കനിവുള്ളവരേ, കൈനീട്ടാമോ കലക്ടര്‍ ബ്രോയ്‌ക്കൊപ്പം; കാത്തിരിക്കുന്നുണ്ട് കാരുണ്യം തേടുന്ന കണ്ണുകള്‍
ആര്‍ദ്രത മുറ്റിയ കോഴിക്കോട്
മുഹബ്ബത്ത് എന്ന വാക്ക് കേള്‍ക്കുമ്പോഴൊക്കെ ആദ്യം മനസ്സിലെത്തുന്ന നാടായിരിക്കും കോഴിക്കോട്. ഓട്ടോയില്‍ കയറിയാലും കടപ്പുറത്തിന്റെ ഓരത്തുള്ള തട്ടുകടയിലെ ആവി പാറുന്ന കട്ടന്‍ കുടിക്കുമ്പോഴും രാപ്പകല്‍ വ്യത്യാസമില്ലാതെ തെരുവുകളിലൂടെ നടക്കുമ്പോഴും അത് അനുഭവിച്ചറിയാനാവും. മുഹബ്ബത്തിന്റെ കൂടെ ആര്‍ദ്രം എന്ന വാക്ക് കൂടി കോഴിക്കോടിന്റെ കൂടെ തുന്നിച്ചേര്‍ക്കപ്പെട്ടിരിക്കുകയാണ്.
കോടികള്‍ മുടക്കി അംബാസിഡറെ വച്ച് വായ്പ്പാട്ടും പാടി ഉണ്ടാക്കിയെടുത്തതല്ല അത്. മറിച്ച്, കോടി പോയിട്ട് നൂറു രൂപ തികച്ചില്ലാത്തവരുടെ മനസ്സ് പറയുന്ന മന്ത്രമാണിന്നത്.
ജില്ലകള്‍ ഭരണം കയ്യാളുന്നവരെപ്പറ്റിയുള്ള പൊതു ധാരണകളെയെല്ലാം തല്ലിപ്പൊളിച്ചാണ് കോഴിക്കോട് ജില്ലാ കലക്ടറുടെയും കൂട്ടരുടെയും പ്രവര്‍ത്തനം. കടലാസു നീക്കല്‍ പണിക്കപ്പുറത്ത് എന്തൊക്കെയോ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കലക്ടര്‍ക്കും ഭരണകൂടത്തിനും ആവുമെന്നും കോഴിക്കോടിന്റെ കഴിഞ്ഞ ചില വര്‍ഷങ്ങള്‍ തെളിയിച്ചു കൊണ്ടിരിക്കുകയാണ്.
'കലക്ടര്‍ ബ്രോ' എന്ന മുഹബ്ബത്തില്‍ കലര്‍ന്ന വിളി കേള്‍ക്കാന്‍ ജില്ലാ കലക്ടര്‍ എന്‍ പ്രശാന്തിനായതിനു പിന്നിലെ പ്രയത്‌നങ്ങള്‍ ചെറുതൊന്നുമല്ല. കോഴിക്കോടിന്റെ പഞ്ചനക്ഷത്രങ്ങളില്‍ തണുപ്പേറുന്നവരും തെരുവിന്റെ ചൂടില്‍ അന്തിയുറങ്ങുന്നവരും ഒരേ സമൂഹത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവ് നല്‍കാന്‍ കലക്ടറിനായിട്ടുണ്ട്.
അതിന്റെയൊക്കെ ആകെത്തുകയായി കോഴിക്കോടിനിന്ന് അഭിമാനത്തോടെ കാണിക്കാവുന്നൊരു പദ്ധതിയുണ്ട്, കരുണാര്‍ദ്രം കോഴിക്കോട്.
കംപാഷനേറ്റ് കോഴിക്കോട്
പ്രതീക്ഷയറ്റവര്‍ക്ക് പ്രതീക്ഷയേകാന്‍, അവരുടെ ജീവിതങ്ങള്‍ക്ക് ചിരി സമ്മാനിക്കാന്‍, അവരുടെ ലോകത്തിലും മാറ്റം വരുത്താന്‍ ഒരു ചെറിയ വിരലനക്കമെങ്കിലും ഉണ്ടാവണമെന്ന അഭ്യര്‍ഥനയാണ് കംപാഷനേറ്റ് കോഴിക്കോട് അഥവാ കരുണാര്‍ദ്രം കോഴിക്കോട്.
പല പദ്ധതികളിലും സര്‍ക്കാര്‍ സഹായത്തിനപ്പുറം പൊതുസമൂഹത്തിന്റെ കൂടി ഇടപെടലും പങ്കാളിത്തവും പ്രോല്‍സാഹിപ്പിക്കുന്നതാണ് പദ്ധതി. വിശപ്പുരഹിത കോഴിക്കോടെന്ന പദ്ധതിയുമായി തുടങ്ങിയ 'ഓപ്പറേഷന്‍ സുലൈമാനി'യും വിദ്യാര്‍ഥീ സ്‌കോളര്‍ഷിപ്പും ചില പ്രധാന പദ്ധതികള്‍. കലാ, കായിക, സംസ്‌കാരിക പ്രാധാന്യമുണര്‍ത്തുന്ന മറ്റനേകം പദ്ധതികളും കരുണാര്‍ദ്രം കോഴിക്കോടിനു കീഴില്‍ വരുന്നു.
