ദ്വീപില്‍ 766 കോടിയുടെ സ്വകാര്യ പങ്കാളിത്ത റിസോര്‍ട്ട് പദ്ധതി; കോര്‍പറേറ്റ് അജന്‍ഡ പുറത്തായി
#ജലീല്‍ അരൂക്കുറ്റി
കവരത്തി: ലക്ഷദ്വീപില്‍ കോര്‍പറേറ്റ് ലോബിക്കുവേണ്ടി നടപ്പിലാക്കാന്‍ പോകുന്ന സ്വകാര്യവല്‍ക്കരണ അജന്‍ഡകള്‍ ഓരോന്നായി പുറത്തു വരുന്നു. മിനിക്കോയി ദ്വീപില്‍ 319 കോടി രൂപയുടെ റിസോര്‍ട്ട് പദ്ധതിക്ക് ഇളവുകളോടെ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയതോടെ ലക്ഷദ്വീപില്‍ സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ടൂറിസം പദ്ധതികള്‍ 766 കോടി രൂപയുടേത്. മൂന്ന് ദ്വീപുകളിലായി 35.9 ഹെക്ടര്‍ ഭൂമി സ്വകാര്യ റിസോര്‍ട്ടുകള്‍ക്ക് 75 വര്‍ഷത്തേക്ക് വിട്ടുനല്‍കിയാണ് പി.പി.പി ( പ്രൈവറ്റ് പബ്ലിക് പ്രോജക്ട് ) മോഡല്‍ എന്ന പേരില്‍ ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കുന്നത്. മിനിക്കോയി ദ്വീപില്‍ നടപ്പാക്കുന്ന 319 കോടി രൂപയുടെ പദ്ധതിയില്‍ 110 ബീച്ച് വില്ലകളും 40 വാട്ടര്‍ വില്ലകളുമാണ്. ഇതിനായി 8.53 ഹെക്ടര്‍ ഭൂമിയും ആറ് ഹെക്ടര്‍ ലഗൂണും വിട്ടു നല്‍കും.
കട്മത്തില്‍ 240 കോടി രൂപയുടെ പദ്ധതിയില്‍ 75 ബീച്ച് വില്ലകളും 35 വാട്ടര്‍ വില്ലകളുമാണ്. ഇവിടെ 5.55 ഹെക്ടര്‍ ഭൂമിയും ആറ് ഹെക്ടര്‍ ലഗൂണും നല്‍കും. 247 കോടി രൂപ വരുന്ന സുഹൈലി പദ്ധതിയില്‍ 60 ബീച്ച് വില്ലകളും 50 വാട്ടര്‍ വില്ലകളുമാണ്. ആള്‍ താമസമില്ലാത്ത 36 ഹെക്ടര്‍ മാത്രം വിസ്തൃതിയുള്ള സുഹൈലി ചെറിയ കരയില്‍ 3.82 ഹെക്ടര്‍ ബീച്ച് ഭൂമി ഉള്‍പ്പെടെ 9.82 ഹെക്ടര്‍ സ്വകാര്യ റിസോര്‍ട്ടിന് ലഭിക്കും. എല്ലാ പദ്ധതികള്‍ക്കും നിര്‍മാണ കാലയളവായ മൂന്ന് വര്‍ഷം ഉള്‍പ്പെടെ 75 വര്‍ഷം കൈവശ അവകാശം ലഭിക്കും.
2019ല്‍ ആവിഷ്‌കരിച്ച പദ്ധതികളില്‍ ആദ്യ ടെന്‍ഡറില്‍ സുഹൈലിക്കും കടമത്ത് പദ്ധതികള്‍ക്കുമായി എഴ് സംരംഭകര്‍ എത്തിയെങ്കിലും രണ്ട് സംരംഭകര്‍ക്ക് മാത്രമാണ് യോഗ്യതയുണ്ടായിരുന്നത്. മിനിക്കോയ് പദ്ധതിക്ക് മൂന്ന് ക്വട്ടേഷന്‍ ലഭിച്ചിരുന്നെങ്കിലും യോഗ്യരായവര്‍ ആരും ഉണ്ടായില്ല. ഇതിനെ തുടര്‍ന്നാണ് ടെന്‍ഡര്‍ നടപടികളില്‍ ഇളവുതേടി കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചത്.
