ബ്രാഹ്മണ മാർക്‌സിസത്തിന്റെ കീഴാളവിരുദ്ധത
ഇന്ത്യ ഒരു ദേശരാഷ്ട്രമായി വികസിച്ചത് കൊളോണിയൽ ആധിപത്യത്തിനെതിരായുള്ള സമരങ്ങളിലൂടെയാണ്. വർണാശ്രമ വ്യവസ്ഥ നിലനിർത്തിക്കൊണ്ട് നിലനിന്ന ദുഷ്പ്രഭുത്വഭരണസംവിധാനങ്ങളെ തകർത്തെറിഞ്ഞതിൽ കൊളോണിയൽ ആധിപത്യത്തിനു ചെറുതല്ലാത്ത പങ്കുണ്ട്. ഇന്ത്യയുടെ ആധുനീകരണത്തിന് വൈദേശികതയുടെ സ്വാധീനങ്ങൾ പ്രധാനമാണ്. വ്യത്യസ്ത ഭാഷകൾ, വ്യത്യസ്ത മതങ്ങൾ, വ്യത്യസ്ത ഭൂപ്രകൃതികൾ ഇങ്ങനെ വൈരുധ്യങ്ങളാണ് ഇന്ത്യയുടെ മുഖമുദ്ര. വ്യതിരിക്തതകളെ സഹവർത്തിത്തപ്പെടുത്തി ഒരു രാഷ്ട്രനിർമാണ പ്രക്രിയയിൽ ജനതയെ ചേർത്തുനിർത്തിയതിൽ ഇന്ത്യൻ ഭരണഘടനയുടെ ഉള്ളടക്കം പ്രധാനമാണ്. ഒഴിവാക്കൽ (Exclusion) ആദർശമാക്കിവച്ച പൗരാണികതയെ തിരുത്തി ഉൾച്ചേർക്കലുകൾകൊണ്ട് (Inclusion) ബൃഹത്തായ ഭരണഘടന എഴുതിയുണ്ടാക്കിയതിൽ ഡോ. ബാബാ സാഹെബ് അംബേദ്കറുടെ പങ്ക് വളരെ വലുതാണ്.
മനുസ്മൃതി അനുശാസിക്കുന്ന ജാതിനീതിയിൽനിന്ന് ആധുനികതയുടെ പൗരത്വനീതിയിലേക്ക് ഇന്ത്യയെ വളർത്തുന്നതിൽ ഇന്ത്യൻ ഭരണഘടനയുടെ ഭാഗധേയം സുപ്രധാനമാണ്. മൈക്രോ മൈനോരിറ്റിയായ സാമൂഹിക വിഭാഗത്തിലുള്ളവർക്കും അത് വലിയ ആത്മവിശ്വാസവും ദേശീയതാബോധവും നൽകുന്നു. പഴമയുടെ ജാതിവ്യവസ്ഥയിലേക്ക് മടങ്ങിപ്പോകാൻ വ്യഗ്രതയുള്ള പിന്തിരിപ്പൻ ശക്തികൾക്ക് എപ്പോഴും വെല്ലുവിളിയായി നിൽക്കുന്നതും ഇന്ത്യൻ ഭരണഘടന തന്നെയാണ്. സഹോദരൻ അയ്യപ്പനെ പോലുള്ള ബഹുസ്വരജ്ഞാനികൾ അംബേദ്കർ ജീവിച്ചിരുന്ന കാലത്തുതന്നെ അദ്ദേഹത്തെ ഉൾക്കൊള്ളാൻ ശ്രമങ്ങൾ നടത്തിയപ്പോൾ, കേരളത്തിൽ ശക്തിപ്പെട്ടുവന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ അംബേദ്കറെ അടച്ചുപിടിക്കുന്നതിനാണ് വ്യഗ്രത കാണിച്ചത്. യൂറോപ്പിൽ വെളുത്ത പുരുഷനിലും