കേരളത്തിൽ നിന്നുള്ള ഹജ്ജ് വിമാന ഷെഡ്യൂളായി; ആദ്യ വിമാനം കണ്ണൂരിൽ നിന്ന് ജൂൺ നാലിന്
കരിപ്പൂർ: കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേനയുളള വിമാന സർവീസിന്റെ അന്തിമ ഷെഡ്യൂൾ തയ്യാറായി. ആദ്യ വിമാനം കണ്ണൂരിൽ നിന്ന് ജൂൺ നാലിന് കണ്ണൂരിൽ നിന്ന് പുറപ്പെടും കോഴിക്കോട്, കൊച്ചി, കണ്ണൂർ എന്നീ മൂന്ന് പുറപ്പെടൽ കേന്ദ്രങ്ങളാണ് കേരളത്തിൽ നിന്നുള്ളത്. 63 വിമാന സർവീസുകളാണ് മൂന്നിടത്ത് നിന്നും കൂടി ഇത്തവണയുള്ളത്. കരിപ്പൂരിൽ നിന്നാണ് ഏറ്റവും കൂടുതൽ സർവീസുകൾ പുറപ്പെടുക. ആകെ 44 സർവീസുകളാണ് ഇവിടെ നിന്നുള്ളത്. കണ്ണൂർ - 13, കൊച്ചി - 7 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ സർവീസുകൾ.
എയർഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് കരിപ്പൂരിലും കണ്ണൂരിലും ഹജ്ജ് സർവീസ് നടത്തുക. കൊച്ചിയിൽ സൗദി എയർലൈൻസിനുമാണ് സർവീസ് ചുമതല. ഈ വർഷത്തെ ഹജ്ജിനുള്ള ആദ്യ വിമാനം കണ്ണൂരിൽ നിന്നാകും പുറപ്പെടുക. ജൂൺ നാലിന് പുലർച്ചെ 1.45 നായിരിക്കും ആദ്യവിമാനം പറന്നുയരുക. അതേ ദിവസം പുലർച്ചെ 4.25ന് കരിപ്പൂരിൽ നിന്നുളള ആദ്യവിമാനവും പുറപ്പെടും. ഇവിടെ നിന്നും ആദ്യദിനം രണ്ട് സർവീസുകളുണ്ട്. കേരളത്തിലെ തീർത്ഥാടകർ ജിദ്ദയിലേക്കാണ് യാത്ര ചെയ്യുക. ഹജ്ജിനു ശേഷമുള്ള മടക്കയാത്ര മദീനയിൽ നിന്നുമായിരിക്കും.
കരിപ്പൂരിലും കണ്ണൂരിലും 145 പേർ വീതമാണ് ആദ്യ വിമാനത്തിൽ സഊദിയിലേക്ക് പറക്കുക. ഇവിടെ എയർഇന്ത്യ എക്സ്പ്രസിന്റെ ചെറിയ വിമാനങ്ങളാണ് ഉപയോഗിക്കുക. കൊച്ചിയിൽ നിന്നും ജൂൺ ഏഴിന് രാവിലെ 11.30നാണ് ആദ്യവിമാനം. ആദ്യ വിമാനത്തിൽ 405 തീർത്ഥാടകരാണ് പുറപ്പെടുക.
ഏറ്റവും കൂടുതൽ സർവീസുകൾ നടത്തുന്ന കരിപ്പൂരിൽ നിന്നും ജൂൺ 22 വരെ ദിവസവും രണ്ട് വിമാനങ്ങൾ വീതം തീർത്ഥാടകരെയും വഹിച്ച് ജിദ്ദയിലേക്ക് പറക്കും. ജൂൺ 5, 9, 10, 16, 17, 19 തിയ്യതികളിൽ മൂന്ന് സർവീസുകളും ഉണ്ടായിരിക്കും. കണ്ണൂരിൽ നിന്നും ജൂൺ 6, 7, 8, 11, 12, 13, 14,15, 18, 20, 21, 22 തിയ്യതികളിലാണ് സർവിസ്. കൊച്ചിയിൽ നിന്നും ജൂൺ 9, 10, 12, 14,21, 25 തിയ്യതികളിലാണ് മറ്റ് വിമാനങ്ങൾ ഉള്ളത്.
ജൂലൈ 13 മുതൽ ആഗസ്റ്റ് രണ്ട് വരെയാണ് മടക്കയാത്ര ഒരുക്കിയിട്ടുള്ളത്. മടക്കയാത്രയിൽ 64 സർവീസുകളാണുളളത്. ആദ്യവിമാനം ജൂലൈ 13 ന് വൈകിട്ട് 6.15ന് കരിപ്പൂരിലെത്തും. അന്ന് രാത്രി 10.45ന് രണ്ടാം വിമാനവും മടങ്ങിയെത്തും. കണ്ണൂരിൽ ജൂലൈ 14ന് പുലർച്ചെ 4.30നാണ് ആദ്യവിമാനം എത്തുക. ആഗസ്റ്റ് രണ്ട് വരെ രണ്ടിടത്തും വിമാനങ്ങൾ മടങ്ങിയെത്തും.
കൊച്ചിയിൽ ആദ്യസംഘം ജൂലൈ 18ന് രാവിലെ 10നാണ് മടങ്ങിയെത്തുക. 26 വരെ ഏഴ് സർവീസുകളാണ് കൊച്ചി വഴിയുള്ളത്. കൊച്ചിയിൽ നിന്നും യാത്ര പുറപ്പെട്ടവർ തന്നെയാകും തിരിച്ച് ഇതുവഴി വരിക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."