HOME
DETAILS

ലങ്ക പ്രക്ഷോഭത്തിനുമപ്പുറം

  
backup
July 13 2022 | 19:07 PM

84652-34563-2022

ദാമോദർ പ്രസാദ്


രണ്ടുരണ്ടര വർഷം മുമ്പ് ശ്രീലങ്കൻ ജനതയെ തീവ്രവികാരമായി ആഗിരണം ചെയ്ത സിംഹള ദേശീയവാദത്തിന്റെ കാരണഭൂതരും പ്രചാരകരുമായ രാജപക്സെ എന്ന ഭരണവർഗ കുടുംബം രാജ്യം തന്നെ വിട്ടു പലായനം ചെയ്യാനുള്ള തത്രപ്പാടിലാണ്. രാജ്യസ്‌നേഹമായിരുന്നു അവരുടെ തുരുപ്പ് ചീട്ട്. രാജ്യദ്രോഹമുയർത്തിയാണ് വംശീയ അടിച്ചമർത്തൽ 'ടെർമിനേറ്റർ' എന്ന ഇരട്ട വിളിപ്പേരുള്ള ഗോട്ടബായ നടത്തിയത്. ആത്യന്തികമായി അധികാരത്തിൽ തുടരാനുള്ള തന്ത്രമെന്ന നിലയിലുള്ള ഈ വ്യാജ രാജ്യസ്‌നേഹത്തിന്റെ യഥാർഥ സ്വഭാവത്തെ കൂടി രാജപക്സെ കുടുംബത്തിന്റെ പലായനവ്യഗ്രത മാലോകരെ ബോധ്യപ്പെടുത്തുന്നു. ഒട്ടുമിക്ക തീവ്രദേശീയവാദികളുടെയും യാഥാർഥ്യം ഇതൊക്കെ തന്നെയായിരിക്കും.


പ്രസിഡൻ്റ് ഗോട്ടബായ രാജപക്സെയെ അധികാരത്തിൽനിന്ന് പുറത്താക്കിയ ശ്രീലങ്കയിലെ ജനത തന്നെയാണ് ഇതേ ഗോട്ടബായയെ സിംഹള തീവ്ര ദേശീയതയുടെ ആവേശത്തിൽ താമരമൊട്ടു അടയാളത്തിനു വമ്പിച്ച പിന്തുണ നൽകിക്കൊണ്ട് അധികാരത്തിലെത്തിച്ചത്. തൊട്ടുപിന്നാലെ നടന്ന പാർലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പിൽ മഹിന്ദ രാജപക്സെ ഏതാണ്ട് അറുപതു ശതമാനം വോട്ടു നേടിയാണ് പ്രധാനമന്ത്രിയായത്. 2019 ലെ ഈസ്റ്റർ ദിനത്തിൽ നടന്ന ഐ.എസിന്റെ ബോംബാക്രമണത്തെ തുടർന്ന് ബൗദ്ധ തീവ്ര ദേശീയ വികാരം കത്തിജ്വലിപ്പിച്ചുകൊണ്ടാണ് രാജപക്സെ കുടുബം ജനപിന്തുണ ഉറപ്പാക്കിയത്. മുസ്‌ലിം, തമിഴ് ന്യൂനപക്ഷ വിരുദ്ധതയാണ് സിംഹള തീവ്രദേശീയതയുടെ പ്രധാന ഘടകം. ജനതയുടെ അതിജീവനത്തിന്റെ നിർണായക സന്ധിയിൽ ആളി ജ്വലിപ്പിക്കപ്പെട്ട ദേശീയത എന്ന വികാരമൊക്കെ എത്ര ദുർബലവും നിഷ്ഫലവുമാണെന്ന് അധികാരത്തിൽനിന്ന് പുറത്താക്കപ്പെട്ട രാജപക്സെ കുടുംബം മാത്രമല്ല ലോകമെമ്പാടുമുള്ള സകല തീവ്രദേശീയവാദികളും തിരിച്ചറിയുന്നുണ്ടാകാം. തീവ്രദേശീയത ഈ നിലയിൽ അസ്ഥിരപ്പെട്ടെങ്കിലും ഇത് താൽക്കാലികമായിരിക്കാം. ആത്യന്തികമായി സങ്കുചിത ദേശീയവാദത്തിൽനിന്ന് മുക്തമാകുന്ന രാഷ്ട്രീയബോധത്തിലേക്ക് ഒരു ജനത മുന്നേറിയിട്ടുണ്ടോ എന്നത് ഭാവിയിൽ മാത്രം വ്യക്തമാകുന്ന കാര്യമാണ്.


