സ്വപ്ന ഭൂമിയിലെ ദുരിതങ്ങൾ
അപരം
ദിവ്യ ജോൺ ജോസ്
2013ലെ ഇന്റർനാഷനൽ ഡബ്ലിൻ ലിറ്റററി അവാർഡിനു ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെട്ട നോവലുകളിലൊന്ന് എന്ന രീതിയിലാണ് ‘ദ ബുദ്ധ ഇൻ ദി ആറ്റിക് ’ ശ്രദ്ധനേടുന്നത്. ഒരു ലക്ഷം യൂറോ അഥവാ ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന തുക അവാർഡായി നൽകുന്നു എന്നതും ഇംഗ്ലീഷിലോ, ഇതരഭാഷകളിൽനിന്ന് ഇംഗ്ലീഷിലേക്കോ പരിഭാഷപ്പെടുത്തിയ കൃതികൾക്ക്, എഴുത്തുകാരനും പരിഭാഷകനും ഉൾപ്പെടെ പുരസ്കാരത്തിന് അർഹത ലഭിക്കുന്നു എന്നതും ഈ അവാർഡിന്റെ പ്രത്യേകതയാണ്. ലോകത്തുള്ള ഏതു പബ്ലിക് ലൈബ്രറിക്കും കൃതികൾ നിർദേശിക്കാം. അമേരിക്കയിലെ സാൻ ഹൊസേ ലൈബ്രറിയാണ് ജൂലി ഓട്സുകയുടെ ‘ദ ബുദ്ധ ഇൻ ദി ആറ്റിക് ’ നാമനിർദേശം ചെയ്യുന്നത്. അന്നു താമസസ്ഥലത്തിനടുത്തുള്ള, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വന്ന് ഡബ്ലിനിൽ താമസിക്കുന്ന വായനാപ്രേമികളുടെ ചെറിയൊരു ബുക്ക്ക്ലബിൽ നിന്നാണ് അവാർഡുമായി ബന്ധപ്പെട്ട വായനകളിൽനിന്നും ആരോ ഈ പുസ്തകത്തെപ്പറ്റി പറയുന്നത്. പിന്നീട് കുറച്ചധികം നാളുകൾ കഴിഞ്ഞാണ് പുസ്തകം വായിക്കുന്നത്. വളരെ ചെറിയ ഒന്നോ ഒന്നരയോ മണിക്കൂറുകൾ കൊണ്ട് പെട്ടെന്നുതന്നെ വായിച്ചുതീർക്കാവുന്ന പുസ്തകം.
ആയിരത്തിത്തൊള്ളായിരങ്ങളിൽ അമേരിക്കൻ സ്വപ്നങ്ങളുമായി ജപ്പാനിൽനിന്ന് കുടിയേറിയ കുറേ ‘പിക്ചർ ബ്രൈഡു’കളുടെ കഥയാണ് ഹിസ്റ്റോറിക്കൽ ഫിക്ഷൻ എന്നു വിശേഷിപ്പിക്കാവുന്ന ഈ നോവലിൽ ജൂലി ഓട്സുക പറയുന്നത്. രണ്ടാംലോക മഹായുദ്ധത്തിനു തൊട്ടുമുമ്പുള്ള കാലഘട്ടത്തിൽനിന്നും കഥ തുടങ്ങുന്നു. പേൾ ഹാർബർ തകർക്കപ്പെടുന്നതോടെ ഉണ്ടാകുന്ന സംഭവ വികാസങ്ങളിലൂടെ കഥയുടെ അവസാനവും പറഞ്ഞുവയ്ക്കുന്നു.
അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിലേക്കുള്ള കപ്പലിൽ യാത്രചെയ്യുന്ന ഒരുകൂട്ടം പിക്ചർ ബ്രൈഡുകൾ വിവരിക്കുന്ന രീതിയിലൂടെയാണ് അധ്യായങ്ങൾ എഴുതപ്പെട്ടിരിക്കുന്നത്. ‘ഞങ്ങൾ’ (We) എന്നാണ് നോവലിൽ ഉടനീളം അഭിസംബോധന ചെയ്യുന്നത്. ഫോട്ടോയിലൂടെയും കത്തുകളിലൂടെയും മാത്രം കണ്ടുപരിചയമുള്ള ഭാവിഭർത്താക്കന്മാരുടെ അടുത്തെത്തുകയും സ്വപ്നതുല്യമായ ഒരു അമേരിക്കൻ ജീവിതം നേടിയെടുക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ ജപ്പാനിലെ ഗ്രാമങ്ങളിൽനിന്നും പട്ടണങ്ങളിൽനിന്നും യാത്രതിരിച്ച പന്ത്രണ്ടിനും പതിനാലിനും ഇടയിലുള്ള പെൺകുട്ടികളാണ്, പിക്ചർ ബ്രൈഡുകളാണ് കപ്പലിൽ. യാത്രയുടെ യാതനകളും നാട്ടിൽനിന്ന് പോരുന്നതിന്റെ ആവലാതികളുമെല്ലാം പറഞ്ഞുപോകുന്നു. ഒരുപക്ഷേ, മറ്റൊരു രാജ്യത്തിലേക്ക് മോഹിപ്പിക്കുന്ന ഭാവി മുന്നിൽക്കണ്ടുകൊണ്ട് സ്നേഹിക്കുന്ന പലതും പുറകിലുപേക്ഷിച്ചു തുടങ്ങുന്ന പ്രവാസജീവിതത്തിലേക്കുള്ള ആദ്യയാത്രയുടെ ക്രോസ് സെക്ഷൻ.
