അമ്മ കൊല്ലാൻ കൊണ്ടുപോയ 3 മക്കളിലൊരാൾ
കെ.എസ് രതീഷ് / ഹംസ ആലുങ്ങൽ
കെ.എസ് രതീഷ് മലയാള കഥാരംഗത്ത് പുത്തൻ പ്രതീക്ഷയാണ്. കഥയെഴുത്തിന്റെ നിറയൗവനം. പ്രമേയവൈവിധ്യംകൊണ്ട് അസാധാരണമായ എഴുപതിലേറെ കഥകൾ. പെണ്ണുചത്തവന്റെ പതിനേഴാം ദിവസം, കമ്പ്രാളും കാശിനെട്ടും, ബർശല്, പാറ്റേൺ ലോക്ക്, ഞാവൽ ത്വലാക്ക്, കേരളോൽപത്തി എന്നീ പുസ്തകങ്ങളിലായി ആ കഥകൾ സമാഹരിച്ചിരിക്കുന്നു.
ഓരോ കഥയിലും ജീവിതത്തിന്റെ നേരും നുണകളുമുണ്ട്. കണ്ണീരും സ്വപ്നങ്ങളുമുണ്ട്. അനുഭവങ്ങളുടെ രക്തത്തിൽ പടർന്ന കഥകൾ. എന്നാൽ അതെല്ലാം കഥകളാണോ? അല്ല, ജീവിതമാണെന്നറിയുമ്പോൾ ഞെട്ടിത്തെറിക്കാതെ എന്തു ചെയ്യും. നമ്മളനുഭവിക്കാത്ത കഥകളെല്ലാം നമുക്കു കെട്ടുകഥകളാണെന്ന ബെന്യാമിന്റെ വരികളെ അന്വർഥമാക്കുന്ന മറ്റൊരു ജീവിതം. ആജീവിതം കെ.എസ് രതീഷ് തുറന്നുപറയുന്നു.
വിശപ്പിന്റെ അസുഖമുള്ള കൂട്ടുകാർ
ഭൂമിയുടെ കേന്ദ്രമാണ് എന്റെ ഗ്രാമമായ തിരുവനന്തപുരം ജില്ലയിലെ പന്ത. നെയ്യാറിന്റെ തീരത്തുള്ള സുന്ദരഗ്രാമം. ഈ നാട്ടിലെ സകലരും കഥ പറയുന്നവരാണ്. അവർക്ക് എന്നെപ്പോലെ അച്ചടിപ്പിക്കാനോ ആത്മരതിക്കോ പുരസ്കരിക്കപ്പെടാനോ താൽപര്യമില്ലെന്നു മാത്രം. പക്ഷേ, ചുറ്റുമുള്ള എന്തുകണ്ടാലും അവർ കഥയുണ്ടാക്കും. അത്രയും ഭംഗിയായി അവതരിപ്പിക്കും. ഒന്നുവെറുതെ നെയ്യാറിന്റെ കരയിലോ പന്ത ജങ്ഷനിലോ ചെന്നുനിന്നാൽ മതി; ഒരു സമാഹാരം നിറയ്ക്കാനുള്ളതു കിട്ടും.
വിശപ്പ് എനിക്കു കഥാപാത്രമല്ല, കഥ പറയിക്കുന്ന വലിയ പ്രേരണയാണ്. നാലു നാലര വയസിൽ ഈ വിശപ്പു മാറ്റാൻ വേണ്ടി മാത്രമാണ് ഒരു ഗതിയുമില്ലാതെ എന്റെ അമ്മ കൊല്ലത്തെ ബാലഭവനിൽ എത്തിച്ചത്. കൃത്യമായി മുഴുവൻ നിറഞ്ഞില്ലെങ്കിലും ഭക്ഷണം കിട്ടിയതുകൊണ്ട് അമ്മയെ, അനിയനെ, ചേച്ചിയെ മറന്ന് ഞാൻ അവിടെ നിന്നു. പിന്നെയാണ് തിരിച്ചറിഞ്ഞത്; എന്റെ മാത്രമല്ല, അവിടെ വന്ന തൊണ്ണൂറു ശതമാനവും വിശപ്പിന്റെ അസുഖമുള്ളവരായിരുന്നുവെന്ന്. അല്ലാതെ അമ്മയെയും അപ്പനെയും നാടും വീടും കാണാൻ ആഗ്രഹമില്ലാത്തവരല്ല. ഈ ജീവിതത്തിൽ മറ്റൊന്നിലും വലിയ സത്യങ്ങൾ കാണാൻ കഴിഞ്ഞിട്ടില്ല. എല്ലാവർക്കും എന്തിനൊക്കെയോ ഉള്ള വിശപ്പുകൾ മാത്രം...