ഇന്ത്യയിൽ സവർണ പുരുഷനിലും മാത്രമേ വിജ്ഞാനം നിൽക്കൂ എന്ന അബോധത്തെ അവരും പിൻപറ്റുന്നു. അംബേദ്കർ സാമ്രാജ്യത്വത്തിന്റെ ചാരനെന്നുപോലും വ്യത്യസ്ത കമ്മ്യൂണിസ്റ്റ്‌ചേരികൾ പ്രചരിപ്പിച്ചുപോന്നു. എന്നാൽ ജാതിയുടെയും ഫാസിസത്തിന്റെയും തിരിച്ചുവരവ് അതിസങ്കീർണമായിരിക്കുന്ന പുതിയ ഇന്ത്യൻ സാഹചര്യത്തിൽ ചിന്താശേഷിയുള്ള ജനാധിപത്യവാദികളും മതേതര മനുഷ്യരും ഡോ. അംബേദ്കറെ പുതിയ ജ്ഞാനാവബോധമായി തിരിച്ചെടുക്കുകയുണ്ടായി. വ്യത്യസ്ത സാമൂഹിക വിഭാഗങ്ങൾ ഉൾച്ചേരുന്ന വിവിധ ദേശരാഷ്ട്രങ്ങളും അംബേദ്കറുടെ മതേതര ജനാധിപത്യ സങ്കൽപനങ്ങളെ പുനർവായിച്ച് തങ്ങളുടേതുമാക്കുന്നതാണ് ഉത്തരാധുനിക കാലം. ശുദ്ധിവാദത്തിനെതിരായി കലർപ്പിന്റെ ജനാധിപത്യപരമായ ഇടങ്ങളെ ഇക്കാലത്ത് ആർക്കും നിഷേധിക്കാൻ കഴിയാതായിരിക്കുന്നു.
തൊഴിലാളിയും മുതലാളിയും ഒറ്റ സമുദായമെങ്കിൽ വർഗവിഭജനം സാധ്യമല്ലെന്ന് ഇക്കാലത്ത് വ്യക്തമാണ്. എയ്ഡഡ് നിയമനങ്ങൾക്കെതിരേ സമുദായത്തിലെ ഒരു തൊഴിലാളി (ദരിദ്ര) വർഗവും മിണ്ടില്ല എന്നത് ചെറിയ ഉദാഹരണം മാത്രം. രോഹിത് വെമുലയുടെ ആത്മബലിക്കു ശേഷം ജയ് ഭീം എന്ന മുദ്രാവാക്യം ഇന്ത്യയിലെ സമസ്ത ജനങ്ങളും വ്യാപകമായി ഏറ്റെടുത്തിരിക്കുന്നു. ഇന്ത്യയെ ഉത്തരാധുനിക കാലത്തും ജനാധിപത്യപരമായി മുന്നോട്ടുനയിക്കുന്നതിനു കൂടുതൽ ശക്തിപകരുകയാണ് ജയ് ഭീം എന്ന മുദ്രാവാക്യം. വർഗ വിശകലനങ്ങൾക്കു വഴങ്ങാത്ത, വേറിട്ട ഒരു തദ്ദേശീയ ചിന്താപദ്ധതിയാണ് അംബേദ്കറിസം മുന്നോട്ടുവച്ചത്. സാമൂഹികനീതിയെന്നാൽ സാമുദായികനീതി തന്നെയാണെന്ന് ആ സിദ്ധാന്തം ആവർത്തിച്ച് ഉറപ്പിക്കുന്നുണ്ട്. വർഗസമരത്തിന്റെ വക്താക്കളായ ഇടതുപക്ഷങ്ങൾക്ക് അംബേദ്കർ ചിന്തകളെ ചേർത്തെടുക്കുന്നതിൽ വലിയ പ്രത്യയശാസ്ത്ര