നീതിക്കായുള്ള പോരാട്ടത്തില്‍ ഹൃദയസ്പന്ദനം നിലയ്ക്കുമ്പോള്‍
ടി. മുംതാസ്
നൊന്തു പെറ്റ മാതാവ്, നോവറിയാതെ പോറ്റിവളര്‍ത്തിയ പിതാവ്, കരളിന്റെ കഷ്ണങ്ങളായ കൂടപ്പിറപ്പുകള്‍ തുടങ്ങിയവര്‍ അന്ത്യയാത്ര പറയുമ്പോള്‍ കനല്‍ കോറിയിട്ട ഹൃദയുമായി, ഭീകരമുദ്ര ചാര്‍ത്തപ്പെട്ട് നീറി നീറി അങ്ങകലെ ജയിലഴിക്കുള്ളില്‍ കഴിയേണ്ടിവരുന്ന മക്കള്‍. ഉറ്റവരുടെ മൃതദേഹം പോലും അവസാനമായി ഒരു നോക്ക് കാണാന്‍ അനുവാദം കിട്ടാതെ അടിസ്ഥാനപരമായ മനുഷ്യാവകാശം പോലും നിഷേധിക്കപ്പെടുന്നവര്‍. പൊന്നോമന മക്കളുടെ നിരപരാധിത്വം തെളിയിക്കുന്നതിനുള്ള അതിതീക്ഷ്ണ പോരാട്ടങ്ങള്‍ക്കിടെ പാതിവഴിയില്‍ ഹൃദയമിടിപ്പ് നിലച്ചുപോവുന്ന മാതാപിതാക്കള്‍. തീവ്രവാദത്തിന്റെ, ദേശദ്രോഹത്തിന്റെ മോമ്പൊടി ചേര്‍ത്ത നിയമങ്ങള്‍ ചാര്‍ത്തി വ്യാജാരോപണങ്ങളുന്നയിച്ച് വിചാരണ തടവുകാരാക്കപ്പെട്ട് ജയിലില്‍ കഴിയുന്നവര്‍, ദീര്‍ഘകാലത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ നിരപാരാധിത്വം തെളിയിച്ച് പുറത്തിറങ്ങുമ്പോഴേക്കും അവര്‍ക്ക് സര്‍വസ്വവും നഷ്ടപ്പെട്ടിരിക്കും. അവശേഷിക്കുന്നത് സമൂഹത്തില്‍ നിന്നും അധികാര കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന വിവേചനങ്ങളും കുടുംബം അനുഭവിക്കേണ്ടി വന്ന അവഹേളനങ്ങളും മാത്രമായിരിക്കും.
കൃത്യമായ തെഴിവുകള്‍ പോലുമില്ലാതെ സംശയത്തിന്റെ പേരില്‍ അറസ്റ്റിലാവുന്ന ഇത്തരക്കാര്‍ക്കുമേല്‍ ചുമത്തപ്പെടുന്നത് യു.എ.പി.എ പോലുള്ള ഭീകര വിരുദ്ധ നിയമങ്ങളാണെന്നതിനാല്‍ തന്നെ ഇവര്‍ക്കും കുടുംബങ്ങള്‍ക്കും അനുഭവിക്കേണ്ടിവരുന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ്.
ഏതെങ്കിലും കുറ്റത്തില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവരുടെ മാതാപിതാക്കള്‍, ഭാര്യ, മക്കള്‍, സഹോദരങ്ങള്‍ തുടങ്ങിയവര്‍ മരണപ്പെട്ടാല്‍ അവര്‍ക്ക് സ്വതന്ത്ര പരോള്‍ നല്‍കണമെന്നാണ് ജയില്‍ ചട്ടം. എന്നാല്‍ 'തീവ്രവാദ കേസു'കളില്‍പ്പെട്ടവര്‍ക്ക് ഈ നിയമത്തിന്റെ ആനുകൂല്യം ലഭിക്കില്ല.