പ്രണയിക്കാൻ, പ്രാപിക്കാൻ, ചിരിക്കാൻ, ചിന്തിക്കാൻ, ഒന്നിച്ചിരിക്കാൻ അങ്ങനെ മനുഷ്യർക്കും ഈ ഭൂമിയിലെ സകല ജീവജാലങ്ങൾക്കും എന്റെ ചിന്തയിൽ പലതരം വിശപ്പുകൾ മാത്രമേയുള്ളൂ.
ഇന്നും പാത്രത്തിൽനിന്ന് ഒരു വറ്റും താഴെ വീഴാൻ ഞാൻ ആഗ്രഹിക്കില്ല. മക്കളോടും അതെല്ലാം പറയുന്നുണ്ട്. ആദ്യകഥ മുള്ളലിന്റെ മണത്തിലും അടുത്തിടെ വന്ന ഒറ്റാൾത്തെയ്യത്തിലും വിശപ്പു വരുന്നത് എന്റെയുള്ളിലെ വിശപ്പു തന്നെയാണ്.
ബാല്യമില്ലാത്തവന്റെ വിശപ്പ്
എനിക്കു ബാല്യമുണ്ടായിരുന്നോയെന്നു സംശയമാണ്. അപ്പനോട് പ്രണയം തോന്നിയാണ് അമ്മ അയാൾക്കൊപ്പം ജീവിക്കാൻ തുടങ്ങിയത്. പക്ഷേ, മൂന്നു മക്കളായപ്പോൾ ആ കക്ഷിക്ക് പ്രണയമൊക്കെ പോയി. പിന്നെയാണ് അമ്മ തിരിച്ചറിഞ്ഞത്, അപ്പനു വേറെയും പ്രണയമുണ്ടായിരുന്നുവെന്ന്. അപ്പൻ അപ്പന്റെ വഴിക്കുപോയി. അമ്മ നാട്ടിലേക്കും പോന്നു. പിന്നെ മൂന്നു പിള്ളേര്. നെയ്യാറിന്റെ കരയിൽ ഒറ്റമുറി വാറ്റുപുര. വീട്ടുകാരോ, നാട്ടുകാരോ ആശ്രയമില്ല. പിന്നെ എങ്ങനെയാണ് ബാല്യമുണ്ടാവുക? നെയ്യാറിലെറിഞ്ഞ് മൂന്നിനെയും കൊന്നിട്ട് ആത്മഹത്യ ചെയ്യാനായിരുന്നു അമ്മയുടെ പദ്ധതി. ഒരു മനുഷ്യൻ വന്ന് മൂന്നു പിള്ളേരെയും മൂന്ന് അനാഥമന്ദിരത്തിലാക്കാൻ സഹായിച്ചു. ഇപ്പോഴും അതൊക്കെ ഓർക്കുമ്പോൾ കരയാൻ തോന്നുന്നു. കരയാതിരിക്കാൻ ഞാൻ കഥയുണ്ടാക്കുന്നു.
