ബദറുൽ മുനീർ ഹുസ്നുൽ ജമാൽ @150
നസറുദ്ദീൻ മണ്ണാർക്കാട്
‘പൂമകളാണേ ഹുസ്നുൽ ജമാൽ
പുന്നാര താളം മികന്തെ ബീവി
ഹേമങ്ങൾ മേത്തേ പണി ചിത്തിരം
ആഭരണക്കോവ അണിന്തെ ബീവി’
മാപ്പിള സാഹിത്യത്തിലെ എക്കാലത്തെയും അനശ്വര പ്രണയ കാവ്യമായ ‘ബദറുൽ മുനീർ ഹുസ്നുൽ ജമാലിന് ’ 150 വയസ്സ് തികഞ്ഞിരിക്കുന്നു. 1872ൽ മാപ്പിള മഹാകവി മോയിൻകുട്ടി വൈദ്യരുടെ തൂലികയിലൂടെ മാപ്പിളപ്പാട്ടിന് കിട്ടിയ ഈ മഹാകാവ്യം അന്ന് മുതൽ ഇന്നുവരെ എത്രയെത്ര തലമുറകളെയാണ് ആകർഷിക്കുകയും സ്വാധീനിക്കുകയും ചെയ്തിട്ടുള്ളത്? പ്രണയത്തിന്റെയും സ്നേഹത്തിന്റെയും നവ കാവ്യ മണ്ഡലത്തിലിരുന്ന് മലയാള കാവ്യശാഖയ്ക്ക് ഒരു പുതിയ കാൽപനിക വസന്തം കൽപ്പിച്ച കുമാരനാശാൻ, പ്രണയത്തിനുവേണ്ടി എല്ലാം ത്യജിക്കാൻ തയാറായ നായികാ സങ്കൽപങ്ങളെ മലയാള സാഹിത്യത്തിൽ വരച്ചു ചേർക്കുന്നതിന് നാല് പതിറ്റാണ്ടുകൾക്ക് മുൻപുതന്നെ മാപ്പിള സാഹിത്യത്തിൽ അത്തരമൊരു പ്രണയ കാവ്യത്തിന് ധൈര്യം കാണിച്ച കവിയാണ് വൈദ്യർ.
ഹിന്ദ് രാജ്യത്തെ അസ്മീർ പട്ടണം വാണിരുന്ന മഹാസിന്റെ പുത്രി ഹുസ്നുൽ ജമാലും മന്ത്രിയായിരുന്ന മസാമീറിന്റെ പുത്രൻ ബദറുൽ മുനീറും തമ്മിലുള്ള പ്രണയമാണ് ഈ കാവ്യത്തിന്റെ ഇതിവൃത്തം. ഒരു പുനരാഖ്യാതാവ് എന്ന നിലയ്ക്കാണ് വൈദ്യർ ഈ കൃതിയിലും തന്റെ സാന്നിധ്യം അടയാളപ്പെടുത്തിയിരിക്കുന്നത്. വിഖ്യാത സാഹിത്യകാരനായ ഖാജാ മുഈനുദ്ദീൻ ശാഹ് ശീറാസ് പേർഷ്യൻ ഭാഷയിൽ രചിച്ച പ്രണയ നോവലിന്റെ ഉർദു ആവിഷ്ക്കാരമായ ‘ഖിസ്സായെ ബദ്റെ മുനീർ’ എന്ന പ്രസിദ്ധമായ ഉർദു മസ്നവിയെയാണ് വൈദ്യർ തന്റെ കാവ്യ രചനയ്ക്കായി അവലംബിച്ചത്. പ്രസ്തുത മസ്നവിയെ തനിക്ക് പരിചയപ്പെടുത്തിയ പണ്ഡിതൻ നിസാമുദ്ദീനോടുള്ള കടപ്പാടും വൈദ്യർ രേഖപ്പെടുത്തിയിട്ടുണ്ട്.