ജയില്‍ശിക്ഷാ കാലത്തെ പ്രതിയുടെ സ്വഭാവം പരിഗണിച്ച് വേണം പരോള്‍ അനുവദിക്കേണ്ടതെന്ന് അഷ്ഫാഖ് വേഴ്‌സസ് സ്റ്റേറ്റ് ഓഫ് രാജസ്ഥാന്‍ കേസില്‍ സുപ്രിം കോടതി ഉത്തരവിട്ടിരുന്നു. ഇതും യു.എ.പി.എ കേസുകളില്‍ പരിഗണിക്കപ്പെടാറില്ല. നമ്മുടെ കൊച്ചുകേരളത്തില്‍ തന്നെ ഭീകരനിയമങ്ങളുടെ പിടിയിലകപ്പെട്ട നിരവധി പേരുടെ മാതാപിതാക്കള്‍ നിയമ പോരാട്ടങ്ങളുമായി പരക്കം പായുന്നതിനിടെ മക്കളുടെ മോചനം എന്ന സ്വപ്‌നം പൂവണിയാതെ, അടയാത്ത മിഴികളുമായി അന്ത്യയാത്രയായിക്കഴിഞ്ഞു.
ഉമ്മുടെ റൂഹ് വിടപറയുമ്പോള്‍ ഫോണ്‍ കോളായി കാപ്പന്‍
ഒന്‍പതുമാസം മുന്‍പ് സിദ്ദീഖ് കാപ്പന്‍ ഡല്‍ഹിയിലേക്ക് യാത്ര തിരിക്കുമ്പോള്‍ ഉമ്മറക്കോലായിലിരുന്ന് അദ്ദേഹത്തെ യാത്രയാക്കിയതായിരുന്നു ഉമ്മ കദീജക്കുട്ടി. കാര്യങ്ങളെല്ലാം കീഴ്‌മേല്‍ മറിഞ്ഞതും ഉമ്മ കിടപ്പിലായതും വളരെ പെട്ടെന്നായിരുന്നു. കഴിഞ്ഞ ആഴ്ച ആ ഉമ്മ മരിക്കുമ്പോള്‍ അങ്ങകലെ മഥുരയിലെ ജയിലഴികള്‍ക്കുള്ളില്‍ നിന്ന് ദിവ്യബോധനമെന്നപോലെ സിദ്ദീഖ് കാപ്പന്‍ എന്ന ബാവയുടെ വിളിയെത്തി. 'ഉമ്മ പോയല്ലെ' എന്ന് മാത്രം ചോദിച്ച് ഫോണ്‍ കട്ടായി. എന്റുമ്മ എന്നെ കാണാതെ എങ്ങോട്ടും പോവില്ല എന്ന കാപ്പന്റെ സ്വപ്‌നം, ആഗ്രഹം എല്ലാം അവിടെ തകരുകയായിരുന്നു.
യു.പിയില്‍ ദലിത് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തി മൃതദേഹം പൊലിസ് കത്തിച്ചുകളഞ്ഞ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാധ്യമ പ്രവര്‍ത്തകനെ യു.പി പൊലിസ് അറസ്റ്റ് ചെയ്ത് രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലിലടയ്ക്കുമ്പോള്‍ ആ ഉമ്മയ്ക്ക് പറയത്തക്ക അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇടുപ്പെല്ലിന്റെ ശസ്ത്രക്രിയ കഴിഞ്ഞ് ആരോഗ്യം വീണ്ടെടുത്തുവരികയായിരുന്നു അവര്‍. അറസ്റ്റിനെക്കുറിച്ച് കദീജക്കുട്ടിയോട് ആരും ഒന്നും പറഞ്ഞിരുന്നില്ല. രണ്ടുമാസത്തോളം ഇങ്ങനെ കഴിച്ചുകൂട്ടി. പക്ഷേ, ബാവ വിളിക്കാതായതോടെ അവരുടെ മനസില്‍ ആധിയായി. കാണുന്നവരോടൊക്കെ അവര്‍ ചോദിച്ചു. ബാവ എപ്പോള്‍ വരും. എനിക്ക് അവനെ കാണണം. ഡല്‍ഹിയില്‍ നിന്ന് വരാന്‍ കഴിയാഞ്ഞിട്ടാണെന്ന് മാത്രമായിരുന്നു ബന്ധുക്കള്‍ അവരോട് പറഞ്ഞിരുന്നത്.
