ബി.ജെ.പി സര്‍ക്കാര്‍ 370ാം വകുപ്പ് പുനഃസ്ഥാപിക്കുമെന്ന് കരുതുന്നത് വിഡ്ഢിത്തം: ഉമര്‍ അബ്ദുല്ല
ന്യൂഡല്‍ഹി: നിലവിലെ കേന്ദ്രസര്‍ക്കാര്‍ 370ാം വകുപ്പ് പുനഃസ്ഥാപിക്കുമെന്ന് കരുതുന്നത് വിഡ്ഡിത്തമാണെന്ന് കശ്മിര് മുന്‍മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഉമര്‍ അബ്ദുല്ല.
370ാം വകുപ്പ് പിന്‍വലിക്കണമെന്ന രാഷ്ട്രീയ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ 70 വര്‍ഷം കാത്തിരുന്നവരാണ് ബി.ജെ.പി. പ്രധാനമന്ത്രി യോഗം വിളിച്ചത് 370ാം വകുപ്പ് പുനഃസ്ഥാപിക്കാന്‍ ചര്‍ച്ച ചെയ്യാനാണെന്ന് ജനങ്ങളോട് പറയുന്നത് അവരെ വിഡ്ഡികളാക്കുന്നതിന് തുല്യമാവും. 370ാം വകുപ്പ് പിന്‍വലിക്കുമെന്ന ഒരു സൂചനയും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായില്ലെന്നും പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്ത ശേഷം ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ഉമര്‍ അബ്ദുല്ല പറഞ്ഞു.
ഇപ്പോഴത്തെ ചര്‍ച്ചയെ ചെറിയൊരു തുടക്കമായി കണ്ടാല്‍ മതി. വിശ്വാസം വീണ്ടെടുക്കണമെങ്കില്‍ ഇനിയും ഏറെ മുന്നോട്ടു പോകേണ്ടതുണ്ട്. 370ാം വകുപ്പെന്ന ആവശ്യം യോഗത്തില്‍ ഉന്നയിച്ചില്ലെന്ന് കരുതി നാഷണല്‍ കോണ്‍ഫറന്‍സ് ഈ ആവശ്യം ഉപേക്ഷിച്ചെന്ന് കരുതരുത്. 370 റദ്ദാക്കിയതിനെ നിയമപരമായി തിരിച്ചെടുക്കാനുള്ള നടപടികളുണ്ടാകും. സുപ്രിംകോടതിയില്‍ പോരാടുന്നത് ലക്ഷ്യം നേടാന്‍ കൂടുതല്‍ സാധ്യതയുണ്ടാക്കും.
കാര്യങ്ങളെ തന്ത്രപൂര്‍വം നേരിടാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നത്. എന്താണ് കേന്ദ്രസര്‍ക്കാരിന്റെ മനസ്സിലുള്ളതെന്ന് അറിയുകയായിരുന്നു സുപ്രധാന കാര്യമെന്നും ഉമര്‍ അബ്ദുല്ല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."