ബാലഭവനിലെ ചങ്ങാത്തം
കൊല്ലം ജില്ലയിലെ ചിന്നക്കടയിൽ സി.എസ്.ഐ സഭ നടത്തുന്ന സ്ഥാപനത്തിലായിരുന്നു. ഞാനായിരിക്കും ആ സ്ഥാപനത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം പഠിച്ചത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിലരെയെല്ലാം കാണാറുണ്ട്. അന്ന് അവിടെനിന്ന് ഇറങ്ങുമ്പോൾ ഞങ്ങൾക്ക് കൈമാറാൻ ഒരു വിലാസം പോലുമുണ്ടായിരുന്നില്ലല്ലോ. ഇതിപ്പോൾ അവരിൽ ആരെങ്കിലും വായിക്കുമെന്ന പ്രതീക്ഷയുണ്ട്. അതിനപ്പുറം എന്നെപ്പോലെയുള്ള ആരെങ്കിലുമുണ്ടെങ്കിൽ അവരോട് പ്രതീക്ഷ കൈവിടരുതെന്നു പറയാനുമാണ് ഈ മിണ്ടിപ്പറയൽ.
സ്വാമിനാഥൻ, ജയരാജ്, ഡേവിഡ്, ശാന്തരാജ്.... ആരെയും മറന്നിട്ടില്ല. എങ്ങനെ മറക്കാനാണ്? ഏയ്, ഇല്ല. ആ മാഷുമാരൊന്നും കഥയുണ്ടാക്കാൻ പറഞ്ഞിട്ടില്ല. ഞാൻ അവിടെ ഒറ്റയ്ക്കിരുന്ന് കൂട്ടുകാരോടും വലിയ വലിയ നുണകൾ പറഞ്ഞിട്ടുണ്ട്. നെയ്യാറിന്റെ കരയിലെ ഓടിട്ട വീട്, അമ്മയുണ്ടാക്കുന്ന പുട്ടും കടലക്കറിയും, അപ്പൻ വാങ്ങിത്തന്ന സൈക്കിൾ... നിങ്ങൾക്കു തോന്നും, ഇതൊക്കെ നുണയാണെന്ന്. പക്ഷേ, ഇതൊക്കെ കഥകളാണ്. പറഞ്ഞാൽ നുണ, എഴുതിയാൽ കഥ എന്നൊക്കെയല്ലേ. കൊല്ലത്ത് പോകുമ്പോഴെല്ലാം ബാലഭവന്റെ പരിസരത്തു പോകാറുണ്ട്. ദൂരെ നിന്ന് കാണും. ഇന്നും ഉള്ളിൽ കയറാൻ പേടിയാണ്. എനിക്കിപ്പോഴാണ് ജീവിക്കാൻ തോന്നുന്നത്. എന്റെ കുട്ടികൾ ഐസ്ക്രീം തിന്നുന്നത് കാണുന്നതാണ് എന്റെ സന്തോഷം.
ബാലഭവനിൽ ഞങ്ങൾക്ക് എല്ലാവരുമുണ്ടായിരുന്നു. ആർക്കും നേരാംവണ്ണം ഭക്ഷണവും വീടുമൊന്നും ഇല്ലാത്തവർ. ആകെയുള്ളത് വിശപ്പു മാത്രം. പ്രണയം തീർന്നപ്പോൾ അമ്മയ്ക്ക് ഞങ്ങളെയും കൊന്ന് അങ്ങ് തീരാമെന്നാണു തോന്നിയത്. നെയ്യാർഡാമിന്റെ മുകളിൽ വന്നു നിന്നതാണ്. ഞാൻ ഐസുകാരനെ നോക്കി കരഞ്ഞു, കീറിവിളിച്ചു. അമ്മയുടെ ആത്മഹത്യാ പദ്ധതി അങ്ങനെ പാളിപ്പോയി. ഏതോ ഒരു മനുഷ്യൻ കരച്ചിലും കേട്ടുവന്ന് ഈ ബാലഭവൻ ഐഡിയ പറഞ്ഞുകൊടുത്തില്ലായിരുന്നുവെങ്കിൽ ഇന്ന് കഥപറയാൻ ഞാനുണ്ടാകുമായിരുന്നില്ല. നാലര വയസുമുതൽ അവിടെയായിരുന്നു. ഏതാണ്ട് ഡിഗ്രി തുടക്കം വരെ പ്രശ്നങ്ങളില്ലാതെ പോയി. സത്യത്തിൽ പത്താം ക്ലാസ് പൂർത്തിയാക്കി വല്ല കൈത്തൊഴിലും പഠിപ്പിച്ചു വിടലാണ് അവിടെ പതിവ്.
