വെള്ളം കുടി നല്ലതു തന്നെ..അധികമായാലോ അത്യന്തം അപകടം
വെള്ളം കുടി നല്ലതു തന്നെ..അധികമായാലോ അത്യന്തം അപകടം
ശരീരത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് വെള്ളം കുടി അത്യാവശ്യമാണ്. വെള്ളം നന്നായി കുടിക്കണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ നിരന്തരം നമ്മെ ഓര്‍മിപ്പിക്കാറുമുണ്ട്. എന്നാല്‍ വെള്ളം കുടി അധികാമായാല്‍ എന്താണ് സംഭവിക്കുക എന്നതിനെ കുറിച്ച് ചിന്തിട്ടുണ്ടോ. അങ്ങേഅറ്റം അപകടകരമാണ് അത്. മരണം വരെ സംഭവിച്ചേക്കാം. ഒരാള്‍ എത്ര വെള്ളം കുടിക്കണം എന്നതിന് നിശ്ചിത ഫോര്‍മുല.ാെന്നുമില്ല. ദിവസം എട്ടു ഗ്ലാസ് വെള്ളം എന്നാണ് പൊതുവെ പറയുന്നത്. എന്നാല്‍ ശരീരഭാരം, കാലാവസ്ഥ, എന്നിവയൊക്കെ കണക്കിലെടുത്താല്‍ ഓരോരുത്തരുടെയും ഉള്ളിലെത്തേണ്ട വെള്ളത്തിന്റെ അളവില്‍ വ്യത്യാസമുണ്ടാകും. നാം ചെയ്യുന്ന വ്യായാമ മുറകള്‍, നമ്മുടെ ആരോഗ്യ സ്ഥിതി, ഗര്‍ഭധാരണം അല്ലെങ്കില്‍ മുലയൂട്ടല്‍ തുടങ്ങിയ അവസ്ഥകളും വെള്ളത്തിന്റെ അളവിനെ ബാധിക്കുന്നു. ആവശ്യമായതിലും അധികം വെള്ളം ശരീരത്തിലെത്തിയാല്‍ ശരീരത്തിന്റെയാകെ പ്രവര്‍ത്തനത്തെ അത് ബാധിക്കും എന്നാണ് പഠനം പറയുന്നത്. കണക്കില്ലാതെ വെള്ളം കുടിക്കുന്നവര്‍ അറിയേണ്ട പല കാര്യങ്ങളുണ്ട്. നമുക്ക് നോക്കാം.
ഹൈപ്പൊനേട്രീമിയ എന്ന രോഗാവസ്ഥയാണ് വെള്ളംകുടി അധികമായാല്‍ ശരീരം നേരിടുന്ന പ്രധാന വെല്ലുവിളി. വെള്ളം ഒരുപാട് ഉള്ളിലെത്തുന്നത് ശരീരത്തിലെ സോഡിയത്തിന്റെ അളവ് കുറയ്ക്കും. ശരീരത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ഏറ്റവും ആവശ്യമായ ഇലക്ട്രോലൈറ്റുകളിലൊന്നാണ് സോഡിയം. ഹൈപ്പോനേട്രീമിയ ഉണ്ടായാല്‍ ശരീരത്തിലെ കോശങ്ങള്‍ വീര്‍ക്കാന്‍ തുടങ്ങും.
ചെറിയ തലവേദന, ഛര്‍ദി, തലചുറ്റല്‍ എന്നിവയൊക്കെയാണ് ഹൈപ്പോനേട്രീമിയയുടെ പ്രധാന ലക്ഷണങ്ങള്‍. ഈ രോഗമുണ്ടായാല്‍ ശരീരം കോമയിലാവുകയോ ചിലപ്പോള്‍ മരണം വരെ സംഭവിക്കുകയോ ചെയ്‌തേക്കാമെന്ന് ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആകാശ് ഹെല്‍ത്ത്‌കെയേഴ്‌സിന്റെ ഡയറക്ടര്‍ ഡോ.ഉമേഷ് ഗുപ്തയെ ഉദ്ധരിച്ച് ദി ഹെല്‍ത്ത് സൈറ്റ്.കോം റിപ്പോര്‍ട്ട് ചെയ്യുന്നു.
നിങ്ങള്‍ അമിതമായി വെള്ളം കുടിക്കുന്നു എന്നതിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണ്?