ഭീകരനിയമം ചാര്‍ത്തപ്പെട്ട് മകന്‍ അന്യനാട്ടില്‍ ജിയിലിലാണെന്ന് അറിയില്ലെങ്കിലും അവന് എന്തോ ആപത്ത് സംഭവിച്ചിട്ടുണ്ടെന്ന് ആ മാതാവിന്റെ ഉപബോധ മനസ് തിരിച്ചറിഞ്ഞിരുന്നു. നാള്‍ക്കുനാള്‍ അവരുടെ ആരോഗ്യം ക്ഷയിച്ചുകൊണ്ടിരുന്നു. ഭക്ഷണം പോലും കഴിക്കാന്‍ കഴിയാതായി. ഓര്‍മ നഷ്ടപ്പെട്ടുതടങ്ങി. ഇടയ്ക്ക് നാലു ദിവസത്തെ ജാമ്യത്തില്‍ സിദ്ദീഖ് എത്തിയപ്പോള്‍ ആ മാതാവിന് പറഞ്ഞറിയിക്കാന്‍ കഴിയാത്ത മാറ്റമായിരുന്നു ഉണ്ടായത്. സംസാരിക്കാന്‍ കഴിയാതിരുന്ന കദീജക്കുട്ടി സംസാരിച്ചു തുടങ്ങി. ബാവയെ ഇനി എങ്ങോട്ടും പറഞ്ഞയക്കരുതെന്ന് മൂത്തമകനോട് പറയാനും അവര്‍ മറന്നില്ല. പക്ഷേ, ഏഴു മക്കളില്‍ താനേറ്റം പുന്നാരിച്ച ഇളയകുട്ടി തന്റെ അടുത്ത് നിന്ന് അപ്രത്യക്ഷമായതോടെ അവരുടെ അസുഖം വീണ്ടും മൂര്‍ച്ഛിച്ചു. ഓര്‍മ തിരിച്ചുകിട്ടുമ്പോഴൊക്കെ ബാവയെ തിരക്കിക്കൊണ്ടിരുന്നു. താന്‍ യാത്രയാകുമ്പോള്‍ അവന്‍ അടുത്തുണ്ടാവണമെന്ന് ഏതൊരു മാതാവിനെയും പോലെ അവരും ആഗ്രഹിച്ചുകാണും. മകനെ ചുറ്റിവരിയപ്പെട്ട ഭീകര നിയമത്തിന്റെ ആഴം അറിയാതെ, അവനെ അവസാനമായി ഒരു നോക്ക് കാണാനാവാതെ ആ ഉമ്മ യാത്രയായി. ഹൃദയം കീറിമുറിക്കുന്ന വേദനയോടെ ആണെങ്കിലും, ജാമ്യത്തിന് അപേക്ഷിച്ച് താന്‍ എത്തുന്നതുവരെ കാത്തിരിക്കാതെ മൃതദേഹം മറവുചെയ്യാന്‍ കാപ്പന്‍ സമ്മതം നല്‍കി. കനത്ത പൊലിസ് ബന്ധവസ്സില്‍ താന്‍ വീട്ടിലെത്തിയാല്‍ വീട്ടുകാരുടെ സമാധാനം പോലും നഷ്ടപ്പെടുമെന്ന് തിരിച്ചറിഞ്ഞത് കൊണ്ടും ഉമ്മയുടെ ഓര്‍മകളുള്ള വീട്ടില്‍ നിന്നുള്ള മടക്കം കൂടുതല്‍ വേദനിപ്പിക്കുമെന്നതിനാലും ജയിലറക്കുള്ളിലിരുന്നു വിങ്ങിപ്പൊട്ടുന്ന മനസോടെ, കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ഥനകളോടെ കാപ്പനും തന്റെ മാതാവിന് യാത്രമൊഴി പറഞ്ഞു. കാപ്പനും കൂടെ അറസ്റ്റിലായവര്‍ക്കും എതിരേ ചുമത്തിയ കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചു എന്ന കേസ് തെളിവുകളുടെ അഭാവത്തില്‍ കോടതി തള്ളിയെങ്കിലും മോചനം നീണ്ടുപോവുകയാണ്. ഒരുനാള്‍ ജയില്‍ മോചിതനായി ബാവ എത്തുമ്പോള്‍ ഉമ്മറത്ത് ഉമ്മയുണ്ടാവില്ല അദ്ദേഹത്തെ സ്വീകരിക്കാന്‍.