ഹുസ്നുൽ ജമാലിന്റെയും ബദറുൽ മുനീറിന്റെയും തമ്മിലുള്ള അഗാധമായ പ്രണയ ബന്ധമറിയാനിടയായ ചില അസൂയക്കാർ രാജാവിന്റെ ചെവിയിൽ ഈ വിവരമെത്തിക്കുകയും ഇരുവരുടെയും ബന്ധം രാജാവ് വിലക്കുകയും ചെയ്തു. രാജകൊട്ടാരത്തിലെ സുഖാലസ്യങ്ങളിൽ അഭിരമിക്കാതെ തന്റെ ഇഷ്ടക്കാരനോടൊപ്പം പിതാവിന്റെ ഭരണമില്ലാത്ത ഏതെങ്കിലും നാട്ടിലേക്ക് നാട് വിട്ടുപോകുവാൻ മുൻകൈയെടുക്കുന്നത് ഹുസ്നുൽ ജമാൽ തന്നെയായിരുന്നു. തന്റെ വിശ്വസ്തനായ ഒരടിമയെ വിട്ട് മുനീറിനെ തന്റെ കൊട്ടാരത്തിലേക്ക് ക്ഷണിക്കുകയും പിറ്റേന്ന് രാത്രി ഇരുവരും ഒളിച്ചോടുവാൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ അവരുടെ സംഭാഷണം ഒളിച്ചിരുന്നു കേട്ട അബു സയ്യാദ് എന്ന മുക്കുവൻ വിവരം മുനീറിന്റെ പിതാവിനെ അറിയിച്ചു. രാജകോപം ഭയന്ന മന്ത്രി പുത്രനെ വീട്ടു തടങ്കലിലാക്കി. മുനീറിന് പകരം അബു സയ്യാദ് പിറ്റേന്ന് വേഷ പ്രച്ഛന്നനായി ഹുസ്നുൽ ജമാലിന്റെ കൂടെ ഒരു കുതിരപ്പുറത്ത് നാടുവിടുകയും അധികം വൈകാതെ തന്നെ താൻ ചതിക്കപ്പെട്ട വിവരം അവൾ മനസ്സിലാക്കുകയും ചെയ്യുന്നതോടെ കഥ മാറിമറിയുന്നു. ചതിയനായ അബു സയ്യാദിന് നേർക്ക് അവൾ തന്റെ വാൾ വീശി പാഞ്ഞടുക്കുകയും പ്രാണഭയത്താൽ അയാൾ അവൾക്ക് ഒരു ഭൃത്യനെ പോലെ കീഴടങ്ങുകയും ചെയ്തു. ഇരുവരും ബഹ്ജർ രാജാവിന്റെ രാജ്യത്ത് എത്തിച്ചേരുകയും അവിടെ ഒരു മാളിക സ്വന്തമാക്കുകയും ചെയ്തു.
അതേസമയം ഹുസ്നുൽ ജമാലിനെ നഷ്ടപ്പെട്ട ദുഃഖത്തിൽ ബദറുൽ മുനീർ വിഷാദത്തിൽ അകപ്പെടുകയും പിതാവ് അവനെ തുറന്നുവിടുകയും ചെയ്തു. അവൻ നാടുവിട്ട് അവളെ തേടി അലഞ്ഞു. ജിന്നുകളും പരിജിന്നുകളും കഥാപാത്രങ്ങളായ കഥയുടെ അവസാനത്തിൽ മുശ്ത്താഖ് എന്ന പരിജിന്നിന്റെ സഹായത്തോടെ ഇരുവരും ഒരുമിക്കുകയും കഥാന്ത്യത്തിൽ ഹുസ്നുൽ ജമാലിന്റെ പിതാവ് മഹാസിൻ രാജാവ് തന്നെ ഇരുവരുടെയും വിവാഹം നടത്തിക്കൊടുക്കുകയും ചെയ്യുന്നു.