സകല സമഗ്രാധികാരികളെയും ഞെട്ടിക്കുന്ന ജനമുന്നേറ്റമാണ് ശ്രീലങ്കയിൽ കണ്ടത്. തീർച്ചയായും സാമ്പത്തിക- ഇന്ധന പ്രതിസന്ധിയുടെ പരിഹാരം മാത്രം തേടുന്നതിനപ്പുറം രാഷ്ട്രീയമായ ഒരു പുത്തനുണർവാണ് ജനത പ്രകടിപ്പിച്ചത്. കഴിഞ്ഞ ഒന്നര ദശകത്തിനുള്ളിൽ മധ്യേഷ്യൻ രാജ്യങ്ങളിൽ സംഭവിച്ച വസന്ത വിപ്ലവങ്ങളോടും അമേരിക്കയിലെ 'ഒക്കുപൈ' പ്രസ്ഥാനത്തോടും സാദൃശ്യപ്പെടുന്ന പല ഘടകങ്ങളും ശ്രീലങ്കൻ ജനതയുടെ മുന്നേറ്റത്തിൽ ദർശിക്കാം എന്നുള്ളത് വാസ്തവം തന്നെ. സംഘടനാ നിരപേക്ഷമായ നേതൃത്വരഹിതമായ പ്രത്യയശാസ്ത്രാനന്തര മുന്നേറ്റമാണ് ശ്രീലങ്കയിലും കാണുന്നത്. നൈസർഗികതയാലും നാടകീയതയാലും സംവേദനതലത്തിലെ ചടുലതയാലും ജനതയുടെ മുന്നേറ്റം പഴയ രാഷ്ട്രീയ സംഘാടന രീതിയെയും അതിന്റെ ശ്രേണിപരമായ ക്രമീകരണങ്ങളെയൊക്കെ തകിടം മറിക്കുന്നുവെന്നത് നേരായിരിക്കെ ഒരു പ്രസ്ഥാനത്തിന്റെ സ്വരൂപമാർജിക്കുന്നതിൽ പല വിടവുകളും ഇപ്പോഴും നിലനിൽക്കുന്നുവെന്നതും യാഥാർഥ്യമാണ്.