മരിച്ചിട്ടും മഴയത്തു
നിര്‍ത്തപ്പെട്ട രാജന്‍
ഭീകരനിയമങ്ങളുടെ മറവില്‍ നടമാടപ്പെട്ട പൈശാചിക ക്രൂരതകളെ കേരളീയ ജനത ആദ്യമായി കേട്ടറിഞ്ഞത് ഈച്ചരവാര്യര്‍ എന്ന ഒരച്ഛന്റെ നിയമ പോരാട്ടങ്ങളിലൂടെയാണ്. തന്റെ ആയുസും സമ്പാദ്യത്തിന്റെ വലിയൊരു പങ്കും ചെവഴിച്ചിട്ടും മകന്റെ മൃതദേഹം എന്ത് ചെയ്‌തെന്നു പോലും അറിയാന്‍ സാധിക്കാതെ 'എന്റെ നിഷ്‌കളങ്കനായ കുഞ്ഞിനെ മരിച്ചിട്ടും നിങ്ങളെന്തിനാണ് മഴയത്ത് നിര്‍ത്തിയിരിക്കുന്നത്' എന്ന ചോദ്യം ബാക്കിയാക്കി, മിഴിയടയാതെ ഈ ലോകത്ത് നിന്ന് വിടവാങ്ങിയ അച്ഛന്‍.
അടിയന്തരാവസ്ഥാക്കാലത്ത് 1976 മാര്‍ച്ച് ഒന്നിനാണ് നക്‌സല്‍ബന്ധം ആരോപിച്ച് കോഴിക്കോട് റീജിയനല്‍ എന്‍ജിനീയറിങ് കോളജ് അവസാനവര്‍ഷ വിദ്യാര്‍ഥിയായിരുന്ന രാജനെ അറസ്റ്റ് ചെയ്യുന്നത്. പിന്നീടങ്ങോട്ട് പ്രൊഫസര്‍ ഈച്ചരവാര്യര്‍ എന്ന അച്ഛന്‍ സഹിച്ചത് കേരളത്തില്‍ അന്നുവരെ ഒരു പിതാവും അനുഭവിച്ചിട്ടില്ലാത്ത അത്രയും വേദനയും അവഗണനകളുമായിരുന്നു. രാജനെ അറസ്റ്റ്‌ചെയ്തതും കക്കയം പൊലിസ് ക്യാംപില്‍ ഇട്ട് അതിക്രൂരമായി പീഡിപ്പിച്ചതും മാത്രമേ പുറംലോകത്തിനറിയൂ.
ഇന്നത്തെ യു.എ.പി.എക്ക് തുല്യമായ മെയിന്റനന്‍സ് ഓഫ് ഇന്റേണല്‍ സെക്യൂരിറ്റി ആക്റ്റ് (മിസ) പ്രകാരമായിരുന്നു അറസ്റ്റ്. മകന്റെ തിരോധാനത്തെക്കുറിച്ച് വളരെക്കാലം ഈച്ചരവാര്യര്‍ അവന്റെ അമ്മ രാധയോട് പറഞ്ഞിരുന്നില്ല. മകനെ കാണാതായതോടെ മാതാവ് മാനസികമായി തകര്‍ന്നു. രാജനുവേണ്ടി അവര്‍ എല്ലാദിവസവും ഭക്ഷണം കരുതി വച്ചിരുന്നു. വീടിന്റെ ഉമ്മറപ്പടിക്കല്‍ അവന്റെ കാല്‍പ്പെരുമാറ്റം കേള്‍ക്കാന്‍ 24 വര്‍ഷം കാത്തിരിരുന്ന ആ മാതാവ് മകനെ ഒരു നോക്ക് കാണാന്‍ കഴിയാതെ വിടപറഞ്ഞു.