ആത്മീയതയിൽ അധിഷ്ഠിതമായ മാപ്പിള സാഹിത്യത്തിന്റെ അന്നോളമുള്ള രചനാ സമ്പ്രദായത്തിൽ നിന്ന് വഴിമാറിയാണ് വൈദ്യർ തന്റെ പ്രണയകാവ്യം രചിക്കുന്നത്. ബദറുൽ മുനീർ ഹുസ്നുൽ ജമാലിന് ശേഷം മറ്റൊരു പ്രണയകാവ്യം വൈദ്യർ രചിച്ചിട്ടുമില്ല. എങ്കിലും മാപ്പിള സാഹിത്യത്തിൽ ഇന്നുവരെ ഒരു കവിക്കും സാധിച്ചിട്ടില്ലാത്ത വിധം തന്റെ സർഗവൈഭവംകൊണ്ട് ഈ പ്രണയ കാവ്യത്തെ കാലാതിവർത്തിയാക്കി നിലനിർത്താൻ വൈദ്യർക്ക് കഴിഞ്ഞിട്ടുണ്ട്. ഹുസ്നുൽ ജമാലിലെ രസാവിഷ്കരണങ്ങൾ ഒരേസമയം അനുപമവും അതിശയകരവുമാണെന്ന കാര്യത്തിൽ തർക്കമില്ല. ബദറുൽ മുനീറിന്റെ സൗന്ദര്യം കണ്ട് സംഭ്രമിച്ചവരായ സ്ത്രീകളുടെ അവസ്ഥ വൈദ്യർ എഴുതിയത് കാണുക:
‘ഉടുപ്പില്ലാതെ ഖമീസിട്ടോരും
ഒരു കാലുമ്മൽ തളയിട്ടോരും
ഒരു മിളിയിൽ മഷിയിട്ടോരും’
വസ്ത്രം ധരിക്കാതെ വസ്ത്രം ധരിച്ചെന്ന് സ്വയം കരുതിയവരും ഒരു കാലിൽ മാത്രം തളയിട്ടവരും ഒരു കണ്ണിൽ മാത്രം കണ്മഷിയെഴുതിയവരുമായ സ്ത്രീകളുടെ വർണനകൾ വൈദ്യർ അതിന്റെ പൂർണതയിൽ തന്നെ ആവിഷ്ക്കരിച്ചിട്ടുണ്ട്. ആ കാവ്യഭാവനയുടെ പ്രണയ തീവ്രതയിൽ, ശൃംഗാര ലഹരിയിൽ വൈദ്യർ ഹുസ്നുൽ ജമാലിനെ ഇപ്രകാരം വർണിച്ചു:
‘കാമാനക്കാഴ്ച്ചകതൃപ്പമെന്താ
കത്തും തഖ്ത്തിൽ മരുങ്ങും ബീവി
മരതക തുകിലും ഞൊറിഞ്ഞുടുത്ത്
മാണിക്ക കൈ രണ്ടെറിന്ത് ബീശി
പരുക്കി തല മുടിയും കുനിത്ത്
പരുമാൻ കളുത്തും ചെരിത്തും കൊണ്ട്
കരിപോൽ ഇടത്തും വലത്തിട്ടൂന്നി
കൺപിരി ബെട്ടി ചുശറ്റിടലിൽ...’
കത്തിത്തിളങ്ങുന്ന കട്ടിലിൽ കിടക്കുന്ന ഹുസ്നുൽ ജമാലിന്റെ കാഴ്ച്ച കാണാൻ എന്തൊരു അതൃപ്പമാണ്? പൂവണിഞ്ഞ തലമുടി താഴ്ത്തി, ഒരാനയെ പോലെ കഴുത്ത് വെട്ടിച്ച്, മരതകപ്പട്ടു വസ്ത്രം ഞൊറിഞ്ഞുടുത്ത്, മാണിക്യ സമാനമായ കൈകൾ എറിഞ്ഞു വീശി, (കാലുകൾ)ഇടത്തും വലത്തുമിട്ടൂന്നി, കൺപീലി വെട്ടിച്ചുഴറ്റി, പവിഴ പൊൻ ചുണ്ടുകൊണ്ട് പുഞ്ചിരിച്ച്, അന്ന നടച്ചായലിലുള്ള അവളുടെ വരവ് കണ്ടാൽ ജിന്നും മനുഷ്യരും മോഹാലസ്യപ്പെട്ടു പോകും. അതേ ഇശലിൽ ബദറുൽ മുനീറിനെ വർണിച്ചത് കാണുക:
