മറുപടി പറയണം മരുന്നുക്ഷാമത്തിന്
സംസ്ഥാനം പനിയിൽ വിറച്ച് കഴിയാൻ തുടങ്ങിയിട്ട് ആഴ്ചകളായി. വൈറൽ പനി ബാധിച്ച് നിരവധി പേരാണ് ആശുപത്രികളിലെത്തുന്നത്. ഡെങ്കിപ്പനിയും എലിപ്പനിയും തക്കാളിപ്പനിയും പടരുകയാണ്. പുറമെ കൊവിഡും വർധിച്ചു കൊണ്ടിരിക്കുന്നു. എന്നാൽ രോഗം ബാധിച്ച് സർക്കാർ ആശുപത്രികളിലെത്തുന്നവർ മരുന്ന് ലഭിക്കാതെ നിരാശരായി മടങ്ങുകയാണ്. ജീവിതശൈലീ രോഗങ്ങൾക്ക് സ്ഥിരമായി മരുന്നു കഴിക്കേണ്ടവരും ആവശ്യമായ മരുന്നു കിട്ടാതെ വിഷമിക്കുകയാണ്. സർക്കാർ ആശുപത്രികളെ അഭയം പ്രാപിക്കുന്നവരിൽ ഏറിയപങ്കും ദരിദ്രരാണ്. വലിയ വില കൊടുത്ത് പുറമെ നിന്നും മരുന്നുവാങ്ങി കഴിക്കാൻ കഴിവില്ലാത്തവരാണിവർ.
പാവങ്ങൾക്ക് വലിയൊരാശ്വാസമായ കാരുണ്യ ഫാർമസിയിലും മരുന്നില്ലാതായത് രോഗികളെ വല്ലാതെ വലയ്ക്കുകയാണ്. അഴിമതിക്കറ പുരണ്ട കേരള മെഡിക്കൽ സർവിസ് കോർപറേഷന്റെ പിടിപ്പുകേടും നിരുത്തരവാദ പ്രവർത്തനവുമാണ് സർക്കാർ ആശുപത്രികളിൽ മരുന്നുക്ഷാമം വരുത്തിവച്ചത്. സർക്കാർ ആശുപത്രികളിലേക്കും കാരുണ്യ ഫാർമസികളിലേക്കും മരുന്ന് നൽകേണ്ട ഉത്തരവാദിത്വം കേരള മെഡിക്കൽ സർവിസ് കോർപറേഷനാണ്. കഴിഞ്ഞ മാർച്ചിൽ ടെൻഡർ പൂർത്തിയാക്കി കോർപറേഷൻ മരുന്നു വിതരണം ആരംഭിക്കേണ്ടതായിരുന്നു. എന്നാൽ ഇതുവരെ ടെൻഡർ നടപടികൾ പൂർത്തിയാക്കിയിട്ടില്ല. ഇതിനു ഇടവരുത്തിയത് കോർപറേഷന്റെ വിചിത്ര തീരുമാനമാണ്. 50 കോടി വിറ്റുവരവുള്ള കമ്പനികൾ മാത്രം ടെൻഡറിൽ പങ്കെടുത്താൽ മതിയെന്നായിരുന്നു തീരുമാനം. ഇത് ടെൻഡർ നടപടികൾക്ക് തിരിച്ചടിയായി. 25 മുതൽ 30 കോടി വരെ വിറ്റുവരവുണ്ടായിരുന്ന കമ്പനികൾ ടെൻഡറിൽ നിന്നും മാറിനിന്നു. അതുവരെ മരുന്നു വിതരണം നടത്തിയിരുന്ന കമ്പനികളാകട്ടെ കരാർ പുതുക്കാത്തതു കാരണം കഴിഞ്ഞ മാർച്ചിന് ശേഷം മരുന്നു വിതരണം നടത്തിയതുമില്ല. ഇതെല്ലാം കൂടിയാണ് സർക്കാർ ആശുപത്രികളിൽ മരുന്നില്ലാതാക്കിയത്.