അന്നത്തെ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായി അടുത്ത ബന്ധമുണ്ടായിട്ടും പൗരാവകാശ പ്രവര്‍ത്തകനും എഴുത്തുകാരനും എല്ലാമായിരുന്നിട്ടും പ്രൊഫ. ഈച്ചരവാര്യടെ പോരാട്ടങ്ങള്‍ക്ക് ഫലമൊന്നും കണ്ടില്ല. കേരളത്തില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ സ്വീകരിച്ചുകൊണ്ട് കേരളഹൈക്കോടതി ഉത്തരവിടുന്ന ആദ്യകേസാണ് രാജന്‍ തിരോധാനം. അതില്‍ രാജന്‍ പൊലിസ് ക്യാംപില്‍വച്ച് കൊല്ലപ്പെട്ടുവെന്ന് കണ്ടെത്തിയെങ്കിലും മൃതദേഹം എന്തുചെയ്‌തെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല. സന്ധിയല്ലാത്ത നിരന്തര പോരാട്ടത്തിനിടെ 2006 ഏപ്രില്‍ മാസത്തില്‍ മകന് നീതി ലഭിക്കുന്നതുകാണാന്‍ കഴിയാതെ ആ പിതാവിന്റെയും ശ്വാസം നിലച്ചു.
വേരുകളെല്ലാം അറ്റുപോയ നിസാമുദ്ദീന്‍
2006 ഓഗസ്റ്റ് 15ന് പാനായിക്കുളം ഹാപ്പി ഓഡിറ്റോറിയത്തില്‍ നടന്ന സ്വാതന്ത്ര്യദിന സെമിനാറിന്റെ പേരില്‍ പൊലിസ് ഭീകരമുദ്രയടിച്ച പാനായിക്കുളം ജാസ്മിന്‍ മന്‍സിലില്‍ നിസാമുദ്ദീന്‍ തന്റെ നിരപരാധിത്വം തെളിയിച്ച് പുറത്തുവരുമ്പോഴേക്കും രക്തബന്ധത്തില്‍പ്പെട്ട എല്ലാവരെയും അദ്ദേഹത്തിന് നഷ്ടപ്പെട്ടിരുന്നു. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യത്തെ എന്‍.ഐ.എ കേസായിരുന്നു ഇത്. കേസ് വിചാരണയ്ക്കിടെ ഉപ്പ മരണത്തിന് കീഴടങ്ങി. പിന്നീട് എന്‍.ഐ.എ കോടതി കേസില്‍ കുറ്റാരോപിതരായ രണ്ടുപേരെ 14 വര്‍ഷവും റിസാമുദ്ദീന്‍ അടക്കം മൂന്നു പേരെ 12 വര്‍ഷത്തെ തടവിനും ശിക്ഷിച്ചു. മൂന്നു വര്‍ഷവും അഞ്ചു മാസവും ജയിലില്‍ കഴിഞ്ഞ ശേഷം കേരള ഹൈക്കോടതി കുറ്റവിമുക്തമാക്കി പുറത്തെത്തുമ്പോഴേക്കും ഉമ്മ ഫാത്തിമാ ബീവിയും ഏക സഹോദരി ജാസ്മിനും നിസാമുദ്ദീന്റെ മോചനം കാണാന്‍ സാധിക്കാതെ കാന്‍സര്‍ ബാധിച്ചു മരണത്തിന് കീഴടങ്ങിയിരുന്നു.
2015ല്‍ നിസാമുദ്ദീന്‍ ശിക്ഷിക്കപ്പെട്ട് ജയിലിലടയ്ക്കപ്പെടുമ്പോള്‍ തന്നെ ഉമ്മ കാന്‍സര്‍ ബാധിതനായിരുന്നു. ഉമ്മയുടെ ആരോഗ്യസ്ഥിതി പരിതാപകരമാണെന്നും പരിചരിക്കാന്‍ ഏക മകനായ തനിക്ക് ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടും ലഭിച്ചില്ല. മരിച്ചതിന് ശേഷവും എസ്‌കോട്ട് പരോളിലായിരുന്നു നിസാമുദ്ദീനെ വീട്ടിലെത്തിച്ചത്. മാതാവ് മരിച്ച് ഒരു വര്‍ഷത്തിനകം തന്നെ സഹോദരി ജാസ്മിനും കാന്‍സര്‍ പിടിയിലകപ്പെട്ട് സഹോദരന്റെ മോചനത്തിന് കാത്തിരിക്കാതെ വിടചൊല്ലി.