‘താമരപൂക്കും മുഖത്തെ കണ്ടാൽ
തേനാർ ചിറക്കും പയക്കം കേട്ടാൽ’
അവന്റെ മുഖം കണ്ടാൽ താമരപ്പൂ വിടരുകയും സംസാരം കേട്ടാൽ തേനരുവികൾ നിശ്ചലമാവുകയും ചെയ്യും. ഇമ്പമാർന്ന ഈരടികളും ചടുലമായ താളക്രമങ്ങളും പാട്ടിന്റെ രംഗങ്ങളുടെ സവിശേഷതകൾക്ക് ചേർന്ന ഇശലുകളുടെ തെരഞ്ഞെടുക്കലുകളും വൈദ്യരുടെ പ്രണയഗാഥയെ എല്ലാ കാലത്തും ജനപ്രിയമാക്കി തീർത്തു. അച്ചടികോപ്പികൾ ഇറങ്ങുന്നതിന് മുൻപ് തന്നെ സാധാരണക്കാർ ഏറ്റെടുത്തു പാടി. കുടിലുകളെയും കുബേര ഭവനങ്ങളുടെ അകത്തളങ്ങളെയും ഒരു പോലെ കീഴടക്കി. നീണ്ട ഒന്നര നൂറ്റാണ്ടു കാലം പിന്നിട്ടിട്ടും നുണഞ്ഞു തീരാത്ത മധുരരസത്തിൽ തലമുറകൾ നീരാടി. ആസ്വാദക മനസ്സുകളിലേക്ക് ജിന്നുകളും പരിജിന്നുകളും മനുഷ്യർക്കൊപ്പം ഇറങ്ങിവന്നു. പ്രായഭേദമില്ലാതെ അനേകമനേകം തലമുറകൾ ബദറുൽ മുനീർ ഹുസ്നുൽ ജമാൽ ഹൃദിസ്ഥമാക്കി കൈകൊട്ടിപ്പാടി.
‘ഉടനെ ജുമൈലത്തിറങ്കി നടന്ദ് ചെണ്ട്
ഉരയുന്നവനോടെൻ കൂടെ വരണമെണ്ട് ’
സംസ്കൃതം, അറബി, പേർഷ്യൻ, ഹിന്ദുസ്ഥാനി, തമിഴ്, കന്നഡ ഭാഷകളിൽ പണ്ഡിതനായിരുന്ന ആ മഹാപ്രതിഭ ഈ ഭാഷകളിലുള്ള തന്റെ പദസമ്പത്തുകൾ നിർലോഭം പ്രയോഗിച്ച് കൊണ്ടാണ് ഈ കാവ്യം പൂർത്തിയാക്കിയത്. മാപ്പിളപ്പാട്ടിന്റെ സവിശേഷതയായ കമ്പി, കഴുത്ത്, വാല്, വാലുമ്മൽ കമ്പി തുടങ്ങിയ പ്രാസങ്ങൾ ഭംഗംകൂടാതെ പാലിക്കുമ്പോൾ തന്നെ ഈ പ്രാസബദ്ധ കാവ്യഘടനയുടെ കെട്ടു ബന്ധനങ്ങൾ തന്റെ അപാരമായ ഭാവനയെ ഒട്ടും പരിമിതപ്പെടുത്താതെ യഥേഷ്ടം സഞ്ചരിക്കാൻ വൈദ്യർക്ക് സാധിച്ചിടത്താണ് ആ പ്രതിഭയുടെ മാറ്റ് തെളിയുന്നത്. പ്രണയ കാവ്യത്തിൽ യുദ്ധ രംഗമൊരുക്കാനും യുദ്ധം കൊടുമ്പിരികൊണ്ട പടപ്പാട്ടിൽ പ്രവാചക