ഇന്ത്യയില്‍ ഫുഡ് പാര്‍ക്ക്: യു.എ.ഇ 200 കോടി ഡോളര്‍ നിക്ഷേപിക്കും;
കേരളത്തിനും സാധ്യതകള്‍ ഏറെ
ദുബൈ: ഇന്ത്യയില്‍ വന്‍ നിക്ഷേപ പ്രഖ്യാപനവുമായി യു.എ.ഇ.
ആരംഭിക്കാനിരിക്കുന്ന ഫുഡ്പാര്‍ക്കുകളില്‍ 200 കോടി ഡോളര്‍ (16,000 കോടി രൂപ) നിക്ഷേപിക്കുമെന്നാണ് യു.എ.ഇ പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാഴാഴ്ച യു.എ.ഇ.ക്ക് പുറമെ ഇന്ത്യ,യു.എസ്, ഇസ്രാഈല്‍ എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്ത ഓണ്‍ലൈന്‍ ഉച്ചകോടിക്കുശേഷമാണ് പ്രഖ്യാപനമുണ്ടായത്. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഇസ്രാഈല്‍ പ്രധാനമന്ത്രി യാര്‍ ലാപിഡ്, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരാണ് കൂടിക്കാഴ്ചയിലുണ്ടായിരുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഇസ്രാഈല്‍ സന്ദര്‍ശനത്തിന്റെ ആദ്യ ദിവസമായിരുന്നു ഓണ്‍ലൈന്‍ കൂടിക്കാഴ്ച.
തെക്കുകിഴക്കേഷ്യയിലും ഗള്‍ഫിലും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയിലെ കാര്‍ഷിക ഭക്ഷ്യപാര്‍ക്കുകളില്‍ യു.എ.ഇ നിക്ഷേപമിറക്കുന്നത്. ഇതോടൊപ്പം പാരമ്പര്യേതര ഊര്‍ജപദ്ധതികള്‍ വികസിപ്പിക്കുമെന്നും യു.എ.ഇ. അറിയിച്ചു. നേരത്തെ ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാറിലും യു.എ.ഇ ഒപ്പിട്ടിരുന്നു.മേയിലാണ് ഇന്ത്യയും യു.എ. ഇ.യും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ നിലവില്‍ വന്നത്. ഭക്ഷ്യസുരക്ഷ, സുസ്ഥിര ഭക്ഷ്യസംവിധാനങ്ങള്‍ എന്നിവ മെച്ചപ്പെടുത്താനുള്ള നൂതനവും ശാസ്ത്രാധിഷ്ഠിതവുമായ മാര്‍ഗങ്ങള്‍ തേടുന്നതിന്റെ ഭാഗമാണ് ഫുഡ്പാര്‍ക്കുകള്‍.
ഇന്ത്യയിലുടനീളമുള്ള സംയോജിത ഫുഡ്പാര്‍ക്കുകളില്‍ അത്യാധുനിക സാങ്കേതികവിദ്യകളും വൈദഗ്ധ്യവും ഇസ്രാഈലും യു.എസും കൊണ്ടുവരും. കര്‍ഷകരെ പദ്ധതിയുമായി സംയോജിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യും. ഭക്ഷണം പാഴാക്കുന്നതും കേടാകുന്നതും കുറയ്ക്കുക, ശുദ്ധജലം സംരക്ഷിക്കുക, പുനരുപയോഗിക്കാവുന്ന ഊര്‍ജസ്രോതസ്സുകള്‍ ഉപയോഗിക്കുക എന്നിവയാണ് ലക്ഷ്യം.
ഗുജറാത്തില്‍ 300 മെഗാവാട്ട് ശേഷിയുള്ള വിന്‍ഡ് ആന്‍ഡ് സോളാര്‍ ഹൈബ്രിഡ് പുനരുപയോഗ ഊര്‍ജപദ്ധതിയും ഉച്ചകോടിക്കിടെ പ്രഖ്യാപിച്ചു. പദ്ധതിയുടെ സാധ്യതാപഠനം നടക്കുകയാണ്. ഇതിനും യു.എ.ഇ.യുടെ പിന്തുണയുണ്ട്. ഇന്ത്യയുള്‍പ്പെടെയുള്ള നാടുകളിലെ പ്രവാസികള്‍ യു.എ.ഇയുടെ വികസനത്തിന് നല്‍കുന്ന പിന്തുണ കഴിഞ്ഞ ദിവസം നടത്തിയ പ്രഭാഷണത്തിലും യു.എ.ഇ ഭരണാധികാരി സൂചിപ്പിച്ചിരുന്നു.
കഴിഞ്ഞ ഡിസംബറിലാണ് ഇന്ത്യയില്‍ ഫുഡ്പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്ന് യു.എ.ഇ. സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതില്‍ ഒരെണ്ണം കേരളത്തില്‍ തുടങ്ങണമെന്ന അഭ്യര്‍ത്ഥന യു.എ.ഇ. വിദേശ വാണിജ്യകാര്യ മന്ത്രി ഡോ. താനി അഹമദ് അല്‍ സെയൂദി സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. ഇതിലും ഉടന്‍ തീരുമാനം ഉണ്ടാകും. കേരളത്തെ അടുത്ത സൗഹൃദ പ്രദേശമായാണ് യു.എ.ഇയും കാണുന്നത്. ഇന്ത്യ-യു.എ.ഇ. സമഗ്ര സാമ്പത്തിക സഹകരണ കരാറും കേരളത്തിന് നേട്ടമാകുമെന്നാണ് കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."