യു.പിയില്‍ പ്രബോധകരുടെ അറസ്റ്റ് നിര്‍ബന്ധിത മതപരിവര്‍ത്തനം കള്ളക്കഥയെന്ന് തെളിഞ്ഞു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ഇസ്ലാമിക പ്രബോധകരായ മുഹമ്മദ് ഉമര്‍ ഗൗതം, മുഫ്തി ജഹാംഗീര്‍ ഖാസിമി എന്നിവരെ അറസ്റ്റ് ചെയ്തതിന് ആധാരമായ ഹിന്ദു ബാലന്റെ മതംമാറ്റം കെട്ടുകഥയെന്ന് തെളിഞ്ഞു. മാതാപിതാക്കള്‍ മരിച്ച ഇവരുടെ സ്വത്ത് തട്ടിയെടുക്കാന്‍ ബാലന്റെ അമ്മാവനാണ് ഈ കഥയുണ്ടാക്കിയതെന്നാണ് പൊലിസിന്റെ കണ്ടെത്തല്‍.
ഉത്തര്‍പ്രദേശ് ഭീകരതാവിരുദ്ധ സേനയാണ് ഡല്‍ഹി സ്വദേശികളായ ഉമറിനെയും ജഹാംഗീറിനൈയും അറസ്റ്റ് ചെയ്തത്. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷെഹറില് അവിനാശ് എന്ന ബാലനെ നിര്‍ബന്ധിച്ച് മതംമാറ്റിയെന്നായിരുന്നു പ്രചാരണം. ജൂണ്‍ 24ന് തന്റെ സഹോദരീപുത്രന് അവിനാശിനെ കാണാനില്ലെന്നും അവനെ അജ്ഞാതരായ ചിലര്‍ മതംമാറ്റിയെന്നും ആരോപിച്ച് അമ്മാവന് പൊലിസില്‍ പരാതി നല്‍കിയതോടെയാണ് കേസ് ആരംഭിക്കുന്നത്. അവിനാശിന്റെ മാതാപിതാക്കള്‍ മരിച്ചതിനാല്‍ അമ്മാവന്റെ സംരക്ഷണത്തിലാണ് കഴിഞ്ഞിരുന്നത്. അവിനാശ് മുസ്ലിംകള് ധരിക്കാറുള്ള പൈജാമയും കൂര്‍ത്തയും ധരിച്ചു നില്ക്കുന്ന ചിത്രം ഇയാള്‍ പൊലിസിന് കൈമാറുകയും ചെയ്തു. പിന്നാലെ ആയിരം പേരെ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തിയെന്ന കള്ളക്കേസ് ചുമത്തി യു.പി ഭീകരതാവിരുദ്ധ സേന ഉമറിനെയും ജഹാംഗീറിനെയും അറസ്റ്റ് ചെയ്തു. ഇതോപ്പം അവിനാശിനെ കാണാതായെന്ന പരാതിയില്‍ പൊലിസ് നടത്തിയ അന്വേഷണത്തില്‍ അവിനാശ് ജലന്തറിലെ ബന്ധുവീട്ടിലുണ്ടെന്ന് കണ്ടെത്തി.
അമ്മാവന് മര്‍ദിച്ചതിനെത്തുടര്‍ന്നാണ് വീടുവിട്ടതെന്നും മതം മാറിയിട്ടില്ലെന്നും ബാലന് മൊഴി നല്കി. താന്‍ ചെറുപ്പം മുതല്‍ പൈജാമയും കൂര്‍ത്തയുമാണ് ധരിക്കാറ്. തങ്ങളുടെ സ്വത്ത് അമ്മാവന് കൈമാറാനാവശ്യപ്പെട്ട് തന്നെ പീഡിപ്പിക്കാറുണ്ടെന്ന് അവിനാശ് പറഞ്ഞതായും ബുലന്ദ്ഷെഹര് എസ്.എസ്.പി സന്തോഷ് കുമാര്‍ സിങ് പറഞ്ഞു. ചില നാട്ടുകാരുടെ സഹായത്തോടെ അമ്മാവന് മതം മാറല്‍ കഥ പ്രചരിപ്പിക്കുകയായിരുന്നു. അമ്മാവനെതിരേ കേസെടുക്കുമെന്നും പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."