാദി സുലൈമാന്‍ എന്നിവരെ കാണാം. ശൈഖ് സുലൈമാന്റെ (1591-1668) മകന്‍ സ്വദഖത്തുള്ളാഹില്‍ ഖാഹിരിയും (1632-1703) സഹോദരന്‍മാരും മക്കളും മലബാറുമായുള്ള ബന്ധം തുടര്‍ന്നുപോന്നു. ഈ കുടുംബത്തിലെ ശൈഖ് ഉമറുല്‍ ഖാഹിരി (1748-1801) കണ്ണൂരിലെ സയ്യിദ് മുഹമ്മദ് മൗലാ തങ്ങളില്‍ (1731-1792) നിന്നാണ് ഖാദിരിയ്യ ത്വരീഖത്ത് സ്വീകരിച്ചത്. ഉമര്‍ ഖാഹിരി കോഴിക്കോട് ശൈഖ് ജിഫ്‌രിയുടെയും (1726-1808) ശിഷ്യത്വം സ്വീകരിച്ചിരുന്നു. ഉമറുല്‍ ഖാഹിരിയുടെ ശിഷ്യപരമ്പരയിലെ മാപ്പിള ലബ്ബ ആലിം സാഹിബിന് (1816-1898) മലബാറില്‍ ശക്തമായ സ്വാധീനമുണ്ടായിരുന്നു. സാസ്‌കാരിക വ്യാപനം (ഈഹൗേൃമഹ ഉശളളൗശെീി) എന്നെല്ലാം വിശേഷിപ്പിക്കാവുന്ന ഈ ആദാനപ്രദാനത്തിന്റെ ആധുനിക കാല പ്രതിനിധിയായിരുന്നു കഴിഞ്ഞയാഴ്ച മരണപ്പെട്ട ഡോ. തൈക്ക ശുഐബ് ആലിം.
കായല്‍പട്ടണം, കീളക്കര എന്നിവ മഅ്ബറിലെ പ്രധാന പട്ടണങ്ങളാണ്. എ.ഡി 842-ല്‍ ഈജിപ്തില്‍ നിന്നു കായല്‍പട്ടണത്തെത്തിയ ഖലീഫ അബൂബക്കറിന്റെ പൗത്രന്‍ മുഹമ്മദ് അല്‍ ഖില്‍ജിയുടെ പരമ്പരയില്‍ 1930-ലാണ് ശുഐബ് ആലിം ജനിച്ചത്. ഇമാമുല്‍ അറൂസ് എന്നറിയപ്പെടുന്ന മാപ്പിള ലബ്ബ ആലിം സാഹിബ് മകന്‍ ജല്‍വത് നായകം ശാഹുല്‍ ഹമീദ് മകന്‍ ശൈഖ് നായകം അബ്ദുല്‍ ഖാദര്‍ എന്നവരാണ് പിതാവ്. കീളക്കരയിലെ മദ്‌റസത്തുല്‍ അറൂസിയ്യയില്‍ പിതാവിനു കീഴില്‍ മതപഠനം ആരംഭിച്ചു. പിന്നീട് വെല്ലൂര്‍ ബാഖിയാത്തുസ്വാലിഹാത്ത്, മദ്രാസ് ജമാലിയ്യ അറബിക് കോളജ്, ദയൂബന്ദ് ദാറുല്‍ ഉലൂം, ജാമിഅ മില്ലിയ്യ, മദീന യൂനിവേഴ്‌സിറ്റി, അല്‍ അസ്ഹര്‍ സര്‍വകലാശാല എന്നിവിടങ്ങളില്‍ ഉപരിപഠനം നടത്തി. കീളക്കര ഹമീദിയ്യ ഹൈസ്‌കൂളില്‍ നാലുവര്‍ഷം ഭൗതികപഠനം നടത്തി. സ്‌കൂളിലെ വിദ്യാര്‍ഥി നേതാവും പട്ടണത്തിലെ വിദ്യാര്‍ഥി ഫെഡറേഷന്‍ സെക്രട്ടറിയുമായി. മാതൃഭാഷയായ തമിഴും ഇതിഹാസങ്ങളും നന്നായി പഠിച്ചു. തിരുവാടുതുറൈ അധീനം നടത്തിയ തമിഴ് പരീക്ഷയില്‍ പങ്കെടുത്ത് ഒന്നാമനായതോടെ അദ്ദേഹം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് സിലോണ്‍ യൂനിവേഴ്‌സിറ്റിയില്‍ (പറദീനിയ) അറബിയും പേര്‍ഷ്യനും പ്രധാന വിഷയങ്ങളായി തിരഞ്ഞെടുത്ത് ബി.എ ഓണേഴ്‌സ് വിജയിച്ചു. അര്‍വി ഭാഷയെയും സമൂഹത്തെയും കുറിച്ചുള്ള രണ്ടു പഠനങ്ങള്‍ക്ക് അമേരിക്കയിലെ കൊളമ്പിയ പസഫിക് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് എം.എയും പി.എച്ച്.ഡിയും ലഭിച്ചു.
