HOME
DETAILS

വി.ഡി സതീശനെ ആര്‍.എസ്.എസ് ഉന്നംവയ്ക്കുമ്പോൾ

  
backup
July 11 2022 | 19:07 PM

4563456312-07-12-2022

പ്രതിച്ഛായ
ജേക്കബ് ജോർജ്
7012000311

നേതാക്കളാരും സമുദായനേതാക്കന്മാരുടെ തിണ്ണ നിരങ്ങാന്‍ പോകരുതെന്ന് കെ.എസ്.യുക്കാരെ പഠിപ്പിച്ചത് എം.എ ജോണ്‍ ആണ്. അറുപതുകളില്‍ കോണ്‍ഗ്രസിനൊരു വിദ്യാര്‍ഥി സംഘടന രൂപപ്പെടുത്തിയെടുക്കാന്‍ ചെറുപ്പക്കാരുടെ മനസ് പരുവപ്പെടുത്തുകയാണു വേണ്ടതെന്ന് കണ്ടറിഞ്ഞ നേതാവായിരുന്നു എം.എ ജോണ്‍. പ്രസംഗങ്ങളിലൂടെ, സ്റ്റഡി ക്ലാസുകളിലൂടെ വിദ്യാര്‍ഥികളുടെ മനസ് പുതിയൊരു ദിശയിലേക്കും ആത്യന്തികമായി കേരള വിദ്യാര്‍ഥി യൂനിയന്‍ എന്ന സംഘടനയിലേക്കും തിരിച്ചുവിടാന്‍ എം.എ ജോണിനു കഴിഞ്ഞു.
കോണ്‍ഗ്രസില്‍ വലിയൊരു പരിവര്‍ത്തനം കൊണ്ടു വരുന്നതില്‍ എം.എ ജോണ്‍ വഹിച്ച പങ്ക് ചില്ലറയല്ല. പാര്‍ട്ടിയുടെ താക്കോല്‍ സ്ഥാനങ്ങളില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ കടന്നു കയറണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഒടുവില്‍ കോണ്‍ഗ്രസും താന്‍ രൂപം നല്‍കിയ യൂത്ത് കോണ്‍ഗ്രസും എം.എ ജോണിനെ കൈവിട്ടുവെന്നതു മറ്റൊരു കാര്യം. 'എം.എ ജോണ്‍ നമ്മെ നയിക്കും', 'അച്ചടക്കം അടിമത്തമല്ല', 'പരിപാടിയിലുള്ള പിടിവാശിയാണ് പരിവര്‍ത്തനവാദിയുടെ പടവാള്‍', 'അധികാരം പൂജിക്കാനുള്ള വിഗ്രഹമല്ല, പ്രയോഗിക്കാനുള്ള ആയുധമാണ്' എന്നിങ്ങനെ നിരവധി സൂക്തങ്ങള്‍ കേരളത്തിലങ്ങോളമിങ്ങോളം ചുവരുകളില്‍ പ്രത്യക്ഷപ്പെട്ടു. ഒക്കെയും ജോണിന്റെ അനുയായികള്‍ ചെയ്തത്.


പള്ളിയോടും പട്ടക്കാരോടും കൂറില്ലാത്ത, സമുദായ നേതാക്കന്മാരോടൊക്കെ കൃത്യമായ അകലം പാലിക്കുന്ന ഒരു നേതൃത്വം കെ.എസ്.യുവിലും യൂത്ത് കോണ്‍ഗ്രസിലും വളര്‍ത്തിയെടുക്കുന്നതിന് എം.എ ജോണ്‍ ഏറെ പണിപ്പെട്ടു. പക്ഷെ ജോണ്‍ കോണ്‍ഗ്രസില്‍ നിന്നു തന്നെ പുറത്താവുകയായിരുന്നു.


