കൊന്നിട്ടും തീരാത്ത പകയാണ് സി.പി.എം നേതൃത്വത്തിന്
കെ.കെ രമ/ കെ.കെ സുധീരൻ
ഒരു ഇടവേളയ്ക്കു ശേഷം സി.പി.എം നേതൃത്വം വീണ്ടും കെ.കെ രമയെയും ആർ.എം.പി.ഐ എന്ന പാർട്ടിയെയും ലക്ഷ്യംവച്ച് നിരന്തരം ആരോപണവും പ്രസ്താവന യുദ്ധവും നടത്തുകയാണ്. ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തിനു ശേഷവും കായികമായും അല്ലാതെയും നിരന്തരമായ ഏറ്റുമുട്ടലുകളാണ് കെ.കെ രമയും സി.പി.എമ്മും തമ്മിൽ നടക്കുന്നത്. കേന്ദ്രകമ്മിറ്റി അംഗമായ എളമരം കരീം മുതൽ ഒഞ്ചിയം ഏരിയ സെക്രട്ടറി വരെ രമയെയും പാർട്ടിയെയും ഒറ്റുകാരായി ചിത്രീകരിച്ചിരിക്കുകയാണ്. രമ 'വിധവ 'യായത് തങ്ങളുടെ കുറ്റമല്ല അവരുടെ വിധിയാണെന്ന പ്രസ്താവനയുമായി നിയമസഭയിൽ എം.എം മണിയും എത്തി നിൽക്കുന്നു. ഈ അവസ്ഥയിൽ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെകുറിച്ച് കെ.കെ രമ സുപ്രഭാതത്തോട് സംസാരിക്കുന്നു.
എന്തുകൊണ്ടാണ് വീണ്ടും സി.പി.എം നേതൃത്വം രമയെയും ആർ.എം.പി.ഐയെയും ലക്ഷ്യമിട്ട് പ്രസ്താവനകളിറക്കുന്നത്?
ടി. പി ചന്ദ്രശേഖരൻ എന്ന വ്യക്തി സി.പി.എമ്മിന് വെറുമൊരു വിമത നേതാവ് മാത്രമായിരുന്നില്ല. 2008ൽ പാർട്ടിയിൽ നിന്ന് പുറത്തുവന്ന ശേഷം അഖിലേന്ത്യ അടിസ്ഥാനത്തിൽ യഥാർഥ കമ്യൂണിസ്റ്റ് മൂവ്‌മെന്റ് സൃഷ്ടിക്കുന്നതിൽ ബഹുദൂരം മുന്നോട്ടുപോയ ഒരു നേതാവായിരുന്നു ടി.പി. ചന്ദ്രശേഖരന്റെ കഴിവ് സി.പി.എമ്മിന് നന്നായി അറിയാം. അതുതന്നെയാണ് കൊന്നിട്ടും പക തീരാതെ അവർ 51 വെട്ടുവെട്ടി മുഖം വികൃതമാക്കിയത്. ആ പക ഇപ്പോഴും തീർന്നിട്ടില്ലെന്നതാണ് നേതാക്കളുടെ പ്രസ്താവനകളിലൂടെ മനസിലാവുന്നത്.
ടി.പി വധിക്കപ്പെട്ട ശേഷം സി.പി.എമ്മിന്റെ ഉന്നത നേതൃത്വങ്ങളുടെ ഭാഗത്തുനിന്ന് ഇത്തരം പ്രസ്താവനകൾ ഉണ്ടായിരുന്നില്ലല്ലോ. ഇപ്പോൾ വീണ്ടും ടി.പിയും രമയു ചർച്ചാ വിഷയമാകാൻ എന്താണ് കാരണം?
... കാരണങ്ങൾ നിരവധിയാണ്. 2012 മെയ് 4ന് ടി.പി കൊല്ലപ്പെട്ടപ്പോൾ അത് കൊട്ടേഷൻ ആക്രമണമാണെന്നും പിന്നിൽ മുസ്ലിം തീവ്രവാദികളാണെന്നും പറഞ്ഞത് ഇന്നത്തെ മുഖ്യമന്ത്രിയും അദ്ദേഹം നേതൃത്വം നൽകുന്ന ചാനലുമാണ്. പ്രതികൾ ആരാണെന്ന് പൊലിസ് അറിയുന്നതിനും മുൻപെയാണ് ഈ പ്രസ്താവന. മെയ് 6 ന് പിണറായി വിജയൻ എന്ന സംസ്ഥാന സെക്രട്ടറി വാർത്താസമ്മേളനം നടത്തി. ടി.പി വധത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് പറഞ്ഞു. ഒപ്പം ടി.പി കുലംകുത്തിയാണെന്ന പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതായും പറഞ്ഞു. ഒരു കമ്യൂണിസ്റ്റ് നേതാവിന്റെ കൊലപാതകത്തിൽ ഞെട്ടിയോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഞെട്ടുന്നതെല്ലാം ഓരോ ആളുകളുടെ മാനസിക അവസ്ഥയാണെന്ന് പറഞ്ഞു. അന്വേഷണം വഴിതിരിച്ചുവിടാൻ പോളിറ്റ് ബ്യൂറോ അംഗങ്ങൾ മുതൽ താഴേ തട്ടിലുള്ള നേതാക്കൾ വരെ പലതരം പ്രസ്താവനകളുമായി രംഗത്തുവന്നു. ഞങ്ങളെക്കുറിച്ച് പത്തു വർഷമായി തുടരുന്ന ആക്രമണമാണ് ഇപ്പോഴും തുടരുന്നത്.