തമിഴ്-ശ്രീലങ്കന്‍ മുസ്‌ലിംകള്‍ ഉപയോഗിച്ചിരുന്ന അറബി-തമിഴ് ഭാഷയാണ് അര്‍വി എന്നറിയപ്പെടുന്നത്. മലബാറില്‍ പ്രചാരത്തിലുണ്ടായിരുന്ന അറബി-മലയാളത്തിന്റെ മറ്റൊരു പതിപ്പാണിത്. താന്‍ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിന്റെ സാസ്‌കാരിക സ്വത്തായ ഈ ഭാഷയെക്കുറിച്ചുള്ള ഗവേഷണത്തിന് ശുഐബ് ആലിം കൂടുതല്‍ ശ്രദ്ധ നല്‍കി. നൂറുകണക്കിന് പുരാതന ഗ്രന്ഥങ്ങള്‍ ശേഖരിക്കുകയും പഠനം നടത്തുകയും ചെയ്തു. അര്‍വി ഭാഷയോടൊപ്പം തമിഴ്-ശ്രീലങ്കന്‍ പ്രദേശങ്ങളില്‍ അറബിക്, പേര്‍ഷ്യന്‍ ഭാഷകളുടെ സാന്നിധ്യവും പഠനവിധേയമാക്കി. 1993-ല്‍ തന്റെ പഠനങ്ങള്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചു.
അറബിക്, അര്‍വി ആന്റ് പേര്‍ഷ്യന്‍ ഇന്‍ സറന്ദിബ് ആന്റ് തമില്‍നാട് (Arabic, Arwi and Persian in Sarandib and Tamil Nadu – A study of the Contributions of Sri Lanka and Tamil Nadu to Arabic, Arwi, Persian and Urdu Languages, Literature and Education)
) എന്ന 880 പേജുള്ള ഗ്രന്ഥം ഗവേഷക സമൂഹത്തിന്റെ പ്രശംസക്ക് പാത്രമായിട്ടുണ്ട്. അക്കാദമിക് സെമിനാറുകളിലും ജേണലുകളിലും ശുഐബ് ആലിം തന്റെ സാന്നിധ്യം അറിയിച്ചു. ഇന്ത്യ, ശ്രീലങ്ക, മലേഷ്യ, സിംഗപ്പൂര്‍, തായ്‌ലാന്‍ഡ്, യു.കെ. യു.എസ്.എ, ബെല്‍ജിയം, ഫ്രാന്‍സ്, ഇറാഖ്, ജോര്‍ദാന്‍, യു.എ.ഇ തുടങ്ങിയ രാഷ്ട്രങ്ങളിലായി അന്താരാഷ്ട്ര കോണ്‍ഫറന്‍സുകളില്‍ പങ്കെടുക്കുകയും റിസര്‍ച്ച് പേപ്പറുകള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അറബിക്, ഇംഗ്ലീഷ്, പേര്‍ഷ്യന്‍, ഉര്‍ദു, തമിഴ്, മലയാളം ഭാഷകള്‍ വശമുണ്ടായിരുന്നു. വിവിധ ഭാഷകളിലായി പത്തോളം പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പണ്ഡിതന്‍, അക്കാദമിക വിദഗ്ധന്‍ എന്നതോടൊപ്പം അല്‍അറൂസത്തുല്‍ ഖാദിരിയ്യ എന്ന സൂഫി സരണിയുടെ ഗുരുവുമായിരുന്നു ശുഐബ് ആലിം. മാപ്പിള ലബ്ബ ആലിം സാഹിബാണ് അറൂസിയ്യയുടെ സ്ഥാപകന്‍. തന്റെ ഗുരു തൈക്കാ സാഹിബിന്റെ മകളെ വിവാഹം കഴിച്ചതിനാലാണ് മാപ്പിള (അറൂസ്) എന്ന പേരില്‍ അറിയപ്പെട്ടത്. പിതാവ് ശൈഖ് നായകം അബ്ദുല്‍ഖാദറിന്റെ (1891-1976) വിയോഗ ശേഷം ത്വരീഖത്തിന്റെ നേതൃത്വം തൈക്ക ശുഐബില്‍ നിക്ഷിപ്തമായി. ജലാലി സരണിയുടെ തുടര്‍ച്ചയും അദ്ദേഹത്തിന് ലഭിച്ചു. ഇന്ത്യ, ശ്രീലങ്ക, ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ രാഷ്ട്രങ്ങളിലായി ആയിരക്കണക്കിന് ശിഷ്യന്‍മാര്‍ക്ക് അദ്ദേഹം മാര്‍ഗദര്‍ശനം നല്‍കി. പിതാമഹന്‍മാരുടെ പാതയില്‍ മദ്‌റസത്തുല്‍ അറൂസിയ്യയില്‍ അധ്യാപനവും നടത്തി. തമിഴ്‌നാട് ചീഫ് ഖാദി ഡോ. സലാഹുദ്ദീന്‍ അയ്യൂബ്, ശ്രീലങ്കയിലെ വെസ്‌റ്റേണ്‍ പ്രൊവിന്‍സ് ഗവര്‍ണര്‍ സയ്യിദ് അലവി മൗലാനാ, യു.