1972-ലെ കോളജ് അധ്യാപക സമരം ഫലത്തില്‍ കെ.എസ്.യുവും യൂത്ത് കോണ്‍ഗ്രസും ക്രിസ്റ്റ്യന്‍ സഭകള്‍ക്കുനേരെ, പ്രത്യേകിച്ചു കത്തോലിക്കാ സഭയ്ക്കുനേരെ നടത്തിയ പോരാട്ടമായിരുന്നു. അതിന് വലിയ പിന്തുണയുമായി എ.കെ ആന്റണി പിന്നില്‍ നിന്നു. സി. അച്ചുതമേനോന്‍ രണ്ടാമതും മുഖ്യമന്ത്രിയായ സമയം. വിദ്യാഭ്യാസ മന്ത്രി സി.എച്ച് മുഹമ്മദ് കോയ.
സര്‍ക്കാര്‍ കോളജുകളിലെയും സ്വകാര്യ കോളജുകളിലെയും ഫീസ് ഏകീകരിച്ച സര്‍ക്കാര്‍ നടപടി കത്തോലിക്കാ സഭയെ വളരെയധികം പ്രകോപിപ്പിച്ചു. ന്യൂനപക്ഷാവകാശങ്ങള്‍ ആരെങ്കിലും അറബിക്കടലില്‍ താഴ്ത്തുമെങ്കില്‍ കുറുവടി കൊണ്ടല്ല, മഴുത്തായ കൊണ്ടാവും മറുപടി എന്നായിരുന്നു തൃശൂര്‍ ബിഷപ്പ് ജോസഫ് കുണ്ടുകുളം പ്രഖ്യാപിച്ചത്. 'വാളെടുത്തവന്‍ വാളാലേ' എന്ന ബൈബിള്‍ വചനം ഓര്‍മിപ്പിച്ച് ഉമ്മന്‍ ചാണ്ടി തിരിച്ചടിച്ചു. പരിവര്‍ത്തനത്തിന്റെ സിരാകേന്ദ്രവും സ്വതന്ത്രചിന്തയുടെ ഉറവിടവും ആവേണ്ട വിദ്യാഭ്യാസ സ്ഥാപനങ്ങളെ സ്റ്റാറ്റസ്‌കോവാദികളുടെ കൈയില്‍ നിന്നു മോചിപ്പിക്കുകയാണു തങ്ങളുടെ ലക്ഷ്യമെന്ന് കെ.എസ്.യു പ്രസിഡൻ്റായിരുന്ന വി.എം സുധീരന്‍ പ്രഖ്യാപിച്ചു. ഒാഗസ്റ്റ് 17ന് സമരം അവസാനിച്ചു.
പിറ്റേന്ന് എ.കെ ആന്റണി 'അലസിപ്പോയ വിമോചന സമരം' എന്ന പേരില്‍ എഴുതിയ ലേഖനത്തിലെ ഒരു വാചകം ഇങ്ങനെ: 'തിരുമേനിമാരുടെ മുഖം ചുവന്നാല്‍ മുമ്പൊക്കെ കോണ്‍ഗ്രസുകാര്‍ അവരുടെ കാല്‍ക്കല്‍ അഭയം തേടുമായിരുന്നു. രണ്ടു മാസമായി മതത്തിന്റെ എല്ലാ സ്വാധീനങ്ങളും സമ്മര്‍ദങ്ങളും പ്രയോഗിച്ചിട്ടും കോണ്‍ഗ്രസിന്റെ ശരീരത്തില്‍ ഒരു പോറലെങ്കിലും ഏല്‍പ്പിക്കാന്‍ ഈ കേന്ദ്രങ്ങള്‍ക്കു കഴിഞ്ഞില്ല. സമുദായ പ്രമാണിമാര്‍ക്ക് അടിയറവു പറയാത്ത ഒരു വിപ്ലവ ശക്തിയായി കോണ്‍ഗ്രസ് രൂപാന്തരപ്പെട്ടിരിക്കുന്നുവെന്ന് ഈ സമരം തെളിയിച്ചിരിക്കുന്നു'. ('കാല്‍ നൂറ്റാണ്ട്' - ഗ്രന്ഥകര്‍ത്താവ്: ചെറിയാന്‍ ഫിലിപ്പ്. പുറം: 192-193).


