ഹിന്ദുത്വം പിടിമുറുക്കുമ്പോൾ മതേതര രാമരാജ്യം പരിഹാരമോ?
ഡോ. ടി.എസ് ശ്യംകുമാർ
പാർലമെന്റ് ഹൗസിൽ അരങ്ങേറിയ ഹോമവും വേദമന്ത്ര ജപ ഘോഷണവും ചെങ്കോലിനും പൗരോഹിത്യത്തിനും മുൻപിലുള്ള 'രാഷ്ട്രനായകന്റെ' ദണ്ഡനമസ്കാരവും ജനാധിപത്യവിശ്വാസികളെ തീർച്ചയായും ആകുലപ്പെടുത്തുന്നതാണ്. അയോധ്യാ ക്ഷേത്രത്തിന്റെ ശിലാസ്ഥാപന സന്ദർഭത്തിൽ രാജ്യത്തിന്റെ പ്രധാന അധികാരി തന്നെയാണ് ഹോമ പൂജാദി കർമങ്ങൾക്ക് നേതൃത്വം വഹിച്ചുകൊണ്ട് ശിലാസ്ഥാപനം നിർവഹിച്ചത്. ഇത് ചില സന്ദേശങ്ങൾ പൊതുസമൂഹത്തിന് നൽകുന്നുണ്ട്.
ഒരു മതേതര രാഷ്ട്രത്തിൽ രാജ്യാധികാരികൾ തന്നെ തികച്ചും ബ്രാഹ്മണികമായ അനുഷ്ഠാനങ്ങൾക്ക് നേതൃത്വം വഹിക്കുന്നു എന്നതിലൂടെ അവർ പ്രഖ്യാപിക്കുന്നത് തങ്ങളുടെ ആഭിമുഖ്യം ബ്രാഹ്മണ്യ പ്രത്യയബോധത്തോടും അതിന്റെ സാംസ്കാരിക അസമത്വ ക്രമങ്ങളോടുമാണെന്നാണ്. പുതിയ പാർലമെന്റ് ഹൗസിൽ നടന്ന ചടങ്ങുകൾ ശ്രദ്ധിക്കുമ്പോൾ പൗരാണിക കാലത്ത് ഒരു ചക്രവർത്തിയെ അഭിഷേകം ചെയ്യുന്ന ചടങ്ങുകളുമായി അതിന് സാമ്യം ദർശിക്കാം. പൂർണമായും ഈ ചടങ്ങുകൾക്ക് നേതൃത്വം വഹിച്ചത് സവർണ പൗരോഹിത്യമാണ്. ചടങ്ങുകൾ അവസാനിക്കുമ്പോൾ പ്രധാന പുരോഹിതന് പശു പ്രതിമ ദാനമായി നൽകുന്നത് കാണാം. ഇതിഹാസ പുരാണങ്ങളിലും ബ്രാഹ്മണപാഠങ്ങളിലും യജ്ഞം നിർവഹിക്കുന്ന പുരോഹിതന് പശുവിനെ ദാനമായി നൽകുന്നതിനെക്കുറിച്ച് വിവരിക്കുന്നുണ്ട്. ഇതൊരു തനിയാവർത്തനമാണെന്നും ഇന്ത്യയെ പുരാതന കാലത്തേക്ക് മടക്കി നടത്തിക്കുകയാണെന്നും വാദിക്കാവുന്നതാണ്. എന്നാൽ ജനാധിപത്യ രാജ്യത്തിൽ അധികാരത്തിലെത്തിയ ഹിന്ദുത്വർ എല്ലാ സ്വാധീനങ്ങളും ഉപയോഗിച്ച് ഭരണകൂടത്തിന്റെ ഔദ്യോഗിക മതമായി ബ്രാഹ്മണമതത്തെ സ്ഥാനപ്പെടുത്തുകയാണ്. ഇന്ത്യയിൽ സ്വാഭാവികമായി നിലനിൽക്കുന്ന ജാതി അസമത്വവ്യവസ്ഥയും ബ്രാഹ്മണ്യത്തോടും ബ്രാഹ്മണമതത്തോടുമുള്ള ഹീനമായ വിധേയത്തവുമാണ് ഹിന്ദുത്വരെ അതിന്റെ സംരക്ഷകരാക്കി മാറ്റിത്തീർക്കുന്നത്. അതുകൊണ്ടുതന്നെ സ്വഭാവികമായി തീർന്നിരിക്കുന്ന ബ്രാഹ്മണ്യത്തെ നിർമൂലനം ചെയ്യാതെ രാഷ്ട്രീയമായി ഹിന്ദുത്വത്തെ സമ്പൂർണമായി പരാജയപ്പെടുത്തുവാൻ സാധ്യമല്ല.