അമ്മയും അച്ഛനും;
വായിക്കുന്ന വിധം
അമ്മ, അതൊരു സംഭവാട്ടോ. എടാ മക്കളെ നിനക്ക് മൂന്നുനേരം നിറയെ ഭക്ഷണം. പിന്നെ എല്ലാ മാസവും ഓരോ ഉടുപ്പ്. കളർ ടിവി. കളിക്കാൻ നിറയെ കളിക്കോപ്പ്. ഇങ്ങനെയെല്ലാം കഥയുണ്ടാക്കി ബാലഭവനിൽ കൊണ്ടുവിട്ട ടീമാണ്. രാവിലെ പുട്ട് ചോദിച്ച എന്നോട് മുളംകുറ്റിയിൽ പാമ്പുകയറിയെന്ന് കഥപറഞ്ഞ കക്ഷിയാണ്. അതു മാത്രമോ, വിശപ്പു തീരുംവരെ ആറ്റിൽ നീന്തിക്കളിച്ചോളാൻ പറയുന്ന അമ്മ സൂപ്പറല്ലേ? എന്തായാലും ആറ്റിൽ ഇത്തിരിവെള്ളം കുടിക്കാതെ പിള്ളേര് നീന്തുമോ? നീന്തിയിട്ട് വന്നാൽ അവര് ഉറങ്ങിക്കോളും. എഴുന്നേറ്റു വരുമ്പോൾ ഇത്തിരി ചോറെങ്കിലും ആകും. ആ താരത്തിനെ ഞാൻ പിന്നെ എന്താ പറയുക? ഞാനിങ്ങനെ കഥപറയാൻ കാരണമേ ആ അമ്മയാണ്. ബാലഭവനിൽ കൊണ്ടുവിട്ടിട്ട് ചെവിയിൽ പറഞ്ഞ കാര്യങ്ങൾ അതിലും വലിയ ചരിത്രം. ഞാൻ പഠിച്ച് എസ്.ഐ ആകണം. എന്നിട്ട് അപ്പനെ പിടിച്ച് അമ്മയുടെ മുന്നിൽനിർത്തി കൂമ്പിന് ഒന്നുകൊടുത്ത് മാപ്പും പറയിക്കണം. ഇത്രയും പുരോഗമന വാദിയായ, പോസിറ്റീവ് ചിന്തയുള്ള ഒരമ്മയെ മഷിയിട്ടു നോക്കിയാൽ കാണുമോ?
അപ്പൻ ഒരു പുരുഷനായിരുന്നു. ആ മനുഷ്യൻ പുരുഷനായി ജീവിച്ചുമരിച്ചു. എനിക്ക് ആരുമായിരുന്നില്ല. അദ്ദേഹത്തിന് വേറെയും ഭാര്യയും മക്കളുമൊക്കെയുണ്ടായിരുന്നു. പലയിടത്തുവച്ചും കണ്ടു. ഒന്നും പറഞ്ഞില്ല. സംസാരിച്ചില്ല. ഭൂതകാലത്തിലൊന്നും അപ്പനെ ഓർക്കാനുള്ള മണമോ ഓർമയോ ഉണ്ടായിരുന്നില്ല. അവസാനദിവസം ഞാനും അമ്മയും ചേച്ചിയും അനിയനും പോയിരുന്നു. എനിക്കൊന്നും തോന്നിയില്ല. തിരിച്ചുപോരുമ്പോൾ അമ്മക്ക് ഭക്ഷണം വേണമെന്നു പറഞ്ഞു. ഹോട്ടലിൽ കയറി ബിരിയാണി കഴിച്ചു. തിരിച്ചുപോന്നു. അത്രയേയുള്ളൂ അപ്പൻ. പക്ഷേ, എനിക്കുണ്ടായതൊന്നും എന്റെ പിള്ളേർക്ക് ഉണ്ടാകില്ല, അതുറപ്പാണ്.