സംഘടനകളുടെയോ രാഷ്ട്രീയ നേതൃത്വത്തിന്റെയോ ഉപദേശ, നിർദേശങ്ങളില്ലാതെ തന്നെയാണ് നൈസർഗികമായി ഈ പ്രക്ഷോഭങ്ങൾ സ്വയം പ്രവർത്തനക്ഷമമാകുന്നത്. ചരിത്രപരമായ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ സംഘടനാപരമായി നേതൃത്വം നൽകപ്പെട്ട രാഷ്ട്രീയ പ്രത്യയശാസ്ത്ര വീക്ഷണത്താൽ നിർണീതമായ പരമ്പരാഗതമെന്നു വിവക്ഷിക്കാവുന്ന പ്രക്ഷോഭങ്ങളൊക്കെ തന്നെ ഏതെങ്കിലുമൊരു ഘട്ടത്തിൽ ഹിംസാത്മക സ്വഭാവം പ്രകടിപ്പിച്ചിട്ടുണ്ട്.പ്രത്യയശാസ്ത്ര നിർണീതമായ സവിശേഷ സംഘടനാ രൂപമുള്ള രണ്ടു വിപ്ലവ മുന്നേറ്റങ്ങളാണ് ഇരുപതാം നൂറ്റാണ്ട് സാക്ഷ്യം വഹിച്ചത്. അറുപതുകളോടെ അവസാനിച്ച മാവോയിസ്റ്റ് വിപ്ലവങ്ങളും എഴുപതുകളിൽ കണ്ട ഇറാനിയൻ ഇസ്‌ലാമിക വിപ്ലവവുമാണിത്. ഇതിനുശേഷം അധികാരമാറ്റം സാധ്യമാക്കുന്ന വിധമായുള്ള ഇത്തരത്തിലുള്ള മറ്റു മുന്നേറ്റങ്ങൾ ഉണ്ടായിട്ടില്ല. തൊണ്ണൂറുകളിൽ സോഷ്യലിസ്റ്റ് രാജ്യങ്ങളിലും ഈ നൂറ്റാണ്ടിൽ അരങ്ങേറിയ വസന്ത പ്രക്ഷോഭങ്ങളും വളരെ വ്യത്യസ്ത സ്വഭാവമുള്ളതാണ്. സവിശേഷമായ നേതൃത്വവും സംഘടന സംവിധാനങ്ങളുമുള്ള പ്രക്ഷോഭങ്ങളാണ് ചരിത്രത്തിലെ അനുഭവങ്ങളുടെ പരിസരത്തിൽ നിന്ന് നോക്കുകയാണെങ്കിൽ ഏറ്റവും ഹിംസാത്മകമായി തീർന്നിരിക്കുന്നത്. നേരെമറിച്ച്, പ്രത്യേക സംഘടനാ രൂപമില്ലാത്ത ആൾക്കൂട്ട സമരങ്ങൾ എന്ന സിവിൽ സമൂഹ സൈദ്ധാന്തികർ വരെ സംശയത്തോടെ ദർശിച്ച രാഷ്ട്രീയ മുന്നേറ്റങ്ങളാണ് ഹിംസാത്മകതയിലേക്ക് നീങ്ങാതെ സ്വയം കരുതലായത്. ഒരു ജനതയെ ഒന്നാകെ പ്രതിസന്ധിയിലേക്ക് തള്ളിയിട്ട ഭരണാധികാരികളോട് സ്വാഭാവികമായി ഉണ്ടാകേണ്ട രൂക്ഷ പ്രതികരണങ്ങൾ ഈ ജനമുന്നേറ്റത്തിൽ കണ്ടില്ല എന്നുള്ളതാണ്. ലങ്കയിൽ ഹിംസാത്മകമെന്നു പറയാവുന്ന ഒരു സംഭവം നടന്നത് പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയുടെ സ്വകാര്യ ഭവനം കത്തിച്ചെതാണ്.