പദ്ധതികളില്‍ ദ്വീപു നിവാസികള്‍ക്ക് നിശ്ചിത ശതമാനം തൊഴില്‍ നല്‍കണമെന്ന നിര്‍ദേശം ഉണ്ടായിരുന്നു. ഈ വ്യവസ്ഥ ഇപ്പോള്‍ നീക്കം ചെയ്തു. വര്‍ഷംതോറും ലൈസന്‍സ് ഫീസായി 10 ശതമാനം എന്നത് അഞ്ചു ശതമാനമായി കുറച്ചു. കൂടാതെ ടെന്‍ഡര്‍ നടപടികള്‍ വേഗത്തിലാക്കാന്‍ സാങ്കേതിക ടെന്‍ഡറും വരുമാനം പങ്കുവയ്ക്കല്‍ നിര്‍ദേശവും ഒറ്റ ടെന്‍ഡറാക്കി മാറ്റണമെന്ന ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ നിര്‍ദേശവും കേന്ദ്ര ധനമന്ത്രാലയത്തിലെ സാമ്പത്തികകാര്യ സമിതി അംഗീകരിച്ചു.
ധനകാര്യ സെക്രട്ടറി അജയ് സേത്തിന്റെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ ലക്ഷദ്വീപ് കലക്ടര്‍ അസ്ഗര്‍ അലിയും അഡ്മിനിസ്‌ട്രേറ്ററുടെ ഉപദേശകന്‍ അന്‍പരശും ഓണ്‍ലൈനായി പങ്കെടുത്തിരുന്നു. ദ്വീപില്‍ നിലവില്‍ റിസോര്‍ട്ട് നടത്തിപ്പ് ഉള്‍പ്പെടെ എല്ലാ ടൂറിസം പ്രവര്‍ത്തനങ്ങളും നിയന്ത്രിതമായി സര്‍ക്കാര്‍ മേഖലയില്‍ മാത്രമാണ്. ദ്വീപിന്റെ പാരിസ്ഥിതിക പ്രത്യേകതകള്‍ പരിഗണിച്ചാണ് നിയന്ത്രണം പാലിച്ചുള്ള ടൂറിസം നടത്തിവരുന്നത്. ഇളവുകള്‍ നല്‍കി കോര്‍പറേറ്റ് ലോബിക്ക് ദ്വീപ് തുറന്നുകൊടുക്കുന്നതോടെ നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തുകയും ദ്വീപിനെ തന്നെ നാശത്തിലേക്ക് നയിക്കുകയുംചെയ്യുമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞര്‍ ചൂണ്ടി കാണിക്കുന്നു. മത്സ്യത്തൊഴിലാളികളുടെ ഷെഡ്ഡുകള്‍ പൊളിച്ചതും ഭൂമിയിലെ അവകാശം ദ്വീപ് ജനതയില്‍ നിന്ന് തിരിച്ചെടുക്കാനുള്ള പുതിയ നിയമങ്ങളും നടപടികളും കോര്‍പറേറ്റ് അജന്‍ഡയുടെ ഭാഗമായിട്ടാണ് വിലയിരുത്തുന്നത്.
ദ്വീപിലെ താമസ സൗകര്യം ഇപ്പോള്‍ റിസോര്‍ട്ടുകളില്‍ ഉള്‍പ്പെടെ 2884 കിടക്കകളാണ്. ഇത് 3902എണ്ണമായി വര്‍ധിപ്പിക്കാനാണ് ടൂറിസം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."