സെപ്റ്റിക് ടാങ്ക്
കഴുകുന്ന പി.ജിക്കാരൻ
എന്റെ ജീവിതം തുടങ്ങുന്നത് ആത്മഹത്യ ചെയ്യാനൊരുങ്ങിയ അമ്മയിൽ നിന്നല്ലേ. ഒന്നു നോക്കൂ; അന്ന് അങ്ങനെ ഉണ്ടായില്ല. അതുകൊണ്ട് ഇന്ന് ഇത്രയും ധീരമായി എനിക്ക് നിങ്ങളോട് സംവദിക്കാൻ കഴിയുന്നു. പ്ലസ്ടുവിനു പഠിക്കുമ്പോൾ ബാഗും ചെരുപ്പും വാങ്ങിയത് ബാലഭവന്റെ അപ്പുറത്തെ കല്യാണമണ്ഡപം കഴുകിയാണ്. എത്ര കല്യാണം കാത്തിരുന്നിട്ടാണ് ഒരു ചെരുപ്പും ബാഗും ഒരു ഉടുപ്പും വാങ്ങിയിരുന്നത്? ഒരുകാര്യം പറയാം. നെറ്റ് പരീക്ഷയിൽ ഫീസ് കെട്ടാനില്ലാതെ വന്നപ്പോൾ രാത്രിക്കുരാത്രി എറണാകുളത്തുചെന്ന് സെപ്റ്റിക് ടാങ്ക് ക്ലീൻ ചെയ്ത ഒരു പി.ജിക്കാരനുണ്ട്. ആ രതീഷിനെ നിർമിച്ചത് ബാലഭവന്റെ ടാങ്ക് പൊട്ടിയൊഴുകിയപ്പോൾ ഒരുമടിയും കൂടാതെ അത് വൃത്തിയാക്കാൻ തയാറായ എട്ടാം ക്ലാസുകാരൻ കരിമൻ രതീഷാണ്.
തട്ടുകടയിൽ ജോലിചെയ്തു. ബാർമാനായി, ക്ലബ് അസിസ്റ്റന്റ് , മാർക്കറ്റിങ് എക്സിക്യുട്ടീവ്, മെഡിക്കൽ റപ്പ്... ഇങ്ങനെയെല്ലാം വേഷംകെട്ടിയ രതീഷ് ഇന്ന് അധ്യാപകന്റെ വേഷം കെട്ടുന്നു. കോളജിൽ പോയ കാലത്ത് ബസിൽ, ഹോൾസെയിൽ ഷോപ്പിൽ, മണലു വാരാൻ, കശുവണ്ടി പറിക്കാൻ... അതൊക്കെ ചേർത്താണ് ഇന്നും ഫിറ്റ്ബോഡിയായി ജീവിക്കുന്നത്. പിന്നെ ഇങ്ങനെ ആത്മഹത്യ ചെയ്യാൻ തുടങ്ങിയാൽ... ഇങ്ങനെ ജീവിതം അവസാനിപ്പിക്കാൻ തുടങ്ങുന്നവരോട് ഒന്നേ പറയാനുള്ളൂ. നിങ്ങൾ ജീവിതത്തോട് നീതിപുലർത്തുക. നമ്മുടെ സ്കൂളുകളിൽ ജീവിതത്തിന് എ പ്ലസ് കിട്ടുന്ന പഠനം കുറവാണ്.
ഇനി പ്രിയപ്പെട്ട മാതാപിതാക്കളറിയാൻ, പിള്ളേരോട് നിങ്ങളുടെ ഒറിജിനൽ അവസ്ഥ സത്യമായിട്ടങ്ങ് പറഞ്ഞുകൊടുക്കണം. ഒന്നും അവരെ അറിയിക്കാതെ എല്ലാം കടംവാങ്ങി കുത്തിനിറച്ചാൽ അവർക്ക് ചെറിയ നോവുപോലും താങ്ങാൻ കഴിയില്ല. ഇനിയും ചാകാൻ തോന്നിയാൽ, ഒരു കഥയുണ്ടാക്കി നിങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുകയോ ആ കഥാപാത്രത്തെ കൊന്നുകളയുകയോ ചെയ്യൂ. ഞാൻ അങ്ങനെയാണ്.
