കെ.കെ രമക്കെതിരായ അധിക്ഷേപം: പ്രതിപക്ഷ ബഹളം, സഭ ഇന്നത്തേക്ക് പിരിഞ്ഞു
തിരുവനന്തപുരം:കെ.കെ രമയ്‌ക്കെതിരായ എം.എം മണിയുടെ പരാമര്‍ശം ഇന്നും നിയമസഭയെ പ്രക്ഷുബ്ധമാക്കി.എം.എം മണി മാപ്പു പറയുകയോ പരാമര്‍ശം സഭാ രേഖകളില്‍ നിന്ന് നീക്കുകയോ ചെയ്യണമെന്ന ആവശ്യവുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. സ്പീക്കറുടെ ഡയസിനു മുന്നില്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് നടപടികള്‍ വേഗത്തിലാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു. ചോദ്യോത്തര വേള റദ്ദാക്കി. ചെയറിന് വിഷയത്തില്‍ ഇടപെടാന്‍ പരിമിതിയുണ്ടെന്ന് സ്പീക്കര്‍ വ്യക്തമാക്കി.
'ഒരു മഹതി സര്‍ക്കാരിന് എതിരെ പ്രസംഗിച്ചു. ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി. ഞങ്ങള്‍ ആരും ഉത്തരവാദികളല്ല' എന്നായിരുന്നു എം.എം മണി നിയമസഭയില്‍ നടത്തിയ പരാമര്‍ശം. പൊലിസിനെതിരെ കെ.കെ രമ വിമര്‍ശനമുന്നയിച്ചപ്പോഴായിരുന്നു മണിയുടെ ഹീനമായ പ്രതികരണം.
എം.എം മണിയുടെ അധിക്ഷേപം ഇന്നലെയും സഭയില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനും ബഹിഷ്‌കരണത്തിനും ഇടയാക്കിയിരുന്നു. പരാമര്‍ശം തിരുത്താന്‍ എം.എം മണി തയ്യാറായില്ല. എം.എം മണിയെ മുഖ്യമന്ത്രി ന്യായീകരിച്ചതും പ്രതിപക്ഷം ഗൗരവത്തിലെടുക്കുന്നു. അതിനാല്‍ എം.എം മണി മാപ്പ് പറയണമെന്ന ആവശ്യം ഉന്നയിച്ച് പ്രതിഷേധം ശക്തിപ്പെടുത്താനാണ് പ്രതിപക്ഷ തീരുമാനം. ഇന്ന് സഭയില്‍ തുടക്കം മുതല്‍ വിഷയം ഉയര്‍ത്തും. മുഖ്യമന്ത്രിയുടെ നിലപാടും രാഷ്ട്രീയ ആയുധമാക്കാനാണ് പ്രതിപക്ഷ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."