നിങ്ങളുടെ മൂത്രത്തിന്റെ നിറം നിരീക്ഷിക്കുക എന്നതാണ് നിങ്ങള്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടോ എന്ന് നിര്‍ണ്ണയിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം. ശരീരത്തിലെ യുറോക്രോം എന്ന പിഗ്മെന്റും ജലവും കൂടിച്ചേര്‍ന്ന് ഇളം മഞ്ഞ മുതല്‍ ഏതാണ്ട് സ്വര്‍ണ നിറം വരെയാണ് ആരോഗ്യമുള്ള ഒരാളുടെ മൂത്രത്തിന്റെ നിറം. വളരെ ക്ലിയര്‍ ആയ മൂത്രം ആണെങ്കില്‍ നിങ്ങള്‍ കുടിക്കുന്ന വെള്ളത്തിന്റെ അളവ് കൂടുതലാണെന്ന് മനസ്സിലാക്കാം.
പതിവിലേറെ ടോയ്‌ലറ്റില്‍ പോകുന്നത്. ഒരുദിവസം ശരാശരി ആറ് മുതല്‍ എട്ടു തവണ വരെയൊക്കെയാണ് ഒരാള്‍ മൂത്രമൊഴിക്കുന്നത്. കൂടുതല്‍ വെള്ളം കുടിക്കുന്നവരാണ് ഇതിലേറെ തവണ ടോയ്‌ലറ്റ് ഉപയോഗിക്കുന്നത്.
ദാഹിക്കുമ്പോള്‍ വെള്ളം കുടിക്കുക.
നിങ്ങളുടെ ശരീരത്തിന് വെള്ളം എപ്പോള്‍ ആവശ്യമാണെന്ന് അറിഞ്ഞിരിക്കുക എന്നത് പ്രധാനമാണ്. എപ്പോള്‍ കുറച്ച് വെള്ളം കുടിക്കണമെന്ന് നിങ്ങളെ അറിയിക്കുന്നതിലൂടെ ശരീരത്തിന് നിര്‍ജ്ജലീകരണത്തിനെതിരെ പോരാടാനാകും . നിര്‍ജ്ജലീകരണത്തോടുള്ള ശരീരത്തിന്റെ പ്രതികരണമാണ് ദാഹം, അത് നിങ്ങളുടെ വഴികാട്ടിയായിരിക്കണം.
വെള്ളം അധികമായാലും പ്രശ്‌നമാണ് എന്നതിപ്പോള്‍ വ്യക്തമായല്ലോ. എന്നാല്‍ എത്ര വെള്ളമാണ് ശരീരത്തിന് അധികമാകുന്നത് എന്നത് നമുക്കറിയില്ല. കിഡ്‌നിക്ക് ഫില്‍റ്റര്‍ ചെയ്യാവുന്ന അളവിലുമധികം വെള്ളമെത്തുമ്പോഴാണ് ഹൈപ്പോനേട്രീമിയ ഉണ്ടാകുന്നത്. ഒരാളുടെ ശരീരഭാരം, കാലാവസ്ഥ, എന്നിവയൊക്കെ കണക്കിലെടുത്താല്‍ ഓരോരുത്തരുടെയും ഉള്ളിലെത്തേണ്ട വെള്ളത്തിന്റെ അളവില്‍ വ്യത്യാസമുണ്ടാകും. എന്നിരുന്നാലും 19-30 വയസ്സിനിടെയുള്ള പുരുഷന്മാര്‍ 3 ലിറ്റര്‍ വെള്ളം ദിവസേന കുടിക്കണമെന്നാണ് പഠനങ്ങള്‍ പറയുന്നത്. സ്ത്രീകളിലിത് 2.7 ലിറ്റര്‍ ആകും. ദിവസം 8 ഗ്ലാസ് വെള്ളം കുടിക്കണമെന്നൊക്കെ പറയുമെങ്കിലും ഇത് പഠനങ്ങള്‍ തെളിയിച്ചിട്ടില്ല. എന്തൊക്കെയായാലും ഇനി മറ്റുള്ളവരുടെ അഭിപ്രായം കേട്ട് ആവശ്യത്തിലധികം വെള്ളം കുടിക്കുന്നതിന് മുമ്പ് കിഡ്‌നിക്ക് താങ്ങാവുന്ന വെള്ളത്തിനും പരിധികളുണ്ടെന്നും അധികമായാല്‍ എന്തും ആപത്താണെന്നും ഓര്‍ക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."