ബഹ്റൈനില്‍ അപരിചിതനു വഴികാണിക്കാന്‍ കാറില്‍ കയറിയ ഇന്ത്യന്‍ യുവാവ് കവര്‍ച്ചയ്ക്കിരയായി
മനാമ: അപരിചിതനായ ഒരു അറബ് സ്വദേശിക്ക് വഴികാണിക്കാനായി കൂടെ യാത്ര ചെയ്ത് ഇന്ത്യന്‍ യുവാവ് ബഹ്റൈനിലെ മാഹൂസില് കവര്‍ച്ചക്കിരയായി.
ഇവിടെ ഗുദൈബിയയില്‍ താമസിക്കുന്ന പ്രദീപ് ശിവന് എന്ന ഇന്ത്യന്‍ പൗരനാണ് കവര്‍ച്ചക്കിരയായത്. ഒരു വര്‍ഷം മുന്‍പ് ബഹ്റൈനിലെത്തിയ പ്രദീപ് സ്വകാര്യ കമ്പനിയില്‍ സെയില്‍സ്മാനായി ജോലി നോക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്.
പ്രദീപ് തന്റെ താമസ സ്ഥലത്തു നില്ക്കുമ്പോള് കാറില്‍ വന്ന ഒരു അറബി പൗരന് എന്ന് തോന്നിക്കുന്നയാള്‍ എക്സിബിഷന് അവന്യുവിലേയ്ക്ക് വഴികാണിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ബഹ്റൈനില്‍ ആദ്യമായി വരികയാണെന്നും വഴി കാട്ടിത്തരാന്‍ സഹായിക്കണമെന്നും അപേക്ഷിച്ചു. താന്‍ തിരക്കിലാണെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചെങ്കിലും അറബ് പൗരന്റെ സ്നേഹപൂര്‍ണമായ നിര്‍ബന്ധത്തിനു വഴങ്ങി യുവാവ് ഒടുവില്‍ കാറില്‍ കയറാന്‍ തീരുമാനിക്കുകയായിരുന്നു.
എക്സിബിഷന് അവന്യുവില്‍ എത്തി കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും അറബ് പൗരന് നിര്‍ത്താന്‍ കൂട്ടാക്കിയില്ല. ഓടുന്ന കാറില്‍ നിന്ന് ഇറങ്ങി ചാടാന്‍ ശ്രമിച്ചെങ്കിലും ഡോര്‍ ലോക്ക് ആയിരുന്നു. പിന്നീട് വാഹനത്തില്‍ നിന്നും പിടിവലിയായി. യുവാവിനെ മര്‍ദ്ദിച്ചവശനാക്കി ബോധം കെടുത്തി. ബോധം തെളിഞ്ഞപ്പോള്‍ താന്‍ മാഹൂസിലെ തെരുവില്‍ ഉപേക്ഷിപ്പിക്കപ്പെട്ട നിലയിലായിരുന്നുവെന്ന് യുവാവ് പറഞ്ഞു.
തന്റെ പക്കല്‍ ഉണ്ടായിരുന്ന 63 ദിനാറും വിലപിടിപ്പുള്ള സാധങ്ങളും അപ്പോഴേയ്ക്കും നഷ്ടമായിരുന്നു. താന്‍ ധരിച്ചിരുന്ന സ്വര്‍ണ ചെയിനും പണവും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടതായി അദ്ദേഹം ബഹ്റൈന്‍ പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഓടുന്ന വാഹനത്തില്‍ നിന്നു തന്നെ പുറത്തേയ്ക്ക് തള്ളിയിട്ടതാകാം എന്നാണ് കരുതുന്നതെന്നും ദേഹമാസകലം പരിക്ക് പറ്റിയിട്ടുള്ളതായും ഇയാള്‍ പറഞ്ഞു. രാത്രി 11 മണിയോടെയായിരുന്നു കാറില്‍ കയറിയത്. ബോധം വീണപ്പോള്‍ പുലര്‍ച്ചെ മൂന്ന് മണിയായിരുന്നു. ഒരു പൊലിസുകാരനെ കണ്ടു വിവരം ധരിപ്പിച്ചപ്പോള്‍ സഹായം ലഭിച്ചതിനെ തുടര്‍ന്ന് ഹൂറ പ്രവിശ്യയിലെ പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."