മകന്‍ തീവ്രവാദിയായിരുന്നില്ലെന്ന്
തെളിയിക്കാനായി പോരാടിയ ഗോപിനാഥപിള്ള
വ്യാജ ഏറ്റുമുട്ടലിലൂടെ ഗുജറാത്ത് പൊലിസ് കൊലപ്പെടുത്തിയ മകന്‍ തീവ്രവാദിയായിരുന്നില്ല, മുസ്‌ലിമായിരുന്നു എന്ന് തെളിയിക്കാനുള്ള പോരാട്ടം പാതിവഴിയില്‍ അവസാനിപ്പിച്ചാണ് ഗോപിനാഥപിള്ള 2018 ഏപ്രില്‍ 14ന് മൃതിയടഞ്ഞത്. പ്രാണേഷ്‌കുമാര്‍ എന്ന മകന്റെ നിരപരാധിത്വം തെളിയിക്കുന്നതിനു ഗോപിനാഥപിള്ള പ്രായത്തെ വകവയ്ക്കാതെ നടത്തിയ പോരാട്ടങ്ങള്‍ ഇന്ത്യയില്‍ കോട്ടുകേള്‍വിയില്ലാത്തതായിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടു എന്നാരോപിച്ചായിരുന്നു പ്രാണേഷ്‌കുമാര്‍ എന്ന ജാവേദ് ഷെയ്ഖിനെ അടക്കം നാലുപേരെ ഗുജറാത്ത് പൊലിസ് കൊലപ്പെടുത്തിയത്. ഗുജറാത്ത് സര്‍ക്കാര്‍ അതിനീചമായി ആസൂത്രണംചെയ്ത അരുംകൊലയായിരുന്നു അതെന്ന് പൊലിസ് ഉദ്യോഗസ്ഥന്‍ തന്നെ ബോധ്യപ്പെടുത്തിയതോടെ മകന്റെ നിരപരാധിത്വം തെളിയിക്കാനുള്ള പോരാട്ടത്തിലായിരുന്നു ആ പിതാവ്. ഇതിന്റെ എല്ലാ തെളിവുകളും ഇതിനകം മാലോകര്‍ക്ക് മുന്നിലെത്തിക്കാന്‍ ഏറെ പണിപ്പെട്ടു. നിയമ പോരാട്ടത്തിനിടെ കൊടിയ യാതനകളാണ് ആ അച്ഛന് അനുഭവിക്കേണ്ടിവന്നത്. നിങ്ങളുടെ മകന്‍ മുസ്‌ലിമായത് തന്നെയാണ് ഏറ്റവും വലിയ തെറ്റ് എന്നായിരുന്നു ഗുജറാത്തിലെ പല ഉദ്യോഗസ്ഥരുടെയും സമീപനം. 2004 ജൂണ്‍ 15നാണ് ജാവേദ് ഷെയ്ഖ് അടക്കം നാലുപേര്‍ കൊല്ലപ്പെട്ട വിവരം ലോകം അറിഞ്ഞത്. മോദി പിന്നീട് പ്രധാനമന്ത്രിയായപ്പോഴും തെല്ലും ഭയമില്ലാതെ ഗോപിനാഥപിള്ള ആലപ്പുഴയിലെ താമരക്കുളത്ത് നിന്ന് കേസ് നടത്താന്‍ ഗുജറാത്തിലേക്ക് വണ്ടികയറി. തീവ്രവാദിയുടെ അച്ഛനെന്ന പേരുദോഷം പേറി നടക്കാനാവില്ലെന്ന ദൃഢനിശ്ചയമാണ് വാര്‍ധക്യത്തിലും അദ്ദേഹത്തെ നിയമ പോരാട്ടത്തിന് പ്രേരിപ്പിച്ചത്. 14 വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിലായിരുന്നു വാഹനാപകടത്തിന്റെ രൂപത്തില്‍ ഗോപിനാഥപിള്ളയെ മരണം തട്ടിയെടുത്തത്.