ഹിന്ദുത്വശക്തികൾ നിരന്തരം ഉപയോഗിച്ചുവരുന്ന രാമൻ, ഹനുമാൻ തുടങ്ങിയ ബിംബങ്ങളെ ചരിത്രപരമായ വിമർശന പഠനങ്ങൾക്ക് വിധേയമാക്കുന്നതിനു പകരം അതിനെയൊക്കെ മതേതരപാഠങ്ങളാക്കി കെട്ടഴിച്ചു വിടുന്നവർ അറിഞ്ഞോ അറിയാതെയോ ബ്രാഹ്മണ്യത്തെ പുൽകിക്കൊണ്ട് ഹിന്ദുത്വത്തെ അധികാര ശക്തിയാക്കി നിലനിർത്താനുള്ള എരിതീയിൽ എണ്ണ പകരുക മാത്രമാണ് ചെയ്യുന്നത്. രാമായണത്തെയും മഹാഭാരതത്തെയും മതേതരപാഠങ്ങളായി വ്യാഖ്യാനിക്കുന്നതിലൂടെ ബ്രാഹ്മണ്യ വ്യവഹാരങ്ങളെയാണ് മതേതരമായി വ്യാഖ്യാനിച്ചുറപ്പിക്കാൻ ശ്രമിക്കുന്നത് എന്ന അപകടവും അതിൽ പതിയിരിക്കുന്നുണ്ട്. എല്ലാറ്റിനെയും സ്വാംശീകരിക്കാനുള്ള ബ്രാഹ്മണ്യ ഹിന്ദുത്വത്തിന് മതേതര ബ്രാഹ്മണ്യ വ്യവഹാരങ്ങളെ സ്വാംശീകരിക്കുന്നതിനും ഒരു മടിയും ഇല്ലെന്നതാണ് വസ്തുത. ബുദ്ധനെ വിഷ്ണുവിന്റെ അവതാരമാക്കിയ ഹിന്ദുത്വത്തിന് മതേതരമായി വ്യഖ്യാനിക്കുന്ന പാഠസൃഷ്ടികൾ തീർത്തും അനുഗുണമാണ്. വൈദിക ഗ്രന്ഥങ്ങളിൽ ജനാധിപത്യം സന്നിഹിതമായിരുന്നു എന്ന് വാദിക്കുന്നതിലൂടെ ഹിന്ദുത്വശക്തികൾ ലക്ഷ്യമിടുന്ന അതേ ആശയ പ്രതലത്തെയാണ് രാമായണത്തെയും രാമനെയും മതേതരവൽക്കരിക്കുന്നതിലൂടെ സാധ്യമാക്കുന്നത്.
മതേതരത്വം, വൈവിധ്യ ജനായത്തം, സായൻസികബോധം എന്നിവ ജനാധിപത്യ ഇന്ത്യയുടെ ആശയാടിത്തറയായിരിക്കുമ്പോഴാണ് പാർലമെന്റിൽ ഇതിന് വിരുദ്ധമായി ഹോമാദി ചടങ്ങുകൾ അരങ്ങേറുന്നത്. ഇതൊരു വൈരുധ്യമല്ലെന്ന് ഇന്ത്യയുടെ സാംസ്കാരിക സാമൂഹ്യ ചരിത്രം പഠിക്കുന്ന ആർക്കും ബോധ്യപ്പെടാവുന്നതേയുള്ളൂ. ജാതി അസമത്വക്രമങ്ങളും ബ്രാഹ്മണ പൂജയും ആരാധനയും സ്വാഭാവികമായി നിലനിൽക്കുന്ന രാജ്യത്തിലെ പാർലമെന്റിൽ ബ്രാഹ്മണർ പൂജ നടത്തുന്നത് അതിശയോക്തിയല്ല. ഇന്ത്യയുടെ സ്വാഭാവിക അസമത്വ സാമൂഹ്യവ്യവസ്ഥയനുസരിച്ച് ഉന്നത മനുഷ്യ ദൈവങ്ങളാണ് ബ്രാഹ്മണർ. ബ്രാഹ്മണരൊഴികെയുള്ള മുഴുവൻ മനുഷ്യരെയും ഹീനരായാണ് ഇന്ത്യൻ അസമത്വ പാരമ്പര്യം വിലയിരുത്തുന്നത്. ബ്രാഹ്മണ പൂജയിലൂടെ ഇന്ത്യയിൽ ഇന്നും തുടരുന്ന അസമത്വക്രമങ്ങളെ ഭരണപരമായി സാധൂകരിക്കുക മാത്രമാണ് ഹിന്ദുത്വർ ചെയ്യുന്നത്. അതായത് ബ്രാഹ്മണ്യവും ജാതി മേൽക്കീഴ് വ്യവസ്ഥയും ആധുനിക ഇന്ത്യയിൽ പുതിയ രൂപത്തിലും ഭാവത്തിലുമാണ് പ്രവർത്തിക്കുന്നതെന്ന് ചുരുക്കം. ബ്രാഹ്മണ്യത്തിന്റെ ഈ പുതിയതരം ബലതന്ത്രങ്ങളെയും പിടിമുറുക്കങ്ങളെയും ആഴത്തിൽ തിരിച്ചറിഞ്ഞാൽ മാത്രമേ അതിനെ പ്രതിരോധിക്കാൻ കഴിയൂ.