രാജ്യത്തിന്റെ പലയിടങ്ങളിൽ നിന്നും കൊളംബോയിൽ എത്തിച്ചേർന്ന ജനത സവിശേഷമായ ഒരു പൊതു മുദ്രാവാക്യമുയർത്തിയില്ല എന്നത് വാസ്തവമാണ്. ലങ്കയുടെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റായ ഗോട്ടബായ രാജപക്സെയെ സ്ഥാനത്തുനിന്ന് പുറത്താക്കുക എന്ന ലക്ഷ്യം മാത്രമായിരുന്നു ജനാവലി മുന്നോട്ടുവെച്ചത്. 'ഗോട്ടാ ഗോ വില്ലേജ്' എന്നാണ് ഒരുമിച്ചുയത്തിയ മുദ്രാവാക്യം. ശ്രീലങ്കയിലെ ജനമുന്നേറ്റത്തിന് പ്രത്യേകമായ ഏതെങ്കിലും രാഷ്ട്രീയ വീക്ഷണമുണ്ടായിരുന്നില്ല എന്ന വാദവും ശരിയാണ്. ചോരപ്പുഴയൊഴുക്കാനോ ജനകീയ വിചാരണയ്ക്ക് വിധേയമാക്കാനോ ഉദ്ദേശിച്ചുകൊണ്ടുള്ള വിപ്ലവ പദ്ധതിയൊന്നും രാഹസ്യമായി പോലും ലങ്കൻ ജനതയ്ക്കുണ്ടായിരുന്നില്ല. പ്രവാഹമായി വന്നു പ്രസിഡന്റിന്റെ രാജകീയ ഭവനം കൈയേറി അവിടുത്തെ ആഡംബരങ്ങളിൽ മനം കുളിർപ്പിച്ചുവെന്നതല്ലാതെ ഒരു കവർച്ച പോലും അവിടെ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല ഇതുവരെ.
ശരിയാണ്, സാമ്പത്തികമായി തകർന്ന ശ്രീലങ്കയിലെ ജനത ഭക്ഷണത്തിനും ഇന്ധനത്തിനും അവരുടെ അതിജീവനത്തെ മുൻനിർത്തി നടത്തിയ പ്രക്ഷോഭമാണ്. എന്നാൽ ഗതികേടുകൊണ്ടു മാത്രം തെരുവിലിറങ്ങേണ്ടി വന്ന ഒരു സമരമായി ഇതിനെ വിലയിരുത്തുന്നത് ജനകീയ പ്രക്ഷോഭ സാധ്യതകളെ വളരെ ലഘൂകരിച്ചു കാണുന്നതാണ്. പല കാലങ്ങളിലും സന്ദർഭങ്ങളിലും നടന്ന ജനകീയ മുന്നേറ്റങ്ങൾക്കും വിപ്ലവങ്ങൾക്കും കാരണമായത് ജനത നേരിട്ടിരുന്ന സാമ്പത്തിക ദുരിതങ്ങൾ തന്നെയാണ്. ആ നിലയിൽ അതൊക്കെ തന്നെ അതിജീവന മുന്നേറ്റങ്ങൾ തന്നെയായിരുന്നു. ശ്രീലങ്കയിലെ പ്രക്ഷോഭം സാമൂഹ്യ മാറ്റത്തെക്കുറിച്ചുള്ള സവിശേഷ മുദ്രാവാക്യങ്ങളുമൊന്നുയർത്തിയിട്ടില്ല എന്നത് നേരാണ്. രാജപക്സെയെയും വിക്രമസിംഗയെയും പുറത്താക്കുക എന്നതായിരുന്നു പ്രക്ഷോഭത്തിന്റെ പ്രധാന ലക്ഷ്യം. അതിൽ അവർ വിജയിക്കുകയും ചെയ്തു. പ്രസിഡന്റിന്റെ ഭവനം കൈയേറി അവിടുത്തെ നീന്തൽ കുളത്തിലും രാജകീയമായ മുറികളിലും വച്ച് സെൽഫിയെടുത്തും അവരുടെ ആന്ദോളനത്തെ ആനന്ദാനുഭവമാക്കി അവർ മാറ്റുകയുണ്ടായി. ഈ കുറിപ്പ് എഴുതുന്ന സമയം വരെയും കൊളംബോയിൽ നിന്ന് അവർ പിന്മാറിയിട്ടില്ല.


എല്ലാ പാർട്ടികളും ഒരുമിച്ചുചേർന്നുള്ള സർക്കാർ രൂപീകരണത്തിന്റെ നിർദേശത്തെ പ്രക്ഷോഭകർ നിരാകരിച്ചിരിക്കുന്നു. രാജപക്സെ കുടുംബത്തിന് വളഞ്ഞ വഴിയിലൂടെ അധികാരത്തിൽ തുടരാനുള്ള നീക്കമായാണ് ഇത് പ്രക്ഷോഭകർ കാണുന്നത് എന്നതിനാലാണ് ഈ നിർദേശത്തെ അവർ നിരാകരിക്കുന്നത്. ആറു നിർദേശങ്ങളാണ് പ്രക്ഷോഭകർ മുന്നോട്ടുവച്ചിരിക്കുന്നത്. നിലവിലെ രാഷ്ട്രീയ സംവിധാനത്തോട് തന്നെയാണ് ഇത് ആവശ്യപ്പെടുന്നത്. അവർ പുതിയൊരു അധികാരശക്തിയായി മാറി അധികാര കൈമാറ്റം ആവശ്യപ്പെടുന്നില്ല എന്നുള്ളതാണ്. തങ്ങളെ പ്രതിനിധീകരിക്കാൻ രാഷ്ട്രീയപാർട്ടികൾ നിലവിലുണ്ടെന്ന അടിസ്ഥാനത്തിലാണ് ഈ ആവശ്യങ്ങൾ ഉന്നയിക്കുന്നത്. എന്നുവച്ചാൽ പ്രക്ഷോഭകർ നിലവിലെ പ്രതിനിധാന ജനാധിപത്യവ്യവസ്ഥയെ പൂർണമായും അംഗീകരിച്ചുകൊണ്ടാണ് ആവശ്യങ്ങൾ ഉന്നയിച്ചിരിക്കുന്നത്.


