ഭൂരേഖകള്‍ ഇ-കോടതികളുമായി ബന്ധിപ്പിക്കാന്‍ കേന്ദ്രപദ്ധതി
ന്യൂഡല്‍ഹി: ഭൂരജിസ്‌ട്രേഷന്‍ കുറ്റമറ്റതാക്കുന്നതിന് ഭൂരേഖകള്‍ ഇ-കോടതിയുമായി ബന്ധിപ്പിക്കാന്‍ കേന്ദ്രം പദ്ധതി തയാറാക്കുന്നു. ഭൂമി വാങ്ങുന്നയാളുടെ പേരിലേക്ക് രജിസ്റ്റര്‍ ചെയ്യുംമുന്‍പ് അതുമായി ബന്ധപ്പെട്ട് നിയമപ്രശ്‌നങ്ങളോ വ്യവഹാരങ്ങളോ ഉണ്ടെങ്കില്‍ അക്കാര്യം മനസ്സിലാക്കാന്‍ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. നേരത്തെ മഹാരാഷ്ട്ര, ഹരിയാന, യു.പി സംസ്ഥാനങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇത് നടപ്പാക്കിയിരുന്നു. ഇത് വിജയമാണെന്ന് കണ്ടതിന്റെ അടിസ്ഥാനത്തിലാണ് രാജ്യമെമ്പാടും നടപ്പാക്കുന്നത്.
സംസ്ഥാന സര്‍ക്കാരുകള്‍ തയാറാക്കിയ ഭൂ രജിസ്‌ട്രേഷന്‍ ഡാറ്റാബേസ് ഇ-കോടതിയുമായി ബന്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുന്നതിന് ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍മാര്‍ക്ക് കേന്ദ്ര നീതി, നിയമകാര്യമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ത്രിപുര, മധ്യപ്രദേശ്, രാജസ്ഥാന്‍, അസം, അരുണാചല്‍ പ്രദേശ്, മിസോറാം, നാഗാലാന്‍ഡ്, ഹിമാചല്‍ പ്രദേശ് ഹൈക്കോടതികള്‍ നടപടി ആരംഭിക്കുകയും ചെയ്തു. ലാന്‍ഡ് റിസോഴ്‌സ് ഡിപ്പാര്‍ട്ടുമെന്റിനാണ് പദ്ധതി നടപ്പാക്കാനുള്ള ചുമതല. ഭൂമി വാങ്ങാന്‍ തയാറെടുക്കുന്നയാള്‍ക്ക് വാങ്ങാന്‍ പോകുന്ന ഭൂമി കൈയേറിയതോ നിയമവിരുദ്ധമായി കൈമാറ്റം ചെയ്യപ്പെട്ടതോ, തര്‍ക്കങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതോ അല്ലെന്ന് ഉറപ്പാക്കാന്‍ വെബ്‌സൈറ്റ് പരിശോധിച്ചാല്‍ മതിയാവും. പൊതുജനങ്ങള്‍ക്കും അഭിഭാഷകര്‍ക്കും കോടതി മുഖേന ലഭിക്കേണ്ട ചില സേവനങ്ങള്‍ ലഭ്യമാക്കാനാണ് ഇ-കോടതി സംവിധാനം ആരംഭിച്ചത്. അതില്‍ കൂടുതല്‍ സേവനങ്ങള്‍ ഉറപ്പാക്കുകയെന്ന പദ്ധതിയാണ് സര്‍ക്കാരിനുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."