ഒഡിഷ ട്രെയിൻ ദുരന്തം: ചികിത്സയിലുള്ള 56 പേരുടെ നില ഗുരുതരം, അന്വേഷണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുമെന്ന് റെയിൽവേ
ഭുവനേശ്വർ: ഒഡിഷ ബാലസോറിൽ ഉണ്ടായ ട്രെയിൻ ദുരന്തത്തെക്കുറിച്ചുള്ള അന്വേഷണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുമെന്ന് റെയിൽവേ. മെയിൻ ലൈനിലൂടെ പോകാനുള്ള സിഗ്നൽ പിൻവലിച്ചതാണ് ദുരന്തകാരണമെന്നാണ് പ്രാഥമിക കണ്ടെത്തൽ. അതിനാൽ തന്നെ സിഗ്നലിംഗിലെ പിഴവ് കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം.
അപകടകാരണം കണ്ടെത്താനുള്ള ഉന്നതതല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. അന്വേഷണ സംഘം ഇന്ന് അപകടം നടന്ന സ്ഥലം സന്ദർശിക്കും. അതേസമയം റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജിവെക്കണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് പ്രതിപക്ഷം.
ട്രെയിൻ അപകടത്തിൽ 288 പേർ മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം. പരിക്കേറ്റ 56 പേരുടെ നില ഗുരുതരമായി തുടരുന്നു. ഇതുവരെ നിസ്സാര പരിക്കേറ്റ ഭൂരിഭാഗം പേരും വീടുകളിലേക്ക് തിരിച്ചെത്തിയതായി റെയിൽവേ മന്ത്രി അറിയിച്ചു. മരിച്ചവരിൽ തിരിച്ചറിഞ്ഞ 160 പേരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്കായി മാറ്റി. മറ്റുള്ളവരുടെ മൃതദേഹം ഡിഎൻഎ പരിശോധന നടത്തും.
അതേസമയം, ട്രാക്കിൽ നിന്ന് അവശിഷ്ടങ്ങൾ നീക്കുന്ന ജോലി പുരോഗമിക്കുകയാണ്. അപകടത്തിൽ തകർന്ന ട്രാക്കിന്റെ പുനർനിർമാണം ഇന്ന് നടക്കും. വൈകുന്നേരത്തോടെ ഒരു ട്രാക്കിലൂടെ ഗതാഗതം പുനഃസ്ഥാപിക്കാനാകുമെന്നാണ് പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."