പ്രതിസന്ധി നിലനിൽക്കുന്ന കാലമാണിത്. അതുകൊണ്ടവർ അംബേദ്കർ ചിന്തകളെ മാത്രമല്ല, അംബേദ്കർ വിഭാവനം ചെയ്ത ഭരണഘടനയോടും ശത്രുതാപരമായ നിലപാടാണ് പുലർത്തിക്കാണുന്നത്. അംബേദ്കർ ഭരണഘടനയിൽ എഴുതിച്ചേർത്ത സാമുദായിക സംവരണത്തെ അട്ടിമറിച്ച് ഇന്ത്യയിൽ ആദ്യമായി സാമ്പത്തികം എന്ന വിളിപ്പേരിട്ട് സവർണസംവരണം നടപ്പാക്കിയതിൽതന്നെ അവരുടെ അംബേദ്കർ വിരോധം ദൃശ്യമാണ്. ബ്രാഹ്മണ മാർക്‌സിസ്റ്റുകളുടെ സംവരണ സിദ്ധാന്തം എന്നപേരിൽ സാമൂഹിക ചിന്തകനായ കെ.കെ കൊച്ച് മാതൃഭൂമിയിൽ എഴുതിയ ലേഖനത്തിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. സാമ്പത്തിക സംവരണവാദം ഇന്ത്യയിൽ ആദ്യം ഉയർത്തിവിട്ടത് ഇ.എം.എസ് നമ്പൂതിരിപ്പാടാണെന്ന് കെ.എം സലിംകുമാറും വിശദമായി എഴുതിയിട്ടുണ്ട്.
സമുദായം, അത് ദലിതരുടേതും പിന്നാക്കരുടേതും മുസ്‌ലിംകളുടേതുമെങ്കിൽ പരമമായ അസഹിഷ്ണുത എക്കാലത്തും ഇടതുപക്ഷങ്ങൾ പുലർത്തിയിട്ടുണ്ട്. എന്നാൽ, സാമൂഹികമായി വേർതിരിക്കപ്പെട്ടവർ രാഷ്ട്രീയമായും വേർതിരിക്കപ്പെടണമെന്നാണ് അംബേദ്കർ സിദ്ധാന്തിച്ചത്. മതേതരത്വവും ജനാധിപത്യവും നാടിനു ഗുണകരമല്ല എന്നുപോലും പ്രസംഗിച്ച ഒരു മന്ത്രി ബഹുജന പ്രക്ഷോഭങ്ങളിൽ രാജിവയ്‌ക്കേണ്ടി വന്നപ്പോൾപോലും അദ്ദേഹമെന്തോ മഹാത്യാഗം ചെയ്തിരിക്കുന്നു എന്നതരത്തിലെ വ്യാഖ്യാനങ്ങളാണ് ഉയർന്നുവന്നത്. അത്തരം ശബ്ദകോലാഹലങ്ങളെ പ്രതിരോധിക്കാൻ കേരളത്തിൽ ഉയർന്ന ജയ് ഭീം വിളികളെ പാലാരിവട്ടം പാലത്തിന്റെ ബീം ആണോ എന്നുപോലും നിയമസഭയിൽ ചോദിക്കുന്ന തരത്തിൽ രാഷ്ട്രീയത്തിൽ ഒരുവിഭാഗം അതിന്റെ ജാതിസവർണത തുറന്നുവിട്ടു. സത്യത്തിൽ ബ്രാഹ്മണ മാർക്‌സിസം മൂടിപ്പിടിച്ചിരുന്ന കീഴാളവിരുദ്ധതയുടെ ബഹിർഗമനമാണ് ഇത്തരം ആക്രോശങ്ങളിലൂടെ പുറത്തുചാടിയത്.
