ഫ്‌ളോയിഡ് വധം: പ്രതിക്ക് 22.5 വര്‍ഷം തടവ്
വാഷിങ്ടണ്‍: അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ മുന്‍ പൊലിസ് ഓഫിസര്‍ ഡെറേക് ഷൗവിന് 22.5 വര്‍ഷം തടവ്. 48 കാരനും ആഫ്രിക്കന്‍ വംശജനുമായ ഫ്‌ളോയിഡ് 2020 മെയിലാണ് കൊല്ലപ്പെട്ടത്.
പ്രതിയുടെ ക്രൂരതയും പദവിയും പൊലിസിനുള്ള വിശ്വാസ്യത തകര്‍ത്തുവെന്നു ജഡ്ജി പറഞ്ഞു. ഫ്‌ളോയിഡിന്റെ മരണത്തില്‍ ലോകവ്യാപകമായി പ്രതിഷേധമുയരുകയും അമേരിക്കയിലെ വംശീയത തുറന്നുകാട്ടുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം ഷൗവിന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഷൗവിനൊപ്പം ഉണ്ടായിരുന്ന മറ്റ് മൂന്ന് പൊലിസ് ഓഫിസര്‍മാര്‍ക്കെതിരേയും ഫ്‌ളോയിഡിന്റെ പൗരാവകാശം ലംഘിച്ചതിന് കേസെടുത്തു.
കോടതി വിധിയെ ഫ്‌ളോയിഡിന്റെ കുടുംബവും സുഹൃത്തുക്കളും സ്വാഗതം ചെയ്തു. ഉചിതമായ വിധിയെന്നായിരുന്നു യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രതികരണം.
വാദത്തിനിടെ ഫ്‌ളോയിഡിന്റെ സഹോദരന്‍ ടെറെന്‍സ് ഫ്‌ളോയിഡ് പ്രതിക്ക് പരമാവധി ശിക്ഷയായ 40 വര്‍ഷത്തെ തടവ് വിധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഫ്‌ളോയിഡിന്റെ മകള്‍ ഏഴു വയസുകാരി ഗിയാന്ന തന്റെ പിതാവിന്റെ സ്‌നേഹം നഷ്ടമായതിനെ കുറിച്ചു പറയുന്ന വിഡിയോ മൊഴിയും കോടതിക്ക് മുന്‍പാകെ സമര്‍പ്പിച്ചിരുന്നു. പല്ലുതേയ്ക്കാനും മറ്റും തന്നെ സഹായിച്ച പിതാവിനെ കുറിച്ചുള്ള കാര്യങ്ങളാണ് മകള്‍ കോടതിയെ ബോധ്യപ്പെടുത്തിയത്. ഒരു ജനതയ്ക്കും രാജ്യത്തിനും വേദനാജനകമായ സംഭവമാണ് ഫ്‌ളോയിഡിന്റെ കൊലപാതകമെന്ന് ജഡ്ജി പീറ്റര്‍ കഹില്‍ പറഞ്ഞു.
മനോവികാരത്തിന്റെയോ സഹതാപത്തിന്റെയോ അടിസ്ഥാനത്തില്‍ മാത്രമല്ല വിധിയെന്നും അതേസമയം കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുന്നുവെന്നും കോടതി പറഞ്ഞു.
ഫ്‌ളോയിഡിന്റെ കുടുംബത്തെ പ്രതി ഷൗവിനും കോടതിയില്‍ അനുശോചനം അറിയിച്ചു. എന്നാല്‍ കൊലപാതകത്തില്‍ പ്രതി മാപ്പുപറഞ്ഞില്ല. ഷൗവിന്‍ നല്ല മനുഷ്യനാണെന്നായിരുന്നു മാതാവ് കരോളിന്റെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."