പ്രണയമൊരുക്കാനും വൈദ്യരോളം മികവ് മറ്റൊരാളും കാണിച്ചിട്ടില്ല. വാക്കുകൾ കൊണ്ടും വായ്ത്താരികൾ കൊണ്ടും ഓർക്കസ്ട്രയൊരുക്കാനും വൈദ്യർ മിടുക്കനായിരുന്നു. ബദറിൽ ഒരു ഇശൽ മുഴുവനായി വൈദ്യർ ഓർക്കസ്ട്രയ്ക്ക് നീക്കിവച്ചുവെങ്കിൽ താരതമ്യേന പഴയ രചനയായ ബദറുൽ മുനീർ ഹുസ്നുൽ ജമാലിലും വൈദ്യർ വാദ്യോപകരണങ്ങൾ കൊണ്ടുവന്നതായി കാണാം:
‘ദുടി മദ്ദളം ബീണ മുട്ടും ദുനിമുതിർത്ത്
ദുര ബിൻത് താമും നടന്തവനോടടുത്ത് ’
വൈദ്യരുടെ കാലത്ത് മാപ്പിള സമൂഹത്തിൽ നിലനിന്നിരുന്ന പേർഷ്യൻ സ്വാധീനമാണ് വൈദ്യരെ ഈ പ്രണയ കാവ്യത്തിലേക്ക് നയിച്ചതെന്ന് ന്യായമായും കരുതുന്നവരുണ്ട്. പേർഷ്യൻ കേന്ദ്രീകൃത സാഹിത്യലോകം അക്കാലത്ത് സമാന്തരമായി നിലനിന്നിരുന്നുവെന്നത് രഹസ്യവുമല്ല. തുർക്കിഷായിരുന്നു മാതൃഭാഷയെങ്കിലും മുഗൾ ഭരണത്തിന്റെ ദൈനംദിന ഭരണ കാര്യങ്ങൾ പേർഷ്യൻ ഭാഷയിലായിരുന്നു. അതിന്റെ സ്വാധീനം ഹിന്ദുസ്ഥാനിലുടനീളം അലയൊലിയുണ്ടാക്കിയിരുന്ന സാമൂഹിക പരിസരം കൂടിയാണ് വൈദ്യരുടെ കാവ്യതട്ടകം. വിവിധ ഭാഷകളിലെ വിശിഷ്ട പദങ്ങളാൽ സമ്പന്നമായ തന്റെ സങ്കര ഭാഷയിലേക്ക് പേർഷ്യൻ സവിശേഷ ചേരുവയാക്കി ചേർത്തിണക്കി വൈദ്യർ മാപ്പിളപ്പാട്ടിനെ പരിപോഷിപ്പിച്ചു.
വെറുതെയായിരുന്നോ മലബാർ ജില്ലയിലെ പൊലിസ് ഓഫിസറും എത്നോഗ്രാഫറുമായിരുന്ന ഫ്രെഡ് ഫോസറ്റ് വൈദ്യരുടെ കാവ്യപ്രപഞ്ചത്തിനു മുൻപിൽ അത്ഭുതസ്തബ്ധനായത്? വിഖ്യാതരായ ബൊക്കാച്ചിയോയോടും ഷെയ്ക്സ്പിയറോടും കിടപിടിക്കാൻ തക്ക കൽപന ചാതുര്യം വൈദ്യർക്ക് എവിടെ നിന്നായിരിക്കാം കിട്ടിയത് എന്നാശ്ചര്യപ്പെടുന്നുണ്ട് അദ്ദേഹം. 'അദ്ദേഹത്തിന്റെ സങ്കൽപങ്ങൾ വ്യത്യസ്തമാണ്, അദ്ദേഹം കവിതാരചനയുടെ കലയും പഠിച്ചിട്ടുണ്ട്, അതും സംസ്കാരശൂന്യരായ മാപ്പിളകളുടെ ഇടയിൽനിന്ന്! പക്ഷേ എവിടെ നിന്നാണ് അദ്ദേഹത്തിന് ആ ആശയങ്ങളൊക്കെ കിട്ടുന്നത്?'