നരേന്ദ്ര മോദിക്കെതിരേ മോശം പരാമര്‍ശം നടത്തിയെന്ന പേരില്‍ സ്വന്തം സമുദായ സംഘടനയില്‍ നിന്ന് പോലും പുറത്താക്കപ്പെട്ടെങ്കിലും ഗോപിനാഥപിള്ള മകന്റെ നിരപരാധിത്വം തെളിയിക്കുന്നതിനുള്ള പോരാട്ടത്തില്‍ നിന്നു പിന്നോട്ട് പോയിരുന്നില്ല.
മഅ്ദനിയുടെ മാതാവ്
അസ്മാബി
രണ്ട് ഭീകരവാദ കേസുകളിലായി ജീവിതത്തിന്റെ 20 വര്‍ഷത്തിലധികം വിചാരണത്തടവുകാരനായി ജിയിലറയ്ക്കുള്ളില്‍ ഹോമിക്കപ്പെടുന്ന പി.ഡി.പി ചെയര്‍മാന്‍ അബുന്നാസര്‍ മഅ്ദനിയുടെ ജീവിതം പറഞ്ഞറിയിക്കാന്‍ കഴിയാത്ത ദുരിതങ്ങള്‍ നിറഞ്ഞതാണ്. കോയമ്പത്തൂര്‍ സ്‌ഫോടനകേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് ഒന്‍പതര വര്‍ഷം ജയിലില്‍ കഴിഞ്ഞ് ഒടുവില്‍ നിരപരാധിയെന്ന് കണ്ടെത്തി കോടതി മഅ്ദനിയെ മോചിപ്പിച്ചപ്പോള്‍, ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് മാതാവ് അസ്മാബിയായിരുന്നു. എന്നാല്‍ അവരുടെയും മറ്റ് കുടുംബാംഗങ്ങളുടെയും സന്തോഷം അധികകാലം നീണ്ടുനിന്നില്ല. വൈകാതെ തന്നെ ബംഗളൂരു സ്‌ഫോടന കേസില്‍ പ്രതിചേര്‍ത്ത് വീണ്ടും ജയിലറയ്ക്കുള്ളില്‍ തളച്ചു. കോയമ്പത്തൂര്‍ ജയിലില്‍ കഴിയുമ്പോഴായിരുന്നു വല്യുമ്മ മരിച്ചത്. അന്ന് കേസിലെ ആരോപണ വിധേയരായ 167 പേരില്‍ 166 പേര്‍ക്കും ജാമ്യം അനുവദിച്ചിട്ടും മഅ്ദനിക്കുമാത്രം ജാമ്യം അനുവദിച്ചിരുന്നില്ല. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായിരുന്നിട്ടുകൂടി വളരെ ക്രൂരമായാണ് പെരുമാറിയത്.
തന്നെ ജയിലിന് പുറത്തുകൊണ്ടുപോകരുതെന്ന ബാന്‍ ഓര്‍ഡര്‍ ഉണ്ടായതുകൊണ്ട് കോടതി വിചാരിച്ചാലും പരോള്‍ ലഭിക്കുമായിരുന്നില്ല. വല്യുമ്മ മരണപ്പെട്ടപ്പോള്‍ പരോള്‍ ഒത്തുവന്നെങ്കിലും അന്ന് കേരളം ഭരിച്ചിരുന്ന, താന്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണയോടെ അധികാരത്തിലെത്തിയ അന്നത്തെ മുഖ്യമന്ത്രി എതിര്‍ത്തതുകൊണ്ട് പരോള്‍ തള്ളുകയായിരുന്നു. നിരപരാധിത്വം തെളിയിച്ച് പുറത്തിറങ്ങാന്‍ ഒന്‍പതര വര്‍ഷം വേണ്ടിവന്നു.
2008ല്‍ ബംഗളൂരു നഗരത്തിലെ ഒന്‍പതിടങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളില്‍ പങ്കുണ്ടെന്ന് ആരോപിച്ച് 2010 ഓഗസ്റ്റ് 17നാണ് കൊല്ലം കരുനാഗപ്പള്ളി അന്‍വാര്‍ശ്ശേരിയില്‍നിന്ന് കര്‍ണാടക പൊലിസ് മഅ്ദനിയെ അറസ്റ്റ് ചെയ്തത്. കേസില്‍ വിചാരണത്തടവ് അനുഭവിക്കുന്ന മഅ്ദനി ഇപ്പോഴും വിചാരണ നേരിടുകയാണ്. ബംഗളൂരു എന്‍.ഐ.എ കോടതിയില്‍ നടക്കുന്ന വിചാരണ അനന്തമായി നീളുന്നത് സുപ്രിംകോടതി തന്നെ ചൂണ്ടിക്കാട്ടിയപ്പോള്‍ നാല് മാസത്തിനകം കേസ് തീര്‍ക്കാമെന്ന് 2014ല്‍ അന്വേഷണ സംഘം നല്‍കിയ സത്യവാങ്മൂലം കടലാസിലൊതുങ്ങി.
