ജമ്മുവിലെ വ്യോമസേനാ വിമാനത്താവളത്തിന് നേരേ ഡ്രോണ്‍ ആക്രമണം
ജമ്മു: ഇന്ത്യന്‍ വ്യോമസേനയുടെ ജമ്മുവിലെ വിമാനത്താവളത്തിലുണ്ടായ ഇരട്ടസ്‌ഫോടനത്തില്‍ രണ്ടു വ്യോമസേനാ ഉദ്യോഗസ്ഥര്‍ക്ക് നിസാര പരുക്കേറ്റു. ഇന്നലെ പുലര്‍ച്ചെ 1.37നും 1.43നുമായാണ് സ്‌ഫോടനങ്ങളുണ്ടായത്. താഴ്ന്നു പറക്കുന്ന ഡ്രോണുകളുപയോഗിച്ചാണ് സ്‌ഫോടനം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.
തീവ്രത കുറഞ്ഞ സ്‌ഫോടനങ്ങളാണുണ്ടായത്. എന്നാല്‍ ആദ്യ സ്‌ഫോടനത്തില്‍ ടെക്‌നിക്കല്‍ സ്റ്റേഷന്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയ്ക്കു കേടുപാടുകള്‍ സംഭവിച്ചു. തുറന്ന സ്ഥലത്തായിരുന്നു രണ്ടാമത്തെ സ്‌ഫോടനം. ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന് വ്യോമസേനാ അധികൃതര്‍ അറിയിച്ചു. ഹെലിപാഡ് ഏരിയയില്‍ നിന്നാണ് ഡ്രോണുകള്‍ സ്‌ഫോടക വസ്തുക്കള്‍ നിക്ഷേപിച്ചതെന്നാണ് കരുതുന്നത്.
ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ 12 കിലോമീറ്റര്‍ വരെ ഡ്രോണ്‍ ഉപയോഗിച്ച് ആക്രമണം ഉണ്ടായിട്ടുണ്ടെങ്കിലും രാജ്യത്തെ ഏതെങ്കിലും പ്രതിരോധ സ്ഥാപനങ്ങള്‍ക്കെതിരായി നടക്കുന്ന ആദ്യത്തെ ഡ്രോണ്‍ ആക്രമണമാണിത്. സ്‌ഫോടകവസ്തുക്കള്‍ ഇടുന്നത് വ്യോമസേനാ പട്രോളിങ് സംഘം കണ്ടെന്ന് വ്യോമസേനാ വൃത്തങ്ങളെ ഉദ്ധരിച്ച് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വിമാനങ്ങളെയാണ് ലക്ഷ്യംവച്ചതെന്ന് കരുതുന്നതായി സേനാ കേന്ദ്രങ്ങള്‍ വ്യക്തമാക്കി. വിശദമായ അന്വേഷണത്തിന് എന്‍.എസ്.ജിയുടെ ബോംബ് ഡാറ്റാ ടീമും എന്‍.ഐ.എ സംഘവും വ്യോമസേനാ കേന്ദ്രത്തിലെത്തി. വ്യോമസേനാ കേന്ദ്രത്തില്‍നിന്ന് 14 കിലോമീറ്റര്‍ അകലെയാണ് ഇന്ത്യ- പാകിസ്താന്‍ അതിര്‍ത്തി.
സംഭവത്തില്‍ യു.എ.പി.എയുടെ 16, 19 വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പാകിസ്താന്‍ ആസ്ഥാനമായുള്ള ഭീകരസംഘടനയായ ലഷ്‌ക്കറെ ത്വയ്ബയാണ് സ്‌ഫോടനത്തിന് പിന്നിലെന്നു സംശയിക്കുന്നതായി ജമ്മു- കശ്മിര്‍ പൊലിസ് അറിയിച്ചു. രണ്ടു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇരട്ട സ്‌ഫോടനത്തിന് പിന്നാലെ ജമ്മു നര്‍വാള്‍ ഭാഗത്ത് നാലു കിലോ സ്‌ഫോടക വസ്തുക്കളുമായി അറസ്റ്റിലായ 22കാരന് വിമാനത്താവളത്തിലെ ആക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പൊലിസ് അറിയിച്ചു. അറസ്റ്റിലായ ബാനിഹാല്‍ സ്വദേശി നദീമുല്‍ ഹഖ് ലഷ്‌ക്കറെ ത്വയ്യിബ ഭീകരനാണെന്ന് പൊലിസ് വ്യക്തമാക്കി.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് സൈനികോദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."