ശ്രീറാം വെങ്കിട്ടരാമനാണ് കേരള മെഡിക്കൽ സർവിസ് കോർപറേഷന്റെ എം.ഡി. ബാലമുരളിയെ മാറ്റിയാണ് ശ്രീറാം വെങ്കിട്ടരാമന് സർക്കാർ ഈ പദവി നൽകിയത്. 2019 ഓഗസ്റ്റ് മൂന്നാം തീയ്യതി തിരുവനന്തപുരം മ്യൂസിയം ജങ്ഷനടുത്തു വച്ച് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാർ ഇടിച്ചാണ് മാധ്യമപ്രവർത്തകനായ കെ.എം ബഷീർ കൊല്ലപ്പെട്ടത്. സസ്‌പെൻഷനിലായിരുന്ന വെങ്കിട്ടരാമന് ക്ലീൻചിറ്റ് നൽകി സർവിസിൽ തിരിച്ചെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് ശുപാർശ നൽകിയത് അന്നത്തെ ചീഫ് സെക്രട്ടറിയായിരുന്ന ടോം തോമസായിരുന്നു. തുടർന്നാണ് ആരോഗ്യവകുപ്പിൽ ശ്രീറാം വെങ്കിട്ടരാമൻ നിയമിതനായത്.
കെടുകാര്യസ്ഥത കൊണ്ടും അഴിമതി കൊണ്ടും ഇതിനകം കുപ്രസിദ്ധിയാർജിച്ച സ്ഥാപനമാണ് കേരള മെഡിക്കൽ സർവിസ് കോർപറേഷൻ. കൊവിഡിനെതിരേ ആരോഗ്യ പ്രവർത്തകർ കടുത്ത പോരാട്ടം നടത്തുമ്പോൾ കോർപറേഷനിലെ രാഷ്ട്രീയ-ഉദ്യോഗസ്ഥ അവിഹിത കൂട്ടുകെട്ട് കീശ വീർപ്പിക്കാനാണ് അവസരം ഉപയോഗപ്പെടുത്തിയത്. കേരള മെഡിക്കൽ സർവിസ് കോർപറേഷനിലെ വാങ്ങൽ രേഖകളാണ് ഈ അഴിമതിയുടെ സാക്ഷ്യപത്രം. കോർപറേഷന്റെ പിന്നാമ്പുറത്ത് നടക്കുന്ന നിയമന ക്രമക്കേടുകളെകുറിച്ചും വാങ്ങുന്നതിലെ ക്രമക്കേടുകളെക്കുറിച്ചും 2021 നവംബറിൽ പ്രചരിച്ച ഇ മെയിൽ സന്ദേശത്തിൽ കോർപറേഷനിൽ നടക്കുന്ന അഴിമതികളെക്കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. മാധ്യമങ്ങളിലും ഇതു സംബന്ധിച്ച വാർത്തകൾ വന്നതാണ്. ഡിഗ്രിക്കാരിയെ തൂപ്പുകാരിയാക്കിയതും ഡിപ്ലോമക്കാരിയെ അസിസ്റ്റന്റ് മാനേജരാക്കിയതും മുൻ ആരോഗ്യമന്ത്രിയുടെ ഗൺമാനെ കോർപറേഷനിൽ തിരുകിക്കയറ്റിയതുമെല്ലാം പുറത്തുവന്ന നിയമന ക്രമക്കേടുകളിൽ ചിലതാണ്.
നിപായും രണ്ട് പ്രളയങ്ങളും സംസ്ഥാനത്തെ സാമ്പത്തിക തകർച്ചയിൽ എത്തിച്ചു എന്നത് വസ്തുതയാണ്. ഈ അവസരം കേരള മെഡിക്കൽ സർവിസ് കോർപറേഷനിലെ ഉദ്യോഗസ്ഥർ അഴിമതി നടത്താനുള്ള അവസരമാക്കുകയായിരുന്നു. മരുന്നുകളും ഉപകരണങ്ങളും അവശ്യവസ്തുക്കളും വാങ്ങുന്നതിന് 1,600 കോടി രൂപ ചെലവാക്കിയതായാണ് കോർപറേഷൻ കണക്കിൽ കാണിച്ചത്. സാധാരണ ഗതിയിൽ അവശ്യവസ്തുക്കൾ വാങ്ങാൻ തുനിഞ്ഞാൽ അവ കിട്ടാൻ കാലതാമസമെടുക്കുമെന്നു കണ്ടായിരുന്നു, സർക്കാർ ദുരന്തനിവാരണ നിയമത്തിലെ പ്രത്യേക വകുപ്പുകൾ ഉപയോഗിച്ചു മരുന്നുകളും അനുബന്ധ വസ്തുക്കളും ടെൻഡറുകൾ സ്വീകരിക്കാൻ നിൽക്കാതെ വാങ്ങാൻ തീരുമാനിച്ചത്. ഈ സൗകര്യം കോർപറേഷനിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥർ ചൂഷണം ചെയ്യുകയായിരുന്നു. ടെൻഡർ വിളിക്കാതെ നടത്തിയ വാങ്ങൽ കോർപറേഷനിലെ വെള്ളാനകൾ ശരിക്കും ഉപയോഗപ്പെടുത്തി. തെരഞ്ഞെടുപ്പ് അടുത്ത സമയമായതിനാൽ ഇടതു സർക്കാരും അഴിമതിക്ക് നേരെ കണ്ണടച്ചു. നിപാകാലത്ത് 550 രൂപയ്ക്കാണ് പി.പി.ഇ കിറ്റ് വാങ്ങിയതെങ്കിൽ കൊവിഡ് തുടക്കകാലത്ത് മെഡിക്കൽ സർവിസ് കോർപറേഷൻ 1,550 രൂപയ്ക്ക് സംഭരിച്ചതിൽ വലിയ അഴിമതിയാണ് നടന്നത്. ഇതിനായി ഇല്ലാത്ത കമ്പനിയുടെ പേരിൽ ഒമ്പതു കോടിയോളം മുൻകൂറായി നൽകുകയും ചെയ്തു.