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന പകുതിയിൽ, പൊതുവെ അപരിഷ്കൃതരെന്ന് പുറം നാട്ടുകാർ കരുതിയിരുന്ന മാപ്പിളമാരുടെ ഇടയിൽ നിന്നൊരു മഹാകവി, അതും പിൽക്കാലത്ത് മാത്രം മലയാള കവിതാശാഖയ്ക്ക് പോലും പരിചിതമായ ധീരയായ ഒരു നായികാ കഥാപാത്രത്തെ ആസ്പദമാക്കി ഒരു കാവ്യ രചന നടത്തുക! ഹുസ്നുൽ ജമാൽ ബദറുൽ മുനീർ വിശകലനം ചെയ്ത മുഴുവൻ സാഹിത്യവിശാരദന്മാരും വൈദ്യരുടെ മുന്നിൽ അടിയറവ് വച്ചത് അവിടെയാണ്. താൻ ജീവിച്ചിരുന്ന കാലഘട്ടത്തിൽ നിന്ന് സ്വയം വേറിട്ട് സ്വതന്ത്രമായി സഞ്ചരിക്കാനുള്ള കവിയുടെ ധൈര്യം അന്നത്തെ സമൂഹത്തിൽ കോളിളക്കമുണ്ടാക്കിയെന്ന് പറയേണ്ടതില്ലല്ലോ? ശൃംഗാരകവനരീതി പരിചിതമല്ലാതിരുന്ന കാലത്ത് ഒരു ഇരുപതുകാരന്റെ തൂലികയിൽ നിന്ന് പിറന്ന, കവിയുടെ പ്രായത്തെ വെല്ലുന്ന രചന മലബാറിൽ മാത്രമല്ല, ദേശ ഭാഷാതിർത്തികളെ ഭേദിച്ച് ബഹുദൂരം സഞ്ചരിച്ച് കാലാതിവർത്തിയായി. 1901ൽ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട് ഇന്ത്യൻ ആന്റിക്വറിയുടെ ഒരു വോള്യത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു.
വൈദ്യരുടെ രചനയില്ലായിരുന്നുവെങ്കിൽ ഈ പേർഷ്യൻ കഥ നമുക്ക് ഇത്ര കണ്ട് സുപരിചിതമാകുമായിരുന്നോ? സംശയമാണ്. തന്റെ പ്രതിഭാവിലാസം കൊണ്ട് മാപ്പിള സാഹിത്യത്തിന്റെ ഗാനശാഖയ്ക്ക് പുതു ജീവൻ നൽകുക മാത്രമല്ല, അന്നുവരെയുള്ള മാപ്പിള സാഹിത്യത്തിലെ ആഖ്യാന രീതികളെ വൈദ്യർ ഉഴുതുമറിക്കുകയായിരുന്നു. ബദറുൽ മുനീർ ഹുസ്നുൽ ജമാലിലൂടെ വൈദ്യർ വെട്ടിത്തെളിച്ച മാപ്പിളപ്പാട്ടിലെ പ്രണയ കാവ്യശാഖയ്ക്ക് വൈദ്യർക്ക് ശേഷം കാലാനുസൃതമായ വളർച്ചയുണ്ടായില്ല എന്നതാണ് സത്യം. ഉദാത്തമായ വൈദ്യരുടെ രചനയുടെ നാലയലത്ത് പോലും അടുപ്പിക്കാൻ കഴിയാത്ത വിധം പൈങ്കിളിപ്പാട്ടുകാർ പ്രണയ ഗാനങ്ങളെ വികൃതവും വികലവുമാക്കി അവതരിപ്പിച്ചു. വിഡിയോ ആൽബങ്ങളുടെ വരവോടെ മാപ്പിളപ്പാട്ട് അതിന്റെ തനിമ നഷ്ടപ്പെട്ട് അന്യംനിന്നു. പ്രാസവും പ്രമേയവും പദ സമ്പത്തുമില്ലാതെ, മാപ്പിളപ്പാട്ടെന്ന് പേരിട്ട പാട്ടുകൾ വൈദ്യരുടെ മഹത്തായ കാവ്യശാഖയെ വികലമാക്കി. വൈദ്യരെന്ന കാവ്യസൂര്യൻ ഒട്ടും ഒളിമങ്ങാതെ നിൽക്കുമ്പോഴും അതിൽ നിന്നൊരു കിരണമേറ്റുവാങ്ങാൻ പോലും തയ്യാറാവാതെ ആധുനിക മാപ്പിളപ്പാട്ട് ലോകം ഇരുട്ടിൽ തപ്പിനിൽക്കുമ്പോഴാണ് ബദറുൽ മുനീർ ഹുസ്നുൽ ജമാൽ ഒന്നര നൂറ്റാണ്ട് പിന്നിടുന്നത്.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."