കേരളത്തില്‍ കോണ്‍ഗ്രസ് വളര്‍ന്നത് ഇങ്ങനെയുള്ള വഴിയിലൂടെയാണ്, എം.എ ജോണ്‍, എ.കെ ആന്റണി, ഉമ്മന്‍ ചാണ്ടി, വി.എം സുധീരന്‍ എന്നിങ്ങനെ കരുത്തുള്ള നേതാക്കന്മാരിലൂടെ. രാജ്യത്ത് ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ബി.ജെ.പി തേരോട്ടം തുടരുകയും പലയിടത്തും കോണ്‍ഗ്രസ് തകര്‍ന്നടിയുകയും പിടിച്ചുനില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ഇപ്പോഴും നിയമസഭാംഗങ്ങള്‍ ബി.ജെ.പി.യിലേക്കു ചേക്കേറുകയും ചെയ്യുകയാണെങ്കിലും കേരളത്തില്‍ കോണ്‍ഗ്രസ് നില നില്‍ക്കുന്നത് കാലാകാലങ്ങളില്‍ ഇതുപോലെയുള്ള നേതാക്കള്‍ കോണ്‍ഗ്രസിനുണ്ടായതു കൊണ്ടാണ്. പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ അങ്ങനെയുള്ള നേതാക്കളുടെ ഗണത്തില്‍പ്പെടുന്നു.
ആര്‍.എസ്.എസ് സംഘടിപ്പിച്ച പരിപാടികളില്‍ വി.ഡി സതീശന്‍ പങ്കെടുത്തിട്ടുണ്ടെന്നും ആര്‍.എസ് ശാഖയിലെത്തി വോട്ടു ചോദിച്ചിട്ടുണ്ടെന്നും ആര്‍.എസ്.എസ് സംസ്ഥാന നേതൃത്വം ഉന്നയിക്കുന്ന ആരോപണങ്ങള്‍ സമൂഹത്തില്‍ വലിയ വിവാദമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇതെഴുതുന്നത്.
മന്ത്രിയായിരുന്ന സജി ചെറിയാന്‍ സി.പി.എം പാര്‍ട്ടി മല്ലപ്പള്ളി ഏരിയാ കമ്മിറ്റി യോഗത്തില്‍ ഇന്ത്യന്‍ ഭരണഘടനയെപ്പറ്റി നടത്തിയ പ്രസംഗത്തെ ചൊല്ലിയുണ്ടായ വിവാദത്തില്‍ പങ്കെടുത്ത് സതീശന്‍ നല്‍കിയ പ്രസ്താവനയാണ് ആര്‍.എസ്.എസ് നേതൃത്വത്തെ ചൊടിപ്പിച്ചത്. ഭരഘടനയേക്കുറിച്ച് ആര്‍.എസ്.എസ് ആചാരര്യന്‍ ഗോള്‍വാള്‍ക്കര്‍ പറഞ്ഞതു തന്നെയാണ് സജി ചെറിയാനും പറഞ്ഞതെന്ന സതീശന്റെ പ്രസ്താവനയ്‌ക്കെതിരേ വക്കീല്‍ നോട്ടിസയച്ചിരിക്കുകയാണ് ആര്‍.എസ്.എസ്.
പറഞ്ഞ വാക്കുകളൊന്നും തിരിച്ചെടുക്കുന്നില്ലെന്നു സതീശന്‍ വ്യക്തമാക്കിയതിനേ തുടര്‍ന്നാണ് അദ്ദേഹം മുമ്പ് ആര്‍.എസ്.എസ് പരിപാടികളില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ ആര്‍.എസ്.എസ് തന്നെ പുറത്തുവിട്ടത്. 2013-ല്‍ തൃശൂരില്‍ ഭാരതീയ വിചാരകേന്ദ്രം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പുസ്തകപ്രകാശന ചടങ്ങില്‍ സതീശന്‍ പങ്കെടുക്കുന്ന ചിത്രം ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് സി. സദാനന്ദന്‍ പുറത്തുവിട്ടു. 2006-ല്‍ പറവൂര്‍ മനയ്ക്കപ്പടി സ്‌കൂളിലെ ആര്‍.എസ്.എസ് പരിപാടിയില്‍ സതീശന്‍ പങ്കെടുക്കുന്ന ചിത്രം ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി ബാബുവും പുറത്തുവിട്ടു.