പി.പി.ഇ കിറ്റിന് പണം മുൻകൂറായി നൽകുക എന്നത് കേട്ടുകേൾവിയില്ലാത്തതാണ്. പിന്നീട് നടന്ന 1,600 കോടിയുടെ മിക്ക വാങ്ങലുകളിലും ടെൻഡറോ ക്വട്ടേഷനോ ഉണ്ടായിരുന്നില്ല. ബ്ലീച്ചിങ് പൗഡർ മുതൽ 15 ലക്ഷത്തോളം വിലയുള്ള വെന്റിലേറ്റർ വരെ ദിവസങ്ങൾക്കുള്ളിൽ വാങ്ങിക്കൂട്ടി. അടിസ്ഥാന സൗകര്യങ്ങൾക്കായി 306 കോടി രൂപ അടിയന്തരമായി അനുവദിക്കണമെന്ന കോർപറേഷന്റെ ശുപാർശയിൽ ഭൂരിഭാഗവും സർക്കാർ അംഗീകരിക്കുകയും ചെയ്തു. പ്രാദേശിക മാർക്കറ്റിൽ ഗ്ലൗസ് സുലഭമായിരിക്കുമ്പോഴാണ് 12.15 കോടി രൂപയുടെ ഗ്ലൗസ് യു.എസിൽ നിന്നും ഇറക്കുമതി ചെയ്തത്.
ഇതുപോലെ നിരവധി അഴിമതിയാരോപണങ്ങൾക്കും മദ്യസൽക്കാരങ്ങൾക്കും കെടുകാര്യസ്ഥതക്കും ദുഷ്‌പേര് സമ്പാദിച്ച കേരള മെഡിക്കൽ സർവിസ് കോർപറേഷൻ ആണ് മരുന്നു കമ്പനികൾക്ക് മുമ്പിൽ 50 കോടിയുടെ നിബന്ധന വച്ചിരിക്കുന്നത്. അതിനു താഴെ വിറ്റുവരവുള്ള മരുന്നു കമ്പനികൾ കൈക്കൂലിയുമായി എത്താനും അതോടെ തീരുമാനം തിരുത്താനുമുള്ള കോർപറേഷനിലെ അഴിമതി വീരന്മാരുടെ തന്ത്രമായിട്ടേ 50 കോടിയുടെ നിബന്ധനയെ കാണാനാകൂ. ആർജവമുള്ള ഒരു ആരോഗ്യമന്ത്രിയായിരുന്നു ഉണ്ടായിരുന്നെങ്കിൽ 50 കോടിയുടെ നിബന്ധനയെക്കുറിച്ച് ഇതിനകം തന്നെ അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരേ നടപടി എടുത്തിട്ടുണ്ടാകും. മരുന്ന് കിട്ടാതെ പാവപ്പെട്ട രോഗികൾ മരിച്ചാലെന്ത്. അഴിമതിക്കാർക്ക് സ്വഭാവികമായും പതുക്കെ പതുക്കെ മനുഷ്യത്വം നഷ്ടപ്പെടുമെന്നത് യാഥാർഥ്യമാണ്. അതിനാൽ തന്നെ ശ്രീറാം വെങ്കിട്ടരാമന്റെ കീഴിൽ പ്രവർത്തിക്കുന്ന കേരള മെഡിക്കൽ സർവിസ് കോർപറേഷനിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥർക്ക് മാനുഷിക പരിഗണനകൾ ഉണ്ടായിക്കൊള്ളണമെന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."