എ.ഇ ഔഖാഫ് ഡെപ്യൂട്ടി ഡയറക്ടര്‍ ശൈഖ് ഇദ്‌രീസ് അല്‍ ഇദ്‌രീസി തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ചിട്ടുണ്ട്. യു.കെയിലെ ജോര്‍ജ്ജ് ടൗണ്‍ യൂനിവേഴ്‌സിറ്റിയുടെ പ്രിന്‍സ് അല്‍ വലീദ് ബിന്‍ തലാല്‍ സെന്റര്‍ ഫോര്‍ മുസ്‌ലിം ക്രിസ്ത്യന്‍ അണ്ടര്‍സ്റ്റാന്റിങ്ങും ജോര്‍ദാനിലെ റോയല്‍ ഇസ്‌ലാമിക് സ്ട്രാറ്റജിക് സ്റ്റഡീസും ഓരോ വര്‍ഷവും തയാറാക്കുന്ന ലോകത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന 500 മുസ്‌ലിംകളുടെ പട്ടികയില്‍ 2013 മുതല്‍ ഇടംപിടിച്ചു. 1994-ല്‍ രാഷ്ട്രപതി ശങ്കര്‍ ദയാല്‍ ശര്‍മയില്‍നിന്നു മികച്ച അറബി പണ്ഡിതനുള്ള ദേശീയ അവാര്‍ഡും 2016-ല്‍ ശ്രീലങ്കന്‍ പ്രസിഡണ്ട് മൈത്രപാല സിരിസേനയില്‍ നിന്ന് മതസൗഹാര്‍ദ്ദത്തിന് അര്‍പ്പിച്ച സേവനങ്ങള്‍ക്കുള്ള പുസ്‌കാരവും കരസ്ഥമാക്കി.
ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരാണ് അദ്ദേഹത്തെ ആദ്യമായി കേരളത്തിലേക്ക് കൊണ്ടുവന്നത്. 1968 ജനുവരി 28-ന് നടന്ന അഞ്ചാം വാര്‍ഷിക മൂന്നാം ബിരുദദാന സമ്മേളനത്തില്‍ പിതാവ് ശൈഖ് നായകമാണ് ക്ഷണിക്കപ്പെട്ടതെങ്കിലും മകനെയാണ് ശംസുല്‍ ഉലമായുടെ കൂടെ അയച്ചത്. യാത്രാമധ്യേ അദ്ദേഹത്തിന് സേവനം ചെയ്യാനൊരുങ്ങിയ ശംസുല്‍ ഉലമായെ അദ്ദേഹം തടഞ്ഞു. അതിന് ശംസുല്‍ ഉലമായുടെ മറുപടി ഇങ്ങനെയായിരുന്നു: ''അന്‍ത ഇബ്‌നുല്‍ വലിയ്യി ഇബ്‌നുല്‍ വലിയ്യി ഇബ്‌നുല്‍ വലിയ്യി ഇബ്‌നുല്‍ വലി..'' നിങ്ങള്‍ മഹാരഥന്‍മാരുടെ പുത്രനാണെന്നു സാരം. 1969 ജനുവരി 26ന് നടന്ന പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജ് ആറാം വാര്‍ഷിക നാലാം ബിരുദദാന സമ്മേളനത്തിന്റെ ഉദ്ഘാടകന്‍ ശുഐബ് ആലിമായിരുന്നു. 1970ലെ ഏഴാം വാര്‍ഷിക അഞ്ചാം ബിരുദദാന സമ്മേളന പോസ്റ്ററിലും അദ്ദേഹത്തിന്റെ പേര് കാണാം. വിശ്വോത്തരനായ മഹാപണ്ഡിതനും ആത്മീയനാകനുമായ ശുഐബ് ആലിം ദീര്‍ഘകാലം കേരളത്തിലാണ് താമസിച്ചിരുന്നത്. കാഞ്ഞങ്ങാട്ടെ തൈക്കാ മന്‍സില്‍ വിജ്ഞാന പ്രേമികള്‍ക്കും ആത്മീയ ദാഹികള്‍ക്കും എപ്പോഴും വിരുന്നൊരുക്കിയിരുന്നു. 2021 ജൂണ്‍ 20ന് തന്റെ തൊണ്ണൂറാം വയസില്‍ കാസര്‍കോട്ട് വച്ച് മരണപ്പെട്ടപ്പോള്‍ അരികെയുണ്ടായിട്ടും അടുക്കാന്‍ കഴിയാത്ത സങ്കടമാണ് പലരും പങ്കുവച്ചത്. കീളക്കരയിലെ അറൂസിയ്യ മഖാമില്‍ പിതാമഹന്‍മാരുടെ ചാരെ രണ്ട് കറുത്ത മീസാന്‍ കല്ലൂകൂടി ഉയര്‍ന്നുകഴിഞ്ഞു. മലബാറും മഅ്ബറും കീഴടക്കിയ ആ ത്യാഗിവര്യന്‍ ഇനി ഓര്‍മ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."