ജയില്‍ മോചിതനായി ദിവേഷ് നാടണഞ്ഞു, ആദ്യമായി മകളെ കണ്ടു; ആദ്യം പോയത് പാണക്കാട്ടേക്ക്
ജയില്‍ മോചിതനായി ദിവേഷ് നാടണഞ്ഞു, ആദ്യമായി മകളെ കണ്ടു; ആദ്യം പോയത് പാണക്കാട്ടേക്ക്
മലപ്പുറം: ആയിരങ്ങളുടെ ഉള്ളു നിറഞ്ഞ പ്രാര്‍ത്ഥനയുടേയും ചേര്‍ത്തു പിടിക്കലിന്റേയും ഫലം. വാഹനാപകടക്കേസില്‍ ഖത്തര്‍ ജയിലിലായിരുന്ന നിലമ്പൂര്‍ സ്വദേശി ദിവേഷ് ലാല്‍ നാടണഞ്ഞു. പ്രതീക്ഷയറ്റ നിമിഷത്തില്‍ കൈത്തിരിയുമായെത്തി ജീവിതത്തിലേക്ക് വെള്ച്ചം വീശിയ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളെ കാണാനായി പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടിലേക്കാണ് എയര്‍പോര്‍ട്ടില്‍നിന്ന് ദിവേഷ് ആദ്യം പോയത്. കൊടപ്പനക്കല്‍ മുറ്റത്തു നിന്ന് തങ്ങളുടെ സ്‌നേഹോഷ്മളമായ സ്വീകരണത്തില്‍ ആ 32 കാരന്‍ കണ്ണീരായി. ഒരിക്കലും കാണാനാവില്ലെന്ന് കരുതിയ കുഞ്ഞുമോളുടെ നെറുകയില്‍ ആദ്യമായി മുത്തുമ്പോള്‍ ഒന്നും ഇനിയും വിശ്വസിക്കാനാവാത്തൊരു അവസ്ഥയിലായിരുന്നു ദിവേഷ്.
ദിവേഷിനൊപ്പം ഭാര്യ നീതുവും രക്ഷിതാക്കളായ കുഞ്ഞിനാമുവും ശാന്തമ്മയും സ്‌നേഹത്തിന്റെ കൈകള്‍ കൂപ്പി. മാനവികതയുടെയും നന്മയുടെയും യഥാര്‍ഥ 'കേരള സ്റ്റോറി' കാണാന്‍ കൂട്ടുകാരും നാട്ടുകാരും സഹായസമിതി ഭാരവാഹികളും കൂടെയുണ്ടായിരുന്നു.
നിര്‍ത്തിയിട്ടിരുന്ന വാഹനം അബദ്ധത്തില്‍ പിന്നോട്ട് നീങ്ങി ഈജിപ്ത് സ്വദേശി മരിക്കാനിടയായ സംഭവത്തിലാണ് വലമ്പൂര്‍ മുള്ള്യാകുര്‍ശി സ്വദേശിയായ ദിവേഷ് ലാല്‍ എന്ന 32 കാരന്‍ ഖത്തറില്‍ ജയിലിലായത്. ഖത്തര്‍ സര്‍ക്കാര്‍ ദയാധനമായി നിശ്ചയിച്ച 46 ലക്ഷം രൂപ സ്വരൂപിച്ചത് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലായിരുന്നു. നാട്ടില്‍ ഓട്ടോ ഡ്രൈവറായിരുന്ന ദിവേഷ്‌ലാല്‍ കടം കയറിയപ്പോഴാണ് ജീവിത വഴിതേടി വിദേശത്തേക്ക് പോയത്. ജനുവരി 13ന് മകളുടെ ഒന്നാം പിറന്നാളിന് നാട്ടിലേക്ക് മടങ്ങാനിരിക്കെ ആയിരുന്നു അപകടം.
4ലക്ഷം രൂപ ഖത്തര്‍ കെഎംസിസിയും 6 ലക്ഷം രൂപ ദിവേഷ്‌ലാലിന്റെ മോചനത്തിനായി രൂപീകരിച്ച ഖത്തറിലെ പ്രാദേശിക കമ്മിറ്റിയും സ്വരൂപിച്ചു. ബാക്കി 10 ലക്ഷം രൂപ ചോദ്യചിഹ്‌നമായതോടെ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ സഹായ അഭ്യര്‍ഥനയുമായി രംഗത്തെത്തുകയായിരുന്നു. ഇതെ തുടര്‍ന്ന് 10 ലക്ഷം രൂപ ബാങ്ക് അക്കൗണ്ട് വഴി സ്വരൂപിക്കാനായി.
പണം ഖത്തര്‍ അധികൃതര്‍ക്ക് നിയമപ്രകാരം കൈമാറിയതോടെയാണ് മോചന വഴി തുറന്നത്. കെഎംസിസിയുടെ നേതൃത്വത്തിലാണ് ദിവേഷ്‌ലാലിനെ നാട്ടിലെത്തിച്ചത്. വിമാനമിറങ്ങിയ ഉടന്‍ പാണക്കാട്ടെത്തി നന്ദി അറിയിച്ച ശേഷമാണ് ദിവേഷും കുടുംബവും വീട്ടിലേക്ക് മടങ്ങിയത്.ഇന്നലെ രാത്രി എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ വന്നിറങ്ങിയ ദിവേഷിനെ സുഹൃത്തുക്കള്‍ സ്വീകരിച്ചു.
ദിവേഷിനെ ചേര്‍ത്തുപിടിക്കണമെന്ന അഭ്യര്‍ഥന കേരളം ഏറ്റെടുത്തതിന്റെ ഫലമാണ് അദ്ദേഹത്തിന്റെ മോചനമെന്ന് മുനവ്വറലി തങ്ങള്‍ പറഞ്ഞു. ഒരു വ്യക്തിതാല്‍പര്യവുമില്ലാതെയാണ് എല്ലാവരും ഇതില്‍ പങ്കുചേര്‍ന്നത്. മനുഷ്യര്‍ ഇപ്പോഴും ഈ ലോകത്തുണ്ട് എന്നതിന്റെ തെളിവാണ് പ്രയാസമനുഭവിക്കുന്നവരെ ചേര്‍ത്തുപിടിക്കുന്ന കൂട്ടായ്മകള്‍. സഹായിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും ഇതാണ് യഥാര്‍ഥ കേരള സ്റ്റോറിയെന്നും തങ്ങള്‍ പറഞ്ഞു.
തന്റെ മോചനത്തിന് ഇടപെട്ട എല്ലാവരോടും നന്ദിയുണ്ടെന്ന് ദിവേഷ് ലാല്‍ പറഞ്ഞു. ഇങ്ങനെയൊരു മോചനം ഒരിക്കലും വിചാരിക്കാത്തതാണ്. സഹായിച്ച എല്ലാവരോടും പറഞ്ഞാല്‍ തീരാത്ത നന്ദിയും കടപ്പാടുമുണ്ടെന്നും ദിവേഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."