അമേരിക്കയിലെത്തിയതിനു ശേഷമാണു പലരും ഭർത്താക്കന്മാരുടെ യഥാർഥ പ്രായവും രൂപവും ജോലിയുമെല്ലാം മനസിലാക്കുന്നത്. പലരും തങ്ങളുടെ ചെറുപ്പത്തിലെയോ സുഹൃത്തുക്കളുടെയോ മറ്റും ഫോട്ടോ കാണിച്ചാണ് ഈ പെൺകുട്ടികൾക്കു കത്തുകളയച്ചിരുന്നത്. പത്തോ പതിനഞ്ചോ വയസു മുതിർന്നവരും വളരെ തുച്ഛമായ ശമ്പളത്തിൽ ജോലിചെയ്യുന്നവരും ഒട്ടും ആകർഷണീയമല്ലാത്ത ജീവിതരീതികൾ ഉള്ളവരുമാണ് തങ്ങളുടെ ഭർത്താക്കന്മാരാകാൻ പോകുന്നുവെന്നറിഞ്ഞ അവർ, തിരിച്ചുപോകാനാകാത്തവിധം നിസ്സഹായരുമായിരുന്നു. ഈ ജാപ്പനീസ് മനുഷ്യരാകട്ടെ, വർഷങ്ങൾക്കു മുമ്പേ അമേരിക്കയിലേക്ക് ജോലികൾക്കുവേണ്ടി വന്നവരും നിയമപരമായ കാരണങ്ങൾകൊണ്ട് അമേരിക്കയിൽനിന്ന് വിവാഹിതരാകാൻ സാധിക്കാത്തതിനാൽ തെറ്റായ വിവരങ്ങൾ കാണിച്ച് ജപ്പാനിൽനിന്നും വധുക്കളെ അമേരിക്കയിൽ എത്തിക്കുകയും വിവാഹം കഴിക്കുകയും ചെയ്യുന്നു. ഈ പെൺകുട്ടികളാകട്ടെ, എത്തിപ്പെട്ട മോശം അവസ്ഥയിൽ ജീവിക്കാൻ നിർബന്ധിതരാവുകയും ചെയ്യുന്നു. ലൈംഗികമായും തൊഴിൽപരമായും ഏറെ കഠിനമായ അവസ്ഥകൾ നേരിടേണ്ടിവരികയും ചെയ്യുന്നു. എഴുത്തുകാരിയായ ജൂലിയുടെ മുത്തശ്ശി, ഇത്തരത്തിൽ എത്തിപ്പെട്ട ഒരാളായിരുന്നു എന്ന് അവർ ചില അഭിമുഖങ്ങളിൽ പറയുന്നുണ്ട്.
ജൂലിയുടെ പ്രഥമ നോവലായ ‘വെൻ എമ്പറർ വാസ് ഡിവൈൻ’ എന്ന പുസ്തകത്തിൽ രണ്ടാംലോക മഹായുദ്ധ കാലത്ത് ഇന്റേൺമെന്റ് ക്യാംപുകളിലേക്ക് അയക്കപ്പെട്ട ഒരു കുടുംബത്തിന്റെ കഥയാണ് പറയുന്നത്. അതും ജൂലിയുടെ തന്നെ അനുഭവങ്ങളുടെ വെളിച്ചത്തിൽ രൂപപ്പെട്ടത്. ‘ദ ബുദ്ധ ഇൻ ദി ആറ്റിക് ’ എന്ന ഈ നോവൽ ചരിത്രപരവും അതേസമയം വ്യക്തിപരവുമായ ട്രാജഡിയുടെ പ്രതിഫലനം ആണെന്നു വേണമെങ്കിൽ പറയാം. അമേരിക്കയിലെത്തിയ യുവതികൾ കടന്നുപോകുന്ന യാതനകൾ ഓരോ അധ്യായങ്ങളായി വിവരിക്കുന്നുണ്ട്. അമേരിക്കക്കാരുടെ വീട്ടിൽ ജോലിക്കുനിന്നും കൃഷിസ്ഥലങ്ങളിൽ പണിയെടുത്തും അവർ ജീവിച്ചുപോന്നു. കുട്ടികളെ പ്രസവിച്ചു വളർത്തി. ആ അധ്യായങ്ങളെല്ലാം അവരുടെ ജീവിതം എത്രയോ ദുഷ്കരമെന്നു വിളിച്ചു പറയുന്നവയായിരുന്നു.