എഴുത്തിന്റെ വഴിയിൽ
എഴുത്തിലേക്ക് ഞാൻ തനിയേ നടന്നതാണ്. ബാലഭവനിലിരുന്ന് ബഷീറിന്റെ ആനപ്പൂട വായിച്ചപ്പോൾ എനിക്കും കഥയുണ്ടാക്കാൻ തോന്നി. ഞാനും അങ്ങനെ എഴുതാൻ തുടങ്ങി. അങ്ങനെ അച്ചടിക്കണം എന്നൊക്കെ തോന്നിയതിനു പിന്നിൽ മലബാറിലെ ഒരു കൂട്ടുകാരിയുണ്ട്. അവളുടെ അറബിക് പേരിന്റെ അർഥം വെളിച്ചം എന്നാണ്. എന്റെ എഴുത്തുമുറിക്കും ആ പേരാണ്. മുള്ളലിന്റെ മണം വർണം മാസികയിൽ അയച്ചത്, കഥകൾക്ക് എഡിറ്റിങ് നടത്തിയത്, ഒടുവിൽ എല്ലാം ചേർത്ത് ആദ്യ പുസ്തകമാക്കിയപ്പോൾ വളയൂരി പണയംവച്ച് പൈസ തന്നത്... പിന്നെ കഥകൾ അച്ചടിച്ചുവരാൻ തുടങ്ങിയപ്പോൾ പ്രസാധകരും കൂട്ടുകാരും എഴുത്തുകൂട്ടങ്ങളും ഒക്കെ ആയി. എനിക്ക് അങ്ങനെ ഓർക്കാൻ ആ വെളിച്ചം മാത്രമേയുള്ളൂ. പിന്നെ ഞാൻ വാശിയോടെ അവൾക്കുവേണ്ടി എഴുതുന്നതാണ്, അവളും ഇതു വായിക്കുന്നുണ്ടാകും.
എഴുതാനിരിക്കുന്ന
കഥ പ്രിയപ്പെട്ടത്
അടുത്ത കഥയാണ് എന്റെ ഏറ്റവും മികച്ച കഥ എന്ന ചിന്തയാണ് എനിക്കുള്ളത്. പാറ്റേൺലോക്കിനേക്കാൾ മികച്ച കഥകൾ ഞാവൽ ത്വലാഖിൽ, അതിനേക്കാൾ മികച്ചത് ബർശലിൽ. അതിലും മികച്ചത് ചേർത്ത് കബ്രാളും കാശിനെട്ടും ഉണ്ടാക്കി. അതിലും നല്ല കഥകൾ ചേർത്ത് കേരളോൽപത്തി. അതിനും മുകളിൽ നിൽക്കുന്നതാണ് പെണ്ണുചത്തവന്റെ പതിനേഴാം ദിവസത്തിൽ. അതിലും നല്ല വിരുന്ന് കാത്തുവച്ചിട്ടുണ്ട് ഈ മാസം പുറത്തുവരുന്ന ഹിറ്റ്ലറും തോറ്റകുട്ടിയും (മാതൃഭൂമി) എന്ന സമാഹാരത്തിൽ. അതിനും മുകളിലുള്ള പ്രതീക്ഷയാണ് എസ്.പി.സി.എസ് പുറത്തിറക്കുന്ന തന്തക്കിണർ സമാഹാരവും. ഇതിൽ ഏതെങ്കിലും ഒന്നിനോട് ചേർന്നുനിൽക്കാൻ എനിക്കു കഴിയില്ല. എന്റെ എല്ലാമെല്ലാം അടുത്ത കഥയിലാണ്. പിന്നെ നോവലെഴുത്ത് തുടങ്ങിവച്ചിട്ടുണ്ട്. തികച്ചും ആത്മകഥയുടെ വേരിൽതൂങ്ങിയ ഒരു നോവൽ.