നിലവിൽ 'ജനത ആരഗാലയ' (ജനകീയ പോരാട്ടം) എന്ന നാമകരണം ചെയ്തിരിക്കുന്ന പ്രക്ഷോഭത്തിൽ വിദ്യാർഥി സംഘടനകളുടെ സജീവ സാന്നിധ്യമുണ്ട്. ഇടതുപക്ഷ ഫ്രണ്ട്‌ലൈൻ സോഷ്യലിസ്റ്റ് പാർട്ടിയുടെ വിദ്യാർഥി വിഭാഗവും പഴയ തീവ്ര ഇടതുപക്ഷ രാഷ്ട്രീയ സംഘടനയായ ജനത വിമുക്തി പെരുമാനയുടെ യുവജന വിഭാഗവും പ്രക്ഷോഭത്തിൽ കാര്യമായ പങ്കുവഹിക്കുന്നുണ്ട്. പ്രക്ഷോഭം ഈ ആവശ്യങ്ങൾ മുൻനിർത്തി പോകുമ്പോഴും ശ്രീലങ്ക നേരിടുന്ന സാമ്പത്തിക പ്രതിസന്ധി അവിരാമമായി തുടരുകയാണ്. രാജപക്സെ സർക്കാർ നടപ്പാക്കിയ നവലിബറൽ സാമ്പത്തിക പരിഷ്‌കാരത്തിന്റെയും ചൈനയിൽ നിന്ന് കടമെടുത്തും നടത്തിയ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ കൂടിയാണ് കനത്ത പ്രതിസന്ധിക്ക് കാരണമായത്. സമ്പത്തിക പ്രതിസന്ധിക്കുള്ള താൽക്കാലിക പരിഹാരം കണ്ടെത്തുന്നതിലൂടെ മാത്രമേ ഭാവിയിലെ രാഷ്ട്രീയ പരിഷ്‌കരണങ്ങൾക്ക് തുടക്കമിടാൻ കഴിയൂ. അല്ലാത്ത പക്ഷം രാജ്യത്തിന്റെ സ്ഥിതി കൂടുതൽ സങ്കീർണമാകും.


കഴിഞ്ഞ മെയ് മാസത്തിൽ ആദ്യ പ്രക്ഷോഭം തുടങ്ങിയ സമയത്തു രാജപക്സെ അനുകൂലികൾ പ്രക്ഷോഭകരെ അക്രമംകൊണ്ടാണ് നേരിട്ടത്. പ്രക്ഷോഭകരെ ബൗദ്ധ ദേശീയ വികാരമുയർത്തി വിഭജിക്കാനുള്ള നീക്കങ്ങൾ ഒരുവശത്തു നടക്കുന്നുണ്ട്. ശ്രീലങ്കയിൽ മുസ്‌ലിംവിരുദ്ധ, തമിഴ്‌വിരുദ്ധ രാഷ്ട്രീയത്തെ വീണ്ടും കത്തിക്കാനുള്ള ശ്രമങ്ങൾ രാജപക്സെ കുടുംബത്തിന്റെ ഭാഗത്തുനിന്നുണ്ടാകും. പ്രക്ഷോഭം ദിശാസൂചകമാണെന്ന് പറയുമ്പോഴും ജനാധിപത്യത്തെ ഇത് ദൃഢീകരിച്ചിട്ടുണ്ടോ എന്നറിയാൻ ഇനിയും സമയമെടുക്കും. രാജപക്സെ സൈനികവൽക്കരിച്ച ഒരു സാമൂഹിക സംവിധാനം ഇപ്പോഴും അവിടെ നിലനിൽക്കുന്നുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധി എന്ന യാഥാർഥ്യത്തോടൊപ്പം പുതിയ ഭരണഘടന പോലുള്ള വിസ്തൃതമായ ഭാവിയിലേക്കുള്ള ആശയമാണ് പ്രക്ഷോഭകർ മുന്നോട്ടുവയ്ക്കുന്നത്. ആഗോള സാമ്പത്തിക താൽപര്യങ്ങൾ പൂർണമായും കൈയൊഴിയപ്പെട്ട ലങ്കയിൽ ഭൂരിപക്ഷാത്മക രാഷ്ട്രീയശക്തികൾ സൈനിക പിന്തുണയോടെ അട്ടിമറിക്ക് ശ്രമിക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  a minute ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  an hour ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  an hour ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  3 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  3 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  3 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  3 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  4 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  5 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  5 hours ago