എളമരം കരീമിന്റെ പ്രസ്താവനയെ എങ്ങനെ കാണുന്നു? പ്രത്യേകിച്ചും ഒറ്റുകാരിയെന്നത്?
എന്തായാലും ടി.പി ചന്ദ്രശേഖരനോ അദ്ദേഹത്തോട് ഒപ്പം ഇറങ്ങിവന്നവരോ സി.പി.എമ്മിനെ ഒറ്റിയിട്ടില്ല. സി.പി.എം നേതൃത്വത്തിന്റെ തെറ്റായ നയങ്ങൾക്കെതിരേ കലഹിച്ച് അവർ പുറത്തുപോരുകയായിരുന്നു. തൊഴിലാളിവർഗ പാർട്ടിയെന്നു പറഞ്ഞ് തൊഴിലാളികളെ ഒറ്റിക്കൊടുത്ത് വളർന്നയാളാണ് കരീം. അത് കോഴിക്കോട്ടുകാർക്ക് അറിയാം. അത്തരം വിഷയങ്ങളും തെളിവുകളും പറയിക്കാതിരിക്കുന്നതാവും നല്ലത്. പാർട്ടിക്കുള്ളിൽ നിന്ന് പാർട്ടിയെ ഇപ്പോഴും ഒറ്റുകൊടുക്കുകയാണ് കരീം ചെയ്യുന്നത്.
ജില്ലാ സെക്രട്ടറി പി. മോഹനനും ഈ ഒറ്റിനെ ന്യായീകരിക്കുകയായിരുന്നു?
തീർച്ചയായും. ടി പി വധ ഗൂഢാലോചന കേസിലെ പ്രതിയായിരുന്നു പി. മോഹനൻ. സംശയത്തിന്റെ ആനുകൂല്യം നേടിയാണ് അയാൾ പുറത്തിറങ്ങിയത്. ഹൈക്കോടതി കേസ് എടുക്കുന്നതിന് മുൻപുതന്നെ സി.പി.എം അദ്ദേഹത്തെ ജില്ലാ സെക്രട്ടറിയാക്കിയത് കൃത്യമായ കണക്കുകൂട്ടലുകളോടെയാണ്. ടി.പി വധം സി.പി.എമ്മിന് തെല്ലും ബാധിച്ചിട്ടില്ലെന്ന് ജനത്തെ അറിയിക്കാനുള്ള ചെപ്പടിവിദ്യയായിരുന്നു മോഹനന്റെ സെക്രട്ടറി സ്ഥാനം. പി. മോഹനന്റെ വാക്കുകൾക്ക് വലിയ വില കൽപിക്കാനില്ല. പച്ചമനുഷ്യനെ വെട്ടിക്കൊന്ന് അതിനെ ന്യായീകരിക്കുകയാണ് ജില്ലാ സെക്രട്ടറി.
എം.എം മണിയുടെ നിയമസഭ പ്രസ്താവനയെക്കുറിച്ച്?
ടി.പിയെ കൊന്നിട്ടും പക തീരാതെയാണ് ഒരു പതിറ്റാണ്ട് കഴിഞ്ഞിട്ടും സി.പി.എം നിലനിൽക്കുന്നതെന്നതാണ് എം.എം മണിയുടെ പ്രസ്താവനയിലൂടെ വെളിവാകുന്നത്. സാധാരണ സഭയിലെ അംഗങ്ങളെ ബഹുമാനപ്പെട്ട അംഗം എന്നാണ് പരസ്പരം അഭിസംബോധന ചെയ്യുക. എന്നാൽ അവഹേളന സ്വഭാവത്തോടെ മഹതി എന്നു വിളിച്ചാണ് എം.എം മണി അഭിസംബോധന ചെയ്‌തത്. ആ വാക്കുകളിൽ തെളിയുന്ന പരിഹാസവും അവഹേളനവും ആർക്കും തിരിച്ചറിയാൻ കഴിയും. പ്രസ്താവനയ്ക്കു ശേഷം പ്രതിപക്ഷത്തിൻ്റെ പ്രതിഷേധം വന്നപ്പോൾ ഭരണപക്ഷത്തെ പലരും പ്രസ്താവന പിൻവലിക്കണമെന്ന് പറഞ്ഞതായാണ് അറിയുന്നത്. എന്നാൽ മുഖ്യമന്ത്രി സഭയിൽ വന്ന ശേഷം മണി പ്രസംഗം തുടരുകയും പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുകയുമായിരുന്നു.
2012 മുതൽ സാമൂഹ്യമാധ്യമങ്ങളിലൂടെയും നേരിട്ടും ഇവർ എനിക്കെതിരേ നടത്തുന്ന അധിക്ഷേപങ്ങൾക്കെതിരേ ഒരു ഡസനോളം പരാതികൾ ഡി.ജി പി മുതൽ എസ്.ഐ വരെയുള്ള ആളുകൾക്ക് കൊടുത്തിരുന്നു. എന്നാൽ ഒരു പരാതിയിലും ഇന്നേവരെ അന്വേഷണം പോലും വന്നില്ല. ചില ഫേസ്ബുക്ക് പോസ്റ്റുകൾ ലൈക്ക് ചെയ്ത ആളുകളെ പോലും സംസ്ഥാന സർവിസിൽ നിന്ന് സസ്‌പെൻഡ് ചെയ്തവരാണ് സ്ത്രീത്വത്തെ അപമാനിച്ച സംഭവത്തിൽ ഇന്നേവരെ ഒരു കേസും എടുക്കാത്തത്. ഈ ഭരണകൂടത്തിൽ നിന്ന് ഒരു നീതിയും പ്രതീക്ഷിക്കുന്നില്ല
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."