കാരുണ്യം തേടുന്നവര്‍
ആശാ ഭവന്‍, ചില്‍ഡ്രന്‍സ് ഹോം, മാനസികാരോഗ്യ കേന്ദ്രം, സര്‍ക്കാര്‍ ആശുപത്രി, മെഡിക്കല്‍ കോളജ്, ഭിന്നശേഷിക്കാരുടെ സങ്കേതം, പാലിയേറ്റീവ് കെയര്‍ സെന്റര്‍, മഹിളാ മന്ദിരം, ഒബ്‌സര്‍വേഷന്‍ ഹോം, വൃദ്ധ മന്ദിരം തുടങ്ങിയ സര്‍ക്കാര്‍ നിയന്ത്രിത ആതുരാലയങ്ങളെല്ലാം കരുണാര്‍ദ്രം കോഴിക്കോടിന്റെ ഭാഗമാണ്.
സര്‍ക്കാര്‍ തുകയ്ക്കു പുറമെ പൊതുജനങ്ങളില്‍ നിന്ന് കൂടി ലഭിക്കുന്ന സഹായധനം ഉപയോഗിച്ചാണ് ഇപ്പോള്‍ ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം. അല്ലലും അലട്ടലുമില്ലാതെ സ്ഥാപനങ്ങള്‍ നീങ്ങാനും നല്ലൊരു അന്തരീക്ഷം സൃഷ്ടിക്കാനും ഇവിടെയുള്ള അന്തേവാസികള്‍ക്ക് ആരോഗ്യ ജീവിതമൊരുക്കാനും ഇത് ഏറെ സഹായകരമായിട്ടുണ്ട്.
പദ്ധതികള്‍ക്ക് സഹായം നല്‍കാം
പദ്ധതിയുടെ പരസ്യങ്ങളെല്ലാം സോഷ്യല്‍ മീഡിയയും പൊതുജനങ്ങളും ഏറ്റെടുത്തത് മാതൃകാപരമാണ്. സഹായം നല്‍കാനാവുന്നവര്‍ അങ്ങനെയും അതിനാവാത്തവര്‍ മറ്റു രീതികളിലും പദ്ധതിയും അകമഴിഞ്ഞ് പിന്തുണച്ചു.
പറ്റുമെങ്കില്‍ ധനസഹായം നല്‍കാനും അതിനാവില്ലെങ്കില്‍ നിങ്ങളുടെ ചെറിയ സമയമെങ്കിലും അവര്‍ക്കുവേണ്ടി മാറ്റിവയ്ക്കാനും പദ്ധതി ആവശ്യപ്പെടുന്നുണ്ട്. ഒരു നേരത്തെ അന്നത്തിനു വേണ്ടിയുള്ള അരിയും ഗോതമ്പും മുതല്‍ നിങ്ങള്‍ ആഗ്രഹിക്കുന്നതെന്നും പദ്ധതിയിലേക്ക് സംഭാവന ചെയ്യാം. ഇതിന്റെ വിശദ വിവരങ്ങളും മറ്റും compassionatekozhikode.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. വിവിധ സ്‌കോളര്‍ഷിപ്പ് പദ്ധതികളിലേക്കും വിദ്യാര്‍ഥികളുടെ ഒരു വര്‍ഷത്തെ പഠന ചെലവിലേക്കും സംഭാവന ചെയ്യാം.
പണമില്ലേ, നിങ്ങളുടെ
സമയവും മതി
എല്ലാവര്‍ക്കും എന്നും സഹായധനം നല്‍കാനായിക്കൊള്ളണമെന്നില്ല. എന്നാല്‍ ഒഴിവ് കിട്ടുന്ന സമയങ്ങളുണ്ടാവും, അധികം പേര്‍ക്കും. പലര്‍ക്കും സഹായിക്കണമെന്ന മനസ്സുണ്ടെങ്കിലും അതിനുള്ള അവസരങ്ങള്‍ ആരെങ്കിലും ഒരുക്കിക്കൊടുക്കേണ്ടതായിട്ടുണ്ട്. അത്തരക്കാരെ പദ്ധതിയുടെ ഭാഗമാക്കാനുള്ള ശ്രമവും വന്‍ വിജയത്തിലെത്തിയിട്ടുണ്ട്. ഡോക്ടര്‍മാര്‍ മുതല്‍ തയ്യല്‍, അധ്യാപക, നഴ്‌സ്, കര്‍ഷക വൃത്തിയില്‍ ഏര്‍പ്പെടുന്നവരെ വരെ പദ്ധതിക്ക് ആവശ്യമാണ്. നിങ്ങളുടെ ജോലി എന്തു തന്നെയായാലും നിങ്ങള്‍ക്ക് ഏതു മേഖലയിലൂടെയാണ് സഹായിക്കാന്‍ താല്‍പര്യമെങ്കിലും അതിന് കംപാഷനേറ്റ് കോഴിക്കോട് അവസരമൊരുക്കുന്നുണ്ട്. ഓരോരുത്തരുടെയും ഓരോ കരുണയുടെ നോട്ടവും സ്വരുക്കൂട്ടിയുള്ള കോഴിക്കോടിന്റെ ആര്‍ദ്ര മനസ്സിനു മുന്നില്‍ നമ്മളൊന്നുമല്ലാതായിപ്പോകരുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."