ഇതിനിടെ മകന്റെ മോചനത്തിനായി മനമുരുകി പ്രാര്‍ഥിച്ചുകൊണ്ടിരുന്ന മാതാവ് അസ്മാബി അര്‍ബുദം ബാധിച്ച് 2018ല്‍ മരണത്തിന് കീഴടങ്ങി. ബംഗളൂരു കേസില്‍ മഅ്ദനിക്കെതിരേ തെളിവുകളൊന്നുമില്ലാതിരുന്നിട്ടും മോചനം നീണ്ടുപോവുകയാണ്. കടുത്ത നിയന്ത്രണങ്ങളോടെ ജാമ്യത്തില്‍ കഴിയുകയാണ് മഅ്ദനി.
സഹോദരനെ നഷ്ടപ്പെട്ട
സക്കരിയ
പതിനെട്ടാം വയസില്‍ ബംഗളൂരു സ്‌ഫോടനക്കസില്‍ പ്രതിചേര്‍ക്കപ്പെട്ട പരപ്പനങ്ങാടി സ്വദേശി സക്കരിയക്ക് അന്യായമായ തടങ്കലിനിടെ നഷ്ടപ്പെട്ടത് എല്ലാമെല്ലാമായ സഹോദരനെയായിരുന്നു. 12 വര്‍ഷത്തിനിടെ മൂന്ന് തവണ മാത്രമാണ് സക്കരിയക്ക് ജാമ്യം അനുവദിക്കപ്പെട്ടത്. ഒന്ന് സഹോദരന്റെ വിവാഹത്തിനും മറ്റൊന്ന് അതേ സഹോദരന്റെ ദാരുണവിയോഗം ഉണ്ടായപ്പോഴും. പിന്നെ രോഗിയായ മാതാവിനെ കാണാനും. 2009 ഫെബ്രുവരി അഞ്ചിനാണ് സക്കരിയയെ കര്‍ണാടക പൊലിസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുക്കുന്നത്. തിരൂരിലെ മൊബൈല്‍ കടയില്‍ ജോലിചെയ്തിരുന്ന സക്കരിയ സ്‌ഫോടനത്തിന് ആവശ്യമായ ചിപ്പ് നിര്‍മിക്കാന്‍ സഹായിച്ചെന്ന കുറ്റം ചുമത്തിയാണ് കര്‍ണാടക പൊലിസ് ആദ്യം കസ്റ്റഡിയിലെടുക്കുന്നത്. സക്കരിയ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുകയാണിപ്പോഴും.
സഹോദരന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ ജാമ്യത്തിന് അപേക്ഷിച്ചപ്പോള്‍ 'ഇനി പോയിട്ട് എന്ത് ചെയ്യാനാണ്, മരിച്ചുകഴിഞ്ഞില്ലേ, മൃതദേഹം സംസ്‌കരിച്ചില്ലേ'യെന്നായിരുന്നു പ്രോസിക്യൂട്ടര്‍ ചോദിച്ചതെന്ന് മഅ്ദനി ഈയിടെ വ്യക്തമാക്കിയിരുന്നു. കോടതിയില്‍ ഒറ്റ സാക്ഷിമൊഴിപൊലും എതിരേ വരാതെ ജയിലടക്കപ്പെട്ട സക്കരിയ നിരപരാധിയാണെന്ന് വിസ്താര സമയത്ത് അന്വേഷണ ഉദ്യോഗസ്ഥന്‍ ഓംകാരയ്യ പോലും സമ്മതിച്ചിട്ടുണ്ടെന്നും മഅ്ദനി ചൂണ്ടിക്കാട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."