കുട്ടികൾ വളർന്നപ്പോൾ ഉണ്ടായ സാംസ്കാരിക വൈരുധ്യങ്ങൾ, സംഘർഷങ്ങൾ, സ്വത്വപ്രതിസന്ധികൾ എല്ലാം കുടിയേറ്റക്കാരുടെ പ്രശ്നങ്ങളായി വിവരിച്ചു വച്ചിരിക്കുന്നു. രണ്ടാംലോക മഹായുദ്ധകാലത്തു പേൾ ഹാർബർ സംഭവത്തോടനുബന്ധിച്ച് ജപ്പാൻകാരോടെല്ലാം നാടുവിടണമെന്ന ആവശ്യവുമായി അമേരിക്ക നിലപാടുകൾ ശക്തമാക്കി. ഇന്റേൺമെന്റ് ക്യാം
പുകളിലേക്ക് ആളുകളെ കൊണ്ടുപോയി. യുദ്ധമവസാനിക്കുന്നതോടെ സ്വതന്ത്രരാക്കുകയും ചെയ്തു. ഈ രണ്ടു രാജ്യങ്ങളുടെയും ചരിത്രത്തിൽ എഴുതിച്ചേർക്കേണ്ട അല്ലെങ്കിൽ എഴുതിച്ചേർക്കപ്പെട്ട സംഭവങ്ങളുടെ പരമ്പരയാണ് ഈ നോവൽ. ചരിത്രത്തിലെ കറുത്ത ഏടുകൾ മറക്കാതിരിക്കാനൊരു സാക്ഷ്യപത്രം.
ഒത്തിരി റിസർച്ചുകൾ ഈ നോവലിനു വേണ്ടി അവർ ചെയ്തിരിക്കുന്നു. അവരുടെ രണ്ടു നോവലുകളും ഏകദേശം ഒരേ വികാരങ്ങൾ തന്നെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. മറ്റൊരു നോവൽ ‘ഹൈസ്കൂൾ’, മുഖ്യധാരാ പാഠ്യപദ്ധതികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഡെക്കാൻ ക്രോണിക്കിൾ ‘ദ ബുദ്ധ ഇൻ ദി ആറ്റികി’നെ വിശേഷിപ്പിച്ചിരിക്കുന്നത്, An underestimated masterpiece എന്നാണ്.
എഴുത്തുകാരാവുക എന്നത് ഒരടയാളപ്പെടുത്തൽ കൂടിയാണ്. അതെത്ര തീവ്രവും ആഴമുള്ളതുമാകുന്നു എന്നത് അനുഭവങ്ങളിലൂടെ തെളിഞ്ഞു വരുന്നതാണെന്നും ഈ ചെറിയ നോവൽ വായിക്കുമ്പോൾ മനസിലാകുന്നു. യെൽ യൂനിവേഴ്സിറ്റിയിൽനിന്നും കൊളംബിയ യൂനിവേഴ്സിറ്റിയിൽനിന്നും വിദ്യാഭ്യാസം നേടിയ ജൂലി ഈ രണ്ടു നോവലുകളെഴുതിയ സാഹചര്യങ്ങൾ വിവരിക്കുമ്പോൾ പറയുന്ന ഒന്നുണ്ട്, ഇത്തരം അവസ്ഥകളിലൂടെ പിക്ചർ ബ്രൈഡുകളായും ഉപരോധിക്കപ്പെട്ടവരായുമൊക്കെ ജീവിച്ചവരെ, അല്ലെങ്കിൽ അവരുടെ ബന്ധുക്കളെയൊക്കെ നേരിൽക്കണ്ട്, 1900ങ്ങളിലൂടെ യാത്രപോകാൻ കഴിഞ്ഞ ഒരു ധൈര്യത്തിലാണ് ഈ നോവലുകളുടെ സൃഷ്ടിയെന്ന്.
നോവലുകളിൽ അത്രയധികം പ്രയോഗിക്കപ്പെട്ടു കണ്ടിട്ടില്ലാത്ത വളരെ കാവ്യാത്മകമായ ഭാഷ ഒരു സുഖമുള്ള വായനയാണ് സമ്മാനിക്കുന്നത്. 2011ൽ പുറത്തിറങ്ങിയ നൂറ്റിമുപ്പതോളം മാത്രം പേജുകളുള്ള ഈ പുസ്തകം ഒറ്റയിരിപ്പിൽ വായിച്ചുതീർക്കാവുന്നതാണ്.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."