നെയ്യാറിൽ ഫുൾസ്റ്റോപ്പ്
വീഴേണ്ട ജീവിതം
ഞാനും അമ്മ സുമംഗലയും ഭാര്യ ബിബിഹയും മക്കൾ ജോയലും ജോനാഥനുമാണുള്ളത്. അനിയനും ചേച്ചിയും വിവാഹിതരായി സുഖമായി കഴിയുന്നു. നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ ഓർഫനേജിൽ കഴിഞ്ഞവൻ മടങ്ങിവന്ന് വീടും കുടുംബവും ഉണ്ടാക്കിയ കഥ. ഞാൻ ഒറ്റയ്ക്കല്ല. ഞങ്ങൾ നാലും ഒന്നിച്ചുനിന്ന് ഈ വീടുണ്ടാക്കി, ചേച്ചിയുടെ വിവാഹം നടത്തി. ഇപ്പോൾ ഞങ്ങൾക്ക് ആരൊക്കെയോ ഉണ്ട്. അന്ന് നെയ്യാറിൽ ഫുൾസ്റ്റോപ്പ് വീഴേണ്ട കഥയാണ് ഇങ്ങനെ സീരിയൽ പോലെ നീളുന്നത്.
അധ്യാപകനായിരിക്കുന്നതിൽ വലിയ സാധ്യതയുണ്ട്. വലിയ ഉത്തരവാദിത്വവും. കഥയുണ്ടാക്കാൻ ഒരു ക്ലാസിൽ ഇത്തിരിനേരം അവർക്കൊപ്പം ഇരുന്നാൽമതി. പിന്നെ നമുക്ക് സ്കൂൾ നിറയെ ബന്ധുക്കൾ, വളരെ മാന്യമായ പദവി, ശമ്പളം... പോരെ, പഴയതെല്ലാം മറന്നെനിക്ക് ക്ലാസിലേക്ക് കയറിപ്പറ്റാൻ. കഥയെഴുതുന്ന നേരം ഇന്നതെന്ന് പറയാൻ കഴിയില്ല. ഫ്രീ പിരീഡിൽ ഞാൻ എഴുതുന്നുണ്ടാകും. അവരോടൊപ്പം ടൂർ പോകുമ്പോൾ എഴുതുന്നുണ്ടാകും. മാഷുമാർക്ക് കിട്ടുന്നതുപോലെ സമയം ഭൂമിയിൽ ഏതെങ്കിലും തൊഴിലിനു കിട്ടുന്നുണ്ടോ? ഞാൻ ഈ കഥ എഴുതുന്നതും വായിക്കുന്നതും ആ ക്ലാസിന്റെ വളർച്ചയ്ക്കു തന്നെയല്ലേ? ഇന്നുവരെ കഥയെഴുതാൻ മാഷിന്റെ പണി തടസം നിന്നിട്ടില്ല. അങ്ങനെ തോന്നിയാൽ ഏതെങ്കിലും ഒന്നിലേക്ക് ഞാൻ ചുവടുമാറും. വലിയ ലോട്ടറി അടിക്കുന്നതും നാട്ടിൽ വായനശാലയുണ്ടാക്കി കുട്ടികളെ കാത്തിരിക്കുന്നതും എന്റെ സ്വപ്നമാണ്, മാഷ് പണിയേക്കാൾ.
സുപ്രഭാതം
കഥാമത്സരത്തിലെ വിജയി
വാശിയോടെ സാഹിത്യമത്സരങ്ങളിൽ പങ്കെടുക്കുന്ന ഒരു രതീഷുണ്ട്. അങ്ങനെയാണ് സുപ്രഭാതം കഥാമത്സരത്തിൽ ഞാനും വന്നുചേർന്നത്, തുരുത്തോറ്റം എന്ന കഥയിലൂടെ വിജയിയായത്. പേരും പാരമ്പര്യങ്ങളുമില്ലാത്ത എഴുത്തുകാർക്ക് ഇത്തരം സുതാര്യതയുള്ള മത്സരങ്ങൾ വലിയ അവസരം നൽകും. ആദ്യമായി യു.എ ഖാദർ എന്ന എഴുത്തുകാരനെ തൊട്ടതും ആ വേദിയിലായിരുന്നു. ആ വാർഷികപ്പതിപ്പും ട്രോഫിയും കാഷ് അവാർഡ് തന്ന സുപ്രഭാതത്തിന്റെ പേരെഴുതിയ കവറും ഞാൻ ഭദ്രമായി സൂക്ഷിക്കുന്നു.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."