'സംസ്ഥാന പൊലിസ് സേനയില്‍ ഐ എസ് സാന്നിധ്യമെന്ന്'; ഗുരുതര ആരോപണവുമായി കെ സുരേന്ദ്രന്‍
കോഴിക്കോട്: സംസ്ഥാനത്തെ പൊലിസ് സേനയിലും തീവ്രവാദ സംഘടനകളുടെ സ്ലീപ്പിങ് സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേരള പൊലിസിലും തിരുവനന്തപുരത്തെ പൊലിസ് ആസ്ഥാനത്തും ഐ.എസ് സാന്നിധ്യമുണ്ടെന്നും, താന്‍ വളരെ ഉത്തരവാദിത്തത്തോടെയാണ് ഇത് തുറന്ന് പറയുന്നതെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഡി.ജി.പി. ലോക്നാഥ് ബെഹ്റയുടെ അഭിമുഖത്തിന് പിന്നാലെയാണ് പുതിയ ആരോപണവുമായി കെ. സുരേന്ദ്രന്‍ രംഗത്ത് എത്തിയത്. കേരളം ഐ.എസ്. തീവ്രവാദികളുടെ റിക്രൂട്ടിങ് താവളമാണെന്നായിരുന്നു ലോക്‌നാഥ് ബെഹ്‌റ പറഞ്ഞത്. സ്ഥാനം ഒഴിയുമ്പോള്‍ എങ്കിലും സത്യം പറഞ്ഞതിന് ഡി.ജി.പിയെ അഭിനന്ദിക്കുന്നെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
കോന്നിയിലും പത്തനാപുരത്തും സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ കൊല്ലത്ത് നിന്നുള്ള ഇന്റലിജന്‍സ് ഡി.വൈ.എസ്.പി സംശയത്തിന്റെ നിഴലിലാണ്. അയാളെ സ്ഥലം മാറ്റുകയാണുണ്ടായതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. സ്‌പെഷ്യല്‍ ബ്രാഞ്ചിലും ക്രൈംബ്രാഞ്ചിലും അടക്കം ഇത്തരക്കാരുണ്ടെന്നും അവര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റില്‍ മാന്യത നല്‍കുന്നതിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാനത്തെ ഐ.എസ് സാന്നിധ്യത്തെ കുറിച്ച് ഡി.ജി.പി നടത്തിയ പ്രസ്താവനയോട് ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി മറുപടി പറയണമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."