ഹിന്ദുത്വർ ഉയർത്തുന്ന ഹിംസാത്മകമായ കോയ്മാ ബിംബങ്ങൾക്കും പാഠങ്ങൾക്കും പരിഹാരമായി അവരുയർത്തുന്ന ബിംബങ്ങളെ മതേതരമായി വ്യാഖ്യാനിച്ചുകൊണ്ട് ഹിന്ദുത്വത്തെ പ്രതിരോധിക്കാമെന്ന് പുരോഗമന പക്ഷത്തുള്ളവർ തന്നെ വിചാരിക്കുന്നുണ്ട്. ഗാന്ധിയുടെ സത്യബോധത്തിന്റെ പേരായ രാമനെ കൊണ്ടും ത്യാഗരാജന്റെ ജഗദാനന്ദ കാരകനായ രാമനെ കൊണ്ടും ഹിന്ദുത്വം പ്രതിരോധത്തിലകപ്പെടുന്നുമാണ് ഇക്കൂട്ടർ നിഷ്കളങ്കമായി വിചാരിക്കുന്നത്. ഇന്ത്യൻ വൈദിക സത്താ പാരമ്പര്യത്തെ സെക്യുലർ പാഠങ്ങളായി വ്യാഖ്യാനിക്കാനിഷ്ടപ്പെടുന്ന ഹിന്ദുത്വവാദികൾക്ക് രാമൻ മതേതരനാകുന്നതിന് ഒരു എതിർപ്പുമില്ല എന്നതാണ് സത്യം.
ജയാനകന്റെ പൃത്ഥ്വിരാജ വിജയം, ഗംഗാദേവിയുടെ മധുരാവിജയം, നയചന്ദ്ര സൂരിയുടെ രംഭാ മഞ്ചരി തുടങ്ങിയ സംസ്കൃത കാവ്യങ്ങളിൽ നായകന്മാരായി അവതരിപ്പിക്കപ്പെടുന്ന 'ഹിന്ദു രാജാക്കന്മാരെ' മുസ്‌ലിംകളെ കൊല്ലുന്ന രാമനായാണ് ചിത്രീകരിക്കുന്നത്. രാമനവമിയും ഹനുമൽ ജയന്തിയും മുസ്‌ലിംകളെ ആക്രമിക്കുന്നതിനുള്ള ദിനങ്ങളായി തിരഞ്ഞെടുക്കുന്നത് യാദൃച്ഛികമല്ലെന്ന് മേൽ വിവരിച്ച സംസ്കൃത കാവ്യങ്ങൾ നമ്മെ ബോധ്യപ്പെടുത്തും. രാമനെ മതേതരമായി വ്യാഖ്യാനിക്കാൻ സ്വാഭാവികമായി സാധിക്കുന്നത് ഇന്ത്യ അത്രമേൽ ബ്രാഹ്മണ്യത്തിൽ ഉപ്പിലിട്ട ഒരു സമൂഹമായതിനാലാണ്. മറിച്ച്, ക്രിസ്തുവിനെയോ ബൈബിളിനെയോ മുഹമ്മദ് നബിയെയോ ഖുർആനെയോ വ്യാഖ്യാനിക്കാൻ തുടങ്ങുമ്പോൾ അത് ചെയ്യുന്ന വ്യക്തി അതിവേഗത്തിൽ വർഗീയവാദിയായി മുദ്ര കുത്തപ്പെടും. അതുകൊണ്ടുതന്നെ ഇന്ത്യയെ ഒരു ജനാധിപത്യരാജ്യമായി നിലനിർത്താനാണ് ആഗ്രഹിക്കുന്നതെങ്കിൽ ഇന്ത്യൻ പാരമ്പര്യത്തെ വിമർശനാത്‌മകമായി പരിശോധിച്ച ഡോ. ബി.ആർ അംബേദ്കറുടെ ചിന്താപഥം നമുക്ക് ജനായത്ത പോരാട്ട മാർഗമായി സ്വീകരിക്കേണ്ടതുണ്ട്.
(അവസാനഭാഗം നാളെ)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."