ഉദ്യോഗസ്ഥ ലോബിയുടെ ഇഷ്ടപ്രകാരം ജീവനക്കാരെ മാറ്റുന്നു, സ്ഥലംമാറ്റ ഉത്തരവിനെതിരേ വനംവകുപ്പില്‍ പ്രതിഷേധം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ജീവനക്കാരുടെ സ്ഥലംമാറ്റ ഉത്തരവിനെതിരേ വനംവകുപ്പിനുള്ളില്‍ പ്രതിഷേധം ശക്തമാകുന്നു. ഉദ്യോഗസ്ഥ ലോബിയുടെ ഇഷ്ടപ്രകാരമാണ് ജീവനക്കാരെ മാറ്റുന്നതെന്നാണ് പരാതി.
അച്ചടക്ക നടപടി നേരിട്ടവരെ പഴയ സ്ഥലങ്ങളിലേക്ക് വീണ്ടും മാറ്റുന്നതിനെതിരേ കേരള ഫോറസ്റ്റ് സ്റ്റാഫ് അസോസിയേഷനും രംഗത്തെത്തിയിട്ടുണ്ട്.തിരുവനന്തപുരം, കൊല്ലം , പത്തനംതിട്ട, ആലപ്പുഴ ജില്ലകള്‍ ഉള്‍പ്പെട്ട ദക്ഷിണ മേഖലയിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍മാരുടെ സ്ഥലംമാറ്റ പട്ടികയാണ് പ്രതിഷേധക്കുരുക്കില്‍പെട്ടത്.
കൊല്ലം സി.സി.എഫാണ് പട്ടിക ഇറക്കിയത്. 2017ല്‍ സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ച ജീവനക്കാരുടെ സ്ഥലമാറ്റ നിബന്ധനങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് ഉത്തരവിറക്കിയതെന്നാണ് ആരോപണം. 16ന് പ്രസിദ്ധീകരിച്ച കരട് പട്ടികയിലെ പിഴവുകള്‍ പോലും തിരുത്താതെയാണ് 23ന് അന്തിമ പട്ടിക ഇറക്കിയത്. ഇതിനു പുറമെ അര്‍ഹരായ ജീവനക്കാരെ ഒഴിവാക്കിയെന്നും ആക്ഷേപമുണ്ട്.
തിരുവന്തപുരം ഫ്‌ളൈയിങ്ങ് സ്‌ക്വാഡില്‍ ഇരിക്കെ ഇടമലയാര്‍ ആനവേട്ട കേസില്‍ പ്രതികള്‍ക്ക് അന്വേഷണ വിവരം ചോര്‍ത്തിക്കൊടുത്തതിന്റെപേരില്‍ സ്ഥലംമാറ്റിയ ജീവനക്കാരനെ വീണ്ടും അതേ സ്‌ക്വേഡിലേക്ക് മാറ്റി.
പത്തനംതിട്ട ഗുരുനാഥന്‍മണ്‍ സ്റ്റേഷനില്‍ കാട്ടുപോത്ത് വോട്ടക്കാരില്‍നിന്ന് ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയതിന് നടപടി നേരിട്ടയാള്‍ക്കും പഴയ സ്ഥലത്തേക്കു മാറ്റംലഭിച്ചു.
കോന്നി കാട്ടാത്തി വനംസംരക്ഷണ സമിതിയിലിരിക്കെ ഫണ്ട് തട്ടിപ്പു നടത്തിയ ഉദ്യോഗസ്ഥനേയും വീണ്ടും അവിടേക്കുതന്നെ നിയമിച്ചു.
തടി കടത്ത്, കാട്ടിറച്ചി വില്‍പന, വന വിഭവങ്ങളുടെ കള്ളക്കടത്ത് തുടങ്ങിയ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട നിരവധി ജീവനക്കാര്‍ക്കാണ് ഉദ്യോഗസ്ഥ ലോബിയുടെ ഇഷ്ടാനുസരണം സ്ഥലംമാറ്റം നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."