ജയ് ഭീം എന്ന മുദ്രാവാക്യത്തെ പാലാരിവട്ടത്തെ ബീമാണോ എന്ന് കളിയാക്കുന്നതിൽ; ഭരണഘടനാ ശിൽപിയോടുള്ളതു മാത്രമല്ല, അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സാമൂഹ്യ വിഭാഗങ്ങളോടുമുള്ള പരമപുച്ഛമാണ് സംവഹിക്കുന്നത്. ഇന്ത്യയുടെ സാമൂഹിക ജീവിതത്തെ അപനിർമിച്ചതിലും അതിനെ ബഹുസ്വര ജനാധിപത്യ വഴികളിലേക്ക് പരിവർത്തിപ്പിച്ചതിലും ഡോ. അംബേദ്കറെ പോലെ മറ്റൊരു സാമൂഹിക ശാസ്ത്രജ്ഞരുമില്ലെന്ന് രാഷ്ട്രീയസമൂഹം ഇക്കാലത്ത് ഉൾക്കൊണ്ടു കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെ ജയ് ഭീം എന്നത് ഇന്ത്യൻ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ബഹുസ്വരതയുടെയും സഹവർത്തിത്വത്തിന്റെയും ആത്മാവിൽനിന്ന് നൈസർഗികമായുണരുന്ന ത്രസിപ്പുകളാണ്, ബഹുസ്വര ഇന്ത്യ വരുംകാലത്ത് കൂടുതൽ ഉറക്കെ വിളിക്കേണ്ടുന്ന ജ്ഞാനസ്വരം.
അതുപോലും അറിയാഞ്ഞിട്ടോ, അറിഞ്ഞുകൊണ്ട് ഭരണഘടനാ ശിൽപി ഡോ. അംബേദ്കറെ ബോധപൂർവം അവഹേളിക്കാനോ ഒരുമ്പെടുന്ന രാഷ്ട്രീയപ്രവർത്തകർ വൈജ്ഞാനിക കേരളത്തിന് അപഹാസ്യം തന്നെയാണ്. രാഷ്ട്രീയപാർട്ടിയിൽ അംഗമായി എന്നതുകൊണ്ട് ജന്മവാസനയായ സവർണതയുടെ കീഴാളാവഹേളനത്വര തെല്ലും മായുന്നില്ലെന്നതിനു വ്യക്തമായ തെളിവാണ് അംബേദ്കർവിരുദ്ധ വാചകക്കസർത്തുകൾ. ലോകംകണ്ട വലിയ ജ്ഞാനിയായിരുന്നിട്ടുപോലും അംബേദ്കറെ നിന്ദിക്കാൻ ചിലർക്കെങ്കിലും മൂലധനമാവുന്നത് ജാതിസവർണതയുടെ തയമ്പുകൾ തന്നെയാണ്. ജയ് ഭീം വിളിയെ അധിക്ഷേപിച്ചവരിൽ നിന്ന് പുറത്തുചാടിയത് വ്യക്തിഭാഷണങ്ങളല്ല എന്നതാണ് സത്യം. മാർക്‌സിസ്റ്റ് പ്രസ്ഥാനങ്ങൾ കാലങ്ങളായി വിഴുങ്ങിവച്ച അംബേദ്കർവിരോധം തന്നെയാണത്. നാക്കുപിഴകളല്ല, ഇവിടെ നൈസർഗികതയുടെ തുറന്നൊഴുകലാണ്. നാക്കുപിഴ നൈസർഗികതയുടെ പുറംചാടലെന്ന് സിഗ്മണ്ട് ഫ്രോയിഡ് പറഞ്ഞുവച്ചിട്ടുണ്ട്.
ജയ് ഭീമിന്റെ വിലയെന്തെന്ന് ഇനിയെങ്കിലും കക്ഷിരാഷ്ട്രീയക്കാർ തിരിച്ചറിയേണ്ടതുണ്ട്. ജയ് ഭീം ഏതെങ്കിലും ചെറിയ പാലത്തിന്റെ ബീമല്ല, മറിച്ച് ഇന്ത്യയെന്ന ബഹുസ്വര രാഷ്ട്രം നിലനിൽക്കുന്നതിന്റെ അടിത്തട്ടും മേൽപ്പുരയുമാണ്. ആ ഭീം തരുന്ന കെട്ടുറപ്പിനെ വൈജ്ഞാനികതയിൽതന്നെ ഉൾക്കൊള്ളാനുള്ള ബാധ്യത എല്ലാ ജനാധിപത്യവാദികൾക്കുമുണ്ട്. അതിനു തിരുത്തലും വീണ്ടെടുപ്പുമാണ് അഭികാമ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."