ആനിരാജയ്‌ക്കെതിരായ പരാമര്‍ശം അപലപനീയം; എം.എം മണി തിരുത്തണം: എ.ഐ.വൈ.എഫ്
തിരുവനന്തപുരം: ആനി രാജയ്ക്ക് എതിരെയുള്ള ഉടുമ്പന്‍ചോല എംഎല്‍എ എം എം മണിയുടെ പരാമര്‍ശം അങ്ങേയറ്റം അപലപനീയമെന്ന് എഐവൈഎഫ്.സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ ഇടത് രാഷ്ട്രീയത്തിനു ചേര്‍ന്നതല്ല. എം എം മണിയില്‍ നിന്ന് പക്വതയാര്‍ന്ന പ്രതികരണങ്ങളാണ് ഉണ്ടാകേണ്ടത്.
പുരോഗമന ആശയങ്ങള്‍ ഉയര്‍ത്തി പിടിച്ചു മുന്നേറുന്ന ഇടത് രാഷ്ട്രീയത്തിനു ചേര്‍ന്നതല്ല ഇത്തരം പ്രയോഗങ്ങള്‍. സഭ്യമായ ഭാഷയില്‍ സംവാദങ്ങള്‍ നടത്തുന്നതിന് പകരം, സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുന്നതിലൂടെ തെറ്റായ സന്ദേശമാണ് എം എം മണി സമൂഹത്തിനു നല്‍കുന്നത്. ഇത് തിരുത്തണമെന്നും എ.ഐ.വൈ.എഫ് പ്രസ്താവനയില്‍ പറഞ്ഞു.
വാക്കുകള്‍ പ്രയോഗിക്കുമ്പോള്‍ സൂക്ഷ്മത പുലര്‍ത്താന്‍ എം എം മണി തയ്യാറാകണം. ആനി രാജയ്ക്ക് എതിരെ നടത്തിയ പരാമര്‍ശം എം എം മണി പിന്‍വലിക്കണമെന്ന് എഐവൈഎഫ് സംസ്ഥാന എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു.
നിയമസഭയില്‍ കെ.കെ.രമയ്‌ക്കെതിരെ എം.എം.മണി നടത്തിയ വിവാദപരാമര്‍ശം സ്പീക്കര്‍ പരിശോധിക്കട്ടെ എന്നായിരുന്നു സിപിഐ സംസ്ഥാന നേതൃത്വത്തിന്റെ സമീപനം. എന്നാല്‍ ഘടകകക്ഷിനേതാവായിട്ടും ആനി രാജക്കെതിരെ നടത്തിയ അധിക്ഷേപമാണ് സി.പി.ഐയെ ചൊടിപ്പിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."