മണ്ണിന്റെയും ഈണങ്ങളുടെയും തോഴനായ പി.ജെ 80ന്റെ നിറവില്‍
സ്വന്തം ലേഖകന്‍
തൊടുപുഴ: മണ്ണിന്റെയും ഈണങ്ങളുടെയും തോഴന്‍ പി.ജെ ജോസഫ് 80 ന്റെ നിറവില്‍. രാഷ്ട്രീയത്തിന്റെ പളുപളുപ്പിനേക്കാള്‍ ചേറും ചെളിയുമാണു തൊടുപുഴയുടെ ഔസേപ്പച്ചനിഷ്ടം. കൃഷി ജോസഫിന് വാചകമടിയല്ല. പരീക്ഷിച്ചറിഞ്ഞ രീതിശാസ്ത്രമാണ്. കൃഷിയെ ജോസഫിനോളം സ്‌നേഹിക്കുന്ന ഒരു രാഷ്ട്രീയക്കാരന്‍ കേരളത്തിലുണ്ടായേക്കില്ല.
പുറപ്പുഴ വയറ്റാട്ടില്‍ പാലത്തിനാല്‍ ജോസഫ് -അന്നമ്മ ദമ്പതികളുടെ മകനായി 1941 ജൂണ്‍ 28നാണു ജനനം. പുറപ്പുഴ ഗവ. എല്‍.പി.എസ്, സെന്റ് സെബാസ്റ്റ്യന്‍സ് യു.പി.എസ്, കോട്ടയം എസ്.എച്ച് മൗണ്ട് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായി പ്രാഥമിക വിദ്യാഭ്യാസം. ചങ്ങനാശേരി എസ്.ബി, മദ്രാസ് ലൊയോള, തേവര എസ്.എച്ച് കോളജുകളില്‍ ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ജോസഫ് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. ആദ്യമായി നിയമസഭാംഗമായിട്ട് അരനൂറ്റാണ്ടായി. 1970 ലാണ് ആദ്യമായി തൊടുപുഴയില്‍ നിന്നു നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ഇടതു വലതു മന്ത്രിസഭകളില്‍ ഏഴുവട്ടം ഇടുക്കിയെ പ്രതിനിധാനം ചെയ്തു. 1978 ജനുവരി 16ന് കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ആഭ്യന്തര മന്ത്രിയായി. 1980ല്‍ യു.ഡി.എഫ് കണ്‍വീനറായി. റവന്യൂ, ഭവന നിര്‍മാണം, വിദ്യാഭ്യാസം, പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍, ജലവിഭവ വകുപ്പുകള്‍ കൈകാര്യം ചെയ്തു. ഇപ്പോള്‍ ഇത് 10 ാം തവണയാണ് തൊടുപുഴയുടെ എം.എല്‍.എ ആയത്. 1971 സെപ്റ്റംബര്‍ 15 നാണ് പി.ജെ ജോസഫ്, ഡോ. ശാന്തയെ വിവാഹം കഴിച്ചത്. മക്കള്‍ : അപു, യമുന, ആന്റണി, പരേതനായ ജോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."