പൊതുപ്രവര്‍ത്തനകനെന്ന നിലയ്ക്കു മാത്രമാണ് താന്‍ ഈ പരിപാടികളില്‍ പങ്കെടുത്തതെന്നാണ് വി.ഡി സതീശന്റെ വാദം. പറഞ്ഞ കാര്യം പിന്‍വലിക്കാന്‍ അദ്ദേഹം തയാറായതുമില്ല.
എം.എ ജോണ്‍ അറുപതുകളിലും എഴുപതുകളിലും കെ.എസ്.യു - യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പഠിപ്പിച്ച 'പ്രവര്‍ത്തകര്‍ സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങരുത്' എന്ന നിര്‍ദേശം അക്ഷരം പ്രതി അനുസരിക്കുന്ന കോണ്‍ഗ്രസ് നേതാവാണ് വി.ഡി സതീശന്‍. തെരഞ്ഞെടുപ്പു കാലത്തുപോലും പെരുന്നയിലോ കണിച്ചുകുളങ്ങരയിലോ സന്ദര്‍ശനം നടത്താത്ത വി.ഡി സതീശന്‍ ഈ വിഷയത്തില്‍ നിശ്ചയദാര്‍ഢ്യം പുലത്തുന്ന ആള്‍ തന്നെയാണെന്നും ഓര്‍ക്കണം. കൃത്യമായ മതേതര നിലപാട് എവിടെയും പരസ്യമായി പറയാനും അദ്ദേഹം എപ്പോഴും തയാര്‍.
1972-ലെ വിദ്യാഭ്യാസ സമരം കഴിഞ്ഞയുടെനെ ബിഷപ്പുമാരെ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കോഴിക്കോട്ടെത്തിയപ്പോള്‍ കെ.പി.സി.സി അധ്യക്ഷനായിരുന്ന എ.കെ ആന്റണി അങ്ങോട്ടു പോയില്ലെന്നതും ഓര്‍ക്കണം. 1985-ല്‍ എ.കെ ആന്റണി വിവാഹം കഴിച്ചത് ഉമ്മന്‍ ചാണ്ടിയുടെ തിരുവനന്തപുരം ജഗതിയിലെ സ്വന്തം വീട്ടില്‍ വച്ചായിരുന്നു. പള്ളിയുടെയും പട്ടക്കാരുടെയും കാര്‍മികത്വം ഇല്ലാതെ.


വി.ഡി സതീശനു നേരെ ആര്‍.എസ്.എസ് നടത്തുന്ന നീക്കം ആസൂത്രിതമാണെന്നു പറയാനാവില്ലെങ്കിലും ബി.ജെ.പിയുടെ പുതിയ പരീക്ഷണത്തിന്റെ പശ്ചാത്തലത്തില്‍ അതിനു പ്രസക്തിയേറുന്നു. കേരളം, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്കു കടന്നു കയറാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കാനാണ് കഴിഞ്ഞ ആഴ്ച ഹൈദരാബാദില്‍ ചേര്‍ന്ന പാര്‍ട്ടി ദേശീയ സമിതി യോഗം തീരുമാനിച്ചത്. അതില്‍ത്തന്നെ കേരളം ഒരു ബാലികേറാ മലയാണെന്നത് അറിഞ്ഞുകൊണ്ടു തന്നെ. ഇവിടെയും സി.പി.എമ്മിനെക്കാള്‍ കോണ്‍ഗ്രസിനെ ക്ഷയിപ്പിക്കുകയാണ് എളുപ്പമെന്ന് ബി.ജെ.പിക്കും ആര്‍.എസ്.എസിനും നന്നായറിയാം.


ബി.ജെ.പി മറ്റു സംസ്ഥാനങ്ങളിലൊക്കെ പരീക്ഷിച്ചു വിജയിച്ച ഒരു തന്ത്രമുണ്ട്, ശത്രു പാര്‍ട്ടികളെ പലതരം മാര്‍ഗങ്ങളിലൂടെ പിളര്‍ത്തുകയും തകര്‍ക്കുകയും ചെയ്യുക. മഹാരാഷ്ട്രയില്‍ ദിവസങ്ങള്‍ക്കു മുമ്പാണ് ഇതേ പരീക്ഷണം നടത്തി വിജയിച്ചത്. ശിവസേനയിലെ ഗണ്യമായ ഒരു വിഭാഗത്തെ അടര്‍ത്തിയെടുത്ത് ബി.ജെ.പി ഭരണം പിടിച്ചു. രാഷ്ട്രീയമായി ശിവസേനയെ തകര്‍ക്കുകയും ചെയ്തു.
പ്രതിപക്ഷ നേതാവെന്ന നിലയില്‍ വി.ഡി സതീശന്‍ വളരെ മുമ്പിലെത്തിയിരിക്കുന്ന സമയമാണിത്. തൃക്കാക്കരയിലെ വിജയം അദ്ദേഹത്തിന് പുതിയൊരു തിളക്കം നല്‍കുകയും ചെയ്തിരിക്കുന്നു. കോണ്‍ഗ്രസിനെ തളര്‍ത്താന്‍ നല്ലവഴി നേതാവിനെ തളര്‍ത്തുകയാണ് എന്നതു ഒരു രാഷ്ട്രീയ തന്ത്രം തന്നെ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  a minute ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  28 minutes ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  29 minutes ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  32 minutes ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  an hour ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  9 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  10 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  10 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  10 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  11 hours ago